തിരുവനന്തപുരം: ഡല്‍ഹി ഭീകരാക്രമണവുമായി ബന്ധപ്പെട്ട് അറസ്റ്റിലായ ഡോ. മുഹമ്മദ് ആരിഫ് (31) പഠിച്ചത് തിരുവനന്തപുരം മെഡിക്കല്‍ കോളജില്‍ അല്ലെന്നതിന് സ്ഥിരീകരണം. 15 കൊല്ലത്തെ എംബിബിഎസ് വിദ്യാര്‍ത്ഥികളുടെ പട്ടിക സൂക്ഷമ പരിശോധനയ്ക്ക വിധേയമാക്കി ഇക്കാര്യം ഉറപ്പിച്ചു. അറസ്റ്റിലായ ജമ്മു കശ്മീരിലെ അനന്തനാഗ് സ്വദേശിയായ ഡോ. മുഹമ്മദ് ആരിഫ് പഠിച്ചത് കാണ്‍പൂരിലാണ്. കേരളത്തില്‍ പഠിച്ചിട്ടില്ല. തിരുവനന്തപുരത്ത് ഇതേ പേരുകാരന്‍ പഠിച്ചിട്ടുണ്ട്. കോഴിക്കോട്ടെ ആശുപത്രിയില്‍ ഇപ്പോഴും ജോലി ചെയ്യുകയാണ് ഇയാള്‍. ഇയാള്‍ക്ക് തീവ്രവാദ ബന്ധമൊന്നുമില്ല. മാന്യനായ ഈ വിദ്യാര്‍ത്ഥിയുടെ ചിത്രം പല മാധ്യമങ്ങളും തെറ്റായി നല്‍കി. ഇതോടെ അതീവ ഗുരുതര സംഘര്‍ഷത്തിലേക്ക് ഈ ഡോക്ടര്‍ പോയി. തിരുവനന്തപുരം മെഡിക്കല്‍ കോളേജ് അധികാരികള്‍ ഈ ഡോക്ടറെ ബന്ധപ്പെടുത്തുകയും പിഴവ് പുറം ലോകത്തെ അറിയിക്കുമെന്നും വിശദീകരിച്ചു. അതിന് ശേഷമാണ് ഡോക്ടര്‍ക്ക് ആശ്വാസം വീണത്. കഴിഞ്ഞ ദിവസം തന്നെ സ്വാതികനായ വ്യക്തിയാണ് തിരുവനന്തപുരത്തെ വിദ്യാര്‍ത്ഥിയെന്ന സൂചന മറുനാടന്‍ പുറത്തു വിട്ടിരുന്നു. ഇതാണ് ഇപ്പോള്‍ സ്ഥിരീകരിക്കുന്നത്.

തന്റെ ചിത്ര തീവ്രവാദിയുടേതായി പ്രചരിച്ചതോടെ അതീവ മാനസിക സംഘര്‍ഷത്തിലേക്ക് തിരുവനന്തപുരത്ത് പഠിച്ച അതേ പേരുകാരന്‍ എത്തി. ഫോണ്‍ പോലും ഓഫ് ചെയ്തു മാറി നിന്നു. പിന്നീട് മുമ്പ് പഠിപ്പിച്ച അധ്യാപകര്‍ ഈ വ്യക്തിയെ പലതരത്തില്‍ ബന്ധപ്പെട്ടു. ഭയക്കേണ്ടതില്ലെന്നും കാര്യങ്ങളെല്ലാം സര്‍ക്കാരിനെ അറിയിച്ചെന്നും വിശദീകരിച്ചു. ഇതോടെയാണ് മാനസിക സംഘര്‍ഷത്തില്‍ നിന്നും ആ വ്യക്തി മുക്തി നേടിയത്. ഹിന്ദുസ്ഥാന്‍ ടൈംസ് അടക്കമുള്ള ദേശീയ മാദ്ധ്യമങ്ങളാണ് തീവ്രവാദ കേസില്‍ അറസ്റ്റിലായ വ്യക്തി തിരുവനന്തപുരത്ത് പഠിച്ചെന്ന് തെറ്റായ വാര്‍ത്ത നല്‍കിയത്. പിന്നീട് ഇത് മലയാള മാധ്യമങ്ങളിലും എത്തി. ഇതിനൊപ്പം പ്രചരിപ്പിച്ച ചിത്രവും പ്രതിസന്ധിയുടെ ആഴം കൂട്ടി. തിരുവനന്തപുരത്ത് പഠിച്ച ആരും ഈ കേസില്‍ പെട്ടിട്ടില്ലെന്ന് ഔദ്യോഗികമായ സ്ഥിരീകരണവും മറുനാടന് കിട്ടിയിട്ടുണ്ട്.

യുപി കാണ്‍പൂരിലെ ഗണേഷ് ശങ്കര്‍ വിദ്യാര്‍ത്ഥി മെമ്മോറിയല്‍ മെഡിക്കല്‍ കോളജിലെ സീനിയര്‍ റസിഡന്റ് ഡോക്ടറാണ് മുഹമ്മദ് ആരിഫ്. ഇയാള്‍ എംബിബിഎസ് പഠിച്ചത് തിരുവനന്തപുരത്താണെന്നായിരുന്നു തെറ്റായ വാര്‍ത്ത. ഇത് ശ്രദ്ധയില്‍ പെട്ട ആരോഗ്യമന്ത്രി വീണാ ജോര്‍ജ് വിശദ അന്വേഷണത്തിന് നിര്‍ദ്ദേശം നല്‍കി. തുടര്‍ന്ന് മെഡിക്കല്‍ വിദ്യാഭ്യാസ ഡയറക്ടര്‍ വിഷയം പരിശോധിച്ചു. അപ്പോഴാണ് വസ്തുത തെളിഞ്ഞത്. ജമ്മു കശ്മീരിലെ അനന്തനാഗ് സ്വദേശിയായ ഡോ. ആരിഫ് തിരുവനന്തപുരം ഗവണ്‍മെന്റ് മെഡിക്കല്‍ കോളേജില്‍ പഠിച്ചിട്ടില്ലെന്നും വ്യക്തമായി.

കേരളത്തില്‍ നിരോധിത ഭീകര സംഘടനകളുടെ സ്ലീപ്പര്‍ സെല്ലുകള്‍ സജീവമാണെന്ന ഇന്റലിജന്‍സ് റിപ്പോര്‍ട്ടിന്റെ പശ്ചാത്തലത്തില്‍ ആരിഫിന്റെ കേരള ബന്ധവും എന്‍ഐഎ അന്വേഷിക്കുന്നുണ്ടെന്നും റിപ്പോര്‍ട്ടുകളെത്തി. ഇതിനിടെയാണ് ഈ വാര്‍ത്ത തെറ്റാണെന്ന നിഗമനം ഉണ്ടാകുന്നത്. കഴിഞ്ഞ ബുധനാഴ്ച കാണ്‍പൂരിലെ വാടക ഫ്ലാറ്റില്‍ നിന്നാണ് വച്ചാണ് തീവ്രവാദ വിരുദ്ധ സ്‌ക്വാഡും (എടിഎസ്) ദേശീയ അന്വേഷണ ഏജന്‍സിയും (എന്‍ഐഎ) ആരിഫിനെ കസ്റ്റഡിയിലെടുത്തത്.

ഫരീദാബാദ് വൈറ്റ് കോളര്‍ ഭീകരവാദ മൊഡ്യൂളിന്റെ ഭാഗമാണ് ആരിഫ് എന്നാണ് വൃത്തങ്ങള്‍ നല്‍കുന്ന വിവരം. ആരിഫിന്റെ ഡിജിറ്റല്‍ ഉപകരണങ്ങള്‍ ഫോറന്‍സിക് പരിശോധനയ്ക്ക് അയച്ചിട്ടുണ്ട്. തീവ്രവാദ വിരുദ്ധസേനയുടെ പിടിയിലാകുമ്പോള്‍ ആരിഫ് ഉത്തര്‍പ്രദേശില്‍ കാണ്‍പൂരിലെ സര്‍ക്കാര്‍ മെഡിക്കല്‍ കോളേജായ ഗണേഷ് ശങ്കര്‍ വിദ്യാര്‍ത്ഥി മെമ്മോറിയിലിന്റെ (ജിഎസ്വിഎം) കാര്‍ഡിയോളജി വിഭാഗത്തില്‍ സീനിയര്‍ റസിഡന്റ് ഡോക്ടറായിരുന്നു. സ്ഫോടനവുമായി ബന്ധപ്പെട്ട് നവംബര്‍ ഒന്‍പതിന് അറസ്റ്റിലായ ഡോ. ഷഹീന്‍ ഷാഹിദിന്റെ രേഖകള്‍ പരിശോധിച്ചപ്പോഴാണ് ആരിഫിന്റെ പേര് പുറത്തുവന്നത്. കഴിഞ്ഞ കുറച്ചുമാസങ്ങളായി ഇരുവരും സ്ഥിരമായി ഫോണിലൂടെ ബന്ധപ്പെടാറുണ്ടായിരുന്നു എന്നാണ് അന്വേഷണ ഉദ്യോഗസ്ഥര്‍ പറയുന്നത്. ആരിഫ് എംബിബിഎസ് പഠിച്ചതും വടക്കേ ഇന്ത്യയിലാണ്.

കാണ്‍പൂരില്‍ നാലുമാസമായി ഇന്റര്‍വെന്‍ഷണല്‍ കാര്‍ഡിയോളജിയില്‍ നൂതന പരിശീലീനം നടത്തിവരികയായിരുന്നു ആരിഫ്. കോളേജില്‍ ഹോസ്റ്റല്‍ സൗകര്യങ്ങളുടെ കുറവുമൂലം കാമ്പസിന് പുറത്താണ് താമസിച്ചിരുന്നത്. ഫരീദാബാജ് അല്‍- ഫലാഹ് മെഡിക്കല്‍ കോളജിലെ ഡോ. ഷെഹിന്‍ സിയാദുമായി ആരിഫിന് അടുത്ത ബന്ധമുണ്ട്. ഡോ. ഷെഹിന്‍ സിയാദില്‍ നിന്നും ലഭിച്ച വിവരങ്ങളുടെ അടിസ്ഥാനത്തിലാണ് ആരിഫിലേക്ക് അന്വേഷണം എത്തിയത്. ഇന്റര്‍വെന്‍ഷണല്‍ കാര്‍ഡിയോളജിയില്‍ സൂപ്പര്‍ സ്പെഷ്യലിറ്റി പഠനത്തിനായി ആരിഫ് നാല് മാസം മുന്‍പാണ് കാണ്‍പൂരിലെ മെഡിക്കല്‍ കോളജില്‍ എത്തിയത്.

മുന്‍പ് ഇതേ മെഡിക്കല്‍ കോളജിലെ ലക്ച്ചറായിരുന്നു 43 കാരിയായ ഡോ. ഷെഹീന്‍. ഡല്‍ഹി ഭീകരാക്രമണത്തിന്റെ ആസൂത്രകരില്‍ ഒരാളായ മൗലവി ഇര്‍ഫാന്‍ അഡ്മിന്‍ ആയിരുന്ന മെഡിക്കോസ് ഖിലാഫത്ത് എന്ന ടെലിഗ്രാം ഗ്രൂപ്പില്‍ 312 ഡോക്ടര്‍മാര്‍ ഉണ്ട്. ആരിഫും ഈ ഗ്രൂപ്പില്‍ അംഗമായിരുന്നു എന്നാണ് സൂചന.