കോട്ടയം: കേരള രാഷ്ട്രീയത്തില്‍ വന്‍ ചലനങ്ങള്‍ സൃഷ്ടിച്ചുകൊണ്ട് ജോസ് കെ. മാണിയുടെ നേതൃത്വത്തിലുള്ള കേരള കോണ്‍ഗ്രസ് (എം) വീണ്ടും യുഡിഎഫിലേക്ക് ചേക്കേറും. കത്തോലിക്കാ സഭയുടെ ശക്തമായ ഇടപെടലും മുസ്ലിം ലീഗിന്റെ വിട്ടുവീഴ്ചാ നിലപാടും ഈ നീക്കത്തിന് പിന്നിലുണ്ടെന്നാണ് സൂചനകള്‍. ഈ മുന്നണി മാറ്റം സൃഷ്ടിക്കാവുന്ന രാഷ്ട്രീയ സാഹചര്യങ്ങള്‍ കേരളത്തില്‍ പുതിയ ധ്രുവീകരണമാകും. മധ്യതിരുവിതാംകൂറിലെ ക്രിസ്ത്യന്‍ വോട്ടുകള്‍ ഏകീകരിക്കാനും സമുദായത്തിന് നിര്‍ണ്ണായക സ്വാധീനമുള്ള യുഡിഎഫിനെ ശക്തിപ്പെടുത്താനും കത്തോലിക്കാ സഭ താല്പര്യപ്പെടുന്നു. എല്‍ഡിഎഫില്‍ തുടരുന്നത് ദീര്‍ഘകാലാടിസ്ഥാനത്തില്‍ ഗുണകരമാകില്ലെന്ന വിലയിരുത്തലില്‍, ജോസ് കെ. മാണിയെ യുഡിഎഫിലേക്ക് തിരികെ എത്തിക്കാന്‍ സഭാനേതൃത്വം ശക്തമായ സമ്മര്‍ദ്ദമാണ് ചെലുത്തുന്നത്. മുന്നണി മാറ്റ വാര്‍ത്തകള്‍ പുറത്തുവരുമ്പോള്‍ ജോസ് കെ. മാണിയുടെ പാര്‍ട്ടിയില്‍ എല്ലാവരും ഒരേ മനസ്സിലല്ല. നിലവിലെ മന്ത്രി റോഷി അഗസ്റ്റിനും, പ്രമോദ് നാരായണന്‍ എംഎല്‍എയും എല്‍ഡിഎഫ് വിടുന്നതിനോട് വിമുഖത കാണിക്കുന്നുണ്ടെന്നാണ് വിവരം. പക്ഷേ കത്തോലിക്കാ സഭയുടെ നിലപാട് നിര്‍ണ്ണായകമാണ്. ഇതിനെ റോഷിയ്ക്ക് തള്ളികളയാന്‍ കഴിയില്ല.

വെറുമൊരു രാഷ്ട്രീയ കൂടുമാറ്റത്തിനപ്പുറം, കത്തോലിക്കാ സഭയുടെ ശക്തമായ ഇടപെടലുകളും പുതിയ സാമുദായിക സമവാക്യങ്ങളുമാണ് ജോസ് കെ മാണിയെ സ്വാധീനിക്കുന്നത്. ദേശീയ രാഷ്ട്രീയത്തില്‍ ഇന്‍ഡി സഖ്യത്തിലാണ് ജോസ് കെ മാണി. സോണിയാ ഗാന്ധി നേരിട്ട് ജോസ് കെ മാണിയോട് സംസാരിച്ചുവെന്നും റിപ്പോര്‍ട്ടുണ്ട്. ജോസ് കെ. മാണിയുടെ വരവിനെ ഏറ്റവും കൂടുതല്‍ സ്വാഗതം ചെയ്യുന്നത് മുസ്ലിം ലീഗാണ്. യുഡിഎഫിനെ വിപുലപ്പെടുത്തുന്നതിന്റെ ഭാഗമായി തങ്ങളുടെ കൈവശമുള്ള തിരുവമ്പാടി സീറ്റ് കേരള കോണ്‍ഗ്രസിന് (എം) വിട്ടുകൊടുക്കാന്‍ പോലും ലീഗ് തയ്യാറായെന്നാണ് റിപ്പോര്‍ട്ടുകള്‍. മലബാറില്‍ മാണി ഗ്രൂപ്പിന് സ്വാധീനമുണ്ടാക്കാന്‍ ഇത് വഴിതുറക്കും. അപ്പോഴും മന്ത്രി റോഷിയുടെ എതിര്‍പ്പ് ലീഗ് തിരിച്ചറിയുന്നു. ഭരണപക്ഷത്ത് തുടരുമ്പോഴുള്ള ആനുകൂല്യങ്ങളും വികസന പ്രവര്‍ത്തനങ്ങളും ഉപേക്ഷിക്കാന്‍ റോഷി തയ്യാറല്ല. എന്‍ ജയരാജ് എംഎല്‍എ തീരുമാനവും എടുത്തിട്ടില്ല. അതിനിടെ യുഡിഎഫില്‍ ജോസ് കെ. മാണി തിരിച്ചെത്തിയാല്‍ യുഡിഎഫില്‍ തങ്ങളുടെ പ്രസക്തി കുറയുമെന്ന് പി.ജെ. ജോസഫ് ഭയപ്പെടുന്നു. സീറ്റ് വിഭജനത്തില്‍ ജോസഫ് ഗ്രൂപ്പിന് വലിയ വിട്ടുവീഴ്ചകള്‍ ചെയ്യേണ്ടി വരും. രണ്ട് കേരള കോണ്‍ഗ്രസുകള്‍ ഒരു മുന്നണിയില്‍ വരുന്നത് സീറ്റ് തര്‍ക്കങ്ങള്‍ക്കും ഗ്രൂപ്പ് പോരിനും വഴിവെക്കുമെന്ന പ്രതിഷേധം ജോസഫ് വിഭാഗം ഉയര്‍ത്തുന്നുണ്ട്.

കോട്ടയത്തെ പ്രാദേശിക കോണ്‍ഗ്രസ് നേതാക്കളാണ് ഈ നീക്കത്തില്‍ ഏറ്റവും കൂടുതല്‍ പ്രകോപിതര്‍. ജോസ് കെ. മാണി പോയതോടെ കോട്ടയത്ത് കോണ്‍ഗ്രസിന് ലഭിച്ച മേധാവിത്വം ഇല്ലാതാകുമെന്ന് അവര്‍ ഭയപ്പെടുന്നു. വരാനിരിക്കുന്ന തിരഞ്ഞെടുപ്പുകളില്‍ സീറ്റ് മോഹിച്ചിരിക്കുന്ന പല കോണ്‍ഗ്രസ് നേതാക്കള്‍ക്കും ജോസിന്റെ വരവ് തിരിച്ചടിയാകും. സഭയുടെ അനുഗ്രഹവും ലീഗിന്റെ പിന്തുണയും ഉണ്ടെങ്കിലും, സ്വന്തം പാര്‍ട്ടിയിലെ ഭിന്നതയും ജോസഫ് വിഭാഗത്തിന്റെ എതിര്‍പ്പും ജോസ് കെ. മാണിക്ക് മുന്നിലെ വലിയ വെല്ലുവിളികളാണ്.

സഭയുടെ സമ്മര്‍ദ്ദവും വാദങ്ങളും

ജോസ് കെ. മാണി ഇടതുപക്ഷത്ത് തുടരുന്നത് സഭയുടെ താല്പര്യങ്ങള്‍ക്ക് വിരുദ്ധമാണെന്ന നിലപാടിലാണ് കത്തോലിക്കാ നേതൃത്വം. സഭ പ്രധാനമായും മൂന്ന് വാദങ്ങളാണ് മുന്നോട്ട് വെക്കുന്നത്. യുഡിഎഫില്‍ മുസ്ലിം ലീഗിന്റെ സ്വാധീനം വര്‍ദ്ധിക്കുന്നതില്‍ സഭയ്ക്ക് ആശങ്കയുണ്ട്. ജോസ് കെ. മാണി തിരികെ വന്നാല്‍ മാത്രമേ മുന്നണിയില്‍ ഒരു 'ക്രിസ്ത്യന്‍ ബാലന്‍സ്' നിലനിര്‍ത്താന്‍ കഴിയൂ എന്ന് സഭ വിശ്വസിക്കുന്നു. ക്രൈസ്തവ വോട്ടുകള്‍ വലിയ തോതില്‍ ബിജെപിയിലേക്ക് ഒഴുകുന്നത് തടയാന്‍ കരുത്തുറ്റ ഒരു ക്രൈസ്തവ മുഖം യുഡിഎഫില്‍ വേണം. ഭരണത്തില്‍ സഭയ്ക്ക് കൃത്യമായ റോള്‍ ഉറപ്പാക്കാന്‍ വിശ്വസ്തനായ ഒരു നേതാവ് യുഡിഎഫിന്റെ മുന്‍നിരയില്‍ ഉണ്ടാകണമെന്ന് സഭ നിര്‍ബന്ധം പിടിക്കുന്നു.

പ്രതിപക്ഷ നേതാവ് വി.ഡി. സതീശന്‍ ഈ നീക്കങ്ങളെ സജീവമായി പിന്തുണയ്ക്കുന്നുണ്ട്. കഴിഞ്ഞ നിയമസഭാ തിരഞ്ഞെടുപ്പില്‍ മധ്യതിരുവിതാംകൂറിലെ 24 സീറ്റുകളില്‍ വെറും 5 സീറ്റുകള്‍ മാത്രമാണ് കോണ്‍ഗ്രസിന് ലഭിച്ചത്. ഈ തകര്‍ച്ചയ്ക്ക് കാരണം ജോസ് കെ. മാണിയുടെ വിടവാങ്ങലാണെന്ന് സതീശന്‍ വിലയിരുത്തുന്നു. വരാനിരിക്കുന്ന തിരഞ്ഞെടുപ്പില്‍ അധികാരം പിടിക്കാന്‍ മാണി ഗ്രൂപ്പിനെ തിരികെ എത്തിക്കണമെന്നതാണ് സതീശന്റെ ലൈന്‍.

ലീഗിന്റെ 'തിരുവമ്പാടി' വിട്ടുവീഴ്ച

ജോസിനെ സ്വീകരിക്കുന്നതില്‍ ഏറ്റവും വലിയ വിട്ടുവീഴ്ചയ്ക്ക് തയ്യാറായിരിക്കുന്നത് മുസ്ലിം ലീഗാണ്. തങ്ങളുടെ സിറ്റിംഗ് സീറ്റായ തിരുവമ്പാടി കേരള കോണ്‍ഗ്രസിന് (എം) വിട്ടുനല്‍കാന്‍ ലീഗ് സമ്മതിച്ചിട്ടുണ്ട്. ഇതിലൂടെ മലബാറിലെ കുടിയേറ്റ മേഖലകളില്‍ സ്വാധീനം ഉറപ്പിക്കാന്‍ ജോസിന് സാധിക്കുമെന്നും യുഡിഎഫ് കണക്കുകൂട്ടുന്നു. യുഡിഎഫില്‍ മുസ്ലീം ലീഗ് അപ്രമാധിത്യം നേടുന്നുവെന്ന വിലയിരുത്തലുകളുണ്ട്. ഇത് ബിജെപിയിലേക്ക് യുഡിഎഫ് വോട്ടുകളെ എത്തിക്കുമെന്ന് ലീഗും ഭയപ്പെടുന്നു. പ്രത്യേകിച്ച് ഇടതു വിരുദ്ധതയുള്ള ക്രൈസ്തവര്‍ ബിജെപിയെ പിന്തുണയ്ക്കുമെന്നാണ് ലീഗ് ഭയം. ഇത് മാറ്റാന്‍ മുസ്ലീം ലീഗും ജോസ് കെ മാണിയ്ക്കായി ചരടു വലികള്‍ നടത്തുന്നു.

നിലവില്‍ എല്‍ഡിഎഫില്‍ മന്ത്രിസ്ഥാനമുള്ള റോഷി അഗസ്റ്റിനും പ്രമോദ് നാരായണനും മുന്നണി വിടുന്നതിനോട് വലിയ താല്പര്യം കാണിക്കുന്നില്ലെങ്കിലും സഭയുടെയും ജോസ് കെ. മാണിയുടെയും തീരുമാനത്തിനൊപ്പം നില്‍ക്കാന്‍ അവര്‍ നിര്‍ബന്ധിതരായേക്കും. യുഡിഎഫില്‍ ജോസ് എത്തുന്നതോടെ കോട്ടയം, ഇടുക്കി, പത്തനംതിട്ട ജില്ലകളില്‍ വലിയ രാഷ്ട്രീയ മാറ്റങ്ങള്‍ സംഭവിക്കുമെന്ന് ഉറപ്പാണ്.