- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
- Home
- /
അതി ഗുരുതര വകുപ്പുകൾ ചേർത്ത് സാജുവിന്റെ പേരിൽ ചാർജ് ഷീറ്റ് തയ്യാർ; ശേഷ ജീവിതം ജയിലിൽ ആയിരിക്കുമെന്നു നിയമ വിദഗ്ദ്ധർ; കൊലപാതകം നടന്നത് അതിരാവിലെയെന്നു സൂചന; സാജു മൃതദേഹത്തിനൊപ്പം ചെലവിട്ടത് നാലു മണിക്കൂർ; മൂന്നു പേരുടെയും പോസ്റ്റ്മോർട്ടം പൂർത്തിയായി; യുകെ ക്രൂരതയിൽ നിർണ്ണായക വിവരങ്ങൾ പുറത്ത്
ലണ്ടൻ: അമ്മയും കുഞ്ഞുങ്ങളും അടക്കം മൂന്നു പേരെ കൊലപ്പെടുത്തിയ കണ്ണൂർ സ്വദേശി സാജു ചെലവേലേൽ പ്രതിയായ കേസിൽ യുകെയിലെ നോർത്താംപ്ടൺ പൊലീസ് കുറ്റപത്രം തയ്യാറാക്കി. മൂന്ന് കൊലയുടെയും ഉത്തരവാദിത്തം സാജു സമ്മതിച്ചതോടെ അതി ഗുരുതര വകുപ്പുകൾ പ്രകാരം ചാർജ് ചെയ്തിരിക്കുന്ന കേസിൽ പരമാവധി ശിക്ഷ ലഭിക്കാനും സാധ്യതയേറി. പലപ്പോഴും ഇത്തരം കേസുകളിൽ 30 വർഷം വരെ ശിക്ഷ ലഭിക്കാനുള്ള സാധ്യത തള്ളിക്കളയാൻ സാധിക്കാത്തതിനാൽ സാജു ശേഷ ജീവിതം ജയിലിൽ കഴിയാൻ സാധ്യത ഏറെയാണെന്ന് ക്രോൺ പ്രോസിക്യൂഷൻ സർവീസിൽ ജോലി ചെയ്യുന്ന നിയമ വിദഗ്ദ്ധർ വ്യക്തമാക്കുന്നു.
രണ്ടിൽ കൂടുതൽ കൊല ചെയ്യുന്നവർക്ക് പരമാവധി ശിക്ഷ ലഭിക്കുന്ന സാഹചര്യവും 18 വയസിൽ താഴെയുള്ള രണ്ടു കുട്ടികളുടെ കൊലപാതകവും ചേർന്ന ചാർജ് ഷീറ്റ് സാജുവിനെ ഇനി പുറം ലോകം കാണിക്കില്ലെന്ന സൂചനയാണ് പ്രാഥമികമായി നൽകുന്നത്. ഇതോടെ ഈ കേസിൽ അതിവേഗ വിചാരണയും ഉണ്ടായേക്കും എന്നും സൂചനയുണ്ട്.
കൊലപാതകം നടന്ന ഉടൻ പ്രതിയെ സംഭവസ്ഥലത്തു നിന്നും തന്നെ അറസ്റ്റ് ചെയ്യാനായതും തെളിവുകൾ അതിവേഗം കണ്ടെത്താനായതും പൊലീസിന് ഈ കേസിൽ നിർണായക നേട്ടമായി. ഇതോടെ കൃത്യം നടന്നു 72 മണിക്കൂറിനകം കുറ്റപത്രവും (ചാർജ് ഷീറ്റ്) തയ്യാറാവുക ആയിരുന്നു. അഞ്ജുവിന്റെ പോസ്റ്റ്മോർട്ടം പൂർത്തിയായതോടെ ഉറക്കത്തിൽ തലയിണ അമർത്തിയുള്ള കൊലയാണെന്നാണ് ലഭ്യമാകുന്ന സൂചന. പിന്നീട് മരണം ഉറപ്പാക്കാനായി ആഴത്തിൽ ഉള്ള മുറിവുകളും പ്രതി സാധ്യമാക്കി. ഒരു കാരണവശാലും മരണത്തിൽ നിന്നും രക്ഷപ്പെടരുത് എന്ന നിഗമനമാകും ഇതിനു പ്രതിയെ പ്രേരിപ്പിച്ചിരിക്കുക. ആഴത്തിൽ ഉള്ള ഏഴു മുറിവുകൾ എങ്കിലും അഞ്ജുവിന്റെ ശരീരത്തിൽ ഉണ്ടെന്നാണ് പുറത്തു വരുന്ന വിവരം.
കൃത്യം നടന്നു നാലു മണിക്കൂറിനു ശേഷമാണു പൊലീസ് സ്ഥലത്ത് എത്തുന്നത് എന്നാണ് ഏറ്റവും ഒടുവിൽ പുറത്തു വരുന്ന വിവരം. ഇതോടെ സാജു മൃതദേഹത്തിനൊപ്പം നാലു മണിക്കൂർ ചെലവിട്ടു എന്നും വ്യക്തമാകുകയാണ്. ഒരു പക്ഷെ ഈ സമയത്തിനിടയിൽ ആകണം കുട്ടികളെ കൂടി കൊലപ്പെടുത്തിയിരിക്കുക. മൂവരെയും അതിരാവിലെ ഏഴുമണിയോടെ കൊലപ്പെടുത്തിയിരിക്കാൻ ഉള്ള സാധ്യതയാണ് ഇപ്പോൾ വ്യക്തമാകുന്നത്.
മരണ സമയം സംബന്ധിച്ച് കൃത്യത ഉറപ്പാക്കാൻ കുട്ടികളുടെ പോസ്റ്റ്മോർട്ടം റിപ്പോർട്ടിലെ കൂടുതൽ വിവരങ്ങൾ പുറത്തു വരേണ്ടതുണ്ട്. എന്നാൽ കുട്ടികളെയും ശ്വാസം മുട്ടിച്ചതിന്റെ സൂചനയാണ് പോസ്റ്റ്മോർട്ടം റിപ്പോർട്ടിൽ നിന്നും പൊലീസ് കണ്ടെത്തുന്നത്. ഇതോടെ മൂവരുടെയും കൊലയിൽ സാജു ഒരേ മാർഗം തന്നെയാണ് അവലംബിച്ചത് എന്നും വ്യക്തമാകുന്നു.
ലെസ്റ്റർ റോയൽ ഇൻഫാർമറി ഹോസ്പിറ്റലിൽ നടന്ന പോസ്റ്റ്മോർട്ടം റിപ്പോർട്ടിലാണ് മൂവരും ശ്വാസം മുട്ടി മരിച്ചതിന്റെ തെളിവുകൾ പൊലീസിന് ലഭിക്കുന്നത്. വെവ്വേറെ വിഭാഗമായി കേസ് അന്വേഷണം ത്വരിത ഗതിയിൽ പൂർത്തിയാക്കിയ പൊലീസ് നാളെ സാജുവിനെ നോർത്താംപ്ടൺ മജിസ്ട്രേറ്റ് കോടതിയിൽ ഹാജരാക്കും. അഞ്ജുവിനും ജീവക്കും ജാൻവിക്കും നീതികിട്ടാനുള്ള എല്ലാ വഴികളും പൊലീസ് കണ്ടെത്തുമെന്നാണ് ഇന്നലെയും സീനിയർ ഇൻവെസ്റ്റിഗെറ്റിങ് ഓഫിസറും ഡിക്ടറ്റിവ് ഇൻസ്പെക്ടറുമായ സൈമൺ ബാർനെസ് അറിയിച്ചത്.
കെ ആര് ഷൈജുമോന്, ലണ്ടന്. മറുനാടന് മലയാളി പ്രത്യേക പ്രതിനിധി.