- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
- Home
- /
വിദേശ വിദ്യാർത്ഥികളുടെ പേരിൽ ഋഷി സർക്കാരിൽ പെൺ പോര്; എണ്ണം കുറച്ചേ പറ്റൂവെന്ന് കർക്കശക്കാരിയായ സുവേല പറയുമ്പോൾ തനിക്കും ചിലതു പറയാനുണ്ടെന്ന് വിദ്യാഭ്യാസ സെക്രട്ടറി ജില്ലിയൻ; നട്ടം തിരിഞ്ഞ് ഋഷിയും; വിദേശ വിദ്യാർത്ഥികളെ പിഴിയാൻ ജില്ലിയന്റെ പ്ലാൻ; ബ്രിട്ടണിൽ വിദ്യാഭ്യസം കയറ്റുമതി വസ്തു ആകുമ്പോൾ
ലണ്ടൻ: വിദേശ വിദ്യാർത്ഥികളുടെ എണ്ണം വെട്ടിക്കുറയ്ക്കാൻ കടുപ്പമുള്ള പദ്ധതികളുമായി ഇറങ്ങി തിരിച്ച ഹോം സെക്രട്ടറിയും ഇന്ത്യൻ വംശജയുമായ സുവേല ബ്രെവർമാന്റെ നീക്കം യുകെയിലേക്ക് വരുവാൻ സ്വപ്നം കണ്ടുതുടങ്ങിയ അനേകായിരം മലയാളി ചെറുപ്പക്കാരുടെ ഉറക്കം കെടുത്തുന്നതാണ്.
ഇപ്പോൾ പഠന ശേഷം നൽകുന്ന രണ്ടു വർഷത്തെ പോസ്റ്റ് സ്റ്റഡി വിസ എന്ന ആനുകൂല്യം ആറുമാസത്തേക്ക് വെട്ടിച്ചുരുക്കുക എന്നതാണ് സുവേലയുടെ പ്ലാൻ. ഇപ്പോൾ കുടുംബവും കുട്ടികളുമായി സ്റ്റുഡന്റ് വിസക്കാർ കുടിയേറ്റത്തിനുള്ള കുറുക്കു വഴിയായി സ്റ്റുഡന്റ് വിസയെ കാണാൻ പ്രധാന കാരണം ഈ രണ്ടു വർഷത്തെ പോസ്റ്റ് സ്റ്റഡി വിസ ആണെന്നാണ് ഹോം ഓഫിസ് കണ്ടെത്തിയിരിക്കുന്നത്.
അടുത്ത കാലത്തു നിയമ ലംഘനത്തിന് പിടിയിലായ മലയാളികൾ ഉൾപ്പെടെയുള്ള സ്റ്റുഡന്റ് വിസക്കാരെ ചോദ്യം ചെയ്ത ഇമ്മിഗ്രേഷൻ ഉദ്യോഗസ്ഥർക്ക് ഇത്തരത്തിൽ ഉള്ള സൂചനകൾ ലഭിച്ചതാണ് ബ്രിട്ടനിൽ നിന്നും ലഭിച്ച ആനുകൂല്യം പാരയായി മാറുന്ന വിധത്തിലേക്ക് രൂപപ്പെടാൻ കാരണമായത്. ആരോഗ്യ മേഖലയുമായി യാതൊരു ബന്ധവും ഇല്ലാത്ത ബിസിനസ് കോഴ്‌സുകൾ പഠിക്കാൻ വന്നവർ പോലും കെയർ ഹോം വിസയ്ക്ക് കൂട്ടമായി അപേക്ഷിച്ചു തുടങ്ങിയതോടെയാണ് ഹോം ഓഫിസ് ഇക്കാര്യത്തിൽ നടപടി ആരംഭിച്ചത്.
കോഴ്‌സുകൾ ഉപേക്ഷിച്ചു സ്റ്റുഡന്റ് വിസയിൽ എത്തിയവർ പണം നൽകി കെയർ ഹോം വിസ സമ്പാദിക്കാൻ തുടങ്ങിയതോടെ ഇത്തരക്കാരുടെ വിസ അപേക്ഷകളിൽ ഹോം ഓഫിസ് നടത്തിയ അന്വേഷണമാണ് പഠിക്കുകയല്ല ലക്ഷ്യം, മറിച്ചു യുകെയിലേക്കുള്ള കുടിയേറ്റമായിരുന്നു ഇവരെ സംബന്ധിച്ച് സ്റ്റുഡന്റ് വിസ എന്ന് തെളിയുക ആയിരുന്നു. എന്തുകൊണ്ടാണ് പഠിക്കാൻ വന്ന കോഴ്സ് ഉപേക്ഷിച്ചത് എന്ന ഉദ്യോഗസ്ഥരുടെ ചോദ്യത്തോട് യുകെയിൽ തുടരാൻ ഉള്ള ഏക വഴിയെന്ന് വിസ അപേക്ഷകർ മൊഴി നൽകിയതോടെ ഇത്തരം പല വിസ അപേക്ഷകളും നിരസിക്കപ്പെടുകയും ചെയ്തിരുന്നു.
ഈ സംഭവങ്ങൾ ആവർത്തിക്കാൻ യുകെയിലെ ആർത്തി പിടിച്ച മലയാളി റിക്രൂട്ടിങ് ഏജൻസികൾ നൽകിയ സംഭാവനകളും ചെറുതല്ല. നഴ്‌സിങ് ഏജൻസികളെ കൂട്ട് പിടിച്ചു സ്റ്റുഡന്റ് വിസയിൽ എത്തിയവരെ പ്രലോഭിപ്പിച്ചു 15 മുതൽ 20 ലക്ഷം വരെ രൂപ കൈമടക്ക് വാങ്ങിയാണ് കെയർ ഹോമുകളിൽ നിന്നും തരാതരം പോലെ മൂന്നും അഞ്ചും വർഷ കാലാവധിയുള്ള കെയർ വിസയിലേക്കു വിദ്യാർത്ഥി വിസക്കാർ കൂട്ടത്തോടെ നീങ്ങിയത്.
ഇത് ദൂരവ്യാപക പ്രത്യാഘാതം ഉണ്ടാക്കുമെന്ന് ആ ഘട്ടത്തിൽ തന്നെ റിപ്പോർട്ട് ചെയ്തിരുന്നതാണ്. ഇതേ കാര്യമാണ് ഇപ്പോൾ സുവേലയുടെ വാക്കുകളിൽ നിന്നും അടർന്നു വീഴുന്നതും. ഇപ്പോൾ ഇക്കാര്യങ്ങൾ ഗൗരവമുള്ള റിപ്പോർട്ടുകളായി പ്രധാനമന്ത്രിയുടെയും കാബിനറ്റിന്റെയും മുന്നിൽ എത്തിയിരിക്കുകയാണ്. സുവേല പറയുന്ന കാര്യങ്ങൾ എതിർക്കാൻ യുകെ യൂണിവേഴ്‌സിറ്റി സംഘവും രംഗത്തുണ്ട്. കുടിയേറ്റം നിയന്ത്രിക്കും എന്ന് ജനങ്ങൾക്ക് നൽകിയ വാക്ക് പാലിക്കാതെ എങ്ങനെ അടുത്ത തിരഞ്ഞെടുപ്പിനെ നേരിടും എന്ന സുവേലയുടെ ചാട്ടുളി ചോദ്യത്തിൽ എംപിമാർ കുടുങ്ങിയപ്പോൾ വരുമാനം ഇല്ലാതാകുന്ന യൂണിവേഴ്‌സിറ്റികൾ ആര് രക്ഷപ്പെടുത്തും എന്നാണ് വിദ്യാഭ്യാസ സെക്രട്ടറി ജില്ലിയൻ കീഗന്റെ മറുചോദ്യം.
പെൺപോര് കടുക്കും, സമവായം കണ്ടെത്താൻ ഋഷിയും പ്രയാസപ്പെടും
ഇതോടെ തന്നെ പരസ്യമായി ചോദ്യം ചെയ്യുകയാണ് ജില്ലിയന്റെ ഉദ്ദേശം എന്നാണ് കടുപ്പക്കാരിയായ സുവേല കരുതുന്നത്. സർക്കാർ അനുകൂല മാധ്യമങ്ങളുടെ പിന്തുണയും ഇക്കാര്യത്തിൽ സുവേലയ്‌ക്കൊപ്പമുണ്ട്. തുടക്കത്തിൽ പരസ്യമായി ഋഷി സുനക്കും സുവേളയെ പിന്തുണച്ചിരുന്നു. ഋഷിയുടെ പ്ലാൻ അനുസരിച്ചാണ് ലിസ് മന്ത്രിസഭയിൽ നിന്നും ഹോം സെക്രട്ടറി പദവി രാജി വച്ച സുവേല വീണ്ടും ആ പദവിയിൽ എത്തിയത്. അവരുടെ മടങ്ങി വരവ് പോലും നിരീക്ഷകരെ അമ്പരപ്പിച്ചിരുന്നു.
ഋഷി മന്ത്രിസഭാ അധികാരമേറ്റപ്പോൾ സുവേല വാർത്തകളിൽ നിറഞ്ഞതും ഇക്കാരണത്താലാണ്. എന്നാൽ ഇപ്പോൾ 26 ബില്യൺ പൗണ്ട് രാജ്യത്തിന് നൽകുന്ന സ്റ്റുഡന്റ് വിസക്കാരിൽ നിന്നും അടുത്ത ഏഴു വർഷത്തിനകം ആറു ബില്യൺ പൗണ്ട് കൂടി രാജ്യത്ത എത്തിക്കുക എന്നതാണ് തന്റെ പ്ലാൻ എന്ന് ജില്ലിയാനും വാദിക്കുന്നു. ബ്രക്സിറ്റിനു ശേഷം എങ്ങനെ വരുമാനം കണ്ടെത്താം എന്ന് അന്വേഷിക്കുന്ന ബ്രിട്ടീഷ് സർക്കാരിന് വെറുതെയങ്ങു തള്ളാനാകില്ല ജില്ലിയൻ പറയുന്നതും.
മലയാളികൾക്ക് ആശ്വാസമായി വിദ്യാഭ്യസ സെക്രട്ടറിയുടെ പരസ്യ നിലപാട്
ഹോം ഓഫിസ് കൊണ്ടുവരുന്ന ഏതു പ്ലാനും താൻ എതിർക്കും എന്ന കടുപ്പത്തിൽ തന്നെയാണ് ഇന്നലെ ജില്ലിയൻ ഫിനാൻഷ്യൽ ടൈംസിന് നൽകിയ അഭിമുഖത്തിൽ വ്യക്തമാക്കിയത്. ബ്രിട്ടീഷ് യൂണിവേഴ്‌സിറ്റികളുടെ ബ്രാൻഡ് വാല്യൂ കയറ്റുമതി ചെയ്യുക, അതുവഴി വിദ്യാർത്ഥികളെ ഇറക്കുമതി ചെയ്യുക എന്നതാണ് തന്റെ പ്ലാൻ എന്നും ജില്ലിയൻ വിശദീകരിക്കുന്നു. അതിനവരെ ആകർഷിക്കാൻ കഴിയുന്ന കാര്യങ്ങൾ ഒക്കെ ചെയ്യണമെന്നും അവർ ആഗ്രഹിക്കുന്നു. ആരെങ്കിലും ഈ റൂട്ട് ദുരുപയോഗം ചെയ്യുന്നുണ്ടെങ്കിൽ ആ വഴി അടച്ചു കളയുകയല്ല, നിയമ ലംഘകരെ കണ്ടെത്തുക എന്നതാണ് പരിഹാരം എന്നും ജില്ലിയൻ ഓർമ്മിപ്പിക്കുന്നു. മലയാളികളെ സംബന്ധിച്ചിടത്തോളം ആശ്വാസം പകരുന്ന വാക്കുകളാണ് ജില്ലിയൻ നൽകുന്നത്.
എന്നാൽ കഴിഞ്ഞ വർഷം ആറുലക്ഷം കുടിയേറ്റക്കാർ എന്ന ലക്ഷ്യം മറികടന്നു 6.80 ലക്ഷം കുടിയേറ്റക്കാർ എത്തി എന്ന കണക്കു വന്നപ്പോളാണ് ഹോം ഓഫിസ് ഞെട്ടി ഉണർന്നത്. സ്‌കൂളും ആശുപത്രികളും തിങ്ങി നിറയുകയും ഗ്യാസും വൈദ്യുതിയും വെള്ളവും എല്ലാം പരിധി വിട്ട ഉപയോഗത്തിൽ എത്തുകയും ചെയ്തതോടെ കാര്യങ്ങൾ കൈവിടും എന്ന ഭീതിയാണ് ഹോം ഓഫിസ് അണിനിരത്തുന്നത്. വീടുകളുടെ ദൗർബല്യം മറ്റൊരു വശത്തു തുറിച്ചു നോക്കുന്നു. പല യൂണിവേഴ്സിറ്റികളും പഠിക്കാൻ എത്തുന്ന വിദ്യാർത്ഥികൾക്ക് വീട് ലഭിക്കാനില്ല എന്ന ദുരവസ്ഥ ഇപ്പോൾ ഏറ്റവും നന്നായി തിരിച്ചറിയുന്നത് മലയാളി സമൂഹം തന്നെയാണ്. സമീപ പട്ടണങ്ങളിൽ പോലും വീടുകൾ ഇപ്പോൾ ലഭിക്കാനില്ല എന്നതാണ് സാഹചര്യം. പണച്ചെലവ് നോക്കി വിദേശ വിദ്യാർത്ഥികൾ യൂണിവേഴ്‌സിറ്റി താമസ സൗകര്യം ഉപയോഗിക്കുന്നുമില്ല എന്നത് മറ്റൊരു വസ്തുത.
സഹായം മാത്രമല്ല കണ്ടാൽ പോലും ഗൗനിക്കാതെ സമൂഹവും
മുൻ കാലങ്ങളിൽ മലയാളി വിദ്യാർത്ഥികൾക്ക് വീടുകൾ പങ്കു വയ്ക്കാൻ ആഗ്രഹിച്ചിരുന്ന മലയാളികളാകട്ടെ പലയിടത്തു നിന്നും ദുരനുഭവം പങ്കുവയ്ക്കപ്പെട്ടതോടെ ആ സാധ്യതയും ഇപ്പോൾ എത്തുന്നവർക്കായി ബാക്കിവയ്ക്കുന്നില്ല. വിദ്യാർത്ഥി വിസയിൽ എത്തുന്നവരുടെ എണ്ണം സർക്കാരിനെ ഭയപ്പെടുത്തുമ്പോൾ സ്വന്തം ജീവിതത്തിൽ ഉണ്ടായ ദുരനുഭവമാണ് വക്തികളെ വിദ്യാർത്ഥി വിസയിൽ എത്തുന്നവരെ സംശയ ദൃഷ്ടിയിൽ വീക്ഷിക്കാൻ കാരണമായത്.
പലയിടത്തും കുടുംബ ജീവിതം തകർക്കും വിധം ഷെയറിങ് അക്കോമഡേഷൻ മാറിയതോടെയാണ് അത്തരത്തിൽ വീടുകൾ നൽകിയിരുന്ന പതിവ് ഇല്ലാതായി മാറിയത്. കഴിഞ്ഞ വർഷം പോലും ഇത്തരത്തിൽ പലയിടത്തും അസ്വസ്ഥത സൃഷ്ടിക്കുന്ന സംഭവങ്ങൾ അരങ്ങേറിയതും പലർക്കും മുന്നറിയിപ്പായി. മലയാളി വീടുകളിൽ കുട്ടികൾ വളർന്നതോടെ പങ്കു വയ്ക്കാൻ സ്പെയർ മുറികൾ ഇല്ലാതായതും ഇപ്പോൾ എത്തുന്ന വിദ്യാർത്ഥി വിസക്കാർക്കു താമസ സൗകര്യം ലഭിക്കാനുള്ള പ്രയാസം ഇരട്ടിയാക്കിയ ഘടകമാണ്. ഇത്തരം സാമൂഹ്യ സാഹചര്യങ്ങൾ കണക്ക് കൂട്ടി നിയന്ത്രണം വേണമെന്ന് ഹോം ഓഫിസ് പറയുമ്പോൾ ബാഹ്യ ഘടകം മുന്നിൽ നിർത്തിയാണ് വിദ്യാഭ്യസ വകുപ്പിന്റെ വാദം. ഇതിൽ രണ്ടു ഭാഗത്തും ന്യായം ഉള്ളപ്പോൾ ആര് പറയുന്നത് അന്തിമ വിജയം നേടും എന്നത് കണ്ടറിയേണ്ട കാര്യവുമാണ്.
കെ ആര് ഷൈജുമോന്, ലണ്ടന്. മറുനാടന് മലയാളി പ്രത്യേക പ്രതിനിധി.