- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
- Home
- /
സൽമാൻ സലിം കോടതിയിൽ പെരുമാറിയത് മനോരോഗിയെ പോലെ; കെറ്ററിംഗിലെ കൂട്ടക്കൊലയിലും മലയാളിയായ പ്രതി സ്വീകരിച്ചത് സമാന നിലപാട്; വിചാരണ തീരും വരെ സൽമാനെ ജയിലിൽ സൂക്ഷിക്കാൻ കോടതി ഉത്തരവിട്ടതോടെ പുറം ലോകം കാണാൻ വർഷങ്ങൾ കാത്തിരിക്കേണ്ടി വരും; ബ്രിട്ടീഷ് കൊലയിൽ പ്രകോപന കാരണം ഇപ്പോഴും അവ്യക്തം
ലണ്ടൻ: സഹതാമസക്കാരനായ അരവിന്ദിനെ കുത്തിക്കൊന്ന കേസിൽ മലയാളിയായ സൽമാൻ സലിം കോടതിയിൽ എത്തിയപ്പോൾ സ്വീകരിച്ചത് തനിക്കൊന്നും അറിയില്ല എന്ന നിലപാട്. പൊലീസ് കസ്റ്റഡിയിൽ ആയിരുന്ന പ്രതിയെ കോടതിയിൽ ഹാജരാക്കേണ്ടതിന്റെ ഭാഗമായി ലണ്ടനിലെ ഓൾഡ് ബെയ്‌ലി കോടതിയിൽ വിഡിയോ വഴി ഹാജരായ പ്രതി സൽമാൻ സലിം ആണ് തനിക്കൊന്നും അറിയില്ല, ആരോ തന്നെക്കൊണ്ട് പറഞ്ഞു ചെയ്യിച്ചതാണ് എന്ന നിലപാട് ആവർത്തിച്ചത്.
കോടതി നടപടികൾ വിഡിയോ ലിങ്കിലൂടെ വീക്ഷിച്ച അരവിന്ദിന്റെ സഹോദരൻ ഇത് പ്രതി രക്ഷപ്പെടാൻ നടത്തുന്ന നീക്കം ആണോ എന്ന് സംശയിക്കേണ്ടതായി പറഞ്ഞതായി മാധ്യമങ്ങൾ ഉദ്ധരിക്കുന്നുണ്ട്. അരവിന്ദിനെ കൊന്നവൻ മാനസിക രോഗി ആയി നാടകം കളിക്കുകയാണ് എന്ന ആരോപണമാണ് ഇപ്പോൾ ഉയരുന്നത്. എന്നാൽ ഒരു സുപ്രഭാതത്തിൽ ആരെയും മനോരോഗി ആയി മുദ്രകുത്താൻ ബ്രിട്ടനിൽ കോടതികൾ തയ്യാറാകില്ല എന്നാണ് ഇതിനോട് നിയമ രംഗത്തുള്ളവർ പ്രതികരിക്കുന്നത്. മുൻകൂർ നടത്തിയ ചികിത്സ അടക്കം അനേകം തെളിവുകളുടെ പശ്ചാത്തലത്തിൽ മാത്രമേ മനോരോഗിക്ക് കിട്ടുന്ന നിയമ ആനുകൂല്യം ഒരാൾക്ക് കേസിൽ ലഭ്യമാകൂ.
അതിനിടെ ഇക്കഴിഞ്ഞ ഡിസംബറിൽ കെറ്ററിംഗിൽ കൂട്ടക്കൊലയിൽ പ്രതിയായ മലയാളിയും ഏറെക്കുറെ സമാന രീതിയിലാണ് കോടതിയിൽ പ്രതികരിച്ചത്. ആദ്യ വട്ടവും അവസാന തവണയും ഇയാളെ നേരിൽ കോടതിയിൽ എത്തിച്ചപ്പോഴും എനിക്കൊന്നും അറിയില്ല എന്ന മറുപടിയാണ് ജഡ്ജിക്ക് മുന്നിൽ ആവർത്തിച്ചത്. പശ്ചാത്താപത്തിന്റെ ചെറു കണിക പോലും അയാളിൽ ഉണ്ടായില്ല എന്ന് കോടതി നടപടികളിൽ സാക്ഷിയായ നിയമ രംഗത്ത് ജോലി ചെയ്യുന്ന മലയാളിയായ വ്യക്തി ചൂണ്ടിക്കാട്ടുന്നു. ഇപ്പോൾ പെക്കാം കത്തിക്കുത്ത് കേസിലെ പ്രതി സൽമാനും ഏറെക്കുറെ സമാന നിലപാടാണ് സ്വീകരിച്ചിരിക്കുന്നത്. കൊലപാതകത്തിന് ശേഷം ഇയാൾക്ക് പുറത്താരോടും പൊലീസ് സാന്നിധ്യം ഇല്ലാതെ സംസാരിക്കാൻ ആയിട്ടില്ല എന്നാണ് ലഭ്യമാകുന്ന വിവരം.
കഴിഞ്ഞ ഒരാഴ്‌ച്ചക്കിടെ മൂന്നു കത്തിക്കുത്തു മരണം ഇന്ത്യൻ വംശജരിൽ നിന്നും ഉണ്ടായതോടെ പൊലീസ് അതീവ ജാഗ്രതയിലാണ് കാര്യങ്ങൾ കൈകാര്യം ചെയ്യുന്നത്. പെക്കമിൽ കൊല്ലപ്പെട്ട അരവിന്ദിന്റെ മൃതദേഹം മണിക്കൂറുകൾക്കകം വെള്ളിയാഴ്ച തന്നെ പോസ്റ്റ്മോർട്ടം നടത്തിയെങ്കിലും ഇപ്പോഴും പൊലീസ് കസ്റ്റഡിയിലാണ്. മൃതദേഹം കുടുംബത്തിന് വിട്ടുനൽകുന്ന കാര്യത്തിൽ അന്തിമ തീരുമാനം പൊലീസ് സ്വീകരിച്ചിട്ടില്ല. തെളിവുകൾ പൂർണമായും സ്വീകരിച്ച ശേഷമേ മൃതദേഹം കൈമാറൂ എന്നാണ് ലഭ്യമാകുന്ന വിവരം. മുൻപ് സമാന സംഭവങ്ങളിലും പൊലീസ് ഇതേ രീതിയാണ് സ്വീകരിച്ചിരുന്നത്.
അതിനിടെ മരണത്തിലേക്ക് നയിച്ച കത്തിക്കുത്തിനുള്ള പ്രകോപനം എന്തെന്ന കാര്യത്തിൽ ഇപ്പോഴും പൊലീസ് നിശ്ശബ്ദതയിലാണ്. ഇന്നലെ ഇതേക്കുറിച്ചു കുടുംബത്തോട് വിശദമാക്കാം എന്നാണ് പൊലീസ് അറിയിച്ചിരുന്നതെങ്കിലും അത് സംഭവിച്ചിട്ടില്ല എന്നാണ് വ്യക്തമാകുന്നത്. സംഭവത്തിന് ദൃക്‌സാക്ഷികൾ ആയിരുന്ന മറ്റു രണ്ടു പേരെ പൊലീസ് ചോദ്യം ചെയ്ത ശേഷം വിട്ടയ്ക്കുക ആയിരുന്നു. എന്നാൽ ഇവരുടെ സാക്ഷി മൊഴികൾ കേസിൽ നിർണായകം ആകും എന്നുറപ്പാണ്. കഴിഞ്ഞ 13 വർഷമായി യുകെയിൽ ഉള്ള കൊല്ലപ്പെട്ട അരവിന്ദ് സ്റ്റുഡന്റ് വിസയിൽ ആണ് എത്തിയത്.
വന്ന കാലം മുതൽ ആരെയും സഹായിക്കാൻ ഉണ്ടായിരുന്ന അരവിന്ദിന്റെ ലൂട്ടനിലെ ആദ്യകാല യുകെ ജീവിതം ഇന്നും മറക്കാനാകില്ല എന്ന് അന്നത്തെ സഹ താമസക്കാർ ഓർത്തെടുക്കുന്നു കാര്യം ബ്രിട്ടീഷ് മലയാളി മുൻപ് റിപ്പോർട്ട് ചെയ്തിരുന്നു. അന്നും ഇന്നും ആരെയും സഹായിക്കുന്ന അരവിന്ദിന് ഒടുവിൽ ആ ശീലം തന്നെയാണ് കൊലയാളിയെ സമ്മാനിച്ചതും. സ്റ്റുഡന്റ് വിസക്കാരൻ തന്നെയായ സൽമാനോട് താൻ അനുഭവിച്ച പ്രയാസങ്ങൾ ഓർമ്മയുള്ള അരവിന്ദ് തന്നോടൊപ്പം താമസിച്ചോളൂ എന്ന് കാട്ടിയ കരുണ ഒടുവിൽ അദ്ദേഹത്തിന്റെ ജീവൻ തന്നെ എടുക്കുന്നതിൽ കാരണമായി മാറുക ആയിരുന്നു. ഇത്തരം ഒരു അനുഭവം യുകെ മലയാളികൾക്കിടയിൽ ആദ്യമായാണ് റിപ്പോർട്ട് ചെയ്യുന്നത്.
കെ ആര് ഷൈജുമോന്, ലണ്ടന്. മറുനാടന് മലയാളി പ്രത്യേക പ്രതിനിധി.