കൊച്ചി: ഉമാ തോമസ് എംഎല്‍എ കാല്‍ വഴുതി താഴേക്ക് വീഴുമ്പോള്‍ തൊട്ടടുത്തുണ്ടായിരുന്നു കമ്മീഷണര്‍ പുട്ട വിമലാദിത്യ. ഉമാ തോമസിന് അടുത്തിരുന്ന വ്യക്തി. എംഎല്‍എയ്ക്ക് കാല്‍വഴുതിയതും താഴേക്ക് പതിച്ചതും നിമിഷ നേരത്തിനുള്ളിലായിരുന്നു. തൊട്ടടുത്തിരുന്ന കമ്മീഷണര്‍ അതിവേഗം പ്രതികരിച്ചു. കൈ നീട്ടി ഉമാ തോമസിനെ പിടിക്കാന്‍ ശ്രമിച്ചു. കൈ എത്തും മുമ്പ് തന്നെ ഉമാ തോമസ് താഴേക്ക് പതിച്ചു. ഒന്നു താഴേക്ക് നോക്കിയ കമ്മീഷണര്‍ ഉടന്‍ താഴേക്ക് പോയി. പിന്നീട് ആ വേദിയില്‍ ആഘോഷിക്കാനും ആവേശത്തില്‍ പങ്കാളിയാകാനും കമ്മീഷണറുണ്ടായിരുന്നില്ല. തൊട്ടു മുമ്പിലെ ദുരന്തം ആ കമ്മീഷണര്‍ തിരിച്ചറിഞ്ഞു.

ഉമാ തോമസിന്റെ ചികല്‍സ ഉറപ്പാക്കലിലും അപകട അന്വേഷണത്തിലും കമ്മീഷണര്‍ നീങ്ങി. കലൂര്‍ സ്റ്റേഡിയത്തില്‍ പിന്നീട് കമ്മീഷണര്‍ എത്തിയത് അന്വേഷണത്തിന്റെ ഭാഗമായാണ്. ഇതേ കമ്മീഷണറുടെ രണ്ടു സീറ്റ് അപ്പുറത്തായിരുന്നു മന്ത്രി സജി ചെറിയാന്‍ ഇരുന്നത്. ഉമാ തോമസ് നടന്നു നീങ്ങിയത് മന്ത്രിയുടെ അടുത്തേക്കായിരുന്നു. കൈവീശി മന്ത്രിയെ എംഎല്‍എ അഭിവാദ്യം ചെയ്തതു മുതല്‍ മന്ത്രിയുടെ ശ്രദ്ധ ഉമാ തോമസിലായിരുന്നു. കാല്‍ വഴുതുന്നതും വീഴുന്നതും മന്ത്രിയും കണ്ടു. ആദ്യം മന്ത്രിയുടെ തൊട്ടടുത്തിരുന്ന ആള്‍ തലയില്‍ കൈവച്ചു. മന്ത്രിയും കൈവയ്ക്കുന്നത് പുറത്തു വന്ന വീഡിയോയുടെ അവസാനം കാണാം.

എന്നിട്ടും പക്ഷേ കമ്മീഷണറെ പോലെ മന്ത്രി തന്റെ ഉത്തരവാദിത്തത്തെ കുറിച്ച് ഓര്‍ത്തില്ല. നിയമസഭയിലെ സഹപ്രവര്‍ത്തകയ്ക്ക് വേണ്ടി ആ വേദി വിട്ടതുമില്ല. ദിവ്യാ ഉണ്ണിയും കൂട്ടരും പിരിവെടുത്ത് കോടികളുണ്ടാക്കിയ പരിപാടിയുടെ മാറ്റ് കുറയാതിരിക്കാന്‍ മന്ത്രി കരുതല്‍ എടുത്തു. ആ വേദിയിലുണ്ടായിരുന്ന വിഐപികള്‍ എല്ലാം കമ്മീഷണറെ പോലെ ഉമാ തോമസ് വീണപ്പോള്‍ തന്നെ വേദി വിടേണ്ടവരും എംഎല്‍എയ്ക്ക് അതിവേഗ ചികില്‍സയൊരുക്കാന്‍ ഇടപെടല്‍ നടത്തേണ്ടവരുമായിരുന്നു. മന്ത്രിയും മറ്റ് ചിലരും കടമ മറന്നുവെന്നതാണ് വസ്തുത. കമ്മീഷണറും മന്ത്രിയും ഇരുന്നത് കുന്തം വിഴുങ്ങിയത് പോലെയാണെന്ന് കോണ്‍ഗ്രസ് നേതാവ് ഷിയാസ് ആരോപിച്ചിരുന്നു. എന്നാല്‍ കമ്മീഷണറുടെ കാര്യത്തില്‍ അത് പൂര്‍ണ്ണമായും തെറ്റാണ്.

ഉമാ തോമസിനെ രക്ഷപ്പെടുത്താന്‍ അതിവേഗ ശ്രമം പോലും കമ്മീഷണര്‍ നടത്തിയെന്നതാണ് വസ്തുത. കലൂര്‍ സ്റ്റേഡിയത്തില്‍ നടന്ന ഗിന്നസ് ഡാന്‍സ് പരിപാടിക്കിടെ ഉമാ തോമസ് എംഎല്‍എ വേദിയില്‍ നിന്നും വീഴുന്ന ദൃശ്യങ്ങള്‍ പുറത്ത് വന്നിരുന്നു. മന്ത്രിയും എഡിജിപിയും അടക്കം വേദിയില്‍ ഉണ്ടായിരുന്ന വേളയിലാണ് അപകടം സംഭവിച്ചത്. നടക്കാന്‍ പോലും സ്ഥലമില്ലാത്ത രീതിയിലാണ് വേദി താല്ക്കാലികമായി ഒരുക്കിയതെന്ന് ദൃശ്യങ്ങളില്‍ വ്യക്തമാണ്. പിന്‍ നിരയില്‍ ഇരുന്ന ഉമാ തോമസ് മുന്‍ നിരയിലേക്ക് വരുന്നത് ദൃശ്യങ്ങളില്‍ കാണാം.

ആദ്യം ഒരു കസേരിയില്‍ ഇരുന്ന ശേഷം പിന്നീട് മാറിയിരിക്കുകയാണ്. ശേഷം കൊച്ചി സിറ്റി പൊലീസ് കമ്മീഷണറുടെ അടുത്ത് എത്തുന്നതിന് മുമ്പായിരുന്നു അപകടം സംഭവിച്ചത്. കമ്മീഷണറുടെ അടുത്തെ കസേരയിലേക്ക് ഇരിക്കാന്‍ ശ്രമിക്കുന്നതിനിടെ റിബ്ബണ്‍ കെട്ടിയ സ്റ്റാന്‍ഡിലേക്ക് പിടിക്കാന്‍ ശ്രമിക്കുന്നതിനിടെയാണ് താഴേക്ക് വീണത്. വേദിയില്‍ നിന്ന് റിബ്ബണ്‍ കെട്ടിയ സ്റ്റാന്‍ഡിലേക്ക് ചാഞ്ഞുകൊണ്ടായിരുന്നു വീഴ്ച. പരിപാടിയുടെ സംഘാടകരില്‍ ഒരാളായ പൂര്‍ണിമ, നടന്‍ സിജോ വര്‍ഗീസ് മന്ത്രി സജി ചെറിയാന്‍ എന്നിവരെയും വീഡിയോയില്‍ കാണാം. വേദിയുടെ വലുപ്പം ഒന്നര മീറ്ററായിരുന്നു. അതില്‍ രണ്ടു നിരയായിരുന്നു കസേര ക്രമീകരിച്ചത്. കമ്മീഷണറുടെ ഇടപെടലും വീഡിയോയില്‍ വ്യക്തമാണ്.

ഗിന്നസ് ലോക റെക്കോഡ് ലക്ഷ്യമിട്ട് ഞായറാഴ്ചയാണ് കലൂര്‍ അന്താരാഷ്ട്ര സ്റ്റേഡിയത്തില്‍ മെഗാ ഭരതനാട്യം പരിപാടി നടന്നത്. ഇതിന്റെ ഉദ്ഘാടന വേളയിലാണ് ഉമാ തോമസ് എംഎല്‍എ വേദിയില്‍ നിന്നും താഴേക്ക് വീണത്. തലയ്ക്കും ശ്വാസകോശത്തിനും ഗുരുതരമായി പരിക്കേറ്റ ഉമ തോമസ് കൊച്ചിയിലെ സ്വകാര്യ ആശുപത്രിയില്‍ ചികിത്സയില്‍ കഴിയുകയാണ്.