കണ്ണൂർ: കോടികളുടെ നിക്ഷേപം സ്വീകരിച്ചു തട്ടിപ്പ് നടത്തിയ കണ്ണൂർ അർബൻ നിധിയുടെ രണ്ട് ഡയറക്ടർമാർ പത്തുകോടിയോളം രൂപയുടെ വെട്ടിപ്പു നടത്തിയതായി സൂചന. തൃശൂർ വരവൂരിലെ കുന്നത്ത് പീടികയിൽ കെ. എം ഗഫൂർ(46) മലപ്പുറം ചങ്ങരംകുളം മേലപ്പാട്ട് ഷൗക്കത്താലി(43) എന്നിവരെയാണ് കേസ് അന്വേഷണത്തിന് നേതൃത്വം നൽകുന്ന എ.സി.പി ടി.കെ രത്നകുമാറിന്റെ നിർദ്ദേശാനുസരണം ടൗൺ സി. ഐ പി. എ ബിനുമോഹൻ അറസ്റ്റു ചെയ്തത്. സ്ഥാപനത്തിന്റെ മറ്റൊരു ഡയറക്ടറായ ആന്റണിയെ പൊലിസ് അന്വേഷിച്ചുവരികയാണ്.

സ്ഥാപനത്തിന്റെ മറ്റൊരു ഡയറക്ടറായ ആന്റണിയെ പൊലിസ് അന്വേഷിച്ചുവരികയാണ്. തട്ടിപ്പിന് ഇരയായ തലശേരി കാവും ഭാഗം ധന്യയിലെ ഡോക്ടർ ദീപക് കല്യാടിന്റെ(49) പരാതിയിലാണ് അറസ്റ്റു ചെയ്തത്. പന്ത്രണ്ടര ശതമാനം പലിശവാഗ്ദാനം ചെയ്തു ഡോക്ടറിൽ നിന്നും 59.50 ലക്ഷം രൂപ തട്ടിയെടുത്തുവെന്നാണ് പരാതി. ഗഫൂർ, ഷൗക്കത്തലി, ആന്റണി എന്നിവർക്കു പുറമേ സ്ഥാപനത്തിന്റെ ജി. എം. എ. ജി. എം ജീവനക്കാർ എന്നിവരും കേസിലെ പ്രതികളാണ്. നിലവിൽ ഇരുപത്തിയഞ്ചോം പരാതികളാണ് കണ്ണൂർ ടൗൺ സ്റ്റേഷനിൽ ലഭിച്ചിട്ടുള്ളത്. ഇതു പ്രകാരംആറുകോടിരൂപയുടെ തട്ടിപ്പുനടന്നതായാണ് വിവരം. എന്നാൽ നിരവധി പേർ തട്ടിപ്പിന് ഇരയായിട്ടും പരാതി നൽകാൻ തയ്യാറായിട്ടില്ല. പരാതി നൽകിയാൽ പണം തിരിച്ചുകിട്ടില്ലെന്ന ധാരണയിലാണ് പരാതി നൽകാൻ പലരും വിസമ്മതിക്കുന്നതെന്നാണ് പൊലിസ് നൽകുന്ന സൂചന. യഥാർത്ഥത്തിൽ പത്തുകോടിരൂപ കുറ്റാരോപിതർ തട്ടിയെടുത്തിട്ടുണ്ടെന്നാണ് പൊലിസ് നൽകുന്ന വിവരം.

കഴിഞ്ഞ ദിവസം പിലാത്തറയിൽ നിന്നാണ് ഗഫൂറിനെയും ഷൗക്കത്തലിയെയും അറസ്റ്റു ചെയ്തത്. പൊലിസിനെ കണ്ടതോടെ ഓടിരക്ഷപ്പെടാൻ ശ്രമിച്ച ഇവരെ പൊലിസ് പിൻതുടർന്ന് പിടികൂടുകയായിരുന്നു. ഇവർ പിടിയിലായതറിഞ്ഞ് അൻപതിലേറെപ്പേർവെള്ളിയാഴ്‌ച്ച രാവിലെ തന്നെ കണ്ണൂർ ടൗൺ സ്റ്റേഷനിലെത്തിയിരുന്നു. എന്നാൽ ഇവരിൽ ഏറെപ്പേരും പരാതി നൽകാൻ തയ്യാറായിട്ടില്ല. പൊലിസ് ഇടപെട്ടു പണം തിരിച്ചുവാങ്ങി നൽകണമെന്നാണ് നിക്ഷേപകരുടെ ആവശ്യം. എന്നാൽ പരാതി നൽകാൻ തയ്യാറുള്ളവർ മാത്രം ഇവിടെ നിന്നാൽ മതിയെന്നു പറഞ്ഞ് പൊലിസ് ബാക്കിയുള്ളവരെ തിരിച്ചയക്കുകയായിരുന്നു. നിക്ഷേപത്തിന് വൻതുക പലിശയും സ്ഥാപനത്തിൽ ജോലിയും വാഗ്ദാനം ചെയ്തായിരുന്നുതട്ടിപ്പു നടത്തിയത്. ഈ സ്ഥാപനത്തിന്റെ അനുബന്ധ സ്ഥാപനമായ എനി ടൈം മണി( എ.ടി. എം) എന്ന സ്ഥാപനം വഴിയും തട്ടിപ്പു നടത്തിയിട്ടുണ്ട്.

സാധാരണ തൊഴിലാളികൾ മുതൽ വൻസമ്പന്നർ വരെ തട്ടിപ്പിന് ഇരയായിട്ടുണ്ട്. കടകളിൽ ജോലി ചെയ്യുന്ന ജീവനക്കാർ അവരുടെ തുച്ഛ വേതനത്തിൽ നിന്ന് ദിവസേനെ നൽകിയ പണം ഉൾപ്പെടെ നഷ്ടപ്പെട്ടിട്ടുണ്ട്. പലരും സ്റ്റേഷനു മുൻപിലെത്തി കരഞ്ഞുകൊണ്ടാണ് മടങ്ങിയത്. എന്നാൽ കണ്ണൂർ അർബൻ നിധിയുടെ തട്ടിപ്പിന് ഇരയായവരിൽ റിട്ട. എസ്. ഐയും ശ്രീകണ്ഠാപുരം കോട്ടൂർ സ്വദേശിയായ ശശിധരനാണ് തട്ടിപ്പിന് ഇരയായത്. എ. ആർ ക്യാംപിൽ നിന്നും വിരമിച്ച ഇദ്ദഹം ഇരുപത്തിയഞ്ചു ലക്ഷം രൂപയാണ് അർബൻ നിധിയിൽ നിക്ഷേപിച്ചത്. മകന് സ്ഥാപനത്തിൽ ജോലി നൽകാമെന്ന വാഗ്ദ്ധാനത്തിൽ വിശ്വസിച്ചായിരുന്നു നിക്ഷേപം നടത്തിയത്. സ്ഥാപനം മുങ്ങിയതറിഞ്ഞ് കണ്ണൂർ ടൗൺ പൊലിസിൽ ശശിധരനുമെത്തിയിരുന്നു. താൻ നൽകിയ പരാതിയിൽ കേസെടുക്കേണ്ടെന്നും പണം തിരിച്ചു വാങ്ങിച്ചു തന്നാൽ മതിയെന്നുമായിരുന്നു ഈയാൾ പറഞ്ഞത്. എന്നാൽ പൊലിസ് ഇതിനു തയ്യാറാതെ പരാതിയിൽ കേസെടുക്കുകയായിരുന്നു. ആറുമാസം മുൻപാണ് റിട്ട. എസ്. ഐ പണം നിക്ഷേപിച്ചത്. മകന് സ്ഥാപനത്തിൽ താൽക്കാലികമായി ജോലിയും ലഭിച്ചിരുന്നു. എന്നാൽ സ്ഥാപനം പൂട്ടി ഉടമകൾ മുങ്ങിയതോടെ പണവും പോയി മകനും പെരുവഴിയിലായ അവസ്ഥയിലാണ്.

ഇതിനിടെ താവക്കരയിലെ സ്വകാര്യ ധനകാര്യ സ്ഥാപനത്തിൽ നിക്ഷേപം നടത്തി കാലാവധി കഴിഞ്ഞിട്ടും മുതലോ പലിശയോ തിരിച്ചുകിട്ടിയില്ലെന്ന പരാതികൾ കൂടിവരുന്ന സാഹചര്യത്തിൽ വിശദമായ അന്വേഷണം നടത്താൻ പൊലിസിന്റെ പ്രത്യേക അന്വേഷണ സംഘം രൂപീകരിക്കുമെന്ന് സിറ്റി പൊലിസ് കമ്മിഷണർ അജിത്ത് കുമാർ അറിയിച്ചു. പരാതികളുടെ അടിസ്ഥാനത്തിൽ കൂടുതൽ കേസുകൾ രജിസ്റ്റർ ചെയ്യും. ഇതിനു ശേഷമാണ് പ്രത്യേക അന്വേഷണസംഘം കേസന്വേഷണം വിശദമായി നടത്തുകയെന്നും സിറ്റി പൊലിസ് കമ്മിഷണർ അറിയിച്ചു.

നിലവിൽ ജില്ലയിലെ വിവിധ സ്റ്റേഷനുകളിൽ നിന്നായി മുപ്പതിലധികം പരാതികളാണ് ഇതുവരെ ലഭിച്ചത്. മറ്റു ജില്ലകളിൽ നിന്നും പരാതികൾലഭിക്കാൻ തുടങ്ങിയതോടെയാണ് അന്വേഷണത്തിന് പ്രത്യേക അന്വേഷണസംഘം രൂപീകരിക്കാനൊരുങ്ങുന്നത്.