തിരുവനന്തപുരം: ഫ്‌ളാറ്റ് കെട്ടി നാട്ടുകാരെ പറ്റിക്കാനുള്ള ഭീമാ ഗ്രൂപ്പിന്റെ ശ്രമം പൊളിച്ച് റിയൽ എസ്റ്റേറ്റ് റെഗുലേറ്ററി അഥോറിട്ടി. ഭീമാ ഗ്രൂപ്പിന് കീഴിലുള്ള റിയൽ എസ്റ്റേറ്റ് കമ്പനിയായ അർബൻ സ്‌കേപ്പ് ബിൽഡേഴ്‌സിനെതിരെയാണ് വിധി. കുന്നുകുഴിയിലെ ഈ കമ്പനിയുടെ ഫ്‌ളാറ്റിലെ 18 താമസക്കാർക്ക് അറു കോടി 70 ലക്ഷത്തി ഇരുപതിനായിരം രൂപ ഭീമാ ഗ്രൂപ്പ് നൽകണം. വിധി വന്ന് 60 ദിവസത്തിനുള്ളിൽ തുക നൽകണമെന്നാണ് നിർദ്ദേശം. എന്നാൽ മാസം ഒന്നു ആകാറായിട്ടും ഈ തുക അർഹതപ്പെട്ടവർക്ക് ഭീമാ ഗ്രൂപ്പ് നൽകിയിട്ടില്ല.

തിരുവനന്തപുരം ആസ്ഥാനമായി 2014-ൽ സ്ഥാപിതമായ ഭീമ ജൂവലേഴ്‌സിന്റെ സഹോദര സ്ഥാപനമായ അർബൻസ്‌കേപ്പ് പ്രോപ്പർട്ടീസ്. തിരുവനന്തപുരത്ത് ലോ കോളേജിനു സമീപം ഗ്ലോറി അപ്പാർട്ട്‌മെന്റ് പ്രോജക്റ്റ് ഇതിൽ പ്രധാനപ്പെട്ടതാണ്. ഇവിടെ ഫ്‌ളാറ്റ് വാങ്ങിയവരാണ് തട്ടിപ്പിന് ഇരയായത്. പറഞ്ഞ സമയത്ത് ഫ്‌ളാറ്റ് നിർമ്മാണം പൂർത്തിയാക്കി കൈമാറി. എന്നാൽ അടിസ്ഥാന പരമായി പറഞ്ഞ വാഗ്ദാനങ്ങളൊന്നും പാലിക്കപ്പെട്ടില്ല. ഇതോടെ ഈ ഫ്‌ളാറ്റിലെ താമസക്കാരനായ അഭിഭാഷകൻ വിശദമായ പഠനം നടത്തി തട്ടിപ്പുകൾ മനസ്സിലാക്കി. ഗ്രൂപ്പിനെതിരെ നിയമ പോരാട്ടത്തിനും ഇറങ്ങി. ഇതോടെ 20 ലക്ഷം രൂപ നഷ്ടപരിഹാരം നൽകിയ ആ വിഷയം ഭീമാ ഗ്രൂപ്പ് ഒതുക്കി തീർത്തു. ഇതിന് ശേഷമാണ് 18 കുടുംബങ്ങൾ അനീതിക്കെതിരെ റിയൽ എസ്റ്റേറ്റ് റെഗുലേറ്ററി അഥോറിട്ടിയെ സമീപിച്ചത്. ഈ പോരാട്ടം വിജയിക്കുകയും ചെയ്തു.

ഭീമാ ജൂവലേഴ്‌സിന്റെ വിശ്വാസൃതയും, പാരമ്പര്യവും അർബൻസ്‌കേപ്പിന്റെ ഉപ ഭോക്താക്കൾക്കും വാഗ്ദാനം ചെയ്യുന്നുവെന്ന പരസ്യ വാചകവുമായാണ് അ്ർബൻ സ്‌പേയ്‌സിന്റെ പ്രവർത്തനം. ഈ കമ്പനിയിൽ ഭീമാ ജ്യൂലറിയുടെ ഉടമയായ ഭീമാ ഗോവിന്ദനും ഭാര്യ ജയലക്ഷ്മി ഗോവിന്ദനും മകൻ സുഹാസും മരുമകൾ ഗായന്ത്രി സുഹാസുമാണ് പാർട്ണർമാർ. സുഹാസാണ് മാനേജിങ് പാർട്ണർ. ഈ കമ്പനിക്കെതിരെ സുപ്രാധാന വിധിയാണ് റിയൽ എസ്റ്റേറ്റ് റെഗുലേറ്ററി അഥോറിട്ടിയുടെ ഭാഗത്ത് നിന്ന് ജൂൺ ആദ്യം ഉണ്ടായത്. എന്നാൽ കേരളത്തിലെ പ്രമുഖ മാധ്യമങ്ങളൊന്നും മുൻ ജഡ്ജിയായ കെ എസ് ശരത് ചന്ദ്രന്റെ വിധി റിപ്പോർട്ട് ചെയ്തില്ലെന്നാണ് വസ്തുത. പരസ്യം നൽകുന്ന കമ്പനിക്കെതിരെ വാർത്ത നൽകില്ലെന്ന പൊതു തത്വമാണ് ഇവിടേയും പാലിക്കപ്പെട്ടതെന്ന പരാതി അനുകൂല വിധി നേടിയവർക്കുണ്ട്.

നാട്ടാരെ പറ്റിച്ച ഭീമക്ക് മുട്ടൻ പണി.. കോടികൾ നഷ്ടപരിഹാരം: വിശദമായ വീഡിയോ റിപ്പോർട്ട് ചുവടെ

പതിനെട്ട് പേരുടെ പരാതിയും വ്യത്യസ്ത കേസുകളായാണ് പരിഗണിച്ചത്. ഓരോരുത്തർക്കും പല തരത്തിലാണ് നഷ്ടപരിഹാരം വിധിച്ചത്. 28-1-2022 മുതൽ 16.85 ശതമാനം വരെ പലിശ സഹിതം നഷ്ടപരിഹാരം നൽകണമെന്നാണ് അഥോറിട്ടിയുടെ നിർദ്ദേശം. വാഗ്ദാനം ചെയ്ത സൗകര്യങ്ങളൊന്നും ഫ്‌ളാറ്റിലുണ്ടായിരുന്നില്ല. നിർമ്മാണ നിർമ്മാണ സാധനങ്ങളും സാങ്കേതിക വിദ്യയും ഒന്നിനും കൊള്ളില്ലെന്ന് ഫ്‌ളാറ്റ് കിട്ടിയവർ തിരിച്ചറിഞ്ഞത് താമസം തുടങ്ങിയ ശേഷമാണ്. ഇതു മനസ്സിലാക്കിയാണ് അഡ്വ സുനിൽകുമാർ രംഗത്ത് വന്നത്. ഫ്‌ളാറ്റിനായി തയ്യാറാക്കി ബ്രോഷറിൽ പറഞ്ഞതും കൈയിൽ കിട്ടിയതുമായി യാതൊരു ബന്ധവുമില്ലെന്നും ഇതോടെ വ്യക്തമായി. അളവ് അടക്കമുള്ള കാര്യങ്ങളിൽ തട്ടിപ്പ് നടന്നു. ഇതെല്ലാം മനസ്സിലാക്കിയാണ് 18 ഫ്‌ളാറ്റുടമകൾ പോരാട്ടത്തിന് ഇറങ്ങിയത്. ഇതിന് മറു ന്യായവുമായി തടയാനും നിർമ്മാണ കമ്പനി ശ്രമിച്ചെങ്കിലും അത് വിജയിച്ചില്ല.

ഈ കെട്ടിട സമുച്ഛയത്തിൽ 29 താമസക്കാരാണുള്ളത്. ഇതിൽ 18 പേരാണ് അസാധാരണ നിമയ പോരാട്ടത്തിന് ഇറങ്ങിയത്. ബ്രോഷറിൽ പറഞ്ഞ അളവായിരുന്നില്ല കൈമാറി കിട്ടയ ഭാഗത്തിനുണ്ടായിരുന്നത്. കോർപ്പറേഷന് നൽകിയത് മറ്റൊരു കണക്കും. അങ്ങനെ അടിമുടി ദുരൂഹതകൾ. കെട്ടിട നിർമ്മാണ സെസ് അടക്കം ഫ്‌ളാറ്റുടമകളിൽ നിന്നും നിർമ്മാണ കമ്പനി വാങ്ങി. എന്നാൽ അതൊന്നും സർക്കാരിലേക്ക് അടച്ചില്ല. ഇതിന് പുറമേ വാങ്ങിയ പലതരം ടാക്‌സുകളും അടച്ചില്ല. ഇതോടെ താമസക്കാർക്ക് തഹസിൽദാർ വക നോട്ടീസും കിട്ടി. ഇതെല്ലാം അടയ്‌ക്കേണ്ടത് നിർമ്മാണ കമ്പിയുടെ കടമയായിരുന്നു. വാട്ടർ കണക്ഷന് നൽകിയ തുകയിലും തട്ടിപ്പു നടന്നു. ഇതോടെയാണ് താമസക്കാർ അഡ്വ അജയകുമാർ വഴി നിയമോപാരാട്ടത്തിന് ഇറങ്ങിയത്.

പരാതി പരിശോധിച്ച റിയൽ എസ്റ്റേറ്റ് റെഗുലേറ്ററി അഥോറിട്ടി അഡ്ജ്യൂഡീകേറ്റിങ് ഓഫീസർ കെ എസ് ശരത് ചന്ദ്രൻ പരിശോധനയ്ക്ക് വിദഗ്ധനെ നിയോഗിച്ചു. എഞ്ചിനിയറിങ് വിദഗ്ധൻ വിശദ പരിശോധനകൾ നടത്തി. അതിൽ നിന്നും കെട്ടിട നിർമ്മാണത്തിലെ അപാകതകൾ മനസ്സിലാക്കി. വലിയ വീഴ്ചകളുണ്ടായെന്നും തിരിച്ചറിഞ്ഞു. അതിന് ശേഷമാണ് ഭീമയുടെ റിയൽ എസ്റ്റേറ്റ് കമ്പനിക്കെതിരെ വിശദ ഉത്തരവ് ഇറക്കിയത്. 18 പരാതികളും വിശദമായി പരിശോധിച്ച് ഓരോരുത്തർക്കും വ്യത്യസ്ത നിരക്കിലാണ് നഷ്ടപരിഹാരം നിർദ്ദേശിച്ച് നൽകിയത്.

ഓരോ ഉത്തരവിലും സംഭവിച്ചത് എന്തെന്ന് വ്യക്തമായി പറയുന്നുമുണ്ട്. 82 പേജു വരെ നീണ്ട ഉത്തരവുകളും ഇക്കൂട്ടത്തിലുണ്ട്. അസാധാരണ നിയമ പോരാട്ടത്തിലൂടെയാണ് 18 കുടുംബങ്ങൾ ഈ വിധി നേടിയെടുത്തത്.