- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
ഗാന്ധിജി അനുസ്മരണ പരിപാടി നീണ്ടു; ഭക്ഷണം കഴിക്കാന്‍ പോയ പ്രസിഡന്റ് തിരിച്ചു വരാന്‍ വൈകി; യോഗം നിശ്ചയിച്ച കൃത്യം രണ്ടരയ്ക്ക് എത്തിയ പ്രതിപക്ഷ നേതാവ് കാത്തിരുന്നില്ല; കെ സുധാകരനില്ലാത്തതിനാല്‍ അപ്പോള്‍ തന്നെ മടങ്ങി; കെപിസിസി ഭാരവാഹി യോഗം വിഡി സതീശന്‍ ബഹിഷ്കരിച്ചുവോ? താക്കോല്‍ സ്ഥാനത്തുള്ളവര്‍ രണ്ടു ധ്രുവങ്ങളില്‍ തന്നെ; ആന്റണിയുടെ ആ ഉപദേശം വെറുതെയാകും
തിരുവനന്തപുരം: കെപിസിസി ഭാരവാഹി യോഗത്തില്‍ പ്രതിപക്ഷ നേതാവ് വിഡി സതീശന്‍ പങ്കെടുക്കാത്തതില്‍ കെപിസിസി പ്രസിഡന്റ് കെ സുധാകരന് അമര്‍ഷം. കഴിഞ്ഞ ദിവസമായിരുന്നു കെപിസിസി ഭാരവാഹികളുടേയും ഡിസിസി അധ്യക്ഷന്മാരുടേയും യോഗം ഇന്ദിരാ ഭവനില്‍ ചേര്‍ന്നത്. ഈ യോഗത്തില്‍ പങ്കെടുക്കാനായി സതീശന്‍ എത്തുകയും ചെയ്തു. എന്നാല്‍ പങ്കെടുക്കാതെ പോയി. ഇതാണ് കോണ്‍ഗ്രസില്‍ പുതിയ ചര്‍ച്ചയായി മാറുന്നത്. ഉച്ചയ്ക്ക് രണ്ടരയ്ക്കായിരുന്നു യോഗം നിശ്ചയിച്ചത്. കൃത്യസമയത്ത് സതീശന്‍ വന്നു. അപ്പോള്‍ കെപിസിസി പ്രസിഡന്റുണ്ടായിരുന്നില്ല. ഈ സാഹചര്യത്തില്‍ മടങ്ങി. പക്ഷേ പിന്നീട് വന്നില്ലെന്നതാണ് വസ്തുത. പിവി അന്‍വറിന്റെ യുഡിഎഫ് പ്രവേശനം അടക്കം ചര്‍ച്ച ചെയ്യാനാണ് കെപിസിസി യോഗം വിളിച്ചത് എന്നാണ് സൂചന. ഈ നിര്‍ണ്ണായക യോഗമാണ് സതീശന്‍ ഒഴിവാക്കിയത്.
കെപിസിസിയില്‍ ഉച്ചയ്ക്ക് ഒന്നര മണിവരെ സുപ്രധാന പരിപാടിയുണ്ടായിരുന്നു. ഗാന്ധിജി കോണ്‍ഗ്രസ് അധ്യക്ഷനായതിന്റെ നൂറാം വാര്‍ഷികം ആഘോഷിക്കുന്നതിനുവേണ്ടി കെപിസിസി ആസ്ഥാനത്ത് സംഘടിപ്പിച്ച പരിപാടിയായിരുന്നു അത്. പ്രവര്‍ത്തക സമിതി അംഗം എകെ ആന്റണിയായിരുന്നു ഉദ്ഘാടനം. ഈ പരിപാടിയുടെ തിരക്ക് കഴിഞ്ഞ് സുധാകരന്‍ ഭക്ഷണം കഴിക്കാന്‍ ഇന്ദിരാ ഭവന്‍ വിട്ടു. രണ്ടരയ്ക്ക് എത്തിയില്ല. ഈ സമയത്താണ് സതീശന്‍ എത്തിയത്. സുധാകരനെ കാത്തിരിക്കാന്‍ തയ്യറാകാതെ സതീശന്‍ മടങ്ങിയെന്നതാണ് വസ്തുത. പ്രതിപക്ഷ നേതാവിന്റെ അസാന്നിധ്യത്തില്‍ കെപിസിസി ഭാരവാഹി യോഗം തന്നെ അപ്രസ്‌ക്തമായി. നിര്‍ണ്ണായക തീരുമാനങ്ങളൊന്നും എടുത്തതുമില്ല. ഈ സാഹചര്യത്തിലേക്ക് കാര്യങ്ങളെത്തിയതിലാണ് സുധാകരന് അമര്‍ഷം. കുറച്ചു സമയം പോലും കാത്തു നില്‍ക്കാത്ത പ്രതിപക്ഷ നേതാവിന്റെ നടപടിയെ ഹൈക്കമാണ്ടിന്റെ ശ്രദ്ധയില്‍ കൊണ്ടു വരാനാണ് സുധാകരന്റെ തീരുമാനം. കെപിസിസി അധ്യക്ഷനും പ്രതിപക്ഷ നേതാവും തമ്മിലെ പ്രശ്‌നങ്ങള്‍ക്ക് പരിഹാരമുണ്ടാകുന്നില്ലെന്ന ചിന്ത കോണ്‍ഗ്രസിലും സജീവമാണ്. തദ്ദേശ തിരഞ്ഞെടുപ്പ് ഒരുക്കങ്ങളെ പോലും ഇത് ബാധിക്കുമെന്ന ആശങ്ക ശക്തമാണ്.
അനാവശ്യചര്‍ച്ചകള്‍ നടത്തി സമയംകളയരുതെന്ന് കോണ്‍ഗ്രസ് നേതാക്കള്‍ക്ക് മുന്നറിയിപ്പ് എ കെ ആന്റണി നല്‍കിയിരുന്നു. ഇപ്പോള്‍ കോണ്‍ഗ്രസിനുള്ളില്‍ നടക്കുന്ന ചര്‍ച്ചകള്‍ അവസാനിപ്പിക്കണമെന്നും എടുത്തുചാട്ടം അപകടമാണെന്നും അദ്ദേഹം നേതാക്കള്‍ക്ക് താക്കീത് നല്‍കി. ദേശീയതലത്തില്‍ ആര്‍എസ്എസിനേയും ബിജെപിയേയും നേരിടാന്‍ കോണ്‍ഗ്രസ് മാത്രം പോര. അതുമനസിലാക്കിയാണ് ഇന്ത്യ മുന്നണി രൂപീകരിച്ചത്. എന്നാല്‍ കേരളത്തില്‍ അങ്ങനെയല്ല. ഇവിടത്തെ കാര്യങ്ങള്‍ തീരുമാനിക്കുന്നത് താനല്ല. കെ സുധാകരനും കെപിസിസിയുമാണ്. തദ്ദേശ തെരഞ്ഞെടുപ്പില്‍ വിജയം നേടാനാണ് ആദ്യം പരിശ്രമിക്കേണ്ടത്. അതിനിടയില്‍ അനാവശ്യ ചര്‍ച്ചകള്‍ വേണ്ട. അനുഭവം പഠിപ്പിച്ചതാണ് പറയുന്നത്. ഇഷ്ടമുണ്ടെങ്കില്‍ സ്വീകരിക്കാം അല്ലെങ്കില്‍ സ്വീകരിക്കാതിരിക്കാെന്നും ആന്റണി പറഞ്ഞു. കെ സുധാകരന്‍ ഉള്‍പ്പെടെയുള്ള നേതാക്കള്‍ വേദിയിലിരിക്കെയായിരുന്നു വിമര്‍ശനം. ഈ വിമര്‍ശനം കോണ്‍ഗ്രസ് നേതാക്കളില്‍ ചലനം ഉണ്ടാക്കിയില്ലെന്നതാണ് കെപിസിസി യോഗവും തെളിയിക്കുന്നത്.
ജയില്‍ മോചിതനായ ശേഷം യുഡിഎഫ് മുന്നണി പ്രവേശനം സാധ്യമാക്കാനുള്ള നീക്കം അന്‍വര്‍ ശക്തമാക്കിയിരുന്നു. യുഡിഎഫ് അധികാരത്തില്‍ വരണമെന്ന് തുറന്നടിച്ച അന്‍വര്‍, എല്ലാ യുഡിഎഫ് നേതാക്കളെയും കാണുമെന്നും തന്നെ വേണോ എന്ന് അവര്‍ തീരുമാനിക്കട്ടേയെന്നും വ്യക്തമാക്കിയിരുന്നു. പ്രതിപക്ഷ നേതാവ് വി ഡി സതീശനുമായി ഫോണില്‍ സംസാരിച്ചു. സതീശന്‍ അടക്കം എല്ലാ യുഡിഎഫ് നേതാക്കളെയും കാണും. ഇതിന്റെ ഭാഗമായി സാദിഖലി ശിഹാബ് തങ്ങളെ അന്‍വര്‍ സന്ദര്‍ശിച്ചിരുന്നു. മറ്റു യുഡിഎഫ് നേതാക്കളെയും നേരിട്ട് കാണാനാണ് അന്‍വറിന്റെ നീക്കം. യുഡിഎഫില്‍ എനിക്ക് ഒരു സ്ഥാനവും വേണ്ടെന്നും ഒരു പ്രവര്‍ത്തകന്‍ ആയാല്‍ മതിയെന്നുമാണ് ഏറ്റവും ഒടുവില്‍ അന്‍വറിന്റെ വാക്കുകള്‍.
മുന്നണി പ്രവേശനത്തിന് യുഡിഎഫിന് നേരിട്ട് കത്ത് നല്‍കുന്ന കാര്യം പിന്നീട് പരിഗണിക്കും. മരിച്ചു കൂടെ നില്‍ക്കും. തന്നെ വേണോ എന്ന് യുഡിഎഫ് പരിശോധിക്കട്ടേയെന്നായിരുന്നു പ്രതികരണം. ഈ വിഷയത്തില്‍ അന്‍വറിനൊപ്പമല്ല സതീശന്‍ എന്ന വിലയിരുത്തലുകള്‍ സജീവമാണ്. ഇതിനിടെയാണ് കെപിസിസി യോഗത്തില്‍ സതീശന്‍ പങ്കെടുക്കാതെ ഇരുന്നതും.