- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
- Home
- /
ബംഗ്ലൂരു കോടതിയിലെ വിധി എതിരായാൽ അതിവേഗം അപ്പീൽ നൽകും; അനുകൂലമെങ്കിൽ എസ് എഫ് ഐ ഒ സുപ്രീംകോടതിയിലേക്ക് പോകുമെന്ന് വിലയിരുത്തി എന്തിനും തയ്യാറെടുത്ത് ക്വിക് റസ്‌പോൺസ് ടീം; ജസ്റ്റീസ് ദേവൻ രാമചന്ദ്രന് മുമ്പേ ജസ്റ്റീസ് നാഗപ്രസന്നയുടെ വിധി വരുമെന്നും പ്രതീക്ഷ; എന്തും നേരിടാൻ പിണറായി കുടുംബം റെഡ്ഡി!
ബംഗളൂരു: സ്വകാര്യ കരിമണൽ കമ്പനിയുമായുള്ള ഇടപാടുകളിൽ സീരിയസ് ഫ്രോഡ് ഇൻവെസ്റ്റിഗേഷൻ ഓഫീസ് (എസ്.എഫ്.ഐ.ഒ.) അന്വേഷണം തടയണമെന്നാവശ്യപ്പെട്ട് മുഖ്യമന്ത്രി പിണറായി വിജയന്റെ മകൾ വീണാ വിജയൻ നൽകിയ ഹർജിയിലെ കർണ്ണാടക ഹൈക്കോടതി വിധി എന്തു തന്നെയായാലും അതിവേഗ നീക്കങ്ങൾ നടത്താൻ സെക്രട്ടറിയേറ്റിലും ക്ലിഫ് ഹൗസിലും അടക്കം ക്വിക് റസ്‌പോൺസ് ടീം ശക്തം. വാദംകേട്ട കർണാടക ഹൈക്കോടതി വിധിപറയാനായി മാറ്റിയ സാഹചര്യത്തിൽ എന്തും സംഭവിക്കാം. തൽകാലം അറസ്റ്റ് അടക്കമുള്ള നടപടികൾ ഹൈക്കോടതി തടഞ്ഞിട്ടുണ്ട്. വിധി എതിരായാൽ എസ് എഫ് ഐ ഒ അതിവേഗ നടപടികളിലേക്ക് കടക്കും. ഈ സാഹചര്യത്തിൽ വിധി എതിരായാൽ ഉടൻ സുപ്രീംകോടതിയിൽ അപ്പീൽ നൽകും.
വിധി വരും വരെ അറസ്റ്റുപോലുള്ള കടുത്തനടപടികളുണ്ടാകരുതെന്ന് ജസ്റ്റിസ് എം. നാഗപ്രന്നയുടെ ബെഞ്ച് എസ്.എഫ്.ഐ.ഒ.യോട് നിർദ്ദേശിച്ചു. അന്വേഷണത്തിനാവശ്യമായ രേഖകൾ വീണയുടെ കമ്പനിയായ എക്സാലോജിക് എസ്.എഫ്.ഐ.ഒ.യ്ക്ക് കൈമാറണമെന്നും ആവശ്യപ്പെട്ടു. തിങ്കളാഴ്ച ഉച്ചയ്ക്കുശേഷം ഹർജി പരിഗണിച്ച കോടതി ഒരു മണിക്കൂറിലധികംനീണ്ട വാദം കേട്ടശേഷമാണ് വിധിപറയാൻ മാറ്റിയത്. ഇതിനൊപ്പം കേരളാ ഹൈക്കോടതിയിൽ കെ എസ് ഐ ഡി സി നൽകിയ ഹർജിയും ഉണ്ട്. ഇതിൽ വിധി അനുകൂലമാകാൻ സാധ്യതയില്ലെന്നാണ് വിലയിരുത്തൽ. കെ എസ് ഐ ഡി സിയോട് അന്വേഷണവുമായി സഹകരിക്കുന്നത് അ്‌ല്ലേ നല്ലതെന്ന ചോദ്യം കേരളാ ഹൈക്കോടതി ഉയർത്തിയ സാഹചര്യത്തിലാണ് ഇത്. ജസ്റ്റീസ് ദേവൻ രാമചന്ദ്രനാണ് കേരളാ ഹൈക്കോടതിയിൽ കേസ് പരിഗണിക്കുന്നത്.
ഇല്ലാത്ത സേവനത്തിന് മുഖ്യമന്ത്രിയുടെ മകൾ വീണയുടെ ഉടമസ്ഥതയിലുള്ള എക്‌സാലോജിക് സൊല്യുഷൻസിന് സി.എം.ആർ.എൽ. പണം നൽകിയെന്ന ഇന്ററിം സെറ്റിൽമെന്റ് ബോർഡിന്റെ റിപ്പോർട്ടിനെത്തുടർന്ന് സി.എം.ആർ.എലിനോട് വിശദീകരണം തേടിയെന്ന് കെ.എസ്‌ഐ.ഡി.സി.ഹൈക്കോടതിയിൽ വിശദീകരിച്ചിരുന്നു. വിശദീകരണം ലഭിച്ചിട്ടില്ലെന്നും അറിയിച്ചു. ഇതിനെത്തുടർന്ന് വിശദീകരണം തേടിയതിന്റെ രേഖ ഹാജരാക്കാൻ കോടതി ആവശ്യപ്പെട്ടു. ഇതിൽ സമയം തേടിയതിനെത്തുടർന്ന് ഹർജി 26-ന് പരിഗണിക്കാൻ മാറ്റി. അതായത് അതിന് ശേഷം മാത്രമേ ഇനി കേരളാ ഹൈക്കോടതിയിൽ തീരുമാനം ഉണ്ടാകൂ. അതിന് മുമ്പ് തന്നെ കർണ്ണാടകയിൽ വീണയുടെ ഹർജിയിൽ വിധി വരും. അതുകൊണ്ട് ഈ വിധിയാകും അന്വേഷണത്തിൽ തീരുമാനമായി മാറുകയെന്നാണ് വിലയിരുത്തൽ. കർണ്ണാകടയിലെ ഹർജിയിൽ എതിർ വിധിയുണ്ടായാൽ അത് കേരള ഹൈക്കോടതിയേയും വലിയ രീതിയിൽ സ്വാധീനിക്കുമെന്നാണ് വീണാ വിജയനുമായി അടുപ്പമുള്ളവരുടെ വിലയിരുത്തൽ.
ഈ കേസിൽ വീണ കർണ്ണാടക ഹൈക്കോടതിയിൽ ഉന്നയിച്ചത് സാങ്കേതിക ന്യായങ്ങളാണ്. 2013-ലെ കമ്പനീസ് ആക്ട് 210-ാം വകുപ്പ് പ്രകാരം രജിസ്ട്രാർ ഓഫ് കമ്പനീസ് അന്വേഷണം നടക്കുന്നതിനിടെ സമാന്തരമായി 212-ാം വകുപ്പ് പ്രകാരം എസ്.എഫ്.ഐ.ഒ. അന്വേഷണം നടത്താനാവില്ലെന്ന് വീണ കോടതിയെ ബോധിപ്പിച്ചു. 212-ാം വകുപ്പ് യു.എ.പി.എ. വകുപ്പിന് സമാനമാണ്. സഹാറ കേസ് പോലെ നൂറുകണക്കിന് കോടികളുടെ അഴിമതിനടന്ന കേസിനാണത് ഉപയോഗിക്കുക. എക്സാലോജിക് കേസ് അങ്ങനെയല്ല. 1.72 കോടി രൂപ മുൻനിർത്തിയാണ് ആരോപണം. ഇതിൽ 'സീരിയസ് ഫ്രോഡ്' എന്ന് പറയാൻ ഒന്നുമില്ല. സി.എം.ആർ.എൽ. എന്ന കമ്പനിക്ക് സോഫ്റ്റ്‌വേർ സേവനം നൽകിയതിന് രേഖയില്ലെന്നതു മാത്രമാണ് ആരോപണം -വീണയ്ക്കുവേണ്ടി ഹാജരായ മുതിർന്ന അഭിഭാഷകൻ അരവിന്ദ് പി. ദത്താർ ബോധിപ്പിച്ചു.
രജിസ്ട്രാർ ഓഫ് കമ്പനീസ് അന്വേഷണവുമായി ബന്ധപ്പെട്ട ഇടക്കാല റിപ്പോർട്ടുണ്ടെന്നും അതാണ് എസ്.എഫ്.ഐ.ഒ. അന്വേഷണത്തിലേക്ക് നയിച്ചതെന്നും എസ്.എഫ്.ഐ.ഒ.യ്ക്കും കമ്പനികാര്യ മന്ത്രാലയത്തിനുംവേണ്ടി ഹാജരായ അഡീഷണൽ സോളിസിറ്റർ ജനറൽ കെ. അരവിന്ദ് കമ്മത്ത് വാദിച്ചു. 'മൾട്ടി ഡിസിപ്ലിനറി' അന്വേഷണ ഏജൻസിയാണ് എസ്.എഫ്.ഐ.ഒ.യെന്നും അതിന് കൂടുതൽ വിവരങ്ങൾ ശേഖരിക്കാനാകുമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. കരിമണൽ കമ്പനിയായ സി.എം.ആർ.എൽ. 1.72 കോടി രൂപ സോഫ്റ്റ്‌വേർ സേവനക്കരാറിന്റെപേരിൽ എക്സാലോജിക്കിന് നൽകിയതായി കണ്ടെത്തിയിട്ടുണ്ട്. സി.എം.ആർ.എൽ. വിവിധ രാഷ്ട്രീയപ്പാർട്ടികൾക്ക് 135 കോടി രൂപ നൽകിയതായും അന്വേഷണത്തിൽ വ്യക്തമായിട്ടുണ്ട്. അന്വേഷണത്തിനുള്ള വിവരങ്ങൾ ആദായനികുതി വകുപ്പ് നൽകുന്നില്ലെന്ന് ഉദ്യോഗസ്ഥർ പരാതിപ്പെട്ടതിനാൽ അന്വേഷണം എസ്.എഫ്.ഐ.ഒ.യ്ക്ക് കൈമാറാമെന്നും അദ്ദേഹം വാദിച്ചു. ഇത് കോടതി മുഖവിലയ്‌ക്കെടുത്താൽ അത് മുഖ്യമന്ത്രി പിണറായി വിജയനും കുടുംബത്തിനും പ്രതിസന്ധിയാകും. അതുകൊണ്ട് തന്നെ വിധി എതിരായാൽ അതിവേഗ അപ്പീൽ സുപ്രീംകോടതിയിൽ നൽകും.
വലിയ സംഘം നിയമവിദഗ്ദ്ധർ തിരുവനന്തപുരത്തും കൊച്ചിയിലും ബംഗ്ലൂരുവിലും ഡൽഹിയിലുമായി കാര്യങ്ങൾ നിരീക്ഷിക്കുന്നുണ്ട്. സെക്രട്ടറിയേറ്റിലും ക്ലിഫ് ഹൗസിലും ബംഗ്ലൂരു കോടതിയിലെ നടപടികൾ നിരീക്ഷിക്കാനും സംഘമുണ്ട്. എപ്പോൾ വേണമെങ്കിലും വിധി വരാമെന്ന നിലയിലാണ് കാര്യങ്ങൾ. വിധി എതിരായാൽ എസ് എഫ് ഐ ഒയും അപ്പീലുമായി പോകാൻ സാധ്യതയുണ്ട്. അങ്ങനെ വന്നാൽ സുപ്രീംകോടതിയിൽ കാര്യങ്ങൾ വിശദീകരിക്കാനും വീണാ വിജയന്റെ സംഘം തയ്യാറെടുത്തു കഴിഞ്ഞു. കേരള ഹൈക്കോടതിയിൽ സി.എം.ആർ.എൽ., എക്‌സാലോജിക് കമ്പനിക്ക് പണം നൽകിയതിൽ സീരിയസ് ഫ്രോഡ് ഇൻവെസ്റ്റിഗേഷൻ ഓഫീസ് (എസ്.എഫ്.ഐ.ഒ.) അന്വേഷിക്കണം എന്നാവശ്യപ്പെട്ട് ഷോൺ ജോർജ് നൽകിയ ഹർജിയും നിലവിലുണ്ട്. എസ്.എഫ്.ഐ.ഒ. അന്വേഷണം ആരംഭിച്ചതിനാൽ ഹർജിയിലെ തുടർനടപടികൾ അവസാനിപ്പിക്കണമെന്ന് സി.എം.ആർ.എലിന്റെ അഭിഭാഷകൻ ആവശ്യപ്പെട്ടെങ്കിലും കോടതി തയ്യാറായില്ല. എന്തുകൊണ്ടാണ് അന്വേഷണത്തെ എതിർക്കുന്നതെന്നും കോടതി ചോദിച്ചു.
വ്യവസായ സ്ഥാപനങ്ങൾക്ക് പണം നൽകുന്ന സ്ഥാപനമാണെന്നും അന്വേഷണം വിശ്വാസ്യതയെയും ക്രെഡിറ്റ് റേറ്റിങ്ങിനെയും ബാധിക്കുമെന്ന് കെ.എസ്‌ഐ.ഡി.സി.ക്കായി ഹാജരായ സുപ്രീംകോടതി അഭിഭാഷകൻ സി.എസ്.വൈദ്യനാഥൻ വാദിച്ചു. സി.എം.ആർ.എല്ലിൽ നാമനിർദ്ദേശം ചെയ്ത ഡയറക്ടറും 13.4 ശതമാനം നിക്ഷേപവും ഉണ്ടായിട്ടും ഇല്ലാത്ത സേവനത്തിന് ഫണ്ട് അനുവദിച്ചതടക്കമുള്ള കാര്യത്തിൽ എന്തുകൊണ്ടാണ് വിശദീകരണം തേടാത്തതെന്നും കോടതി ചോദിച്ചു. ഇക്കാര്യത്തിൽ നാമനിർദ്ദേശം ചെയ്ത ഡയറക്ടർക്കും ബാധ്യതയുണ്ടെന്ന് കോടതി ഓർമിപ്പിച്ചു.
ബുക്ക് ഓഫ് അക്കൗണ്ടിൽ രേഖപ്പെടുത്തിയിട്ടില്ലാത്തതിനാൽ ഈ വിവരങ്ങൾ അറിയാൻ കഴിഞ്ഞില്ലെന്നായിരുന്നു ഇതിനുള്ള മറുപടി. ഇന്ററിം റിപ്പോർട്ട് വന്ന ശേഷം വിശദീകരണം തേടിയെന്നും വിശദീകരിച്ചു. സി.എം.ആർ.എൽ. നടത്തിയ പണമിടപാട് വിശദമായി അന്വേഷിക്കാനാണ് എസ്.എഫ്.ഐ.ഒ.ക്ക് കൈമാറിയതെന്ന് കേന്ദ്രസർക്കാർ അഭിഭാഷകൻ ആർ.വി. ശ്രീജിത്ത് വിശദീകരിച്ചു.
മറുനാടന് മലയാളി ബ്യൂറോ