- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
വീടിന്റെ മതിലില്‍ അമിത്ത് എന്നും രാജേഷ് എന്നും ഹാദിയയെന്നും കുറിച്ചത് അന്വേഷണം വഴി തെറ്റിക്കാനോ? മകന്റെ മരണത്തിന് പിന്നിലെ ശക്തികള്‍ നല്കിയ ക്വട്ടേഷനോ തിരുവാതുക്കലിലെ കൊലകള്‍? നായ ചത്തതും സിസിടിവി കൊണ്ടു പോയതും ആസൂത്രണത്തിന്റെ തെളിവ്; ജാമ്യത്തില്‍ ഇറങ്ങിയ വീട്ടു ജോലിക്കാരന് സംശയ നിഴലില്‍; വിജയകുമാറിനേയും ഭാര്യയേയും കൊലപ്പെടുത്തിയത് പ്രഫഷണല്‍ കൊലയാളികളോ?
കോട്ടയം: തിരുവാതുക്കലില്‍ നടന്ന ഇരട്ടക്കൊലപാതകം ആസൂത്രിതമെന്ന് വ്യക്തം. കോട്ടയത്തെ ഇന്ദ്രപ്രസ്ഥം ഓഡിറ്റോറിയത്തിന്റെ ഉടമകളാണ് കൊല്ലപ്പെട്ട വിജയകുമാറും ഭാര്യ മീരയും. ഇവരുടെ മകന്‍ 2018 ല്‍ ദുരൂഹ സാഹചര്യത്തില്‍ മരിച്ചിരുന്നു.സിബിഐ അന്വേഷണം ആവശ്യപ്പെട്ട് കുടുംബം ഹര്‍ജി നല്‍കിയിരുന്നു. ഹൈക്കോടതി അന്വേഷണത്തിന് ഉത്തരവിടുകയും സിബിഐ എഫ് ഐ ആര്‍ ഇടുകയും ചെയ്തു. മാര്‍ച്ച് 21നാണ് എഫ് ഐ ആര്‍ ഇട്ടത്. അതിന്റെ കൃത്യം ഒരു മാസം തികയുമ്പോഴാണ് വിജയകുമാറിന്റേയും ഭാര്യയുടേയും മരണം.
തീര്‍ത്തും ആസൂത്രിതമായാണ് കാര്യങ്ങലെല്ലാം കൊലപാതകികള്‍ നീക്കിയത്. ഭാര്യയേയും ഭര്‍ത്താവിനേയും കൊന്നതിനാല്‍ ഒന്നിലേറെ പേര്‍ സംഘത്തിലുണ്ടാകാനും സാധ്യതയുണ്ട്. അല്ലാത്ത പക്ഷം ഒരാള്‍ രക്ഷപ്പെടുമായിരുന്നു. വിജയകുമാറിന്റെ മൃതദേഹം സ്വീകരണമുറിയുടെ വാതിലിനോട് ചേര്‍ന്ന നിലയിലാണ് കണ്ടെത്തിയത്. മീരയുടേത് അടുക്കളവാതിലിനോട് ചേര്‍ന്ന നിലയിലും കണ്ടെത്തി. കോടാലി ഉപയോഗിച്ചാണ് ഇരുവരെയും വെട്ടിയിരിക്കുന്നത്. മുഖം വികൃതമാക്കിയ നിലയിലായിരുന്നു. രണ്ടുമൃതദേഹത്തിലും വസ്ത്രങ്ങളുണ്ടായിരുന്നില്ല.എന്നാല്‍ മോഷണശ്രമം നടന്നില്ലെന്നും പൊലീസ് പറയുന്നു. ഇതെല്ലാം കൊലപാതകം മാത്രമായിരുന്നു ലക്ഷ്യമെന്ന് വ്യക്തമാക്കുന്നതാണ്.
രണ്ട് വളര്‍ത്തുനായ്ക്കളായിരുന്നു വീട്ടിലുണ്ടായിരുന്നത്. എന്നാല്‍ ഇതിലൊരു നായ കഴിഞ്ഞദിവസം ചത്തിരുന്നു. മറ്റൊന്നിനെ ഇന്ന് അവശനിലയിലാണ് കണ്ടെത്തിയത്. ചത്ത നായക്ക് പകരം പുതിയ ഒന്നിനെ കൊല്ലപ്പെട്ട വിജയകുമാറും ഭാര്യ മീരയും വാങ്ങിയിരുന്നു. വീട്ടിലെ സിസിടിവി കാമറയുടെ ഹാര്‍ഡ് ഡിസ്‌ക് മുഴുവന്‍ നഷ്ടപ്പെട്ട നിലയിലാണെന്നും പൊലീസ് പറയുന്നു. ഇന്ന് രാവിലെ എട്ടുമണിയോടെയാണ് വീട്ടുജോലിക്കാരിയാണ് വ്യവസായിയായ വിജയകുമാറിനെയും മീരയെയും കൊല്ലപ്പെട്ട നിലയില്‍ കണ്ടെത്തിയത്. ജോലിക്കാരി എത്തിയപ്പോള്‍ വീടിന്റെ മുന്‍വാതില്‍ തുറന്നിട്ട നിലയിലായിരുന്നു. ഫോണ്‍വിളിച്ചപ്പോള്‍ ഇരുവരും എടുത്തില്ല. തുടര്‍ന്ന് ജോലിക്കാരി വീട്ടിനുള്ളില്‍ കയറിനോക്കിയപ്പോഴാണ് ഇരുവരെയും രക്തം വാര്‍ന്ന നിലയില്‍ കണ്ടെത്തിയത്.
ഉടന്‍ തന്നെ നാട്ടുകാരെ വിവരമറിയിക്കുകയായിരുന്നു. നാട്ടുകാര്‍ പൊലീസിനെയും വിവരമറിയിച്ചു. പൊലീസ് എത്തിയാണ് കൊലപാതകമാണെന്ന് സ്ഥിരീകരിച്ചത്. സംഭവത്തില്‍ മുന്‍ ജീവനക്കാരനും അസം സ്വദേശിയായ അമിതിനെയാണ് പൊലീസ് സംശയിക്കുന്നത്. ഇയാള്‍ മുമ്പ് ഫോണ്‍ ഉപയോഗിച്ച് ഓണ്‍ലൈന്‍ വഴി ഒരു കോടി രൂപ തട്ടിയ കേസില്‍ അറസ്റ്റിലായിരുന്നു. വിജയകുമാറിന്റെ പരാതിയിലാണ് ഇയാള്‍ അറസ്റ്റിലായത്. തുടര്‍ന്ന്, ജാമ്യത്തിലിറങ്ങിയ ശേഷമാണ് കൊലപാതകം നടത്തിയതെന്നാണ് വിലയിരുത്തല്‍. അമിതിന്റെ ഫോണ്‍ ലൊക്കേഷനടക്കം പൊലീസ് പരിശോധിച്ചുവരികയാണ്. ഇയാള്‍ കുറച്ച് നാളുകള്‍ക്ക് മുമ്പ് വീട്ടില്‍ എത്തി പ്രശ്‌നങ്ങള്‍ സൃഷ്ടിച്ചിരുന്നെന്ന് അയല്‍ക്കാര്‍ പറയുന്നു.
ഒരു പ്രൊഫണല്‍ കൊലപാതക സാധ്യത തെളിയുന്നുണ്ട്. വീടിന്റെ ചുവരില്‍ അമിത്, രാജേഷ്, ഹാദിയ എന്ന ആദിയ എന്നെല്ലാം എഴുതി വച്ചിട്ടുണ്ട്. അസം സ്വദേശിയിലേക്ക് അന്വേഷണം എത്തിക്കാനുള്ള തന്ത്രമാണോ ഇതെന്നാണ് സംശയം. അതോ ആസം സ്വദേശിക്കുള്ള പക മനസ്സിലാക്കി മാറ്റാരോ ഇയാളെ ഉപയോഗിച്ചതാണോ എന്നും സംശയമുണ്ട്. ഏതായാലും വലിയ ദുരൂഹത അവശേഷിക്കുന്നുണ്ട്. ചുവരില്‍ പേരുകള്‍ എഴുതി വച്ചത് അന്വേഷണം വഴി തിരിച്ചു വിടാനും ആകാം. ഇതെല്ലാം അന്വേഷണത്തിലൂടെ മാത്രമേ തെളിയൂ. ഏതായാലും അമിതിന് അടങ്ങാത്ത പക വിജയകുമാറിനുണ്ട്. എന്നാല്‍ മകന്റെ മരണത്തിന് പിന്നലെ ശക്തികള്‍ക്ക് അതിലും അപ്പുറം ദേഷ്യം ഈ കുടുംബത്തിനോട് ഉണ്ടെന്നതാണ് വസ്തുത. വീടിന്റെ വാതിലിനു സമീപത്തുനിന്നും അമ്മിക്കല്ല് കണ്ടെത്തിയിട്ടുണ്ട്. ഇതുപയോഗിച്ച് വാതില്‍ തകര്‍ത്ത് അകത്തുകടന്നാണ് ഇരട്ടക്കൊല നടത്തിയതെന്നാണ് നിഗമനം. കൊലയ്ക്ക് ഉപയോഗിച്ച കോടാലിയും പൊലീസ് കണ്ടെത്തി. കോടാലി ഉപയോഗിച്ച് വെട്ടിയാണ് ദമ്പതികളെ കൊലപ്പെടുത്തിയത്.
കോട്ടയം ഇന്ദ്രപ്രസ്ഥം ഓഡിറ്റോറിയം ഉടമയും വ്യവസായിയുമായ വിജയകുമാര്‍(64), ഭാര്യ മീര(60) എന്നിവരെയാണ് ചൊവ്വാഴ്ച രാവിലെ തിരുവാതുക്കല്‍ എരുത്തിക്കല്‍ ക്ഷേത്രത്തിന് സമീപത്തെ വീട്ടില്‍ കൊല്ലപ്പെട്ടനിലയില്‍ കണ്ടെത്തിയത്. മീര ഡോക്ടറായിരുന്നു. ചോരയില്‍ കുളിച്ച് മുഖം വികൃതമാക്കി നഗ്‌നമായനിലയിലായിരുന്നു മൃതദേഹങ്ങള്‍. വിജയകുമാറിന്റെ തലയ്ക്കാണ് ഗുരുതരമായ പരിക്കേറ്റിരുന്നത്. വീട്ടിലെ വാതിലിന് സമീപത്തുനിന്ന് സംശയാസ്പദമായ സാഹചര്യത്തില്‍ ഒരു കോടാലിയും അമ്മിക്കല്ലും കണ്ടെടുത്തിട്ടുണ്ട്. അതിനിടെ കോട്ടയം തിരുവാതുക്കലില്‍ കൊല്ലപ്പെട്ട ദമ്പതികളുടെ മകന്‍ ഗൗതമിന്റെ മരണം കൊലപാതകമാണെന്ന് അഭിഭാഷകന്‍ ടി. അസഫലി പ്രതികരിച്ചു. കേസ് സിബിഐക്ക് വിടാന്‍ കോടതി ഉത്തരവിട്ടിരുന്നെന്നും എന്നാല്‍ ഇപ്പോഴത്തെ മരണവും അതും ബന്ധമുണ്ടോ എന്നറിയില്ലെന്നും അസഫലി മീഡിയവണിനോട് പറഞ്ഞു. ഗൗതമിന്റെ മരണം ആത്മഹത്യ എന്നായിരുന്നു പൊലീസ് കണ്ടെത്തല്‍. എന്നാല്‍ മരണത്തില്‍ ദുരൂഹതയുണ്ടെന്ന് കോടതി ശരിവെച്ചിരുന്നുവെന്നും കുടുംബത്തിന് വേണ്ടി ഹാജരായിരുന്ന അസഫലി പറഞ്ഞു.
'2018ലാണ് കൊല്ലപ്പെട്ട വിജയകുമാറിന്റെയും മീരയുടെയും മകനായ ഗൗതമിനെ റെയില്‍വെ ട്രാക്കില്‍ മരിച്ച നിലയില്‍ കണ്ടെത്തിയത്. ഗൗതമിന്റെ കാറില്‍ നിറയെ രക്തമുണ്ടായിരുന്നു. അത്രയും പരിക്കേറ്റയാള്‍ 204 മീറ്റര്‍ സഞ്ചരിച്ച് റെയില്‍വെ ട്രാക്കിലെത്തിയെന്നത് അവിശ്വസനീയമാണെന്നും അദ്ദേഹം പറഞ്ഞു.കഴുത്തിന് മൂന്നോ നാലോ ആഴത്തിലുള്ള മുറിവുണ്ടായിരുന്നു.ഇത് സ്വയം ഉണ്ടാക്കിയതാണെന്ന് വിശ്വസിക്കാന്‍ കഴിയില്ല.ഇതും കഴിഞ്ഞ് 204 മീറ്റര്‍ സഞ്ചരിച്ച് റെയില്‍വെ ട്രാക്കിലെത്തിയെന്നത് അവിശ്വസനീയമാണ്. ഇതൊരു ആത്മഹത്യയല്ല,കൊലപാതകമാണെന്ന് എന്ന് കണ്ടെത്തിയതിന്റെ അടിസ്ഥാനത്തിലാണ് കേസ് സിബിഐക്ക് വിട്ടത്'. അഡ്വ.അസഫലി പറഞ്ഞു.