തിരുവനന്തപുരം: തിരുവനന്തപുരത്ത് വീണ്ടും മാലിന്യ നിർമ്മാർജ്ജന പ്ലാന്റ് പദ്ധതിയുമായി സർക്കാർ മുമ്പോട്ട്. കൊച്ചുവേളിക്ക് അടുത്ത് ഇംഗ്ലീഷ് ഇന്ത്യാ ക്ലേ കമ്പനിയുടെ സ്ഥലത്ത് മാലിന്യ പ്ലാന്റാണ് പദ്ധതി വരികയെന്നാണ് സൂചന. ഇതിനുള്ള പ്രാഥമിക നടപടികൾ തുടങ്ങി. തലസ്ഥാന കോർപ്പറേഷനുള്ളിലെ ഏറ്റവും അനുയോജ്യമായ സ്ഥലമെന്ന നിലയിലാണ് ഈ പ്രദേശത്തെ സർക്കാർ പരിഗണിക്കുന്നത്. നിലവിൽ ഈ സ്ഥലത്ത് ഇംഗ്ലീഷ് ഇന്ത്യാ ക്ലേ കമ്പനിയുടെ ഫാക്ടറി പ്രവർത്തിക്കുന്നില്ല. അത് പ്രവർത്തനം നിലച്ച മട്ടിലാണ്.

സർക്കാർ കമ്പനിക്ക് പാട്ടത്തിന് നൽകിയ സ്ഥലത്താണ് കൊച്ചു വേളിക്ക് അടുത്ത് ഫാക്ടറി പ്രവർത്തിച്ചിരുന്നത്. എന്നാൽ നാലു കൊല്ലമായി ഈ ഫാക്ടറി പൂട്ടിക്കിടക്കുകയാണ്. ഇതേ കമ്പനിക്ക് തോന്നയ്ക്കലിലിൽ മറ്റൊരു പ്ലാന്റുണ്ട്. അത് നന്നായി നടക്കുന്നുമുണ്ട്. ഈ സാഹചര്യത്തിലാണ് ഉപയോഗ ശൂന്യമായ ഈ സ്ഥലത്ത് പ്ലാന്റ് നിർമ്മിക്കാനുള്ള നീക്കം. പ്രാഥമിക സ്ഥല പരിശോധന അടക്കം കഴിഞ്ഞ ദിവസം നടന്നു കഴിഞ്ഞു. വേളി കായലിനോട് ചേർന്ന് ആൾ താമസമില്ലാത്ത പ്രദേശമാണ് ഇത്. അതുകൊണ്ട് തന്നെ ഇവിടെ എന്തുകൊണ്ടും അനുയോജ്യമാണെന്നാണ് പ്രാഥമിക വിലയിരുത്തൽ.

മുമ്പ് വിളപ്പിൽശാലയിലായിരുന്നു തിരുവനന്തപുരം കോർപ്പറേഷൻ മാലിന്യ പ്ലാന്റ്. മാലിന്യത്തിൽ നിന്നും വളം ഉൽപാദനമായിരുന്നു ഈ പ്ലാന്റിൽ നടന്നത്. നാട്ടുകാരുടെ എതിർപ്പ് മൂലം ഇത് പൂട്ടേണ്ടി വന്നു. ജനസാന്ദ്രത കൂടിയ പ്രദേശത്ത് പ്ലാന്റ് സ്ഥാപിച്ചതായിരുന്നു ഇതിന് കാരണം. ഇത് മനസ്സിലാക്കിയാണ് നിലവിൽ ഉപയോഗ ശൂന്യമായ സ്ഥലം ആലോചനയിലുള്ളത്. അത്യാധുനിക സാങ്കേതിക സംവിധാനത്തിലൂടെ പാരിസ്ഥിതിക പ്രശ്നങ്ങൾ തീരെ ഇല്ലാത്ത പ്ലാന്റാണ് പദ്ധതിയിടുന്നത്. സംസ്ഥാന വ്യവസായ വകുപ്പ് ഇതിനുള്ള നടപടികളും ചർച്ചകളുമായി മുമ്പോട്ട് പോകുന്നുണ്ട്. സ്ഥലം ഉറപ്പിച്ചു കഴിഞ്ഞാൽ മറ്റ് ടെൻഡർ നടപടികളിലേക്ക് കടക്കും.

വിഴിഞ്ഞം തുറമുഖം യാഥാർത്ഥ്യമാകുമ്പോഴുണ്ടാകുന്ന മാലിന്യം നീക്കം കൂടി കണക്കിലെടുത്താണ് സർക്കാരിന്റെ നീക്കം. ഈ സാഹചര്യത്തിലാണ് വിഴിഞ്ഞം മേഖലയിൽ നിന്ന് പോലും വേഗത്തിൽ എത്താവുന്ന കൊച്ചു വേളിയിലെ ഉപയോഗ ശൂന്യമായി കിടക്കുന്ന സ്ഥലത്തേക്ക് ചിന്ത എത്തിയത്. ഏതാണ് 20 ഏക്കറോളം സ്ഥലം ഇവിടെയുണ്ട്. ഇംഗ്ലീഷ് ഇന്ത്യാ ക്ലേ കമ്പനിയുടെ ഫാക്ടറി മാറ്റി ഇവിടെ അതിവേഗം പ്ലാന്റ് യാഥാർത്ഥ്യമാക്കുകയാണ് ലക്ഷ്യം. ഇതിന്റെ ഭാഗമായാണ് ജില്ലാ റവന്യൂ അധികൃതർ കഴിഞ്ഞ ദിവസം സ്ഥല പരിശോധന നടത്തിയത്.

കൊച്ചിക്ക് പിന്നാലെ തലസ്ഥാനത്തും കംപ്രസ്ഡ് ബയോഗ്യാസ് ഉത്പാദിപ്പിക്കുന്ന മാലിന്യ സംസ്‌കരണ പ്ലാന്റ് സ്ഥാപിക്കാനാണ് നീക്കം. 200 ടൺ ഖരമാലിന്യം സംസ്‌കരിക്കാൻ കഴിയുന്ന പ്ലാന്റാണ് ഉദ്ദേശിക്കുന്നത്. മധ്യപ്രദേശിലെ ഇന്ദോറിൽ വിജയകരമായി പ്രവർത്തിക്കുന്ന മാതൃകയാണ് പദ്ധതിയിടുന്നത് എന്നാണ് സൂചന. പരിസരവാസികൾക്ക് യാതൊരു ബുദ്ധിമുട്ടുണ്ടാക്കാത്തതാണ് രാജ്യത്തിനു തന്നെ മാതൃകയായ ഇന്ദോർ പ്ലാന്റ്. കൊച്ചി നഗരത്തിലെ ബ്രഹ്‌മപുരത്ത് ഇതേ മാതൃകയിലുള്ള പ്ലാന്റിന്റെ നിർമ്മാണം ആരംഭിച്ചിട്ടുണ്ട്. സ്ഥലം കണ്ടെത്തുക എന്നതായിരുന്നു തലസ്ഥാനത്തെ പ്രധാന വെല്ലുവിളി. ഇതിനായി നഗരത്തിനുള്ളിൽ തന്നെ വിവിധ സ്ഥലങ്ങൾ പരിഗണിച്ചു. മൃഗസംരക്ഷണ വകുപ്പ്, വ്യവസായ വകുപ്പ് എന്നിവയുടെ സ്ഥലങ്ങളാണ് പ്രഥമ പരിഗണനയിലുണ്ടായിരുന്നത്. ഇതിനിടെയാണ് ഇംഗ്ലീഷ് ഇന്ത്യാ ക്ലേ കമ്പനിയുടെ സ്ഥലത്തേക്ക് ആലോചനയെത്തുന്നത്.

200 ടണ്ണിന്റെ പ്ലാന്റിന് പത്തേക്കറോളം സ്ഥലം വേണം. ഇത്രയും സ്ഥലം ലഭ്യമായില്ലെങ്കിൽ അഞ്ചേക്കറിൽ 100 ടണ്ണിന്റെ പ്ലാന്റും പരിഗണനയിൽ ഉണ്ടായിരുന്നു. 350 ടണ്ണോളമായിരുന്നു തലസ്ഥാന നഗരത്തിലെ ജൈവമാലിന്യം. എന്നാൽ ഉറവിട സംസ്‌കരണം ആരംഭിച്ചതോടെ ഇതിന്റെ അളവിൽ വലിയതോതിൽ കുറവ് വന്നിട്ടുണ്ട്. മാംസവിൽപ്പന സ്ഥാപനങ്ങൾ നിന്നുള്ളതടക്കം പന്നിഫാമുകളിലേക്ക് പ്രതിദിനം 60 മുതൽ 100 ടൺ വരെ ജൈവമാലിന്യം കൊണ്ടു പോകുന്നുണ്ട്. ഇതും പൊതുചന്തകളിൽ നിന്നുള്ള മാലിന്യങ്ങളുമാവും ആദ്യഘട്ടത്തിൽ കേന്ദ്രീകൃത പ്ലാന്റിലേക്ക് ഉദ്ദേശിക്കുന്നത്. ഉറവിടമാലിന്യ സംസ്‌കരണം ശക്തിപ്പെടുത്തിക്കൊണ്ടു തന്നെയാകും കേന്ദ്രീകൃത പ്ലാന്റ് ഉപയോഗപ്പെടുത്തുക. ഘട്ടം ഘട്ടമായി വീടുകളിൽനിന്ന് ജൈവമാലിന്യം ശേഖരിക്കുന്നത് അവസാനിപ്പിക്കുമെന്ന് കോർപ്പറേഷൻ സ്ഥിരംസമിതി അധ്യക്ഷ ഗായത്രി ബാബു അറിയിച്ചിരുന്നു.

ബി.പി.സി.എല്ലാണ് കൊച്ചി പ്ലാന്റിന്റെ നിർമ്മാണം ഏറ്റെടുത്തിട്ടുള്ളത്. തലസ്ഥാനത്തും ബി.പി.സി.എല്ലോ ഗെയിൽ ഇന്ത്യ ലിമിറ്റഡോ ആകും പദ്ധതി നടപ്പാക്കുക. ഇത് സംബന്ധിച്ച് ഇന്ധന കമ്പനികളുമായി ചർച്ച നടക്കുകയാണ്. സംസ്ഥാനത്തെ പത്ത് ജില്ലകളിൽ സി.ജി.ബി. പ്ലാന്റുകൾ സ്ഥാപിക്കാൻ സംസ്ഥാന സർക്കാർ തീരുമാനിച്ചിരുന്നു. വിളപ്പിൽശാലയിൽ ആരംഭിച്ച തലസ്ഥാനത്തെ ആദ്യ കേന്ദ്രീകൃത പ്ലാന്റ് ജനരോഷത്തെ തുടർന്ന് 2011 ഡിസംബറിലാണ് പൂട്ടിയത്. എന്നാൽ പുതിയ പ്ലാന്റിന് പഴയതുമായി യാതൊരു താരതമ്യവുമില്ലെന്നും അത്യാധുനിക സാങ്കേതികവിദ്യ ഉപയോഗിച്ച് പരീക്ഷിച്ച് വിജയിച്ച മാതൃകയാണ് കൊച്ചു വേളിയിൽ വരുന്നതെന്നാണ് സൂചന.