കൊല്ലം: ഷാര്‍ജയില്‍ ഒന്നരവയസുകാരിയായ മകളെ കൊലപ്പെടുത്തി മലയാളി യുവതി വിപഞ്ചിക ജീവനൊടുക്കിയ കേസില്‍ അന്വേഷണം ക്രൈംബ്രാഞ്ചിലേക്ക്. ആത്മഹത്യയും കൊലപാതകവും നടന്നത് വിദേശത്ത് ആയതിനാല്‍ കേസ് ക്രൈംബ്രാഞ്ചിന് കൈമാറണമെന്ന് കാണിച്ച് കുണ്ടറ പൊലീസ് റൂറല്‍ എസ് പിക്ക് റിപ്പോര്‍ട്ട് കൈമാറും. വിപഞ്ചികയുടെ ഭര്‍ത്താവ് നിതീഷ്, ഭര്‍തൃ സഹോദരി ഭര്‍തൃ പിതാവ് എന്നിവര്‍ക്കെതിരെ കഴിഞ്ഞദിവസം ആത്മഹത്യാപ്രേരണകുറ്റം ചുമത്തി കുണ്ടറ പൊലീസ് കേസെടുത്തിരുന്നു. മൂന്നുപേരും ഷാര്‍ജയിലാണ് താമസം. സ്ത്രീധന നിരോധന നിയമപ്രകാരവും കേസെടുത്തിട്ടുണ്ട്. ശൈലജയുടെ പരാതിയിലാണ് നടപടി. പ്രതികളെല്ലാം ഒളിവില്‍ പോയെന്നാണ് സൂചന. ഇവരെല്ലാം ഇന്ത്യന്‍ പൗരന്മാരാണ്. അതുകൊണ്ട് തന്നെ പാസ്‌പോര്‍ട്ട് റദ്ദാക്കുന്നത് അടക്കം പോലീസിന്റെ പരിഗണനയിലുണ്ട്. മൃതദേഹം നാട്ടിലെത്തിയാല്‍ റീ പോസ്റ്റ്‌മോര്‍ട്ടവും നടത്തും. മൃതദേഹം നാട്ടിലെത്തുമെന്ന് തന്നെയാണ് പോലീസും പ്രതീക്ഷിക്കുന്നത്. ഈ സാഹചര്യത്തിലാണ് കേസ് ക്രൈംബ്രാഞ്ചിന് വിടാനുള്ള നീക്കം.

വിപഞ്ചികയുടെ സഹോദരന്‍ വിനോദ് മണിയന്‍ ഷാര്‍ജയിലെത്തിയിരുന്നു. പിന്നാലെയാണ് അമ്മയും വന്നത്. മൃതദേഹങ്ങള്‍ വിട്ടുകിട്ടുന്നതിനും നാട്ടിലേക്കു കൊണ്ടുപോകുന്നതിനുമായി അപേക്ഷ നല്‍കിയിട്ടുണ്ട്. കഴിഞ്ഞ 9നാണു വിപഞ്ചികയെയും മകള്‍ വൈഭവിയെയും ഷാര്‍ജയിലെ ഫ്‌ലാറ്റില്‍ തൂങ്ങിമരിച്ച നിലയില്‍ കണ്ടെത്തിയത്. ഭര്‍ത്താവ് നിതീഷിന്റെ പീഡനത്തെ തുടര്‍ന്നാണു ജീവനൊടുക്കുന്നതെന്നു കാണിച്ചു വിപഞ്ചിക സമൂഹമാധ്യമത്തില്‍ പോസ്റ്റിട്ടിരുന്നു. എന്നാല്‍ മണിക്കൂറുകള്‍ക്കു ശേഷം ഇതു നീക്കം ചെയ്യപ്പെട്ടു. ഈ പോസ്റ്റ് ഡിലീറ്റ് ചെയ്തവരേയും പോലീസ് കണ്ടെത്തും. വിപഞ്ചികയുടെ ഫോണ്‍ നിലവില്‍ കണ്ടെത്താനായിട്ടില്ല. ഇത് ആരോ മുക്കിയെന്നും സൂചനയുണ്ട്. ഈ ഫോണ്‍ കേസ് അന്വേഷണത്തില്‍ നിര്‍ണ്ണായകമാണ്. സിബിഐ അന്വേഷണം വേണമെന്ന് ആവശ്യപ്പെട്ടു മുഖ്യമന്ത്രി, കേന്ദ്രമന്ത്രിമാരായ സുരേഷ് ഗോപി, ജോര്‍ജ് കുര്യന്‍, യുഎഇ ഇന്ത്യന്‍ കോണ്‍സുലേറ്റ്, ഡിജിപി തുടങ്ങിയവര്‍ക്കു ബന്ധുക്കള്‍ പരാതി നല്‍കിയിട്ടുണ്ട്.

ഇക്കഴിഞ്ഞ ചൊവ്വാഴ്ച രാത്രിയായിരുന്നു കൊല്ലം കൊറ്റംകര കേരളപുരം സ്വദേശിനി രജിത ഭവനില്‍ വിപഞ്ചികയെയും മകള്‍ വൈഭവിയെയും അല്‍ നഹ്ദയിലെ താമസസ്ഥലത്ത് മരിച്ച നിലയില്‍ കണ്ടെത്തിയത്. ദുബായിലെ സ്വകാര്യ സ്ഥാപനത്തില്‍ ഫയലിങ് ക്ലര്‍ക്കാണ് വിപഞ്ചിക. ദുബായില്‍ തന്നെ ജോലി ചെയ്യുകയാണ് ഭര്‍ത്താവ് നിതീഷ്. ഇരുവരും വേര്‍പിരിഞ്ഞ് താമസിക്കുകയായിരുന്നുവെന്നാണ് വിവരം. ഏഴുവര്‍ഷമായി വിപഞ്ചിക ദുബായിലാണ് ജോലി ചെയ്യുന്നത്. നാലര വര്‍ഷം മുന്‍പായിരുന്നു വിവാഹം. സംഭവത്തില്‍ ഭര്‍ത്താവിന്റെ കുടുംബക്കാരുടെ പങ്കിനെ കുറിച്ച് വിപഞ്ചികയുടെ അമ്മ പ്രതികരിച്ചിരുന്നു. ഭര്‍ത്താവ് നിധീഷ് മാത്രമല്ല, അയാളുടെ സഹോദരിയും പിതാവും വിപഞ്ചികയെ ദ്രോഹിച്ചുവെന്നും അമ്മ പൊട്ടിക്കരഞ്ഞുകൊണ്ട് പറഞ്ഞു. നിതീഷിന് മറ്റ് സ്ത്രീകളുമായി ബന്ധമുണ്ടായിരുന്നെങ്കിലും അത് ക്ഷമിക്കാന്‍ മകള്‍ തയ്യാറായിരുന്നതായും അമ്മ പറയുന്നു.

ഭര്‍ത്താവ് നിതീഷ് വിപഞ്ചികയെ ശാരീരികമായി ആക്രമിച്ചിരുന്നു എന്നും മകള്‍ നേരിട്ടത് കൊടിയപീഡനമായിരുന്നു എന്നും വിപഞ്ചികയുടെ അമ്മ ആരോപിച്ചു. വിപഞ്ചികയുടെ ആത്മഹത്യാക്കുറിപ്പും പുറത്ത് വന്നിട്ടുണ്ട്. മരണത്തിന് ഉത്തരവാദികള്‍ ഭര്‍ത്താവും ഭര്‍തൃ പിതാവും ഭര്‍തൃ സഹോദരിയുമെന്ന് വിപഞ്ചികയുടെ ആത്മഹത്യാക്കുറുപ്പില്‍ പറയുന്നു. ഭര്‍ത്താവിന്റെ വിവാഹേതര ബന്ധം മകള്‍ കണ്ടുപിടിച്ചിരുന്നു. എന്നാല്‍ അതൊക്കെ ക്ഷമിക്കാന്‍ അവള്‍ തയാറായി. പെട്ടെന്നൊരു ദിവസമാണ് മകളെ വേണ്ടെന്ന നിതീഷ് പറഞ്ഞത്. തുടര്‍ന്ന് ഭര്‍ത്താവിന്റെ ഫോണില്‍ മകള്‍ നടത്തിയ പരിശോധനയിലാണ് നിധീഷിന്റെ വിവാഹേതര ബന്ധം കണ്ടുപിടിച്ചത്. മകള്‍ സന്തോഷമായി ജീവിക്കുന്നത് ഭര്‍തൃസഹോദരിക്ക് ഇഷ്ടമല്ലായിരുന്നെന്നും മകളുടെ മുടി മുറിക്കാന്‍ പോലും അവരാണ് കാരണമെന്നും 'അമ്മ പറയുന്നു.

ഭര്‍തൃപിതാവ് മദ്യപാനി ആയിരുന്നെന്നും അവര്‍ പറഞ്ഞു. ഭര്‍തൃപിതാവ് ഒരിക്കല്‍ മോശമായി പെരുമാറിയിരുന്നു. മകള്‍ വൈഭവിയെയും നിതീഷ് നോക്കാന്‍ തയ്യാറിയിരുന്നില്ല. ഒരു പീഡനവും തന്നോട് മകള്‍ തുറന്നുപറഞ്ഞിരുന്നില്ല. പീഡനം അറിഞ്ഞിരുന്നെങ്കില്‍ മകളെ എങ്ങനെയെങ്കിലും രക്ഷപ്പെടുത്തിയേനെ. മകളുടെയും ചെറുമകളുടെയും മൃതദേഹം നാട്ടിലെത്തിക്കണമെന്നാണ് ആഗ്രഹമെന്നും വിപഞ്ചികയുടെ അമ്മ പറഞ്ഞു. കേസിന്റെ മുന്നോട്ടുള്ള അന്വേഷണത്തില്‍ നിയമോപദേശം തേടാനും പോലീസ് തീരുമാനം. പ്രതികള്‍ക്കായി ലുക്ക് ഔട്ട് നോട്ടീസ് പുറത്തിറക്കാനും ആലോചനയുണ്ട്. വിപഞ്ചികയുടെയും കുഞ്ഞിന്റെയും മൃതദേഹം വ്യാഴാഴ്ചയോടെ നാട്ടിലെത്തിക്കാനാണ് നീക്കം. ഇതിന് പ്രതികള്‍ തടസ്സം നില്‍ക്കുന്നുവെന്നും സൂചനകളുണ്ട്. ഭര്‍ത്താവിനും വീട്ടുകാര്‍ക്കും എതിരെ കുണ്ടറ പൊലീസ് കേസെടുത്തിരുന്നു. വിപഞ്ചികയുടെ അമ്മ ഷൈലജയുടെ പരാതിയിലാണ് കേസെടുത്തത്. കേസില്‍ നിതീഷ് ഒന്നാം പ്രതി, സഹോദരി നീതു രണ്ടാം പ്രതി, അച്ഛന്‍ മൂന്നാം പ്രതി എന്നിങ്ങനെയാണ്. ആത്മഹത്യ പ്രേരണ, സ്ത്രീധന പീഡനം തുടങ്ങിയ വകുപ്പുകള്‍ പ്രകാരമാണ് കേസ്.

ഭര്‍ത്താവ് കോട്ടയം പനച്ചിക്കാട് പൂവന്‍തുരുത്ത് വലിയവീട്ടില്‍ നിതീഷിനെ ഒന്നാം പ്രതിയായും ഇയാളുടെ സഹോദരി നീതുവിനെ രണ്ടും പിതാവ് മോഹനനെ മൂന്നും പ്രതികളായും ചേര്‍ത്താണ് എഫ്‌ഐആര്‍ തയാറാക്കിയിരിക്കുന്നത്. 3 പേരും ഇപ്പോള്‍ ഷാര്‍ജയില്‍ ഒളിവിലാണെന്നാണ് സൂചന. യുഎഇയില്‍ നിന്നും മറ്റ് രാജ്യത്തേക്ക് കടക്കാനും സാധ്യതയുണ്ട്. അമ്മ ഷൈലജയുടെ വിശദമായ മൊഴി രേഖപ്പെടുത്തിയ ശേഷം കൂടുതല്‍ വകുപ്പുകള്‍ ഉള്‍പ്പെടുത്തുമെന്ന് പൊലീസ് പറഞ്ഞിരുന്നു. സ്ത്രീധനത്തെച്ചൊല്ലി ഭര്‍ത്താവും വീട്ടുകാരും വിപഞ്ചികയെ നിരന്തരം ശാരീരികമായും മാനസികമായും പീഡിപ്പിച്ചതായി പരാതിയിലുണ്ട്. നീതുവിനെക്കാള്‍ സൗന്ദര്യം ഉണ്ടെന്നു പറഞ്ഞു മുഖം വികൃതമാക്കുന്നതിനായി മുടി മുറിപ്പിച്ചു. വിവാഹമോചനത്തിനു നിര്‍ബന്ധിക്കുകയും ഉപദ്രവിക്കുകയും വക്കീല്‍ നോട്ടിസ് അയയ്ക്കുകയും ചെയ്തു.