- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
- Home
- /
ഇൻസ്റ്റയിലെ പരിചയം പ്രണയമായി വളരുമ്പോഴും അമ്മയെ ധിക്കരിക്കില്ലെന്ന് പറഞ്ഞ അഞ്ജുശ്രീ; സുഹൃത്തിന്റെ വേർപാട് അറിഞ്ഞ് കോളേജിൽ നിന്ന് നേരത്തെ മടങ്ങിയത് കസിൻ മരിച്ചെന്ന കള്ളം പറഞ്ഞ്; തലക്ലായിലെ മരണകാരണം ഉറപ്പിക്കാൻ പൊലീസ് എത്തിയപ്പോൾ ആ ഫോട്ടോ ഉണ്ടായിരുന്നത് വിപിൻരാജിന്റെ മൊബൈലിൽ
കാസർകോട്: കാസർകോട് തലക്ലായിലെ അഞ്ജുശ്രീ പാർവ്വതിയുടെ മരണം ആത്മഹത്യയിലേക്ക് വിരൽ ചൂണ്ടുമ്പോൾ, എപ്പോൾ എലിവിഷം അകത്തു ചെന്നു എന്ന കാര്യത്തിൽ അവ്യക്തത തുടരുന്നു. അഞ്ജുശ്രീ ജനുവരി അഞ്ചിനു രക്തപരിശോധന നടത്തിയിരുന്നെങ്കിലും ഇതിന്റെ റിപ്പോർട്ടിൽ അസ്വാഭാവികമായി ഒന്നും പരാമർശിച്ചിരുന്നില്ല. പ്രാഥമിക ചികിത്സ തേടിയ ദേളിയിലെ സ്വകാര്യ ആശുപത്രിയിലെ ലാബിലായിരുന്നു രക്ത പരിശോധന നടത്തിയത്. തുടർന്ന് ഈ മാസം ഏഴിനാണ് അഞ്ജുശ്രീയുടെ ആരോഗ്യനില ഗുരുതരമാവുകയും മരണം സംഭവിക്കുകയും ചെയ്തത്. ഇതോടെ വിഷം അകത്തു ചെന്നത് ജനുവരി അഞ്ചിനു ശേഷമാണോയെന്നാണ് അന്വേഷണ സംഘം പരിശോധിക്കുന്നുണ്ട്. ഇതിനിടെയാണ് വിപൻരാജും അഞ്ജു ശ്രീയും തമ്മിലുള്ള ബന്ധം മറുനാടൻ ചിത്രം സഹിതം പുറത്തു വിട്ടത്. വിപിൻരാജിന്റെ വീട്ടിലെത്തി പൊലീസ് വിവരങ്ങൾ ശേഖരിച്ചു. ഇവർ തമ്മിലെ അടുപ്പത്തിൽ കൂടുതൽ വ്യക്തത വരികയും ചെയ്തു.
വളരെ കുറച്ചു പേർക്ക് മാത്രമേ വിപിൻരാജും അഞ്ജുശ്രീയും തമ്മിലുള്ള അടുപ്പം അറിയാമായിരുന്നുള്ളൂ. പ്ലസ് ടുവിന് അഞ്ജു പഠിക്കുമ്പോഴാണ് അടുത്തത്. ഇൻസ്റ്റാഗ്രമാമിലെ പരിചയം വളരുകയായിരുന്നു. കോവിഡ് കാലമായതു കൊണ്ട് തന്നെ ഒരുപാടു തവണ നേരിൽ കണ്ടതു പോലുമില്ല. രണ്ടു ജാതിയിൽ പെട്ടവരായിരുന്നു ഇവർ. താൻ വന്ന് വിളിച്ചാൽ ഇറങ്ങിവരണമെന്ന് അഞ്ജുവിനോട് വിപിൻരാജ് പറഞ്ഞിരുന്നു. എന്നാൽ അമ്മയെ ധിക്കരിക്കില്ലെന്നും അമ്മയോട് ചോദിച്ച എല്ലാം വിവാഹത്തിൽ എത്തിക്കണമെന്നുമായിരുന്നു വിപിൻരാജിനോട് അഞ്ജുശ്രീ പറഞ്ഞിരുന്നത്. ചട്ടഞ്ചാൽ സ്കൂളിലാണ് അഞ്ജു ആദ്യം പഠിച്ചിരുന്നത്. ഈ സ്കൂളും വിപിൻരാജിന്റെ വീടും തമ്മിൽ മൂന്ന് കിലോമീറ്ററിന്റെ അകലം മാത്രമേയുള്ളൂ. കോളേജിൽ ചേർന്ന ശേഷവും അഞ്ജുശ്രീ ക്ലാസ് കട്ടു ചെയ്യുകയോ ഒന്നും ചെയ്തിട്ടുമില്ല. വിപിൻരാജിന്റെ മരണമറിഞ്ഞ അഞ്ജുശ്രീ കസിൻ മരിച്ചുവെന്ന് പറഞ്ഞ് കോളേജിൽ നിന്നും നേരത്തെ ഇറങ്ങിയിരുന്നു. അന്നും മുഖത്ത് ആരും നിരാശ കണ്ടിരുന്നില്ല. പക്ഷേ ആൺസുഹൃത്തിന്റെ മരണം അഞ്ജുശ്രീയ്ക്ക് വലിയ ആഘാതമായി മാറിയിരുന്നു.
അഞ്ജുശ്രീയും വിപിൻരാജും ഒരുമിച്ചുള്ള ചിത്രം മറുനാടൻ പുറത്തു വിട്ടിരുന്നു. ഇവർ തമ്മിലെ ബന്ധത്തിനുള്ള വലിയ തെളിവാണ് ഈ ചിത്രം. വിപിൻരാജിന്റെ ഫോണിൽ നിന്നാണ് ഈ ചിത്രം വിപിൻരാജിന്റെ ബന്ധുക്കൾക്ക് കിട്ടിയത്. മംഗലാപുരത്തെ വിപിൻരാജിന്റെ ചികിൽസയ്ക്കിടെ അഞ്ജു ശ്രീ കാണാനെത്തിയിരുന്നു. ഇതടക്കം പൊലീസിനോട് കാര്യങ്ങൾ വിപിൻരാജിന്റെ അച്ഛനും അമ്മയും വിശദീകരിച്ചിട്ടുണ്ട്. അഞ്ജുശ്രീയെ വിവാഹം ചെയ്യാനുള്ള മകന്റെ താൽപ്പര്യവും പൊലീസിനോട് അവർ തുറന്നു പറഞ്ഞു. അഞ്ജുവും വിപിൻരാജുമായുള്ള ബന്ധം വളരെ ആഴത്തിലുള്ളതായിരുന്നുവെന്നാ സാരം. അഞ്ജു ശ്രീ മാനസിക സമ്മർദ്ദം കാരണമാണ് ജീവനൊടുക്കിയത് എന്നാണ് അന്വേഷണം സംഘം കണ്ടെത്തിയ ആത്മഹത്യാക്കുറിപ്പിൽ പറയുന്നത്. പെൺകുട്ടിയുടെ മൊബൈൽ ഫോണിൽ വിഷത്തിന്റെ ഉപയോഗം സംബന്ധിച്ചു ഗൂഗിളിൽ തിരഞ്ഞതായി പൊലീസിനു വിവരം ലഭിച്ചിട്ടുണ്ട്. പൊലീസ് ബന്ധുക്കളുടെയും അടുത്ത സുഹൃത്തുക്കളുടെയും മൊഴിയെടുത്ത ശേഷമാണ് ആത്മഹത്യാക്കുറിപ്പ് എന്ന് കരുതുന്ന പേപ്പർ കണ്ടെത്തിയത്.
രാസ പരിശോധനാ ഫലം ലഭിക്കാതെ ആത്മഹത്യ എന്ന നിഗമനത്തിൽ എത്താൻ സാധിക്കില്ലെന്നാണ് ഇപ്പോഴും പൊലീസിന്റെ നിലപാട്. പോസ്റ്റുമോർട്ടം റിപ്പോർട്ട് പുറത്തുവന്നതോടെയാണ് ഭക്ഷ്യവിഷബാധയല്ല, മറിച്ചു മറ്റൊരു വിഷാംശമാണ് (എലിവിഷമെന്ന് റിപ്പോർട്ട്) അഞ്ജുശ്രീയുടെ കരൾ ഉൾപ്പെടെ പ്രവർത്തനരഹിതമാകാൻ കാരണമെന്നും മരണത്തിലേക്ക് നയിച്ചതെന്നും കണ്ടെത്തിയിരിക്കുന്നത്. ബികോം രണ്ടാം വർഷ വിദ്യാർത്ഥിനിയായ അഞ്ജുശ്രീ പാർവതി മംഗളൂരുവിലെ സ്വകാര്യ ആശുപത്രിയിൽ ചികിത്സയിലിക്കെയാണ് മരിച്ചത്. ഡിസംബർ 31 ന് ഹോട്ടലിൽനിന്ന് ഓർഡർ ചെയ്തുവരുത്തിയ ഭക്ഷണം കഴിച്ചു ഭക്ഷ്യവിഷബാധയേറ്റതാണ് മരണകാരണമെന്നായിരുന്നു ബന്ധുക്കളുടെ പരാതി. ഇതേ തുടർന്ന് ഹോട്ടൽ ഉടയെയും ജീവനക്കാരെയും കസ്റ്റഡിയിലെടുക്കുകയും ഹോട്ടൽ അടച്ചുപൂട്ടുകയും ചെയ്തിരുന്നു.
എന്നാൽ മരണകാരണം ഭക്ഷ്യവിഷബാധയല്ലെന്ന കണ്ടെത്തലിനെ തുടർന്ന് ഇവരെ വിട്ടയച്ചു. പെരുമ്പള ബേനൂർ ശ്രീനിലയത്തിൽ പരേതനായ എ സുകുമാരൻ നായരുടെയും കെ അംബികയുടെയും മകളാണ് അഞ്ജുശ്രീ. പോസ്റ്റ്മോർട്ടം റിപ്പോർട്ടിലെ പ്രാഥമിക റിപ്പോർട്ടിന്റെ അടിസ്ഥാനത്തിൽ എലി വിഷം അകത്തു ചെന്നാണ് പെൺകുട്ടി മരിച്ചതെന്ന വിവരം മറുനാടൻ മലയാളിയാണ് ആദ്യം പുറത്തുവിടുന്നത്. അങ്ങനെയാണെങ്കിൽ പെൺകുട്ടി എന്തുകൊണ്ട് മരണം തിരഞ്ഞെടുത്തു എന്നുള്ള അന്വേഷണം ഞങ്ങളെ കൊണ്ടെത്തിച്ചത് അഞ്ജുശ്രീയുടെ ആൺ സുഹൃത്തിലേക്കായിരുന്നു 41 ദിവസം മുമ്പ് വയറ് സംബന്ധമായ അസുഖത്താൽ മരിച്ച രവീന്ദ്രന്റെ മകൻ 22 വയസ്സുകാരനായ വിപിൻരാജിന്റെ അപ്രതീക്ഷിതമായ വിടവാങ്ങൽ അഞ്ജുശ്രീയെ ഏറെ തളർത്തിയിരുന്നു എന്ന വിവരം ഞങ്ങൾക്ക് ലഭിച്ചതിന് അടിസ്ഥാനത്തിൽ കാസർകോട് ബന്ധിച്ചാൽ മണ്ഡലി പാറയിലെ വിപിൻരാജിന്റെ വീട്ടിലെത്തുകയും അമ്മ പ്രീതിയുമായി സംസാരിക്കുകയും ചെയ്തു.
അഞ്ജുശ്രീയെ അറിയാമെന്നും തന്റെ മരിച്ച മകൻ അവളെ വിവാഹം കഴിക്കാൻ ആഗ്രഹിച്ചിരുന്നു എന്നും അവർ സ്നേഹത്തിലായിരുന്നു എന്നും തുറന്നു പറഞ്ഞു. എന്നാൽ അഞ്ജുശ്രീയുടെ മരണം കുഴിമന്തി കഴിച്ചാണെന്നാണ് ഇവരും ആദ്യഘട്ടത്തിൽ വിശ്വസിച്ചിരുന്നത്. അതല്ല സ്വയം മരണം സ്വീകരിച്ചതാണെന്ന് അറിഞ്ഞപ്പോൾ ആ മാതാവിന്റെ ഉള്ളം പിടിയുന്നതും വ്യക്തമായിരുന്നു. വിപിൻരാജിന്റെ അച്ഛനെ കാണാൻ ചട്ടൻ ചാലിൽ എത്തിയപ്പോൾ അഞ്ജുശ്രീയുടെ മരണത്തിൽ തളർന്നിരിക്കുന്ന ഒരു പിതാവിനെയാണ് കണ്ടത്. അവൻ മരിച്ചില്ലായിരുന്നെങ്കിൽ എന്റെ വീട്ടിൽ കഴിയേണ്ട കുട്ടിയായിരുന്നു എന്ന് പറഞ്ഞ് പച്ചക്കറി കടയിൽ നിന്നും ഏറെ കരഞ്ഞു. ആശുപത്രി കിടക്കയിൽ വച്ച് തന്റെ സ്നേഹവും ആഗ്രഹവും ഒക്കെ അച്ഛനോട് തുറന്നുപറഞ്ഞ മകനായിരുന്നു വിപിൻരാജ്. തനിക്ക് അഞ്ജുശ്രീയെ വിവാഹം കഴിക്കാൻ താല്പര്യം ഉണ്ടെന്നും സമുദായം വേറായതുകൊണ്ട് പെൺകുട്ടിയുടെ അമ്മ സമ്മതിക്കില്ല എന്ന് തോന്നുന്നു എന്നും വിപിൻരാജ് അച്ഛനോട് പറഞ്ഞു. അച്ഛൻ ഒന്നു പോയി അമ്മയോട് സംസാരിക്കണം എന്ന് വയറ് സംബന്ധമായ അസുഖത്താൽ ഓപ്പറേഷൻ കഴിഞ്ഞ് കിടക്കുമ്പോൾ വിപിൻരാജ് ആവശ്യപ്പെട്ടിരുന്നു.
22 വയസ്സുള്ള മകന് 23 കഴിഞ്ഞാൽ നേരിട്ട് പോയി ചോദിക്കാമെന്ന് അച്ഛൻ രവീന്ദ്രൻ വാക്ക് നൽകുകയും ചെയ്തിരുന്നു. എന്നാൽ വിധി മറ്റൊന്നായിരുന്നു. 40 ദിവസത്തോളം ചികിത്സയിൽ തുടർന്ന വിപിൻരാജ് ആഗ്രഹങ്ങളൊന്നും പൂർത്തിയാക്കാൻ സാധിക്കാത്ത വിട പറഞ്ഞതോടെ അഞ്ജുശ്രീയെ കുറിച്ചുള്ള ചിന്തകളും അവസാനിച്ചു. വിപിൻരാജ് മരിച്ച് 41 ദിവസം കഴിഞ്ഞാണ് അഞ്ജുശ്രീ മരണം തിരഞ്ഞെടുത്തത്. തന്നെ ജീവനോളം സ്നേഹിച്ച പുരുഷ സുഹൃത്തിനെ വിട്ട് ഈ ഭൂമിയിൽ ജീവിക്കാൻ അവളും ആഗ്രഹിച്ചിരുന്നില്ല. എന്തിനാണ് മോളെ നീ ഈ കടുംകൈ ചെയ്തെന്ന് ചോദിച്ചു വിപിൻരാജിന്റെ അച്ഛൻ ഹൃദയം പൊട്ടി ഞങ്ങളുടെ മുന്നിൽ കരഞ്ഞു. ആശ്വാസവാക്കുകൾ നൽകി ഞങ്ങൾ മടങ്ങുകയും ചെയ്തു.
കോവിഡിന് ശേഷം ബേക്കറിയിലായിരുന്നു വിപൻരാജിന് ജോലി. പണി ചെയ്തു കിട്ടുന്ന കാശെല്ലാം വീട്ടൽ തന്നെ കൊടുക്കുന്ന നല്ല കുട്ടി. ആർക്കും പരാതികളും പരിഭവവുമില്ല. വയറിന് വേദനയിലായിരുന്നു അസുഖ തുടക്കം. പിന്നീട് കിഡ്നിയിൽ കല്ലാണെന്ന് കരുതി. ഒടുവിൽ മൂന്ന് ശസ്ത്രക്രിയയും. അതിൽ ഒന്ന് കാസർകോട്ടെ ആശുപത്രിയിലായിരുന്നു. പിന്നീട് വിദഗ്ധ ചികിൽസയ്ക്ക് മംഗലാപുരത്തേക്കും. രണ്ടു ശസ്ത്രക്രിയകൾ നടത്തി. ആരോഗ്യ നില വഷളാകുന്നതിനിടെ വിപിൻരാജിനെ കാണാൻ ആത്മസുഹൃത്ത് ആശുപത്രിയിലെത്തി. സംസാരിച്ചു മടങ്ങി. അതിന് ശേഷം കൂടെയുണ്ടായിരുന്ന അമ്മയോട് വിപിൻരാജ് വന്നതാരെന്ന് വെളിപ്പെടുത്തി. തനിക്ക് ഏറെ ഇഷ്ടമുള്ള കുട്ടിയാണ് വന്നതെന്ന് അമ്മയോട് വിപിൻരാജും പറഞ്ഞു. അസുഖക്കിടക്കയിലായിരുന്നതു കൊണ്ട് തന്നെ അമ്മ പിന്നീട് കൂടുതലൊന്നും തിരിക്കിയെല്ലെന്നതാണ് വസ്തുത.
വയറിൽ അസ്വസ്ഥതയെ തുടർന്നു ആശുപത്രിയിൽ പ്രവേശിപ്പിച്ച വിപിൻരാജിന്റെ കിഡ്നിയിൽ കല്ലുണ്ടെന്നാണ് ആദ്യം ഡോക്ടർ പറഞ്ഞത്. തുടർന്ന് പ്രാഥമിക ചികിത്സ തേടി വീട്ടിൽ തിരിച്ചെത്തിയ വിപിൻരാജ് തുടർച്ചയായി മൂന്നുദിവസം ചർദ്ദിച്ചു. തുടർന്ന് പരിശോധനയ്ക്ക് വിധമായപ്പോൾ കുടൽ ബന്ധനമാണെന്ന് തിരിച്ചറിയുകയും ശസ്ത്രക്രിയ നടത്തുകയും ചെയ്തു. ഇതിന് പിന്നാലെ മംഗലാപുരത്ത് ആശുപത്രിയിലേക്ക് മാറ്റി മറ്റ് രണ്ട് ശസ്ത്രക്രിയകളും നടത്തിയിരുന്നു പിന്നീട് എല്ലാം പെട്ടെന്ന് മാറിമറിഞ്ഞു. ശസ്ത്രക്രിയയ്ക്ക് പിന്നാലെ 45ാം ദിവസം വിപിൻരാജ് മരണമടുകയും ചെയ്തു. ഈ സുഹൃത്തിനെ നഷ്ടമായ വേദനയിലാണ് അഞ്ജു ശ്രീ പാർവ്വതിയും ജീവനൊടുക്കിയത്. പ്ലസ് ടു പഠിച്ച ശേഷം വിപിൻരാജ് ഐടിഐയിലും തുടർപഠനം നടത്തിയിരുന്നു.
കാസർഗോഡ് ചട്ടഞ്ചാൽ വെണ്ടിച്ചാൽ മണ്ടലിപ്പാറ സ്വദേശിയായിരുന്നു 22 വയസ്സുകാരനായ വിപിൻരാജ്. രവിയുടേയും പത്മിനിയുടേയും മകൻ. വിപിൻരാജുമായുള്ള അഞ്ജുവമായുള്ള അടുപ്പം അമ്മയോടും അച്ഛനോടും പറഞ്ഞിരുന്നു. അവളെ പെണ്ണ് ചോദിച്ചു പോകണമെന്നും ചികിത്സയിലിരിക്കെ വിപിൻരാജ് അച്ഛനോട് ആവശ്യപ്പെട്ടിരുന്നു. കഴിഞ്ഞ രണ്ട് വർഷമായി ഇവർ തമ്മിൽ പ്രണയത്തിലായിരുന്നു. അഞ്ജു ശ്രീയുടെ വീടും വിപിൻരാജിന്റെ വീടും തമ്മിൽ 15 കിലോമീറ്ററോളം ദൂരമുണ്ട്. വിപിൻരാജിന്റെ അമ്മക്കും ഇവർ എങ്ങനെയാണ് പരിചയപ്പെട്ടതെന്ന് അറിയില്ല. കാസർഗോഡ് വിദ്യാനഗറിലെ ഐടിഐയിൽ വിപിൻരാജ് പഠിച്ചിരുന്നു.
മറുനാടന് മലയാളി ന്യൂസ് കോണ്ട്രിബ്യൂട്ടര്