- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
- Home
- /
ഉള്ളത് നാൽപതിൽ അധികം പേർ; ഇതിൽ മുപ്പതു പേരും ഭക്ഷണം വീട്ടിൽ നിന്ന് കൊണ്ടു വരും; ഭൂരിഭാഗവും അത് പകുതി പോലും കഴിക്കാതെ വേസ്റ്റ് ബിന്നിൽ നിക്ഷേപിക്കുന്നു; അന്നം പാഴാകുന്നതിനൊപ്പം മാലിന്യവും കൂടുന്നു; ജീവനക്കാർ ഭക്ഷണം പാഴാക്കിയാൽ പിഴ ഈടാക്കം; വിചിത്ര ഉത്തരവുമായി വടക്കാഞ്ചേരി നഗരസഭ; ഇത് കേരളത്തിലെ ആദ്യ ഉത്തരവ്
തൃശൂർ: അതിവിചിത്ര ഉത്തരവുമായി വടക്കാഞ്ചേരി നഗരസഭ. ഭക്ഷണം പാഴാക്കി കളയുന്നവർക്ക് മുട്ടൻ പണിയുമായി വടക്കാഞ്ചേരി നഗരസഭ. നഗരസഭയിലെ ജീവനക്കാർ ഉച്ച ഭക്ഷണം അമിതമായി പാഴാക്കി കളയുന്നതിനെതിരെയാണ് നഗരസഭാ സെക്രട്ടറി പിഴ ഈടാക്കുമെന്നു കാട്ടി ഉത്തരവിറക്കിയിരിക്കുന്നത്. ചോറ്, കറികൾ, മറ്റു ഭക്ഷണ പദാർത്ഥങ്ങൾ എന്നിവ ജീവനക്കാർ വേസ്റ്റ് ബിന്നിൽ ഇടുന്നത് ശ്രദ്ധയിൽപ്പെട്ടാൽ 100 രൂപാ പിഴ ഈടാക്കുമെന്നാണ് ഉത്തരവിൽ പറയുന്നത്.
ഏപ്രിൽ 13 നാണ് സെക്രട്ടറി ഉത്തരവിറക്കിയിരിക്കുന്നത്. നഗരസഭയിലെ വേസ്റ്റ് ബിന്നിൽ ഭക്ഷണ പദാർത്ഥങ്ങൾ അമിതമായി ഉപേക്ഷിക്കുന്നത് ശ്രദ്ധയിൽപ്പെട്ടതിനെ തുടർന്നാണ് സെക്രട്ടറിയുടെ നടപടി. കഴിക്കുവാൻ ആവശ്യമായ ഭക്ഷണം മാത്രമേ പാകം ചെയ്യാവൂ എന്നും ഭക്ഷണം ഒരു കാരണവശാലും പാഴാക്കി കളയാൻ പാടില്ല എന്നും ഉത്തരവിൽ സെക്രട്ടറി വ്യക്തമാക്കുന്നു. കൂടാതെ ഓഫീസിൽ മാത്രമല്ല വീട്ടിലും ഈ നിർദ്ദേശം പാലിക്കണമെന്നും ഉത്തരവിൽ പറയുന്നുണ്ട്.
സാമൂഹിക പ്രതിബദ്ധതയുടെ ഭാഗമായിട്ടാണ് ഇത്തരത്തിൽ ഒരു ഉത്തരവിറക്കിയതെന്നാണ് നഗരസഭാ സെക്രട്ടറി കെ.കെ മനോജ് മറുനാടനോട് പ്രതികരിച്ചത്. നാൽപ്പതിലധികം ജീവനക്കാരാണ് തന്റെ ഓഫീസിലുള്ളത്. ഇതിൽ മുപ്പതോളം പേർ ഉച്ച ഭക്ഷണം കൊണ്ടു വരുന്നവരാണ്. ഭൂരിഭാഗം പേരും ഭക്ഷണം പകുതിപോലും കഴിക്കാതെ വേസ്റ്റ് ബിന്നിൽ നിക്ഷേപിക്കുകയാണ് പതിവ്. ഭക്ഷണം പാഴാകുന്നത് മാത്രമല്ല, ഇതുമൂലം മാലിന്യവും കൂടുകയാണ്. ഇതാണ് ഇത്തരത്തിൽ ഒരു ഉത്തരവിറക്കാൻ കാരണമെന്നും മനോജ് പറയുന്നു.
മുൻപ് ഓഫീസിൽ പ്ലാസ്റ്റിക്ക് കുപ്പികളിൽ വെള്ളം കൊണ്ടു വരുന്നതും പ്ലാസ്റ്റിക് പാത്രങ്ങൾ കൊണ്ടു വരുന്നതും വിലക്കി മനോജ് ഉത്തരവിറക്കിയിരുന്നു. ഉത്തരവ് തെറ്റിച്ചവരുടെ പക്കൽ നിന്നും 50 രൂപ പിഴയും ഈടാക്കിയിട്ടുണ്ട്. കുന്ദംകുളം സ്വദേശിയായ മനോജ് മുൻപ് ജോലി ചെയ്തിരുന്ന ആലപ്പുഴ, കുന്ദംകുളം നഗസസഭാ ഓഫീസിലും ഇത്തരം നിർദ്ദേശങ്ങൾ നൽകിയിരുന്നെങ്കിലും ഉത്തരവായി ഇറക്കിയിരുന്നില്ല.
ഉത്തരവിന്റെ പൂർണ്ണ രൂപം ഇങ്ങനെ;
ഈ നഗരസഭയിലെ ജീവനക്കാർ ഭൂരിഭാഗവും ഉച്ച ഭക്ഷണം കൊണ്ടു വരുന്നവരാണ്. അതിൽ പല ജീവനക്കാരും കൊണ്ടു വരുന്ന ഭക്ഷണം മുഴുവൻ കഴിക്കാതെ വേസ്റ്റ് ബിന്നിൽ നിക്ഷേപിക്കുന്നതായി ശ്രദ്ധയിൽപ്പെട്ടിരിക്കുന്നു. ഇപ്രകാരം ഭക്ഷണം പാഴാക്കി കളയുന്നത് ഒരു കാരണവശാലും അനുവദനീയമല്ല. ഈ ഉത്തരവു തീയ്യതി മുതൽ ചോറ്, കറികൾ തുടങ്ങിയ യാതൊരു ഭക്ഷണവും മുഴുവൻ കഴിക്കാതെ വേസ്റ്റ് ബിന്നിൽ നിക്ഷേപിക്കുന്നത് കണ്ടെത്തുന്ന പക്ഷം ടി ജീവനക്കാരിൽ നിന്നും 100 രൂപ പിഴ ഈടാക്കുന്നതാണെന്ന് ഇതിനാൽ അറിയിക്കുന്നു. ഭക്ഷണ ശേഷം അവശേഷിക്കുന്ന എല്ല്, മുള്ള് തുടങ്ങിയവയും വേപ്പില, മുരിങ്ങക്കായ ചണ്ടി തുടങ്ങി ഭക്ഷണമായി വിഴുങ്ങാൻ സാധിക്കാത്തവ മാത്രമേ വേസ്റ്റ് ബിന്നിൽ ഉപേക്ഷിക്കാവൂ എന്ന് ഓർമ്മിപ്പിക്കുന്നു. ഈ ഉത്തരവ് നടപ്പാക്കുന്നതിന് നഗരസഭാ ഹെൽത്ത് സൂപ്പർവൈസർ / ക്ലീൻ സിറ്റി മാനേജരായ ശ്രീ ജയകുമാർ എന്നവരെ ഇതിനാൽ ചുമതലപ്പെടുത്തുന്നു.
കഴിക്കുവാൻ ആവശ്യമായ ഭക്ഷണം മാത്രമേ പാകം ചെയ്യാവൂ. ഭക്ഷണം ഒരു കാരണവശാലും പാഴാക്കി കളയാൻ പാടില്ല. ഓഫീസിൽ മാത്രമല്ല, വീട്ടിലും ഈ നിർദ്ദേശം പാലിക്കുന്നതിന് ശ്രദ്ധിക്കേണ്ടതാണ്.
സെക്രട്ടറി
വടക്കാഞ്ചേരി നഗരസഭ
മറുനാടൻ മലയാളി കൊച്ചി റിപ്പോർട്ടർ.