തിരുവനന്തപുരം: മുഖ്യമന്ത്രി പിണറായി വിജയന്റെ മകന്റെ ഭാര്യയുടെ അച്ഛനായ പ്രകാശ് ബാബു അയ്യന്തന്റെ പേരിലുള്ളത് രണ്ട് കമ്പനികൾ. യെംസി ഇൻഫ്രാസ്ട്രക്ച്ചർ ആൻഡ് റിയൽടേർസ് പ്രൈവറ്റ് ലിമിറ്റഡ്, ഇൻഡും എമിനൻസ് ഇൻഫ്രാടെക് പ്രൈവറ്റ് ലിമിറ്റഡ് എന്നിവയാണ് അവ. ഇതിൽ ഇൻഡൂമിൽ പ്രകാശ് ബാബുവും ഭാര്യ അമൃത പ്രകാശ് ബാബുവുമാണ് പാർട്ണർമാർ. കമ്പനികാര്യ വെബ് സൈറ്റിലെ രേഖകളിൽ ഈ കമ്പനി നിലവിൽ പ്രവർത്തിക്കുന്നില്ല. അൺലിസ്റ്റഡ് എന്നാണ് ഈ കമ്പനിയെ കുറിച്ച് രേഖപ്പെടുത്തിയിട്ടുള്ളത്.

പ്രസാഡിയോ കമ്പനിയും മുഖ്യമന്ത്രിയുടെ മകന്റെ ഭാര്യാ പിതാവായ പ്രകാശ് ബാബുവും തമ്മിൽ ഇടപാടുകൾ നടന്നെന്ന് തെളിയിക്കുന്ന രേഖകൾ പുറത്തുവന്നിരുന്നു. കമ്പനി രജിസ്ട്രാർക്ക് സമർപ്പിച്ച ഫിനാൻഷ്യൽ റിപ്പോർട്ടിൽ കമ്പനി പണം നൽകാനുള്ളവരുടെ പട്ടികയിലാണ് പ്രകാശ് ബാബുവിന്റെ പേരുള്ളത്. പ്രസാഡിയോ കമ്പനി ആരംഭിക്കുന്നത് 2018 ലാണ്. അന്ന് മുതലുള്ള ഫിനാൻഷ്യൽ റിപ്പോർട്ട് കോർപറേറ്റ് കാര്യ മന്ത്രാലയത്തിന് സമർപ്പിച്ചിട്ടുണ്ട്. അദ്ദേഹത്തിന്റെ എറണാകുളത്തെ ഗസ്റ്റ്ഹൗസ് ഉപയോഗിച്ചു എന്ന വകയിൽ 50,000 രൂപയും ചില ഇടപാടുകളുടെ ഫലമായി 1,7,5000 രൂപയും പ്രസാഡിയോ കമ്പനി അദ്ദേഹത്തിന് നൽകാനുണ്ട് എന്ന് രേഖയിൽ പറയുന്നു. എന്നാൽ കമ്പനി ഡയറക്ടർമാരുടെ പട്ടികയിൽ പ്രകാശ് ബാബു ഇല്ല. പ്രകാശ് ബാബുവിന് പ്രസാഡിയോ കമ്പനിയുമായി ബന്ധമുണ്ടെന്ന ആരോപണം ഉയർന്നിരുന്നു.

എഐ കാമറ ഇടപാടിൽ ഉപകരാർ നേടിയ പ്രസാഡിയോ കമ്പനിക്ക് തുടക്കം മുതൽ സർക്കാർകരാറുകൾ ലഭിച്ചതിതിന്റെ തെളിവുകളാണ് ഇപ്പോൾ പുറത്തുവരുന്നത്. ഗതാഗത വകുപ്പിനായി വെഹിക്കിൾ ടെസ്റ്റിങ് സ്റ്റേഷൻ സ്ഥാപിച്ചതിനുള്ള ഉപകരാർ ഊരാളുങ്കൽ നൽകിയത് പ്രസാഡിയോക്കാണ്. 2018 ൽ കമ്പനി നിലവിൽ വന്ന് മാസങ്ങൾക്കുള്ളിലായിരുന്നു കരാർ. വിഷയത്തിൽ സർക്കാരിനെ കൂടുതൽ പ്രതിരോധത്തിലാക്കിയിരിക്കുകയാണ് പ്രതിപക്ഷം . മറുപടി പറയാതെ സർക്കാർ ഒളിച്ചുകളി തുടരുകയാണെന്നാണ് ആരോപണം. ഉപകരാർ നേടിയ പ്രസാഡിയോ കമ്പനിയെ കേന്ദ്രീകരിച്ച് മുഖ്യമന്ത്രിയെ ലക്ഷ്യം വച്ചാണ് പ്രതിപക്ഷ നീക്കം. മറുനാടന്റെ പരിശോധനയിലും പ്രിസാഡിയോ കമ്പനിയുമായി പ്രകാശ് ബാബുവിന് പ്രത്യക്ഷ ബന്ധമില്ലെന്ന് വ്യക്തമായിട്ടുണ്ട്. ഇതിനൊപ്പമാണ് പ്രകാശ് ബാബുവിന്റെ മറ്റ് കമ്പനികളുടെ വിവരങ്ങളും പുറത്തു വരുന്നത്.

കമ്പനികാര്യ വെബ് സൈറ്റിലെ വിവരം അനുസരിച്ച് യെംസി ഇൻഫ്രാസ്ട്രക്ച്ചർ ആൻഡ് റിയൽടേർസ് പ്രൈവറ്റ് ലിമിറ്റഡ് എന്ന കമ്പനിയും അൺലിസ്റ്റഡാണ്. എന്നാൽ ഈ കമ്പനി സജീവമാണ്. 2022ലും ബാലൻസ് ഷീറ്റ് കമ്പനികാര്യ വകുപ്പിന് നൽകിയിട്ടുണ്ട്. 2022ൽ എജിഎമ്മും കൂടി. തലശ്ശേരിയിലാണ് രജിസ്റ്റേർഡ് വിലാസം. ആറു ഡയറക്ടേഴ്സാണ് കമ്പനിക്കുള്ളത്. മുഹമ്മദ് അഷറഫ്, രമേശ് സിവി, കളത്തിൽ പാറയിൽ രമേശ് കുമാർ, നിദ രമേശ്, ഫിഡ രമേശ് എന്നിവരാണ് പ്രകാശ് ബാബുവിനെ കൂടാതെയുള്ള മറ്റ് ഡയറക്ടർമാർ. ഇതിൽ കളത്തിൽ പാറയിൽ രമേശ് വിവാദമായ വൈദേകം റിസോർട്ടിലെ ഡയറക്ടറാണ്. പാറയിൽ രമേശും ഇപി ജയരാജന്റെ കുടുംബവും തമ്മിലെ തർക്കങ്ങൾ വലിയ വിവാദമായിരുന്നു.

സിപിഎമ്മിൽ വിവാദ കൊടുങ്കാറ്റുയർത്തിയ 'വൈദേകം' ആയുർവേദ റിസോർട്ട് തുടങ്ങാൻ മുൻകയ്യെടുത്തതു കേന്ദ്ര കമ്മിറ്റി അംഗം ഇ.പി.ജയരാജന്റെ മകൻ പി.കെ.ജയ്സണും സിപിഎം നേതാക്കളുടെ വിശ്വസ്ത കരാറുകാരൻ പി.കെ.രമേശ് കുമാറും ചേർന്നാണ്. ജയ്സൺ ചെയർമാനും രമേഷ് കുമാർ എംഡിയുമായാണ് 2014 ഡിസംബർ 9ന് കണ്ണൂർ ആയുർവേദിക് മെഡിക്കൽ കെയർ പ്രൈവറ്റ് ലിമിറ്റഡ് എന്ന പേരിൽ കമ്പനി രജിസ്റ്റർ ചെയ്തത്. ജയരാജന്റെ ഭാര്യ പി.കെ.ഇന്ദിര ഉൾപ്പെടെയുള്ള മറ്റു ഡയറക്ടർമാരെ പിന്നീട് ഉൾപ്പെടുത്തിയതാണ്. ഈ കമ്പനിയുമായി ബന്ധപ്പെട്ട പികെ രമേശ് കുമാറാണ് പ്രകാശ് ബാബുവിനൊപ്പമുള്ള കളത്തിൽ പാറയിൽ രമേശ് കുമാർ. അതായത് ഇപി ജയരാജനുമായി തെറ്റിയെന്ന വിലയിരുത്തലെത്തിയ പികെ രമേശ് കുമാറുമായി പിണറായിയുടെ മകന്റെ ഭാര്യാ പിതാവിനും ബിസിനസ്സ് ബന്ധം ഇപ്പോഴുമുണ്ട്.

ജയ്സന്റെ ബിസിനസ് സംരംഭത്തിൽ രമേശ് പങ്കാളിയാകുന്നത് ഇ.പി.ജയരാജനുമായുള്ള ബന്ധത്തിലൂടെയാണ്. തലശ്ശേരിയിലെ കരാറുകാരനായിരുന്ന എം.സി.ലക്ഷ്മണന്റെ അക്കൗണ്ടുകൾ കൈകാര്യം ചെയ്യുന്ന ജോലിയായിരുന്നു ആദ്യ കാലത്ത് രമേശിന്. പിന്നീട് മാനേജരായി. ലക്ഷ്മണന്റെ മരണത്തോടെ രമേശിനു കരാർ ജോലിയുമായി മുന്നോട്ടു പോകാൻ സഹായം നൽകിയതു സിപിഎം നേതാക്കളായിരുന്നുവെന്നാണു വിവരം. പിന്നീട് സിപിഎം സ്ഥാപനങ്ങളുടെയും ഉന്നത നേതാക്കളുടെ വീടുകളുടെയും നിർമ്മാണം ഏറ്റെടുത്തു നടത്തിയിരുന്നത് രമേശാണ്. പാർട്ടിയുടെ കീഴിലുള്ള ഒട്ടേറെ സഹകരണ സ്ഥാപനങ്ങളുടെയും നായനാർ അക്കാദമി ഉൾപ്പെടെയുള്ള നിർമ്മിതികളുടെയും പണി നടന്നത് രമേശിന്റെ നേതൃത്വത്തിലാണ്. മുഖ്യമന്ത്രി പിണറായി വിജയൻ ഉൾപ്പെടെയുള്ള ഉന്നത സിപിഎം നേതാക്കളുമായി വളരെയടുത്ത ബന്ധമുള്ള ആളാണ് രമേശ്.

ഇ.പി.ജയരാജനുമായുണ്ടായിരുന്ന സൗഹൃദമാണ് റിസോർട്ട് ബിസിനസ് സംരംഭത്തിലേക്ക് രമേശിനെ എത്തിച്ചത്. തുടക്കത്തിൽ കമ്പനിയുടെ എംഡിയായിരുന്ന രമേശിനെ കഴിഞ്ഞ ജൂലൈ 20 മുതൽ സ്ഥാനത്തുനിന്നു നീക്കി. മറ്റൊരു ഡയറക്ടറായ സി.കെ.ഷാജിയാണ് നിലവിൽ എംഡി. രമേഷിനെ കുറിച്ച് ബോർഡിനു ചില സംശയങ്ങളും ആക്ഷേപങ്ങളും ഉണ്ടായിരുന്നതായി കമ്പനി സിഇഒ വ്യക്തമാക്കിയിട്ടുണ്ട്. കഴിഞ്ഞ 2 ബോർഡ് ഓഫ് ഡയറക്ടേഴ്സ് യോഗങ്ങളിൽ രമേശ് പങ്കെടുത്തിട്ടില്ലെന്നും പറയുന്നു. ഓഹരികൾ സ്വന്തമാക്കാനുള്ള ശ്രമം പരാജയപ്പെട്ടപ്പോൾ സ്ഥാപനത്തെ സാമ്പത്തികമായി തകർത്ത് ബാങ്കിനെക്കൊണ്ട് അറ്റാച്ച് ചെയ്യിപ്പിക്കാൻ രമേശിന്റെ ഭാഗത്തുനിന്നു നീക്കം നടന്നുവെന്ന സംശയത്തിലാണ് ഇപിയുടെ കുടുംബമെന്ന് മനോരമ റിപ്പോർട്ട് ചെയ്തിരുന്നു.