ലണ്ടൻ: വനിതകളായ ബ്രിട്ടീഷ് ടൂറിസ്റ്റുകളെ ലക്ഷ്യം വയ്ക്കുന്ന യഹിയ ഖാലിദ് ആരാണ്? പള്ളുരുത്തിയിൽ വർഷങ്ങളായി താമസിക്കുന്ന, നായ്ക്കൾക്ക് വേണ്ടി ഷെൽട്ടർ പണിതു ജീവിതം അവയ്ക്കായി മാറ്റി വച്ച 75കാരിയായ ബ്രിട്ടീഷ് വനിതാ പെനിലോപ് കോവിൽ നിന്നും ഏഴരക്കോടി രൂപ തട്ടിച്ചു എന്ന് ആരോപിക്കപ്പെടുന്ന യഹിയ ഖാലിദ് മറ്റൊരു ബ്രിട്ടീഷ് സ്ത്രീയിൽ നിന്നും 23 ലക്ഷം രൂപയും തട്ടിച്ചതായാണ് പരാതി. ഒരേ തരത്തിൽ പലരെ ലക്ഷ്യം വച്ച യഹിയ ഖാലിദ് നോട്ടപ്പുള്ളി ആയി മാറുമ്പോഴേക്കും ഗോവയിലേക്ക് കടന്നെന്നാണ് കൊച്ചി പൊലീസ് ഇപ്പോൾ വ്യക്തമാക്കുന്നത്.

എന്നാൽ പെനിലോപ് കോയുടെ ദുരിത കഥ ബ്രിട്ടനിലെ മാധ്യമങ്ങൾ ഏറ്റെടുത്താൽ കേരള ടൂറിസത്തിനു ലഭിക്കാവുന്ന തിരിച്ചടി എന്തെന്ന് പൊലീസിന് ബോധ്യമായില്ലെങ്കിലും ടൂറിസം മന്ത്രി റിയാസ് മുഹമ്മദിന് എങ്കിലും മനസിലാകേണ്ടതാണ്. കാരണം അദ്ദേഹമാണ് പതിവായി ബ്രിട്ടീഷ് ടൂറിസ്റ്റുകളെ നേരിട്ട് ക്ഷണിക്കാൻ ലണ്ടനിലെ വേൾഡ് ട്രാവൽ മാർട്ട് അടക്കമുള്ള വേദികളിൽ എത്തുന്നത്.

അതിനാൽ ഇതൊരു സാധാരണ പരാതിയാക്കി മാറ്റി വയ്ക്കാതെ ഇനിയൊരു വിദേശിയും ദൈവത്തിന്റെ സ്വന്തം നാടെന്നു പരസ്യം ചെയ്യുന്ന സർക്കാരിന്റെ മുന്നിൽ ചതിക്കപ്പെടരുത് എന്ന നിശ്ചയത്തോടെ പ്രതിയെ കണ്ടെത്താനും നഷ്ടമായ പണം വീണ്ടെടുക്കാനുമുള്ള ആർജ്ജവമാണ് കേരള പൊലീസും ടൂറിസം വകുപ്പും ഒക്കെ ചേർന്ന് ഏറ്റെടുക്കേണ്ടത്. അങ്ങനെ സംഭവിച്ചില്ലെങ്കിൽ ആയിരം വേൾഡ് ട്രാവൽ മാർട്ടിൽ കേരളത്തെ വിൽപ്പനക്ക് വച്ചാലും പെനിലോപ്പിന്റെ കണ്ണീരിനു മുന്നിൽ അതൊക്കെ വെറും പാഴ്‌വേല ആയി മാറുകയേയുള്ളൂ എന്നാണ് ടൂറിസം രംഗത്ത് പ്രവർത്തിക്കുന്ന ഏജൻസികൾ ചൂണ്ടിക്കാട്ടുന്നത്. എന്നാൽ ഈ വേവലാതിയൊന്നും ഇതുവരെ സർക്കാർ വകുപ്പുകളുടെ ഭാഗത്തു നിന്നും ഇതുവരെ ഉണ്ടായിട്ടില്ല എന്നാണ് വ്യക്തമാകുന്നതും.

കേരളത്തെ ഇഷ്ടപ്പെട്ടത് ഒടുവിൽ കരയാനോ?

2007 മുതൽ പതിവായി കേരളത്തിൽ എത്തിക്കൊണ്ടിരുന്ന പെനിലോപ്പിനെയും ഭർത്താവിനെയും കേരളം വല്ലാതെ വലിച്ചടുപ്പിക്കുക ആയിരുന്നു. അത് പക്ഷെ ജീവിതവസാന നാളിലെ കണ്ണീരിനു വേണ്ടി ആയിരുന്നോ എന്നാണ് ഇപ്പോൾ പെനിലോപ് ചോദിക്കുന്നത്. ഇടയ്ക്കിടെയുള്ള വരവിനിടയിൽ 2010ൽ ഭർത്താവ് ആകസ്മികമായി മരിക്കുകയും ചെയ്തതോടെ ആ മണ്ണ് ഉപേക്ഷിക്കാൻ പിന്നെ പെനിലോപ്പിനു തോന്നിയിട്ടില്ല. ഇംഗ്ലണ്ടിൽ ഉള്ള മൂന്നു പെൺമക്കളും അമ്മയുടെ മടങ്ങി വരവ് ആഗ്രഹിച്ചിരുന്നെങ്കിലും ഉപേക്ഷിക്കപ്പെട്ട നായ്ക്കൾക്കായി മാഡ് ഡോഗ് ട്രസ്റ്റ് എന്ന പേരിൽ പുനരധിവാസ പദ്ധതി തുടങ്ങി തന്റെ സങ്കടങ്ങൾ മറക്കാനായിരുന്നു പെനിയുടെ ശ്രമം. ഭർത്താവ് മരിച്ചതോടെ വീട് വിറ്റ് ആ പണം ബാങ്കിൽ നിക്ഷേപിക്കുക ആയിരുന്നു.

തുടർന്നാണ് നായ പുനരധിവാസം എന്ന ആശയം മനസ്സിൽ തോന്നിയത്. ഇതിനിടയിൽ അടുത്തു കൂടിയ യഹിയ പണം തന്നാൽ പ്രതിമാസം ലാഭം മടക്കി നൽകാം എന്ന് പെനിലോപ്പിനെ പറഞ്ഞു പറ്റിക്കുക ആയിരുന്നു. ട്രസ്റ്റ് നടത്തിപ്പിന് ആ പണം ധാരാളം മതിയാകും എന്ന് വിശ്വസിപ്പിച്ചതോടെ വൃദ്ധയായ പെനി മുഴുവൻ പണവും യഹിയക്ക് കൈമാറുക ആയിരുന്നു. സുനിൽ ലാൽ എന്ന സുഹൃത് വഴിയാണ് പെനി യഹിയയെ പരിചയപ്പെടുന്നതും. ബാങ്ക് വഴി പണം കൈമാറിയാൽ രേഖയായി മറ്റൊന്നും വേണ്ടല്ലോ എന്നും കുബുദ്ധിയായ യഹിയ പെനിലോപ്പിനെ ധരിപ്പിക്കുകയും ചെയ്തു.

ഇതനുസരിച്ചു 2014 ഒക്ടോബറിലും 2015 മെയ്‌ക്കും ഇടയിലുള്ള സമയത്താണ് യഹിയ പണം മുഴുവൻ കൈക്കലാക്കിയത്. പിന്നീട് പലപ്പോഴായി പെനിയുടെ വാടക അടക്കം മുടങ്ങിയ സാഹചര്യത്തിൽ അഞ്ചു ലക്ഷം രൂപയോളമാണ് യഹിയ ആകെ മടക്കി നൽകിയത്. എന്നാൽ രണ്ടര കോടി രൂപ മടക്കി കൊടുത്തെന്നു പെനിയോട് തർക്കിക്കുകയും ചെയ്തു. ഇതിനിടയിൽ മക്കളുമായുള്ള ബന്ധം ഉലയുകയും ഒരു മകൾ രണ്ടു വർഷം മുൻപ് ജീവൻ വെടിയുകയുമായിരുന്നു. ഇതെല്ലം ഇപ്പോൾ പെനിലോപ്പിനെ മാനസികമായി ഏറെ തളർത്തിയിരിക്കുകയാണ്.

ഇപ്പോൾ തന്റെ ബ്രിട്ടനിലെ വീട് അടക്കം വിറ്റു കിട്ടിയ പണം കേരളത്തിൽ എത്തിച്ച പെനിലോപ്പിന്റെ കയ്യിൽ നിന്നും മുഴുവൻ തുകയുമായ ഏഴരക്കോടി രൂപയും സൂത്രശാലിയായ യഹിയ ഖാലിദ് കൈക്കലാക്കി എന്നാണ് പരാതി. 2014ൽ യഹിയ തന്റെ കുടുംബത്തിന്റെ കദന കഥകൾ പറഞ്ഞാണ് പെനിലോപ്പിനെ തെറ്റിദ്ധരിപ്പിക്കുന്നത്. അന്ന് മുതൽ യഹിയ പണം മടക്കി നൽകും എന്ന വിശ്വാസത്തിലാണ് വൃദ്ധ കൊച്ചിയിൽ കഴിഞ്ഞു വന്നിരുന്നത്. ഇപ്പോൾ വിസ സംബന്ധമായ പ്രയാസങ്ങൾ ഉടലെടുത്തതോടെയാണ് ഒടുവിൽ മറ്റു വഴിയില്ലാതെ പൊലീസ് സഹായം തേടാൻ അവർ തയ്യാറാക്കുന്നതും.

ഏറെ നാളുകളായി ഉയരുന്ന പരാതിയിൽ പൊലീസ് അധികൃതർക്ക് ഒരു മാസം മുൻപേ തന്നെ വിവരം ലഭിച്ചെങ്കിലും ഇപ്പോൾ പെനിലോപ്പിനെ സഹായിക്കാൻ വിവരമറിഞ്ഞു സുരേഷ് ഗോപി തയ്യാറായതോടെയാണ് കേരളത്തെ സ്നേഹിച്ചെത്തിയ വിദേശിയായ വൃദ്ധ കൊടും ചതിക്ക് ഇരയായ വിവരം പുറത്തറിയുന്നത്. ജൂൺ 22നു കൊച്ചി പൊലീസിന് പെനിലോപ് പരാതി നൽകിയതാണെങ്കിലും ഇപ്പോൾ മാധ്യമ വാർത്ത എത്തുമ്പോൾ മാത്രമാണ് അത് ശ്രദ്ധിക്കപെടുന്നത്. ഇതിനകം ദേശീയ മാധ്യമങ്ങളിലും വാർത്ത എത്തിക്കഴിഞ്ഞു.

പൊലീസിന്റെ പതിവ് രീതികൾ മാറണം, ഇനിയൊരു വിദേശിക്ക് ഈ അനുഭവം ഉണ്ടാകരുത്

പെനിലോപ്പിന്റെ പരാതിയിൽ പതിവ് പോലെ അടയിരിക്കാൻ തയ്യാറായ പൊലീസ് വൃദ്ധയുടെ കണ്ണീർ പലരിലേക്കും എത്തിക്കഴിഞ്ഞു എന്നറിഞ്ഞതോടെ ദിവസങ്ങൾക്ക് മുൻപ് മാത്രമാണ് പ്രാഥമിക അന്വേഷണത്തിന് എങ്കിലും തയ്യാറായിരിക്കുന്നത്. ഇതിലൂടെയാണ് തട്ടിപ്പ് വീരൻ യഹിയ ഗോവയിൽ എത്തിയതായി പൊലീസ് ഇപ്പോൾ വെളിപ്പെടുത്തുന്നത്. പെനിലോപ് പരാതി നൽകിയ ശേഷമാണോ യഹിയ മുങ്ങിയതെന്ന് ഇപ്പോൾ വ്യക്തമല്ല. പലതവണ യഹിയയോട് പണം പെനിലോപ് മടക്കി ആവശ്യപ്പെട്ടെങ്കിലും അപ്പോഴെക്കെ ഓരോ ന്യായവാദം ഉയർത്തി സമയം നീട്ടിയെടുക്കുക ആയിരുന്നു യഹിയയുടെ തന്ത്രം.

പെനിലോപ്പിനെ കൈപിടിച്ച് ആശ്വസിപ്പിക്കേണ്ട സർക്കാർ വകുപ്പുകൾ കൈകെട്ടി നിൽകുമ്പോൾ വിസ ചട്ട ലംഘനത്തിൽ നിന്നും പിഴ അടയ്ക്കുന്നതിനും നിയമാനുസരണം മറ്റൊരു രാജ്യത്തു പോയി മടങ്ങാനും ഒക്കെയുള്ള സാമ്പത്തിക സഹായം സുരേഷ് ഗോപിയാണ് വാഗ്ദാനം ചെയ്തിരിക്കുന്നത്. തുക അദ്ദേഹത്തിന്റെ സിനിമ മേഖലയിലെ സഹപ്രവർത്തകർ നേരിട്ടെത്തി പെനിലോപ്പിനു കൈമാറുകയും ചെയ്തു.

ഈ പണം ഉപയോഗിച്ച് മലേഷ്യയിൽ പോയി മടങ്ങി വന്നു നിയക്കുരുക്കിൽ നിന്നും രക്ഷപ്പെടാനും യഹിയായയെ കണ്ടെത്താനുമുള്ള ശ്രമം തുടരാനുമാണ് പെനിലോപ്പിന്റെ പ്ലാൻ. വിദേശ വനിതകൾ കേരളത്തിലെത്തി പീഡിപ്പിക്കപ്പെടുന്നത് വാർത്ത ആയി പലപ്പോഴും ലോകം അറിഞ്ഞതാണെങ്കിലും ഇത്തരത്തിൽ വൻ സാമ്പത്തിക തട്ടിപ്പിൽ ഇരയാകുന്ന പരാതി ആദ്യമാണ്. അതും കേരളത്തെ സ്നേഹിച്ചു, നായ്ക്കൾ ഉപേക്ഷിക്കപ്പെടുന്നതറിഞ്ഞ് അവയ്ക്കായി പുനരധിവാസം ഏർപ്പാടാക്കാൻ തന്റെ മുഴുവൻ ജീവിത സമ്പാദ്യവും ചിലവഴിക്കാൻ തയ്യാറായ വൃദ്ധയാണ് ദയനീയമായി ചതിക്കപ്പെട്ടിരിക്കുന്നത്.