- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
ഇന്‍സെന്റീവ് 675ല്‍ നിന്നും 585 രൂപയായി വെട്ടിക്കുറച്ചു; 8 മണിക്കൂര്‍ ജോലിക്ക് ലഭിച്ച വേതനത്തിനായി ഇപ്പോള്‍ ജോലി ചെയ്യേണ്ടത് 14 മണിക്കൂര്‍; ഓര്‍ഡര്‍ ലഭിച്ച ശേഷം ഹോട്ടലുകള്‍ക്ക് മുന്നില്‍ ദീര്‍ഘനേരത്തെ കാത്തിരിപ്പ്; 'സെലക്ട് ടു ഗോ' കെണിയില്‍ ജീവനക്കാരുടെ വേതനത്തിന് 30 ശതമാനം വരെ കുറവ്; ഡെലിവറി ജീവനക്കാരുടെ വയറ്റത്തടിച്ച് സൊമാറ്റോ; 48 മണിക്കൂര്‍ ആപ്പ് ഓഫ് ചെയ്ത് പ്രതിഷേധം
തിരുവനന്തപുരം: ഭക്ഷ്യ വിതരണ പ്ലാറ്റ്ഫോമായ സൊമാറ്റോയുടെ കണ്ണില്‍ ചോരയില്ലാത്ത നടപടികള്‍ക്കെതിരെ പ്രതിഷേധവുമായി ഡെലിവറി ജീവനക്കാര്‍. സൊമാറ്റോ പുതുതായി പുറത്തിറക്കിയ 'സെലക്ട് ടു ഗോ' ഓപ്ഷന്‍ നീക്കം ചെയ്യണമെന്ന് ആവശ്യപ്പെട്ടാണ് ഡെലിവറി ജീവനക്കാര്‍ സമരം ആരംഭിച്ചിരിക്കുന്നത്. ഇന്നും നാളെയുമായി 48 മണിക്കൂര്‍ തിരുവനന്തപുരം ജില്ലയിലെ എല്ലാ സോണുകളിലും ആപ് ഓഫ് ചെയ്ത് പ്രതിഷേധിക്കുകയാണ് ഡെലിവറി ജീവനക്കാര്‍. അടുത്തിടെയാണ് കമ്പനി ഈ സംവിധാനം നടപ്പിലാക്കിയത്. എന്നാല്‍ ഇതിന് ശേഷം വേതനത്തിന് വലിയ ഇടിവുണ്ടായെന്നാണ് ജീവനക്കാര്‍ പറയുന്നത്. ഈ സംവിധാനം നിലവില്‍ വന്നതിന് ശേഷം ഓര്ഡറുകള്‍ക്കായി വളരെ നേരം കാത്തുനില്‍ക്കേണ്ടി വരുന്നെന്നാണ് ആരോപണം.
എന്നാല്‍ 'സെലക്ട് ടു ഗോ' ഓപ്ഷന്‍ തിരഞ്ഞെടുക്കുന്നതിലൂടെ 90 സെക്കന്‍ഡിനുള്ളില്‍ ഓര്‍ഡര്‍ ലഭിക്കുന്നുണ്ടെങ്കിലും ഒരോ ഓര്‍ഡറിലും ജീവനക്കാര്‍ക്ക് ലഭിക്കുന്ന വേതനത്തില്‍ 15 മുതല്‍ 30 ശതമാനം കുറവുണ്ടാകുന്നെന്നുമാണ് സൂചന. ജീവനക്കാരുടെ ജോലി സമയം മൊബൈല്‍ ആപ്ലിക്കേഷനില്‍ ശരിയായിട്ടല്ല കാണിക്കുന്നതെന്നാണ് മറ്റൊരു ആരോപണം. 16 മണിക്കൂര്‍ വരെ ലോഗിന്‍ ആയിരുന്നാലും പിക്കപ്പ്, ഡെലിവറി ദൈര്‍ഘ്യം ഏകദേശം 9 അല്ലെങ്കില്‍ 10 മണിക്കൂര്‍ മാത്രമേ ആപ്ലിക്കേഷന്‍ കാണിക്കുന്നുള്ളുവെന്നാണ് ജീവനക്കാര്‍ പറയുന്നത്. കഴിഞ്ഞ അഞ്ച് മാസമായി കമ്പനി ജീവനക്കാരുടെ വേതനം ഘട്ടങ്ങളായി വെട്ടിച്ചുരുക്കിയിരിക്കുകയാണ്.
ഇന്‍സെന്റ്‌റിവ് തുക വെട്ടിക്കുറിച്ചത് പഴയപ്പടി പുനഃസ്ഥാപിക്കണമെന്നും ജീവനക്കാര്‍ ആവശ്യപ്പെടുന്നു. ഉപഭോഗ്താവ് ഭക്ഷണം ഓര്‍ഡര്‍ ചെയ്ത് കഴിഞ്ഞിട്ടുള്ള 15 മിനിറ്റാണ് ആഹാരം തയ്യാറാക്കുന്നതിനായുള്ള സമയം. ഇത് കഴിഞ്ഞ് 10 മിനിറ്റുകള്‍ കഴിഞ്ഞാണ് ഹോട്ടലിന് സമീപമുള്ള ഡെലിവറി ജീവനക്കാരന് ഓര്‍ഡര്‍ ലഭിക്കുന്നത്. എന്നാല്‍ ഇപ്പോള്‍ ഈ ഓര്‍ഡറുകള്‍ 30 മിനിറ്റോളം വൈകിയാണ് ഡെലിവറി ജീവനക്കാര്‍ക്ക് ലഭിക്കുന്നതെന്നാണ് ആരോപണം. ഓര്‍ഡര്‍ സ്വീകരിച്ചതിനുശേഷം ചില റെസ്റ്റോറന്റുകളില്‍ ദീര്‍ഘനേരം കാത്തിരിക്കേണ്ടിവരുമെന്നതാണ് ഡെലിവറി ജീവനക്കാര്‍ നേരിടുന്ന മറ്റൊരു പ്രശ്‌നം. ഇതിലും പരിഹാരം കാണമെന്നാണ് ജീവനക്കാര്‍ പറയുന്നത്.
ഓര്‍ഡറുകള്‍ക്കായി ഹോട്ടലുകളുടെ മുന്നില്‍ ചെലവാകുന്ന സമയത്തിന് കാത്തിരിപ്പ് നിരക്ക് നല്‍കണമെന്നും, റെഡി ടു പിക്ക് അപ്പ് സംവിധാനം നടപ്പിലാക്കണമെന്നും ജീവനക്കാര്‍ ആവശ്യപ്പെടുന്നു. ഒരു ദിവസം 25ല്‍ കൂടുതല്‍ ഓര്‍ഡറുകള്‍ എടുത്താല്‍ ലഭിച്ചിരുന്ന ഇന്‍സെന്റീവ് 675 രൂപയില്‍ നിന്നും 585 രൂപയായി കമ്പനി ചുരുക്കിയിരുന്നു. ഇന്ധന ചെലവ് കൂടി പോയാല്‍ 8 മണിക്കൂര്‍ ജോലി ചെയ്യുമ്പോള്‍ ലഭിക്കുന്നത് 400 രൂപ വരെയാണ്. ഇതിനാല്‍ മെച്ചപ്പെട്ട വേതനത്തിനായി 12 മുതല്‍ 14 മണിക്കൂര്‍ വരെ ജോലി ചെയ്യേണ്ടി വരുന്നതായാണ് ജീവനക്കാര്‍ പറയുന്നത്. പ്രശ്‌നങ്ങള്‍ ചൂണ്ടിക്കാട്ടിയാല്‍ കാരണം കാണിക്കാതെ ജീവനക്കാരെ പുറത്താക്കുന്ന നടപടികളും കമ്പനി സ്വീകരിച്ചിട്ടുണ്ടെന്നാണ് ജീവനക്കാര്‍ പറയുന്നത്.
ആവശ്യങ്ങള്‍ ഉന്നയിച്ച് നിരവധി പേര്‍ സൊമാറ്റോ ഓഫീസില്‍ മെയ് മാസം 16 തീയതി പരാതി നല്‍കിയിരുന്നു. എന്നാല്‍ ഒരു മാസം പിന്നിടുമ്പോഴും യാതൊരുവിധ നടപടിയും കമ്പനിയുടെ ഭാഗത്ത് നിന്നും ഉണ്ടായിട്ടില്ല. ഇതോടെയാണ് ഇന്നും നാളെയും 48 മണിക്കൂര്‍ തിരുവനന്തപുരം ജില്ലയിലെ എല്ലാ സോണുകളിലും ആപ്പ് ഓഫ് ചെയ്ത് ജീവനക്കാര്‍ പ്രതിഷേധിക്കുന്നത്. പ്രശ്‌നത്തിന് പരിഹാരം കാണാന്‍ സാധിച്ചില്ലെങ്കില്‍ പ്രതിഷേധം കടുപ്പിക്കാനാണ് ജീവനക്കാരുടെ തീരുമാനം. മറ്റ് ജില്ലകളിലേക്കും പ്രതിഷേധം വ്യാപിപ്പിക്കുമെന്നും ജീവനക്കാര്‍ പറയുന്നു.