- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
കുറ്റം ഏറ്റെടുത്തതിനാൽ അഞ്ചു വർഷം കുറഞ്ഞു കിട്ടി; കോടതി ചിലവും സാജു നൽകണം; അഞ്ജുവിന്റെ കുടുംബത്തെ ബന്ധപ്പെടുവാൻ വിലക്ക്; അഞ്ജുവിന്റെ കുടുംബത്തിന്റെ നിയന്ത്രണവും സാജുവിന്റെ കൈകളിൽ; ''എന്നെ കൊല്ല്'' എന്നാക്രോശിച്ച സാജുവിനെ പൊലീസ് കീഴ്പ്പെടുത്തിയത് ടീസർ ഗൺ ഉപയോഗിച്ച്
ലണ്ടൻ: കഴിഞ്ഞ ഡിസംബർ 15ന് ഉച്ചയോടെ യുകെ മലയാളികളെ തേടി എത്തിയത് അക്ഷരാർത്ഥത്തിൽ ഞെട്ടിപ്പിക്കുന്ന വാർത്ത ആയിരുന്നു. മിഡ്ലാൻഡ്സിലെ കെറ്ററിംഗിൽ ഒരു വീട്ടിൽ കൊലപാതകം നടന്നിരിക്കുന്നു. അൽപ സമയത്തിനകം മരിച്ചത് അമ്മയും കുഞ്ഞും ആണെന്ന വെളിപ്പെടുത്തലായി. മണിക്കൂറുകൾ കഴിഞ്ഞപ്പോഴേക്കും കൊല്ലപ്പെട്ടവരുടെ എണ്ണം മൂന്നായെന്നു സ്ഥിരീകരണമായി. പത്രഭാഷയിൽ റണ്ണിങ് സ്റ്റോറി എന്നറിയപ്പെടുന്ന കോഡ് ഭാഷയിലേക്ക് കെറ്ററിങ് കൂട്ടക്കൊല മാറപ്പെടുക ആയിരുന്നു.
ഒരു രാത്രി മുഴുവൻ നീണ്ട ദുരന്തത്തിന്റെ ചിത്രങ്ങൾ വളരെ സാവധാനമാണ് മലയാളികളെ തേടി എത്തിക്കൊണ്ടിരുന്നത്. നഴ്സായ അഞ്ജു ജോലി സമയം ആയിട്ടും എത്താതിരുന്നതും കുട്ടികൾ സ്കൂളിൽ ചെല്ലാതിരുന്നതുമാണ് കുടുംബത്തെ കുറിച്ച് അന്വേഷിക്കാൻ കാരണമായത്. പക്ഷെ ആ സമയം ആയപ്പോഴേക്കും ആർക്കും രക്ഷിക്കാൻ ആകാത്ത വിധത്തിലേക്ക് മൃതപ്രായരായ അഞ്ജുവിന്റെ മക്കളും എത്തപ്പെട്ടിരുന്നു. ജീവന്റെ ചെറു കണികകൾ അവശേഷിച്ചിരുന്നതുകൊണ്ടാണ് തുടക്കത്തിൽ മരണ സംഖ്യ പുറത്തു വരാതിരുന്നത്.
എന്നാൽ ഈ ഘട്ടത്തിൽ അപായ സൂചനയറിഞ്ഞു പാഞ്ഞെത്തിയ പൊലീസിനെ കാത്തിരുന്നത് നാടകീയ രംഗങ്ങളാണ്. എന്തോ അസ്വാഭികമായത് അഞ്ജുവിന്റെ വീട്ടിനുള്ളിൽ നടന്നിട്ടുണ്ട് എന്ന ഫോൺ സന്ദേശം കിട്ടിയ പൊലീസ് പാഞ്ഞെത്തി വാതിൽ തല്ലിത്തകർത്തു അകത്തു കയറുമ്പോൾ ഹാളും അടുക്കളയും ചേരുന്ന ഭാഗത്തു കഴുത്തിൽ കത്തിയും വച്ച് നിൽക്കുന്ന സാജുവിനെയാണ് കാണുന്നത്. പൊലീസിനെ കണ്ടതും ഷൂട്ട് മി ഷൂട്ട് മീ എന്ന് അലറുന്ന സാജുവിന്റെ ദൃശ്യങ്ങളാണ് ഇപ്പോൾ കെറ്ററിങ് പൊലീസ് പുറത്തു വിട്ടിരിക്കുന്നത്. നിങ്ങൾ വെടിവച്ചില്ലെങ്കിൽ ഞാൻ സ്വയം കുത്തിക്കീറും എന്നാണ് സാജു പറഞ്ഞു കൊണ്ടിരുന്നത്. എന്നാൽ സാജുവിന് ഒന്നും ചെയ്യാൻ സമയം അനുവദിക്കാതെ നിമിഷ വേഗത്തിൽ ടീസർ ഗൺ ഉപയോഗിച്ച് പൊലീസ് അയാളെ മയക്കുവെടി വച്ച് താഴെ ഇടുക ആയിരുന്നു.
തുടർന്ന് പൊലീസ് കസ്റ്റഡിയിൽ ആയ സാജു പൂർണമായും പൊലീസിനോട് നടപടികളിൽ സഹകരിക്കുക ആയിരുന്നു. ഇടയ്ക്കു ജയിലിൽ വച്ച് നടത്തിയ ആത്മഹത്യ ശ്രമം പൊളിഞ്ഞത് ഒഴിച്ചാൽ സാജു പൊലീസിന് കാര്യമായ ജോലി നൽകിയിരുന്നില്ല എന്നതാണ് വാസ്തവം. ഭാര്യയ്ക്ക് സ്വഭാവ ദൂഷ്യം എന്ന കെട്ടുകഥയിൽ പൊലീസിനെ അൽപം വിഷമിപ്പിക്കാൻ ശ്രമിച്ചെങ്കിലും അന്വേഷണ സംഘം വളരെ വേഗത്തിൽ വിദഗ്ധമായി ആ ശ്രമവും പരാജയപ്പെടുത്തി.
പിന്നീട് പൂർണമായും പൊലീസിനോടും കോടതിയോടും സഹകരിച്ച പ്രതി കാര്യമായ എതിർപ്പ് ഒന്നും ഇല്ലാതെയാണ് കുറ്റം ഏറ്റെടുത്തത്. പ്രാഥമിക വിചാരണ വേളകൾ മിനിറ്റുകൾ കൊണ്ട് പൂർത്തിയാകുവാൻ പ്രതിയുടെ സഹകരണം സഹായിക്കുകയും ചെയ്തു. ഇതിന്റെ പ്രതിഫലം വിധിയിൽ ദൃശ്യമാണ്. ആകെ ലഭിക്കേണ്ട 45 വർഷത്തെ ശിക്ഷയിൽ അഞ്ചു വർഷമാണ് സാജു സഹകരണം വഴി കുറച്ചെടുത്തത്. ഇക്കാര്യം കോടതി തന്നെ വിധി ന്യായത്തിൽ എടുത്തു പറയുകയും ചെയ്തിട്ടുണ്ട്.
എന്നാൽ കോടതിക്കുണ്ടായ ചെലവ് സാജുവിന്റെ തലയിലേക്ക് ഇട്ട വിധി അയാൾക്ക് കനത്ത തിരിച്ചടി കൂടിയാണ്. ജയിലിൽ ജോലി ചെയ്താൽ കിട്ടുന്ന പ്രതിഫലത്തിൽ ഒരു പങ്ക് ഈ ചെലവിലേക്ക് മാറ്റപ്പെടും. ഈ തുക എത്രയാണ് എന്ന് ഇന്നലെ വിധിയിൽ എടുത്തു പറഞ്ഞിട്ടില്ല. എന്നാൽ നിർണായകമായ മറ്റൊരു കാര്യത്തിൽ കോടതി വളരെ കൃത്യത വരുത്തുകയും ചെയ്തിട്ടുണ്ട്. അടുത്ത നാൽപതു വർഷത്തേക്ക് കൊലപാതകി ആയ സാജു അഞ്ജുവിന്റെ കുടുംബത്തെ ഒരു തരത്തിലും ബന്ധപ്പെടാൻ പാടില്ല.
സാജുവിന്റെ ശബ്ദം പോലും കുടുബത്തെ ഏറെ പ്രയാസപ്പെടുത്തുന്നു എന്ന് കേസിൽ സഹകരിക്കാൻ തയ്യാറായ കെറ്ററിങ് മലയാളികളിൽ ഒരാൾ അഞ്ജുവിന്റെ കുടുംബത്തിന് വേണ്ടി കോടതിയിൽ നൽകിയ സ്റ്റേറ്റ്മെന്റ് ആണ് വിധി പ്രസ്താവത്തിൽ ജഡ്ജി ഇക്കാര്യം അടിവരയിട്ടു പറയാൻ കാരണം. അഞ്ജുവിന്റെ സഹോദരി, അച്ഛൻ, അമ്മ എന്നിവരെ ഒരു കാരണവശാലും സാജു ഫോണിലോ കത്തിലോ മറ്റേതൊരു രൂപത്തിലോ ബന്ധപ്പെടാൻ പാടില്ല. അഞ്ജുവും ആയുള്ള വിവാഹ ശേഷം കുടുംബത്തിന്റെ കടിഞ്ഞാൺ സാജുവിന്റെ കൈകളിൽ ആയിരുന്നു എന്നാണ് കോടതിക്ക് ബോധ്യപ്പെട്ടിരിക്കുന്നത്.
പീറ്റർബറോ ജയിലിൽ കഴിയുമ്പോഴും അനവധി തവണ അഞ്ജുവിന്റെ കുടുംബത്തെ ബന്ധപ്പെടാൻ സാജു ശ്രമിച്ചിട്ടുണ്ട്. ഓരോ തവണയും ഇയാളുടെ കോളുകൾ വന്ന ശേഷം പ്രായമായ അഞ്ജുവിന്റെ അച്ഛനും അമ്മയ്ക്കും ആശുപത്രി ചികിത്സ വേണ്ടിവന്നിട്ടുണ്ട്. ഈ സാഹചര്യം കോടതിയെ ബോധ്യപ്പെടുത്തുക ആയിരുന്നു. അവസാനം സാജു വിളിക്കാൻ ശ്രമിച്ച ഒരു ഡസനിൽ അധികം കോളുകൾ അഞ്ജുവിന്റെ അച്ഛൻ നിരാകരിക്കുക ആയിരുന്നു. മാതാപിതാക്കളെ ഏതെങ്കിലും വഴിയിൽ വിധിക്കു മുൻപേ സ്വാധീനിക്കാൻ ഉള്ള സാജുവിന്റെ ശ്രമമായാണ് ഇത് വിലയിരുത്തപ്പെടുന്നത്. ഇനി അത്തരത്തിൽ ഒരു കാര്യവും സാജുവിന് സാധിക്കുകയില്ല, അങ്ങനെ ഒരു ശ്രമം നടത്തിയിട്ടു പ്രയോജനവുമില്ല.
മറുനാടന് മലയാളി ബ്യൂറോ