- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
മജിസ്‌ട്രേറ്റ് കോടതിയിൽ എത്തിച്ച സാജുവിനെ ഇന്ന് ക്രൗൺ കോടതിയിൽ എത്തിക്കും; ഇനി അതിവേഗ വിചാരണയുടെ നാളുകൾ; പൊലീസ് നൽകിയ വേഷത്തിൽ കോടതിയിലെത്തിയ സാജുവിനെ ക്യാമറയിലാക്കി ബ്രിട്ടീഷ് മാധ്യമങ്ങൾ; ക്രൂരനായ കൊലപാതകി എന്ന വിശേഷണത്തോടെ തലക്കെട്ടുകൾ; മൃതദേഹങ്ങൾ നാട്ടിലെത്തിക്കാൻ ആറു ലക്ഷം രൂപ; പണം ഇന്ത്യൻ എംബസി നൽകും
ലണ്ടൻ: പ്രാഥമിക നടപടിക്രമങ്ങളുടെ ഭാഗമായി തിങ്കളാഴ്ച മജിസ്‌ട്രേറ്റ് കോടതിയിൽ എത്തിച്ച യുകെ കേറ്ററിങ് കൂട്ടക്കൊലയിലെ പ്രതി സാജു ചെലവേലിനെ ഇന്ന് രാവിലെ നോർത്താംപ്ടൺ ക്രൗൺ കോടതിയിൽ എത്തിക്കും. കൂട്ടക്കൊലയിലെ ഗുരുതര സ്വഭാവം കണക്കിലെടുത്ത് ഇന്ന് തന്നെ പ്രാഥമിക വാദം കോടതി കേൾക്കും എന്നാണ് അറിയാനാകുന്നത്. രാജ്യം ഒട്ടാകെ ശ്രദ്ധിച്ച ഒരു കേസ് എന്ന നിലയിൽ ക്രിസ്മസ് അവധി കഴിഞ്ഞു കോടതി കൂടുന്നതോടെ വിശദമായ വിചാരണയും ആരംഭിക്കും.
ഇത് മിക്കവാറും ജനുവരി അവസാനത്തിനു മുൻപ് പൂർത്തിയാകാനുള്ള സാധ്യതയാണ് ഇപ്പോൾ കേസ് പഠിക്കുന്ന അഭിഭാഷകർ നൽകുന്ന സൂചന. എങ്കിൽ സാജുവിനുള്ള ശിക്ഷ നടപടികളും അധികം വൈകാതെ തന്നെ കോടതിയിൽ തീർപ്പാകും. ഇപ്പോഴുള്ള വേഗതയിൽ കേസ് പോകുകയാണെങ്കിൽ ഫാസ്റ്റ് ട്രാക്ക് സംവിധാനത്തിൽ കേസ് വാദം കേൾക്കാനുള്ള സാധ്യതയാണ് തെളിയുന്നത്.
തിങ്കളഴ്ച മജിസ്‌ട്രേറ്റ് കോടതിയിൽ എത്തിച്ച സാജുവിനോട് പേരും ജനനത്തീയതിയും അടക്കമുള്ള പ്രാഥമിക കാര്യങ്ങൾ മാത്രമാണ് കോടതി തിരക്കിയത്. കോടതിയിൽ എത്തിക്കുമ്പോഴും തിരികെ വാനിൽ കയറ്റുമ്പോഴും മാധ്യമ ഫോട്ടോഗ്രാഫർ സാജുവിന് പിന്നാലെ കൂടി ചിത്രങ്ങൾ പകർത്തുക ആയിരുന്നു. ഡെയിലി മിറർ അടക്കമുള്ള പത്രങ്ങൾ കൊലപാതക കേസിലെ പ്രതിയുടെ സംഭവ ശേഷമുള്ള ആദ്യ ചിത്രങ്ങൾ എന്ന അടിക്കുറിപ്പോടെയാണ് വാർത്ത പ്രസിദ്ധീകരിച്ചതും. ഈ ചിത്രങ്ങൾ മലയാളികൾ പലരും സോഷ്യൽ മീഡിയയിൽ എത്തിച്ചതോടെ സാജുവിനെ ആക്ഷേപിക്കും മട്ടിൽ ഉള്ള കമന്റുകളും തുരുതുരാ എത്തിയിരുന്നു. ജയിൽ ഉദ്യോഗസ്ഥന്റെ കൈപിടിച്ച് ചാര നിറത്തിൽ ഉള്ള ട്രാക്ക് സ്യുട്ട് ഇട്ടാണ് സാജു വാർത്തകളിൽ നിറയുന്നത്. മുഖത്ത് പ്രത്യേക ഭാവ വത്യസം ഒന്നുമില്ലാത്ത സാജുവിന്റെ ചിത്രമാണ് പലരെയും സോഷ്യൽ മീഡിയയിൽ പ്രകോപനത്തോടെ കമന്റ് ചെയ്യാൻ പ്രേരിപ്പിച്ചത്.
എംബസിയിൽ ഫ്യൂണറൽ ഡിറക്ടറുടെ ക്വോട്ട് എത്തി, തെറ്റായ പ്രചാരണം നടത്തിയവർക്കെതിരെ പരാതിയും
അതിനിടെ അഞ്ചുവിന്റെയും മക്കളുടെയും മൃതദേഹങ്ങൾ നാട്ടിൽ എത്തിക്കാൻ എംബസി ആവശ്യപ്പെട്ടത് അനുസരിച്ചു ഫ്യൂണറൽ ഡയറക്ടർ 6500 പൗണ്ടിന്റെ(ആറു ലക്ഷം രൂപ) ക്വാട്ട് ഇതിനകം സമർപ്പിച്ചിട്ടുണ്ട്. ഈ പണം എംബസിയുടെ ഫണ്ടിൽ നിന്നും തന്നെ കൈമാറും. ഇക്കാര്യത്തിലും ഉറപ്പു ലഭിച്ചതോടെ മൃതദേഹം പൊലീസ് വിട്ടു നൽകിയാൽ ഉടൻ നാട്ടിൽ എത്താനുള്ള സാഹചര്യം ഒരുങ്ങുകയാണ്. എംബസിയിൽ നിന്നും പണം ലഭിക്കില്ല എന്ന മട്ടിൽ പ്രചാരണം നടത്തിയവർക്ക് എതിരെ നടപടി വേണമെന്ന ആവശ്യവും ഇതിനിടെ ശക്തമായിട്ടുണ്ട്. വിദേശ രാജ്യത്ത് ഇന്ത്യൻ എംബസിയുടെ സത്കീർത്തി നശിപ്പിക്കും വിധത്തിൽ പ്രചാരണം നടത്തിയവരെ കണ്ടെത്തി മാതൃകാപരമായ നടപടികൾ സ്വീകരിക്കണമെന്നാണ് കേന്ദ്ര സർക്കാരിൽ യുകെ മലയാളി സമൂഹത്തിൽ നിന്നും ആവശ്യം ഉയർന്നിരിക്കുന്നത്.
കേറ്ററിങ് കൂട്ടക്കൊല ഉണ്ടായതു മുതൽ എല്ലാ വിവരങ്ങൾക്കും കേന്ദ്ര മന്ത്രി വി മുരളിധരൻ, കോട്ടയം എംപി തോമസ് ചാഴികാടൻ, സുരേഷ് ഗോപി എന്നിവർക്കും നോർക്കയ്ക്കും എംബസിയിൽ നിന്നും തത്സമയം വിവരങ്ങൾ കൈമാറിയിട്ടും എന്തുകൊണ്ട് തെറ്റായ പ്രചാരണം ഉണ്ടായി എന്ന ചോദ്യമാണ് സജീവമായി ഉയരുന്നത്. തോമസ് ചാഴികാടൻ എംപി ലോക കേരള സഭ അംഗം അടക്കമുള്ളവരെയും പരിചയക്കാരെയും വിളിച്ചു എംബസിയിൽ നിന്നും തനിക്ക് ലഭിച്ച ഉറപ്പുകൾ വ്യക്തമാക്കുകയും ചെയ്തിരുന്നു. എന്നാൽ അതിനെയൊക്കെ മറികടക്കും വിധമാണ് എംബസിക്കും കേന്ദ്ര കേരള സർക്കാരുകൾക്കും അവമതി സൃഷ്ടിക്കും വിധം യുകെ മലയാളികൾക്കിടയിൽ പ്രചാരണം നടന്നത്. ഭാവിയിൽ ഇത്തരത്തിൽ ആരും സർക്കാരുകൾക്ക് മുകളിൽ കാര്യങ്ങൾ ചെയ്യാൻ തയ്യാറാവരുത് എന്ന ആവശ്യമാണ് ഇപ്പോൾ കേന്ദ്ര കേരള സർക്കാരുകളുടെ മുന്നിൽ എത്തിയിരിക്കുന്നത്.
കുറഞ്ഞത് 30 വർഷത്തെ ശിക്ഷയ്ക്ക് സാധ്യത, സഖാവ് ബാലയുടെ ശിക്ഷക്ക് ശേഷമുള്ള വൻശിക്ഷ തേടിയെത്തുന്ന മലയാളിയാകും സാജു മൂന്നു പേരുടെ കൊലപാതകവും അതിൽ രണ്ടു കുട്ടികളും ഉൾപ്പെട്ടതോടെ പരമാവധി ശിക്ഷ ഉറപ്പാക്കാനുള്ള ശ്രമമാകും പ്രോസിക്യൂഷൻ ഏറ്റെടുക്കുക. സമാനമായ സംഭവത്തിൽ മുൻപ് കോടതികൾ കുറഞ്ഞത് 30 വർഷത്തെ ജയിൽ വാസമോ ശേഷ ജീവിതം പൂർണമായും ജയിലഴിക്കുള്ളിൽ ആകുവാനോ ഉള്ള സാധ്യതയും തള്ളിക്കളയാനാകില്ല. മുൻപ് മകൾ അടക്കം അനേകം പേരെ വര്ഷങ്ങളോളം തടവറയിൽ ആക്കിയ കേസിൽ മാവോയിസ്റ്റ് കൾട്ട് നേതാവ് ആയി സ്വയം ചമഞ്ഞ അരവിന്ദൻ ബാലകൃഷ്ണൻ എന്ന സഖാവ് ബാലയെ സൗത്ത് വാർക്ക് ക്രൗൺ കോടതി 23 വർഷത്തേക്കാണ് ജയിലിൽ ഇട്ടത്.
എന്നാൽ ശിക്ഷ ലഭിക്കുമ്പോൾ 75 വയസായിരുന്ന സഖാവ് ബാല ആറു വർഷത്തോളം ജയിലിൽ കിടന്ന ശേഷം മരിക്കുക ആയിരുന്നു. 2016 ജനുവരിയിൽ ജയിലിൽ എത്തിയ ബാല ഇക്കഴിഞ്ഞ ഏപ്രിലിലാണ് മരണത്തിനു കീഴടങ്ങുന്നത്. ജീവിതം ബാക്കി നിൽക്കെ ബാല പുറം ലോകത്തെത്തില്ല എന്നുറപ്പിച്ച കോടതി വിധി രാജ്യാന്തര ശ്രദ്ധ നേടുകയും ചെയ്തിരുന്നു. സമാനമായ സാഹചര്യത്തിലൂടെയാണ് കേറ്ററിങ് കൂട്ടക്കൊലയുടെ നാൾവഴികളും കടന്നു പോകുന്നത്. ഈ സാഹചര്യത്തിൽ സാജു ഇനി ജന്മനാട് കാണുക എന്നത് കോടതിയുടെ കരുണയിൽ മാത്രം സംഭവിക്കാനിരിക്കുന്ന കാര്യമായും മാറും.
കെ ആര് ഷൈജുമോന്, ലണ്ടന്. മറുനാടന് മലയാളി പ്രത്യേക പ്രതിനിധി.