- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
ബ്രിട്ടനിലെ നഴ്‌സുമാർ ശമ്പളം കൂട്ടാൻ സമരം ചെയ്യുമ്പോൾ ശമ്പളം വേണ്ടെന്നു വച്ച് അധിക സമയം ജോലി ചെയ്യുന്ന മലയാളി നഴ്സ് ബിജോയ്; ഉറക്കം ട്രെയിനിൽ; വീട്ടിലെത്തുന്നത് പാതിരാവിൽ; ഗാർഡിയൻ ഫോട്ടോഗ്രാഫർ കൂടിയപ്പോൾ കിട്ടിയ ചിത്രങ്ങൾ ചർച്ചയിൽ; യുകെ മലയാളി നഴ്‌സുമാർക്ക് ഈ കഥ അഭിമാനം
ലണ്ടൻ: ബ്രിട്ടനിലെ ദേശീയ മാധ്യമങ്ങളിൽ മലയാളി മുഖങ്ങൾ പലപ്പോഴും പ്രത്യക്ഷപ്പെടുക കുപ്രസിദ്ധി നൽകുന്ന വാർത്തകളുമായാണ്. കുറ്റകൃത്യങ്ങളുടെ ഭാഗമായി ഇത്തരത്തിൽ വാർത്തയും ചിത്രങ്ങളും എത്തുന്നത് പലപ്പോഴും ഒരു കുടിയേറ്റ സമൂഹം എന്ന നിലയിൽ തദ്ദേശീയരുടെ കുറ്റപ്പെടുത്തൽ കേൾക്കാൻ സമൂഹത്തിൽ എല്ലാവരും നിന്ന് കൊടുക്കേണ്ടിയും വരാറുണ്ട്
എന്നാൽ അപൂർവമായി എത്തുന്ന നല്ല വാർത്തകളിൽ ഇപ്പോൾ ഇടം പിടിച്ചിരിക്കുന്നത് ഫെൽതാമിൽ താമസിക്കുന്ന മലയാളി നഴ്സ് ബിജോയ് സെബാസ്റ്റ്യനാണ്. വേതനം പോരെന്ന ന്യായമായ ആവശ്യത്തിന് എൻഎച്ചഎസ് നഴ്‌സുമാർ മാസങ്ങളായി സമരം ചെയ്യുമ്പോൾ വേതനം ഇല്ലാതെ ഓരോ ദിവസവും അധിക ജോലി ചെയ്യാൻ തയ്യാറായ ബിജോയുടെ സേവന സന്നദ്ധതയും ത്യാഗവുമാണ് ഇപ്പോൾ ദേശീയ മാധ്യമയായ ദി ഗാർഡിയനിൽ ഫോട്ടോ ഫീച്ചറായി പ്രത്യക്ഷപ്പെട്ടിരിക്കുന്നത്.
ഒരു നഴ്‌സിന്റെ തിരക്കിൽ മുങ്ങുന്ന ദിവസം എങ്ങനെയായിരിക്കും
ബിജോയുടെ ഒരു ദിവസം പൂർണമായി പകർത്തുകയായിരുന്നു പത്രത്തിന്റെ ഫോട്ടോഗ്രാഫറായ ടോം ഫിൽസ്റ്റാൻ. അദ്ദേഹത്തിന്റെ തന്നെ മികച്ച എഴുത്തും കൂടി ചേർന്നപ്പോൾ ഈ ഫോട്ടോ ഫീച്ചർ എന്തുകൊണ്ട് യുകെയിൽ മലയാളി നഴ്‌സുമാർ അംഗീകരിക്കപ്പെടുന്നു എന്നതിന്റെ നേർ ഉദാഹരണം കൂടി ആയി മാറുകയാണ്. കോവിഡ് നിയന്ത്രണ വിധേയമായതിന്റെ വാർഷിക ദിനത്തിലും എ ആൻഡ് ഇ പ്രതിസന്ധി രൂക്ഷമായപ്പോഴും ഒക്കെ വാർത്ത പ്രതിനിധി സംഘം ആശുപത്രികളിൽ തമ്പടിച്ചു ലൈവ് റിപ്പോർട്ടുകളിൽ ഓരോ മണിക്കൂറും എന്ത് സംഭവിക്കുന്നു എന്ന് വായനക്കാരിൽ എത്തിച്ച ഗാർഡിയൻ ഇപ്പോൾ ഒരു നഴ്‌സിന്റെ ഒരു ദിവസം എങ്ങനെ എന്നതിന്റെ സചിത്ര വിവരണമാണ് ബിജോയ് സെബാസ്റ്റ്യനിലൂടെ വായനക്കാരിൽ എത്തിച്ചിരിക്കുന്നത്.
അച്ഛനെ കാണാൻ കാത്തിരിക്കുന്ന മകൻ, കൈത്താങ്ങാകുന്ന ഭാര്യ
രാവിലെ എട്ടു മുതൽ തുടങ്ങുന്ന ജോലി വൈകിട്ട് എട്ടരയ്ക്ക് തീരുമെങ്കിലും ബിജോയ് അത് ശമ്പളം വാങ്ങാതെ അവസാനിപ്പിക്കുന്നത് പലപ്പോഴും പത്തു മണിക്കാണ്. ഒരു മിനിറ്റ് അധിക ജോലി ചെയ്താൽ കണക്ക് പറഞ്ഞു പണം വാങ്ങാൻ വ്യഗ്രത കാട്ടുന്നവർക്കിടയിൽ ഇങ്ങനെയും മനുഷ്യരുണ്ടോ എന്ന് ചോദിപ്പിക്കുകയാണ് ബിജോയുടെ സേവന സന്നദ്ധത. രാത്രി വൈകി ഡ്യൂട്ടി അവസാനിപ്പിച്ച് അർദ്ധ രാത്രിയോടെ ട്രെയിനും ബസും പിടിച്ചെത്തുന്ന ബിജോയിയെ തേടി എട്ടു വയസുകാരൻ മകൻ ഇമ്മാനുവൽ ഉറങ്ങാതെ പലപ്പോഴും കാത്തിരിക്കാൻ ശ്രമിക്കാറുണ്ടെങ്കിലും അവൻ അച്ഛനെ കാണാതെ ഉറക്കത്തിലേക്ക് വഴുതി വീഴുകയാണ് പതിവെന്നാണ് ഗാർഡിയൻ പറയുന്നത്.
മാത്രമല്ല വൈകിയുള്ള വീട്ടിലേക്കുള്ള വരവിൽ കടയിൽ അത്യാവശ്യ സാധനം വാങ്ങാൻ കയറിയാലും ഒഴിഞ്ഞ റാക്കുകളും ആണ് ബിജോയിയെ കാത്തിരിക്കാറുള്ളത്. എന്നാൽ അതൊന്നും കാര്യമായി എടുക്കാതെ തന്നെക്കൊണ്ട് സാധിക്കുന്ന ഒരു സേവനം ചെയ്യുന്നു എന്നതാണ് ബിജോയുടെ നിലപാട്. ഇക്കാര്യത്തിൽ ഭാര്യ ദിവ്യയുടെ പൂർണ സഹകരണവും പിന്തുണയും കിട്ടുന്നുവെന്നതും ചെറിയ കാര്യമല്ല.
ലണ്ടൻ യൂണിവേഴ്‌സിറ്റി കോളേജ് ഹോസ്പിറ്റൽ ക്രിട്ടിക്കൽ കെയർ ടീം സീനിയർ നഴ്‌സായി ജോലി ചെയ്യുകയാണ് ബിജോയ്. നഴ്‌സിങ് ബിജോയിയെ സംബന്ധിച്ച് അന്നം മാത്രമല്ല ജീവവായു കൂടി ആണെന്നാണ് അദ്ദേഹത്തിന്റെ സേവനം നിരീക്ഷയ്ക്കുന്നവർക്കു പറയാനാവുക. ഒരു മാസം ബിജോയ് അധികമായി ചെയ്യുന്ന ജോലിക്ക് വേതനം കണക്കാക്കുക ആണെങ്കിൽ അത് നൂറുകണക്കിന് പൗണ്ടിൽ പോലും ഒതുങ്ങില്ല. ജീവിതം ഏറ്റവും പ്രയാസകരമായി മാറിയിരിക്കുന്ന ബ്രിട്ടനിൽ അധികമായി കിട്ടുന്ന ഓരോ പെന്നിയും നൽകുന്ന ആശ്വാസമാണ് ബിജോയ് വേണ്ടെന്നു വയ്ക്കുന്നത്. ജീവിക്കാനുള്ളത് ജോലി ചെയ്യുന്നതുകൊണ്ട് തന്നെ ലഭിക്കുന്നുണ്ട്, അതിനാൽ അത്യാർത്തിയില്ല എന്നതാണ് ഈ യുവ നഴ്‌സിന്റെ പോളിസി.
ഹീത്രോവിൽ നിന്നും ഏറെ സമയമെടുത്ത് യൂണിവേഴ്‌സിറ്റി കോളേജ് ഹോസ്പിറ്റലിൽ ജോലിക്കെത്തുന്ന ബിജോയ് ഒരിക്കലും നേരം വൈകുന്നതിനെ കുറിച്ച് ചിന്തിക്കാറില്ല. കൂടെ ജോലി ചെയ്യുന്നവർക്കായാലും രോഗികൾക്കായാലും ഒരു പ്രയാസം ഉണ്ടന്ന് തോന്നിയാൽ അവർക്കായി അൽപ സമയം മാറ്റി വച്ച ശേഷമേ ബിജോയ് വീട്ടിലെത്തൂ. അതൊരു ശീലമായിപ്പോയി. രാത്രി പത്തരയാണ് വീട്ടിലെത്തുന്ന പതിവ് സമയം. അത് പക്ഷെ ചിലപ്പോൾ അർധരാത്രിയും ആകാം.
എന്തിനും മടികാട്ടാത്ത, ജോലി ഭാരത്തെ കുറിച്ച് ചിന്തിക്കാത്ത റോൾ മോഡൽ
രാവിലെ ജോലിക്കെത്തുമ്പോൾ തന്നെ ജോലി ഭാരം മൂലം കൂടെയുള്ള പലരുടെയും മുഖം വാടിയിരിക്കുമെങ്കിലും അവരെ പ്രസന്ന വദനരാക്കുവാൻ ബിജോയിയുടെ സാന്നിധ്യം മാത്രം മതിയാകും. ജോലിക്കൊപ്പമുള്ള സഹായം മാത്രമല്ല സംശയങ്ങളും സഹായങ്ങളും ഒന്നിച്ചുള്ള പരിഹാരവും ബിജോയിയുടെ കൈവശമുണ്ട്. അതിനാൽ പുതുതായി ജോലിക്കെത്തുന്നവർക്കു ഓടിയെത്താനുള്ള റെസ്‌ക്യൂ പോയിന്റ് കൂടിയാണ് ബിജോയ് എന്ന യുവ നഴ്സ്. സീനിയർ ടീമിനൊപ്പമുള്ള മീറ്റിംഗിൽ ഇരിക്കുന്ന ബിജോയിയെ കാണുന്ന സഹപ്രവർത്തകർ അൽപം കഴിഞ്ഞാൽ കാണുക ശ്വാസമെടുക്കാൻ പ്രയാസപ്പെടുന്ന രോഗിയെ സഹായിക്കുന്നിടത്താകും.
അത് കഴിഞ്ഞാൽ സഹപ്രവർത്തകരായ ജൂനിയർ ടീമിന് വേണ്ടി കാര്യങ്ങൾ പറഞ്ഞു നൽകുന്ന മെന്ററായും ഓടിയെത്താൻ ബിജോയിക്ക് മടുപ്പില്ല. ഒരു സപ്പോർട് വർക്കർ ചെയ്യേണ്ട ജോലിയാണെങ്കിൽ പോലും അത് ചെയ്യാൻ ആളില്ലെന്നു കണ്ടാൽ ആരോടും പറയാതെ സ്വയം ഏറ്റെടുക്കുന്ന ടീം ലീഡർ ആകാനും ബിജോയിക്ക് കഴിയും. താൻ ഇങ്ങനെയൊക്കെ ചെയുന്നതുകൊണ്ട് മറ്റുള്ളവർ അലസരായി മാറുമോ എന്നൊന്നും ബിജോയ് ചിന്തിക്കാറില്ല. പകരം അവരും ജോലി ചെയ്യാൻ ഉത്സാഹമുള്ളവർ ആയി മാറുമെന്നാണ് അദ്ദേഹം കരുതുന്നത് - ബിജോയിയെ കുറിച്ച് പറയുമ്പോൾ മാധ്യമ പ്രവർത്തകൻ ടോം ഫിൽസ്റ്റേണിന്റെ വാക്കുകൾക്ക് യാതൊരു പഞ്ഞവുമില്ല.
''ഈ നാടിനെ സ്നേഹിക്കുമ്പോഴും വ്യാകുലപ്പെടാനും കാരണമുണ്ട് ''
ഒരു പതിറ്റാണ്ട് മുൻപ് യുകെയിൽ എത്തിയ നഴ്സ് ദമ്പതികളാണ് ബിജോയിയും ദിവ്യയും. ജോലിയെ സംബന്ധിച്ചാണെങ്കിൽ ഇരുവർക്കും ഇതുവരെ യാതൊരു പരാതിയും ഉണ്ടായിട്ടില്ല. മാത്രമല്ല എൻഎച്ച്എസിൽ ജോലി ചെയ്യാനായത് എന്തോ ഭാഗ്യമെന്നു കരുതുന്ന മാതൃകാ നഴ്സ് കൂടിയാണ് ഇരുവരും. ഈ നാടിനെ സ്നേഹിക്കുമ്പോഴും കുറഞ്ഞ വേതനവും ഉയർന്ന ജീവിത ചിലവും ഒക്കെ മറ്റെല്ലാവരെയും പോലെ ബിജോയിയേയും വ്യാകുലപ്പെടുത്തുന്നുണ്ട്. എന്നാൽ സീനിയർ നഴ്സ് എന്ന നിലയിൽ അധിക വേതനം ലഭിക്കുന്നതിനാൽ ഏറ്റവും ജൂനിയർ ആയി എത്തുന്ന സഹപ്രവർത്തകരുടെ വേദനയും പ്രയാസവും ഒക്കെ മനസിലാകും എന്നും ബിജോയ് കൂട്ടിച്ചേർക്കുന്നു.
ബിജോയിക്കൊപ്പം വന്ന നഴ്‌സുമാരുടെ പൊടിപോലുമില്ല കണ്ടുപിടിക്കാൻ
പന്ത്രണ്ടു വർഷം മുൻപ് ബിജോയ് യുകെയിൽ എത്തിയപ്പോൾ കൂടെ അതെ വിമാനത്തിൽ ഉണ്ടായിരുന്നത് മറ്റു 11 മലയാളി നഴ്‌സുമാർ കൂടിയാണ്. അവരിലിപ്പോൾ മൂന്നു പേർ മാത്രമാണ് എൻഎച്ച്എസിൽ തുടരുന്നത് എന്നറിയുമ്പോൾ യഥാർത്ഥ പ്രശനം എന്തെന്ന് വ്യക്തമാകാൻ വേറെ ഉദാഹരണം ആവശ്യമില്ല. മലയാളി നഴ്‌സുമാർ യുകെയിൽ വരുന്നതിനേക്കാൾ വേഗത്തിൽ മടങ്ങുന്നു എന്ന പല്ലവിക്ക് ഇതിലും വലിയ ഉദാഹരണം വേറെ കിട്ടാനുമില്ല. ഒരു നഴ്‌സിനെ യുകെയിൽ എത്തിക്കാൻ എൻഎച്ച്എസ് 10,000 പൗണ്ട് ശരാശരി ചെലവാക്കുമ്പോൾ അതിൽ എത്ര പേരെ രാജ്യത്തിന് സേവനത്തിനായി ലഭിക്കുന്നു എന്നതാണ് ബിജോയുടെ അനുഭവം തെളിയിക്കുന്നത്.
അടുത്തകാലത്തായി ഓസ്‌ട്രേലിയ, ന്യുസിലാൻഡ്, കാനഡ, അമേരിക്ക എന്നിവിടങ്ങളിലേക്ക് യുകെയിൽ നിന്നും മലയാളി നഴ്‌സുമാർ കൂട്ടത്തോടെ കുടിയേറാൻ കാരണം കുറഞ്ഞ വേതനവും പിടിവിട്ടു പോയ ജീവിത ചിലവും തന്നെയാണ്. ഇതിനു എന്നൊരു പരിഹാരം ഉണ്ടാകും എന്ന കാര്യത്തിൽ ഒരു ധാരണ പോലും നൽകാൻ സർക്കാരിന് ഇല്ലാത്ത സാഹചര്യത്തിൽ ഈ ഒഴുക്ക് ഇനിയും തുടരും എന്ന് വ്യക്തമാണ്.
''പത്തു വർഷം മുൻപ് തങ്ങൾ ഒരാൾക്ക് വിടപറയൽ പാർട്ടി നൽകിയിട്ടിരുന്നത് അഞ്ചോ ആറോ മാസം കൂടുമ്പോൾ ആയിരുന്നത് ഇപ്പോൾ മാസത്തിൽ അഞ്ചോ ആറോ ആയി മാറിയിട്ടുണ്ട്. ഇതിൽ നിന്നും ട്രെന്റ് വ്യക്തമാണ്. പുറമെ നിന്ന് കാണുന്ന പോലെയല്ല അകത്തെ കാര്യങ്ങൾ. ഓരോ നഴ്സ് ജോലി വിടുമ്പോഴും ഒരു രോഗിയുടെ കാര്യമാണ് കുഴപ്പത്തിലാകുന്നത്. മറ്റൊരു നഴ്‌സിന്റെ ജോലി ഭാരമാണ് അധികരിക്കുന്നത്.
പെൻഷൻ സ്‌കീം വേണ്ടെന്നു വച്ച് ആ പണം വീട്ടു സാധനം വാങ്ങാൻ ഉപയോഗിക്കേണ്ട പുതുതായി ജോലിക്കെത്തുന്ന നഴ്‌സുമാരുടെ അനുഭവം നെഞ്ചിൽ കനമേറിയെ കേട്ടിരിക്കാനാകൂ -'', ബിജോയ് പറയുന്ന വാക്കുകൾക്ക് സത്യസന്ധമായ നിരീക്ഷണത്തിന്റെ തിളക്കമുണ്ട്. ''തങ്ങൾക്ക് രണ്ടു പേർക്കും മികച്ച ശമ്പളം ഉണ്ടായിട്ടും പലപ്പോഴും ചെലവ് താങ്ങാൻ അധിക ഷിഫ്റ്റുകൾ ചെയ്യേണ്ടി വരുകയാണ്. ഇത് ഏക മകനോടൊപ്പം ചെലവിടാനുള്ള സമയമാണ് അപഹരിക്കുന്നത്. പക്ഷെ വേറെ മാർഗമില്ല'', പത്തുവർഷത്തിലേറെ അനുഭവമുള്ള ഒരു നഴ്‌സിന്റെ ജീവിതാവസ്ഥ ഇതാണെങ്കിൽ പുതുതായി എത്തുന്നവരുടെ കാര്യം എന്താകും എന്നാണ് ബിജോയ് കൂട്ടിച്ചേർക്കുന്നത്.
കെ ആര് ഷൈജുമോന്, ലണ്ടന്. മറുനാടന്‍ മലയാളി പ്രത്യേക പ്രതിനിധി.