ലണ്ടൻ: ഒരു വശത്തു പണപ്പെരുപ്പം തലപ്പൊക്കത്തിലും ഉയർന്നു നിൽക്കുമ്പോൾ താഴേക്ക് പിടിച്ചിരുത്താൻ എല്ലാ മാസവും പലിശ നിരക്ക് ഉയർത്തി കൊണ്ടിരിക്കുന്ന ബാങ്ക് ഓഫ് ഇംഗ്ലണ്ട്. മറുവശത്തു സ്ഥിരതയില്ലാത്ത സർക്കാരുമായി തല തിരിഞ്ഞ നയങ്ങളുമായി കൺസർവേറ്റീവ് പാർട്ടി. ഈ രണ്ടു വിരുദ്ധ ധ്രുവങ്ങൾക്കിടയിൽ പെട്ട് ചതഞ്ഞരയുകയാണ് ബ്രിട്ടീഷ് സമ്പദ് വ്യവസ്ഥയും നാണയത്തിന്റെ അന്താരാഷ്ട്ര മൂല്യവും.

മുൻ ചാൻസലർ കൂടിയായിരുന്ന ഋഷി സുനക്കിനോട് സാമ്പത്തിക കാര്യങ്ങളിൽ ഏറ്റുമുട്ടി സമർത്ഥയാണെന്നു കാണിക്കാൻ പ്രധാനമന്ത്രി ആയി രംഗത്ത് വന്ന ലിസ് ട്രസ് വാരിക്കോരി നടത്തിയ പ്രഖ്യാപനങ്ങൾക്ക് സാധൂകരണം നൽകാൻ മണ്ടത്തരം നിറഞ്ഞ ആശയങ്ങളും പ്രഖ്യാപനങ്ങളുമായി വെള്ളിയാഴ്ച മിനി ബജറ്റ് അവതരിപ്പിച്ച പുതിയ ചാൻസലർ ക്വസി ക്വർട്ടങ്ങിന്റെ നയത്തിന് തലക്കടിയേറ്റു തളർന്നു കിടക്കുകയാണ് പൗണ്ടിന്റെ മൂല്യം.

മണ്ടൻ ബജറ്റിന് ബലിയാടാവുന്നത് സാധാരണക്കാർ

ബജറ്റ് പുറത്തുവന്ന ഉടൻ തന്നെ പൗണ്ടിന്റെ മൂല്യം ഇടിയുന്ന സൂചനയും പുറത്തു വന്നിരുന്നു. പലിശ നിരക്ക് ഉയർത്തിയ ഫെഡറൽ ബാങ്കിന്റെ തോളിൽ ചാരി ഡോളർ മൂല്യം ഉയർത്തിയപ്പോൾ അതേ പാതയിൽ നിരക്കുയർത്തിയ ബാങ്ക് ഓഫ് ഇംഗ്ലണ്ടിന്റെ നീക്കത്തിന് പാരയായി മാറിയത് പിറ്റേ ദിവസം തന്നെ 45 ബില്യന്റെ നികുതി ആനുകൂല്യങ്ങളുമായി എത്തിയ ക്വസിയുടെ ബജറ്റാണ്. ഇത്തരം ആനുകൂല്യങ്ങൾക്കൊപ്പം ഹൗസിങ് വിപണിയിൽ ഊഹക്കച്ചവടത്തിനു സാധ്യത ഏറ്റി സ്റ്റാമ്പ് ഇളവ് കൂടി പ്രഖ്യാപിച്ചതോടെ തിരിച്ചടി ഇരട്ടിയായി.

വീട് വിപണി താങ്ങാനാകാത്ത വിലയിലേക്ക് ഉയർന്നു പോയാൽ അതും നാണയപ്പെരുപ്പത്തിനും വിലക്കയറ്റത്തിനും കാരണമായി മാറും എന്ന് വിദഗ്ദ്ധർ ചൂണ്ടിക്കാട്ടിയതോടെ പൗണ്ടിന്റെ നില പരുങ്ങലിൽ ആകുക ആയിരുന്നു. ഉടനെയൊന്നും നാണയ വിപണി ഉയരില്ല എന്ന സൂചന ശക്തമായതോടെ പൗണ്ടിന് എതിരെ നേട്ടമെടുത്തു മുന്നേറുകയാണ് ഡോളർ. കഴിഞ്ഞ 37 വർഷത്തിനിടയിൽ സംഭവിക്കാത്ത കാഴ്ചകളാണ് ഇപ്പോൾ പൗണ്ടിനെ തുറിച്ചു നോക്കുന്നത്.

ക്വസി പ്രഖ്യാപിച്ച ആനുകൂല്യങ്ങൾ നൽകാൻ സർക്കാരിന് വലിയ തോതിൽ കടം എടുക്കേണ്ടി വരും എന്ന ഭീതിയാണ് അന്താരഷ്ട്ര വിപണിയിൽ പൗണ്ടിനെ തളർത്തുന്നത്. ബ്രിട്ടന്റെ കടമെടുപ്പ് പിടിച്ചു നിർത്തിയ ഋഷി സുനക്കിൽ നിന്നും നേരെ എതിർ ദിശയിലാണു ലിസ് ട്രസും ക്വസിയും നീങ്ങുന്നത് എന്ന് വ്യക്തം. ജനങ്ങൾക്ക് താങ്ങാകാനുള്ള നടപടിയെന്ന് ഒറ്റ നോട്ടത്തിൽ തോന്നുമ്പോഴും കറൻസിയുടെ വിപണി മൂല്യം ഇടിയുന്നത് പിടിച്ചു നിർത്താൻ ആയില്ലെങ്കിൽ താങ്ങാനായി വന്നവനെ കൂടി ചുമക്കേണ്ട ഇരട്ട ഗതികേടിലേക്കാകും രാജ്യവും ജനങ്ങളും ചെന്നെത്തുക. രാഷ്ട്രീയ നേതൃത്വം ബുദ്ധിപൂർവം തീരുമാനം എടുത്തില്ലെങ്കിൽ ജനജീവിതം ദുരിതത്തിലാകാൻ അത്തരം മണ്ടൻ ആശയങ്ങൾ ധാരാളമാണെന്നു തെളിയിക്കുകയാണ് ഇപ്പോൾ ബ്രിട്ടീഷ് സമ്പദ് വ്യവസ്ഥ.

മാധ്യമ ആക്രമണത്തിൽ സർക്കാർ പതറുന്നു

ഇന്നലെ പുറത്തു വന്ന എല്ലാ ബ്രിട്ടീഷ് മാധ്യമങ്ങളും തന്നെ ക്വസിയുടേത് പണക്കാർക്ക് വേണ്ടിയുള്ള ബജറ്റാണെന്നു വമ്പൻ തലക്കെട്ട് നിരത്തിയാണ് ആക്രമിച്ചത്. പരമ്പരാഗതമായി കൺസർവേറ്റീവുകളെ തുണയ്ക്കുന്ന മാധ്യമങ്ങൾ പോലും ഇത്തവണ പിന്തുണ നൽകാനുണ്ടായില്ല എന്നതും കൗതുകമായി. ഇന്നലെ ചാനലുകളിലും റേഡിയോയിലും നടന്ന ബജറ്റ് ചർച്ചകളിൽ ശ്രോതാക്കൾ കൺസർവേറ്റീവുകളുടെ പക്ഷം പറയാൻ എത്തിയ നേതാക്കളെയും എംപിമാരെയും വാരിവലിച്ചിട്ടലക്കുക ആയിരുന്നു. മിക്ക എംപിമാർക്കും കൂക്കുവിളിയും കേൾക്കേണ്ടി വന്നു. അടുത്ത ഇലക്ഷനിൽ നിങ്ങളുടെ സീറ്റിൽ ഇതും പറഞ്ഞു വോട്ടു ചോദിച്ചു ചെല്ലാനാകുമോ എന്ന് കരുണയില്ലാതെ ചോദ്യങ്ങൾ ഉയർത്തിയ അവതാരകർക്കു മുന്നിലും ഭരണകക്ഷി അംഗങ്ങൾ വിയർത്തൊലിക്കുന്ന കാഴ്ചയാണ് മിനി ബജറ്റിന് ശേഷം ലഭിക്കുന്നത്.

ബ്രിട്ടൻ നിലനിൽപ്പിനായി കൂടുതൽ കടമെടുക്കുമ്പോൾ മെച്ചപ്പെടുന്നത് ഡോളറിന്റെ മൂല്യമാണ്. എല്ലാ കച്ചവടത്തിലും ഡോളറിനെ ആശ്രയിക്കുന്ന ബ്രിട്ടന് ലഭിക്കുന്ന ഇരട്ട പ്രഹരമാണ് ഇപ്പോൾ സംഭവിച്ചു കൊണ്ടിരിക്കുന്നത്. എഴുപതുകളുടെ മധ്യത്തിൽ ബ്രിട്ടീഷ് ജനത അനുഭവിച്ച ദുരിതത്തിലേക്കാണ് ലിസ് ട്രസ് സർക്കാർ ജനങ്ങളെ വലിച്ചു കൊണ്ട് പോകുന്നത് എന്ന് ബാങ്ക് ഓഫ് ഇംഗ്ലണ്ട് മുൻ നയവിദഗ്ധൻ ആയ മാർട്ടിൻ വീലിനെ പോലുള്ളവർ പറയുമ്പോൾ അത് കണ്ണടച്ച് തള്ളാനാകില്ല എന്നതാണ് വസ്തുത. കടുത്ത നയങ്ങൾ വരുമ്പോൾ നിക്ഷേപകർ ആവേശത്തോടെ ഓടി അടുക്കുന്നത് ആണെങ്കിലും ഇപ്പോൾ ബ്രിട്ടനെ വിശ്വാസത്തിൽ എടുക്കാൻ അന്താരാഷ്ട്ര നിക്ഷേപകർ തയ്യാറല്ല എന്നതാണ് മറ്റൊരു വസ്തുത.

മലയാളി വിദ്യാർത്ഥികൾക്ക് നേട്ടമായി

അതിനിടെ ഡോളറിനോട് നന്നേ ക്ഷീണിച്ചു പോയ പൗണ്ടിന് രൂപയുമായുള്ള വിനിമയത്തിലെ നഷ്ടം തന്നെയാണ്. ഇന്നലെ വിനിമയ നിരക്ക് വെറും 88 രൂപയായി താണിരിക്കുകയാണ്. ഒരു വർഷം മുൻപുള്ള നിരക്കുമായി താരതമ്യം ചെയ്യുമ്പോൾ ഏകദേശം പത്തു രൂപയോളമാണ് ഒരു പൗണ്ടിൽ ഇടിഞ്ഞിരിക്കുന്നത്. ഇത് വമ്പൻ നേട്ടമായി മാറുന്നത് വിദ്യാർത്ഥി വിസയിൽ എത്തികൊണ്ടിരിക്കുന്ന അനേകായിരങ്ങൾക്കാണ്. ഫീസ് അടക്കം ഉള്ള കൈമാറ്റത്തിൽ വൻതുക ലാഭിക്കാൻ കഴിയുന്ന സാഹചര്യമാണ് നിലനിൽക്കുന്നത്. പതിനായിരം രൂപയുടെ കൈമാറ്റത്തിൽ ഏകദേശം ആയിരം രൂപയോളം അധികമായി ലഭിക്കാൻ കഴിയും. വൻതുക കൈമാറേണ്ടി വരുമ്പോൾ ഇതിലൂടെ ലഭിക്കുന്ന അധിക നേട്ടവും ഏറെ വലുതാണ്.

തിരിച്ചടിയിൽ വിഷമിച്ചു നാട്ടിൽ നിന്നും വായ്പയെടുത്തു വന്നവർ

പത്തു ശതമാനത്തോളം സംഭവിച്ചു കഴിഞ്ഞ ഇടിവ് യുകെ മലയാളികളിൽ നാട്ടിലേക്കു പണം അയക്കേണ്ടി വന്നവർക്കും പാരയായിട്ടുണ്ട്. മാതാപിതാക്കളുടെ സംരക്ഷണത്തിനും എൽഐസി, വായ്പകൾ എന്നിവയ്ക്കായി പ്രതിമാസം പണം അയക്കേണ്ടവർ അധികമായി നല്ലൊരു തുക അയച്ചില്ലെങ്കിൽ ഉദ്ദേശിച്ച പണം കൈമാറി കിട്ടില്ല. വീടിനും വാഹനത്തിനും നാട്ടിൽ ലോൺ എടുത്തവർ ചുരുങ്ങിയത് മാസം അടവിൽ നൂറു പൗണ്ട് എങ്കിലും അധികം നൽകേണ്ടി വരും.

പ്രതിമാസം 25000 രൂപ എൽഐസി പ്രീമിയം അടക്കേണ്ടിയിരുന്നവർ ഇന്നത്തെ വിനിമയ മൂല്യം കണക്കാക്കുമ്പോൾ 45 പൗണ്ട് എങ്കിലും അധികം നൽകണം. ഇത്തരത്തിൽ ഓരോ വായ്പക്കും ഇടപാടിനും അധികമായി പണം നൽകേണ്ടി വരുന്നവരേക്കാൾ കഷ്ടമാണ് യുകെയിൽ എത്താൻ ഏജന്റിന് ദശലക്ഷങ്ങൾ വായ്പയെടുത്തു വന്നവരുടെ കാര്യം. സീനിയർ കെയർ വിസയിലും മറ്റും തുച്ഛ ശമ്പളം ലഭിക്കുന്ന സാഹചര്യത്തിൽ യുകെയിലെ ജീവിതത്തിനു പോലും പ്രയാസപ്പെടുമ്പോൾ നാട്ടിൽ വായ്പ എടുത്ത തുകയുടെ തിരിച്ചടിവിലേക്കു നൂറു പൗണ്ടിലേറെ അയക്കേണ്ടി വരും എന്നതും കടുത്ത പ്രയാസം തന്നെയാകും. ഈ സാഹചര്യം ഉടനെയൊന്നും മാറില്ല എന്ന വസ്തുതയാകട്ടെ അതിനേക്കാൾ പ്രയാസവും.