മരുമകനെ വധിക്കാന്‍ ശ്രമിച്ച മലയാളി വയോധികന് യുകെയില്‍ എട്ടു വര്‍ഷത്തെ ജയില്‍ വാസം; ഇറച്ചി വെട്ടാനുള്ള വലിയ കത്തി ആയുധമാക്കിയത് 71കാരന്
- Share
- Tweet
- Telegram
- LinkedIniiiii
ലണ്ടന്‍: ചെംസ്ഫോര്‍ഡ് മലയാളിയായ ഗൃഹനാഥന് മരുമകനെ വധിക്കാന്‍ ശ്രമിച്ച കേസില്‍ എട്ടു വര്‍ഷത്തെ ജയില്‍ വാസം. കഴിഞ്ഞ വര്‍ഷം നടന്ന സംഭവം യുകെ മലയാളികള്‍ അറിയുന്നത് കഴിഞ്ഞ ആഴ്ചത്തെ കോടതി വിധി ബിബിസി റിപ്പോര്‍ട്ട് ചെയ്യുമ്പോള്‍ മാത്രമാണ്. ചെംസ്ഫോര്‍ഡ് മലയാളികള്‍ക്കാകട്ടെ ഈ കുടുംബത്തെ കുറിച്ച് കാര്യമായ ധാരണയില്ലെന്നാണ് പ്രാദേശികമായി ലഭിക്കുന്ന വിവരങ്ങള്‍. അതിനിടെ മൂന്നു വയസുള്ള കുഞ്ഞുമായി അത്താഴം കഴിക്കാന്‍ ഇരിക്കുമ്പോഴാണ് മരുമകനെ അമ്മായിഅപ്പനായ മലയാളി വയോധികന് ചാക്കോ എബ്രഹാം തെങ്കരയില്‍ വധിക്കാന്‍ ശ്രമിക്കുന്നത്.
പിന്നില്‍ നിന്നും ഉള്ള ആക്രമണത്തില്‍ ഇറച്ചി വെട്ടാന്‍ ഉപയോഗിക്കുന്ന വലിയ കത്തിയാണ് ഇയാള്‍ ഇരയെ ആക്രമിക്കാന്‍ ഉപയോഗിച്ചത്. ശാരീരിക ശേഷിയില്‍ മരുമകനെ കീഴ്പ്പെടുത്തുക എളുപ്പമല്ല എന്ന ചിന്തയാകും പിന്നില്‍ നിന്നുള്ള ആക്രമണത്തിന് കാരണം എങ്കിലും മൂന്ന് വയസുള്ള കുഞ്ഞിന്റെ മുന്പില് ഇട്ടു വെട്ടുക എന്നത് ക്രൂരതയുടെ അസാധാരണ കാഴ്ചയായി വിലയിരുത്തപ്പെടുകയാണ്.
ഇയാള്‍ക്ക് കത്തികള്‍ വാങ്ങിച്ചു കൂട്ടുന്നത് ഹരം ആയിരുന്നെന്നു സ്വന്തം മകള്‍ തന്നെ പൊലീസിന് സാക്ഷി മൊഴി നല്‍കുകയും ചെയ്തിരുന്നു. അതിനിടെ നാട്ടിലെ സ്വത്തുക്കള്‍ സംബന്ധിച്ച തര്‍ക്കത്തില്‍ തനിക്കുള്ളത് നഷ്ടമാകുന്നു എന്ന തോന്നലിലാകാം ഇയാള്‍ അക്രമാസക്തനായത് എന്ന് ചെംസ്ഫോര്‍ഡ് മലയാളികള്‍ക്കിടയില്‍ ഊഹാപോഹങ്ങള്‍ പ്രചരിക്കുന്നുണ്ട്. ഇക്കാര്യത്തില്‍ പോലീസ് അന്വേഷണമോ കുടുംബം നടത്തിയ വെളിപ്പെടുത്തലോ ലഭ്യമായിട്ടില്ല.
അതിനാല്‍ വധശ്രമത്തിലേക്ക് നയിച്ച പ്രകോപന കാരണമെന്തെന്ന് ഇനിയും വ്യക്തമല്ല. ലണ്ടനിലെ മറ്റൊരു പ്രദേശത്തു നിന്നും താമസം മാറി എത്തിയ കുടുംബം എന്ന നിലയില്‍ പ്രദേശത്തു കാര്യമായ സൗഹൃദ വൃന്ദം ഇല്ലാതെ പോയതും ചാക്കോ അബ്രഹാമിന്റെ പ്രവര്‍ത്തികള്‍ക്ക് ദുരൂഹതയുടെ മൂടുപടം വീഴാന്‍ കാരണമായിട്ടുണ്ട്.
ഇക്കഴിഞ്ഞ ബുധനാഴ്ചയാണ് ചെംസ്ഫോര്‍ഡ് ക്രൗണ്‍ കോടതി ഇദ്ദേഹത്തെ എട്ടു വര്‍ഷത്തേക്ക് ശിക്ഷിച്ചിരിക്കുന്നത്. കഴിഞ്ഞ വര്‍ഷം ചാള്‍സ് രാജാവ് അധികാരമേല്‍ക്കുന്ന മെയ് ആറിനാണ് ചാക്കോ അബ്രഹാമിന്റെ ക്രൂരതയും അരങ്ങേറുന്നത്. തലയ്ക്ക് പിന്നില്‍ നിന്നും വെട്ടേറ്റ മരുമകന് പിടഞ്ഞെഴുന്നേറ്റു ചാക്കോയില്‍ നിന്നും കത്തി പിടിച്ചു വാങ്ങാന്‍ ശ്രമിച്ചതോടെ അക്രമി പതറിപോകുക ആയിരുന്നു. മറ്റൊരു കത്തിയുമായി മരുമകന് പ്രത്യാക്രമണം നടത്താന്‍ തുനിഞ്ഞതായും റിപ്പോര്‍ട്ടുകള്‍ പറയുന്നു. ഗുരുതരമായി മുറിവേറ്റ ഇയാള്‍ വീടിനു പുറത്തു കടന്നു ആളുകളില്‍ നിന്നും സഹായം തേടുക ആയിരുന്നു.
അയല്‍വാസികളുടെ സഹായത്തോടെ വീടിനു അകത്തേക്ക് പ്രവേശിച്ച മരുമകന് ചാക്കോ എബ്രഹാം മൂന്നാമതൊരു കത്തിയുമായി നില്ക്കുന്ന കാഴ്ചയാണ് കണ്ടത്. ഇതിനിടയില്‍ പോലീസ് എത്താന്‍ വൈകിയപ്പോഴേക്കും ചാക്കോയുടെ കയ്യില്‍ നിന്നും കത്തികള്‍ പിടിച്ചു വാങ്ങുന്നതില്‍ മരുമകന് ഉള്‍പ്പെടെയുള്ളവര്‍ വിജയിച്ചിരുന്നു. ശരീരത്തില്‍ നിന്നും അരലിറ്ററോളം രക്തം വാര്‍ന്നു പോയ ഇയാളെ ഉടന്‍ ആശുപത്രിയില്‍ എത്തിച്ചാണ് ജീവന് രക്ഷിച്ചത്. തലയോട് പൊട്ടിയ നിലയിലാണ് ഇയാളെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചതും.
കേരളത്തില്‍ നിന്നും യുകെയിലേക്കുള്ള പറിച്ചു നടല്‍ ചാക്കോയെ സമ്മര്‍ദ്ദത്തിലാക്കി
ജീവിതകാലം മുഴുവന്‍ മരുന്നുകള്‍ കഴിക്കേണ്ട ചാക്കോയെ 2019ലാണ് മകളും മരുമകനും ചേര്‍ന്ന് യുകെയിലേക്ക് ക്ഷണിച്ചത്. പിതാവിനെ സംരക്ഷിക്കാനായി മകള്‍ വലിയൊരു തുക വായ്പയും എടുത്തിരുന്നു. ഇത് പിതാവിന്റെ ചികിത്സ ആവശ്യത്തിന് എന്നാണ് പറഞ്ഞിരുന്നത്. എന്നാല്‍ ഏതാനും മാസങ്ങള്‍ക്ക് ശേഷം ഈ വായ്പയെയും മറ്റു പണമിടപാടിനെ പറ്റിയും ചാക്കോയും മകളും മരുമകനും തമ്മിലുള്ള ബന്ധം വഷളായി.
എന്നാല്‍ ഇംഗ്ലണ്ട് ജീവിതം ചാക്കോ ആസ്വദിച്ചിരുന്നതായി കാണാനാകില്ല എന്നാണ് ജഡ്ജിയും വിധിപ്രസ്താവത്തില്‍ ചൂണ്ടിക്കാട്ടിയത്. മലയാളം മാത്രം സംസാരിക്കുന്ന അദ്ദേഹത്തിന്റെ മനോനില ഊഹിക്കാവുന്നതാണെന്നും ജയിലില്‍ തീര്‍ച്ചയായും അയാള്‍ ഭാഷ കൈകാര്യം ചെയ്യാനറിയാത്തതിനാല്‍ ഏകാന്ത തടവിലായിരിക്കും എന്നും കോടതി വ്യക്തമാക്കിയിട്ടുണ്ട്.
അതേസമയം ഏതു സമയവും ജയിലില്‍ നിന്നും രക്ഷപ്പെട്ട് എത്തിയേക്കാവുന്ന ചാക്കോയുടെ സാന്നിധ്യം പോലും തനിക്ക് ഭയമാണ് എന്നാണ് മരുമകന് പറയുന്നത്. അതിനാല്‍ ഇയാള്‍ കിടപ്പുമുറിക്കും ലോക്ക് വച്ചിരിക്കുകയാണ്. കയ്യിലൊരു കത്തിയുമായി പ്രത്യക്ഷപ്പെടുന്ന ഭാര്യ പിതാവാണ് തന്റെ മനസ്സില്‍ എപ്പോഴുമെന്നും ഇയാള്‍ പറയുന്നു.