- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
നാളെ ചർച്ച് ഓഫ് ഇംഗ്ലണ്ടിൽ മലയാളിയായ ഷിലോ വർഗീസ് പൗരോഹിത്യം ഏറ്റെടുക്കുമ്പോൾ മൂന്നാമത്തെ ബിഷപ്പിനെയും കൂടിയാണോ മലയാളി സമൂഹത്തിനു ലഭിക്കുന്നതെന്ന ആകാംക്ഷയും; നഴ്‌സായി ജീവിക്കാൻ എത്തിയ ഷിലോ കർത്താവിന്റെ ദാസനായി മാറുമ്പോൾ പീറ്റർബറോയിൽ ആഹ്ലാദ നിമിഷങ്ങൾ പങ്കിടാൻ നാട്ടിൽ നിന്നെത്തിയ അതിഥികളും
ലണ്ടൻ: രണ്ടു പതിറ്റാണ്ട് മുൻപ് ആതുര സേവനത്തിനു നഴ്‌സായി എത്തിയ മലയാളി യുവാവ് നാളെ ബ്രിട്ടീഷ് അധികാര ശ്രേണിയിൽ പോലും കൈകടത്താൻ അവകാശമുള്ള ചർച്ച് ഓഫ് ഇംഗ്ലണ്ടിന്റെ വൈദികനായി മാറുന്നു. മുൻപ് മറ്റു ക്രിസ്ത്യൻ സഭകളിൽ വൈദികർ ആയിരുന്ന പല മലയാളികളും കാലക്രമേണ ചർച്ച ഓഫ് ഇംഗ്ലണ്ടിൽ എത്തിയിട്ടുണ്ടെങ്കിലും ഒരു സാധാരണക്കാരൻ വൈദിക പട്ടത്തിലേക്ക് എത്തുന്നത് ആദ്യമാണെന്ന് കരുതപ്പെടുന്നു. വൈദികർ ആയിരുന്ന ഡോ. ജോൺ പെരുമ്പല്ലതും സജു മുതലാളി എന്നറിയപ്പെടുന്ന വർഗീസ് മലയിൽ ലൂക്കോസും ചർച്ച ഓഫ് ഇംഗ്ലണ്ടിൽ ബിഷപ്പുമാരായി സേവനം ചെയ്യുമ്പോളാണ് മറ്റൊരു മലയാളി കൂടി ആ വഴിയേയാണോ എന്ന ആകാംഷ ഉയർത്തി നാളെ ഡീക്കൻ ഷിലോ വർഗീസ് വൈദികനായി സ്ഥാനമേൽക്കുന്നത്.
ഡോ. ജോൺ പെരുമ്പളത് ചെംസ്ഫോർഡിൽ നിന്നും ലിവർപൂളിൽ ബിഷപ്പായി എത്തിയപ്പോൾ ആദ്യ ബിഷപ്പായി നിയമനം ലഭിച്ച ലാഫ്ബറോയിൽ തന്നെ സേവനം ചെയ്യുകയാണ് സജു മുതലാളി. കഴിഞ്ഞ നാലു വര്ഷത്തിനിടെയാണ് ആകെയുള്ള 106 ബിഷപ്പുമാരുടെ കൂട്ടത്തിലേക്ക് രണ്ടു മലയാളികളെ തിരഞ്ഞെടുത്തത് എന്നതും വലിയ നേട്ടമായി വിലയിരുത്തപ്പെടുന്നു. ഈ സാഹചര്യത്തിൽ പൂർണ പദവികളോടെ ഒരു ദേവാലയത്തിന്റെ ചുമതല സ്ഥാനത്തേക്ക് മാത്രമല്ല വൈദികനായി ഷിലോ നിയമിക്കപ്പെടുന്നത്, അനേകം സ്‌കൂളുകളും അനുബന്ധ സ്ഥാപനങ്ങളും ഒക്കെയുള്ള സഭയിലേക്ക് അതിന്റെയെല്ലാം പങ്കാളിയായി സേവനം അനുഷ്ഠിക്കാനും ഷിലോക്ക് സാധിക്കും.
പീറ്റർബറോയിൽ ഉത്സവ പ്രതീതി
മലയാളി ക്രിസ്ത്യൻ വിശ്വാസികൾ കുടിയേറ്റത്തിന്റെ ആദ്യ നാളുകളിൽ ചർച്ച് ഓഫ് ഇംഗ്ലണ്ടിലെ പള്ളികളിൽ നിത്യ സന്ദർശകർ ആയിരുന്നെകിലും സഭയും വിശ്വാസവും വളർന്നപ്പോൾ എല്ലാ സ്ഥലങ്ങളിലും എല്ലാ ക്രിസ്ത്യൻ വിഭാഗങ്ങൾക്കും സ്വന്തമായി ദേവാലയം എന്ന സ്ഥിതി ആയതോടെ നല്ല ശതമാനം മലയാളി ക്രൈസ്തവരും ചർച്ച ഓഫ് ഇംഗ്ലണ്ടിനെ കൈവിടുക ആയിരുന്നു.
പീറ്റർബറോയിൽ എല്ലാ വിഭാഗം മലയാളി ക്രൈസ്തവർക്കും സ്വന്തമായി ആരാധന ഇടങ്ങൾ ഉണ്ടെങ്കിലും ദീർഘകാലമായി അറിയാവുന്ന ഷിലോ നാളെ വൈദികൻ ആയി മാറുമ്പോൾ അദ്ദേഹത്തിന് ആശംസ നേരാൻ മലയാളി സമൂഹം ഒന്നാകെ എത്തിച്ചേരും എന്നാണ് വിലയിരുത്തപ്പെടുന്നത്. ദൈവദാസനായി മാറുന്ന ഷിലോക്ക് പ്രാർത്ഥനകളും അനുഗ്രഹങ്ങളും നൽകാൻ മറ്റു സഭകളിലെ വൈദികരും എത്തിച്ചേരും എന്നതും പുതുമയാണ്. ഷിലോ വൈദികനായി മാറുന്ന ചടങ്ങിൽ സാക്ഷികളാകാൻ നാട്ടിൽ നിന്നും ബന്ധുക്കൾ അടക്കമുള്ള അതിഥികൾ എത്തിയതോടെ നാടെങ്ങും ഉത്സവ പ്രതീതിയിലാണ്.
ചടങ്ങിൽ സാക്ഷികളാകാൻ മലയാളി ബിഷപ്പുമാരുണ്ടാകില്ല
സ്വന്തം സഭയിലേക്കു മറ്റൊരു മലയാളി കൂടി ഈശ്വര സേവയ്ക്കായി എത്തിച്ചേരുമ്പോൾ സഭയിലെ രണ്ടു മലയാളി ബിഷപ്പുമാരായ ഡോ. ജോൺ പെരുമ്പല്ലതും സജു മുതലാളിയും ഉണ്ടാകില്ല എന്ന സങ്കടം ബാക്കിയാവുകയാണ്. നാളെ യുകെയിൽ എമ്പാടും പൗരോഹിത്യ സ്ഥാപന തിരുക്കർമ്മങ്ങൾ നടക്കുന്നതിനാൽ ഇരുവർക്കും സഭാ പരമായ ഏറെ ഉത്തരവാദിത്തങ്ങൾ സ്വന്തം രൂപത കേന്ദ്രങ്ങളിൽ ഉള്ളതുകൊണ്ടാണ് ഷിലോയ്ക്ക് അനുഗ്രഹമേകാൻ എത്തിച്ചേരാൻ കഴിയാതെ പോകുന്നത്. എങ്കിലും സ്ഥാനം ഏൽക്കുന്നതിനു മുൻപായി ഇരുവരുടെയും പ്രാർത്ഥനകൾ ഷിലോയെ തേടി എത്തിക്കഴിഞ്ഞു. പീറ്റർബറോ ബിഷപ്പ് ജോൺ ഹോൾബ്രൂക് ആയിരിക്കും ഷിലോയുടെ പൗരോഹിത്യ ചടങ്ങുകളിൽ മുഖ്യ കാർമ്മികത്വം വഹിക്കുക.
ജോലി കളഞ്ഞു പുരോഹിതനാകുന്ന ആദ്യ മലയാളി
കേരളത്തിലെ ക്രിസ്ത്യൻ സഭകളിൽ നിന്നും എത്തിയ വൈദികരിൽ പലരും നാട്ടിലേക്ക് മടങ്ങേണ്ട കാലം വരുമ്പോൾ അതിനു തയ്യാറാകാതെ ചർച്ച ഓഫ് ഇംഗ്ലണ്ടിൽ വൈദികരായ സംഭവങ്ങൾ പലകുറി കേട്ടവരാണ് യുകെ മലയാളികൾ. എന്നാൽ മികച്ച ശമ്പളമുള്ള നഴ്‌സിങ് ജോലി കളഞ്ഞു ഒരാൾ അതിനേക്കാൾ വരുമാനം കുറഞ്ഞ വികാരി പദവിയിലേക്ക് പോകുന്നത് ആദ്യമാണ്. അതിനാൽ സാമ്പത്തിക ലാഭം വേണ്ടെന്നു വച്ചുള്ള വലിയൊരു ത്യാഗവും കൂടിയാണ് ഷിലോ വർഗീസിന്റെ പൗരോഹിത്യം. പ്രത്യേകിച്ചും ഭാര്യയും കുട്ടികളും ഉള്ള ഒരു കുടുംബം കൂടി സംരക്ഷിക്കേണ്ട പശ്ചാത്തലത്തിൽ സാമ്പത്തിക ത്യാഗത്തിനു വലിയ പങ്കാണുള്ളത്.
തയ്യാറെടുപ്പിനു വേണ്ടി വന്നത് നാലു വർഷം, സഭ ചെലവിടുന്നത് ഒന്നര ലക്ഷം പൗണ്ട്
ചർച്ച് ഓഫ് ഇംഗ്ലണ്ടിലെ വൈദികർ ബ്രിട്ടനിലെ നിയമപരമായ കാര്യങ്ങൾ കൂടി അറിഞ്ഞിരിക്കണം എന്നതിനാൽ വളരെ വിപുലമായ കോഴ്സ് തന്നെയാണ് പൗരോഹിത്യത്തിന് മുന്നോടിയായി പാസാകേണ്ടത്. നാലുവർഷത്തെ നിരന്തര പഠനവും കഠിന പ്രയത്‌നവും ആണ് നാളെ നടക്കുന്ന ഷിലോയുടെ പൗരോഹിത്യം എന്ന് ജേഷ്ഠ സഹോദരനായ ബിജോ വ്യക്തമാക്കുന്നു. ഇതിനായി ഏകദേശം ഒന്നര ലക്ഷം പൗണ്ട് എങ്കിലും സഭ മുടക്കിയിട്ടുണ്ടാകും. കാരണം അത്രയും വൈവിധ്യമാർന്ന പഠനത്തിലൂടെയാണ് ഒരാൾ ചർച്ച് ഓഫ് ഇംഗ്ലണ്ടിൽ വൈദിക പദവിയിൽ എത്തുന്നതെന്നും ബിജോ കൂട്ടിച്ചേർക്കുന്നു. ഡറം യൂണിവേഴ്‌സിറ്റിയിൽ നിന്നുമാണ് അദ്ദേഹം തിയോളജിയിൽ ഗ്രാജുവേഷൻ പൂർത്തിയാക്കിയത്. തുടർന്നായിരുന്നു കഴിഞ്ഞ വർഷം ഡീക്കൻ പദവിയിൽ അവരോധിക്കപ്പെട്ടതും.
പണ്ടേയുള്ള ആഗ്രഹം, ഒടുവിൽ അവസരം ഒത്തത് അൾത്താര ശുശ്രൂഷയിൽ
വീട്ടിലെ സാഹചര്യങ്ങൾ വിപരീതം ആയതിനാലാണ് ചെറുപ്പകാലത്തെ വൈദികനാകുക എന്ന സ്വപ്നം ഷിലോക്ക് സാക്ഷാൽക്കരിക്കാൻ കഴിയാതെ പോയത്. പിന്നീട് നഴ്‌സിങ് പഠനവും വിവാഹവും ജോലിയും ഒക്കെ ആയതോടെ പൗരോഹിത്യ ചിന്തകൾക്കും അവധിയായി. ഇതിനിടയിൽ യുകെയിൽ എത്തി ബ്രിസ്റ്റോളിലും ഈസ്റ്റ് ഹാമിലും ഒക്കെ ജോലിയുമായി കഴിയവെയാണ് പീറ്റർബറോയിലേക്കു ബന്ധുവിന്റെ നിർബന്ധപ്രകാരം എത്തുന്നത്. ഇവിടെ മാർത്തോമ്മാ പള്ളിയിൽ സജീവം ആയപ്പോൾ തന്നെ വീടിന് അടുത്തുള്ള ചർച്ച ഓഫ് ഇംഗ്ലണ്ട് ദേവാലയത്തിലും പോയിത്തുടങ്ങി. അവിടെ അൾത്താര ശുശ്രൂഷയിലും മറ്റും കാണിച്ച ഉത്സാഹമാണ് ഇപ്പോൾ ഷിലോയെ ഒരു പുരോഹിതനാക്കി മാറ്റുന്നതിൽ നിർണായകമായി മാറിയത്.
പത്തനംതിട്ടയിലെ തടിയൂരിന് അടുത്ത വളക്കുഴി ഗ്രാമത്തിൽ നിന്നുമാണ് ഷിലോ ജീവിതത്തിന്റെ രണ്ടറ്റം മുട്ടിക്കാൻ യുകെയിൽ എത്തുന്നത്. എന്നാൽ യുകെ അദ്ദേഹത്തിനായി കരുതി വച്ചിരുന്ന നിയോഗം മറ്റൊന്നാണ്. ഒരു പക്ഷെ യുകെയിൽ എത്തിയില്ലായിരുന്നെങ്കിൽ ഒരിക്കലും നടക്കുമായിരുന്നില്ലാത്ത കാര്യമാണ് നാളെ ഷിലോയുടെ ജീവിതത്തിൽ സംഭവിക്കുന്നതും. ഭാര്യ ബിൻസിയും മക്കളായ അൻജെലും ജ്യുവലും ഒക്കെ ഷിലോയുടെ പൗരോഹിത്യ ചടങ്ങുകൾക്കായുള്ള കാത്തിരിപ്പിന്റെ അവസാന മണിക്കൂറുകൾ തള്ളിനീക്കുന്ന നിർനിമിഷത്തിലാണ്. ബോൺമൗത്തിൽ ഉള്ള സഹോദരി ഷിബിയും കുടുംബവും ഒക്കെ ഇതേ സന്തോഷത്തിന്റെ തന്നെ നിറവിലുമാണ്. കാനഡക്കാരനായ ഏക സഹോദരൻ ഷിലുവും സന്തോഷത്തിൽ പങ്കാളികളാകും. കുടുംബം ഒന്നിച്ചു കൂടുന്ന അപൂർവ്വതയും നാളെ പീറ്റർബറോയിൽ സാധ്യമാകും എന്നതാണ് ചടങ്ങിലെ വൈകാരിക മുഹൂർത്തമായി മാറുക.