കവൻട്രി: യുകെയിൽ മറ്റൊരു ചക്കക്കാലം കൂടി വാർത്തകളിൽ തലക്കെട്ടുകൾ സൃഷ്ടിക്കുകയാണ്. ചക്കയെന്നു കേട്ടാൽ വാ പൊളിക്കുമായിരുന്ന ബ്രിട്ടൻ ഇപ്പോൾ ലോകത്തു ചക്ക ഇറക്കുമതി ചെയ്യുന്ന രാജ്യങ്ങളിൽ മൂന്നാം സ്ഥാനത്ത് എത്തി എന്നതാണ് ഏറ്റവും പുതിയ വാർത്ത. ചക്കയും കപ്പയും മാങ്ങയും തിന്നു വളർന്ന മലയാളിക്ക് ബ്രിട്ടനിൽ കപ്പയും മാങ്ങയും അത്ര വലിയ നൊസ്റ്റാൾജിയ നൽകില്ലെങ്കിലും ചക്ക എന്നും വമ്പൻ വില കാരണം കൊതിപ്പിച്ചു കൊണ്ടേയിരിക്കുകയാണ്. കപ്പ ആഫ്രിക്കക്കാരുടെയും ഇഷ്ട ഭക്ഷണം ആയതിനാൽ വലിയ ഞെട്ടൽ നൽകാത്ത വിലയിൽ ധാരാളം ബ്രിട്ടനിലും ലഭ്യമാണ്.

അസ്ദയിലും മോറിസണിലും ഒക്കെ പച്ചക്കപ്പ ലഭിക്കുകയും ചെയ്യും. മാങ്ങ വളരെക്കാലം മുതൽ തന്നെ ബ്രിട്ടീഷുകാരെ കൊതിപ്പിക്കുന്ന ഫലം ആയതിനാൽ ഇന്ത്യ അടക്കമുള്ള രാജ്യങ്ങളിൽ നിന്നും ധാരാളമായി ഇറക്കുമതി ചെയ്യപ്പെടുന്നതിനാൽ യുകെയിലും ഉയർന്ന വില നൽകിയാലും യഥേഷ്ടം ലഭ്യമാണ്. എന്നാൽ കപ്പയ്ക്കും മാങ്ങയ്ക്കും ലഭിക്കുന്ന ഈ ആനുകൂല്യം ഒന്നും ഇതുവരെ ചക്കയ്ക്ക് ലഭിച്ചിരുന്നില്ല. കാരണം ലഭ്യത തിരഞ്ഞെടുത്ത ഏഷ്യൻ കടകളിൽ മാത്രമായി ചുരുങ്ങിയതാണ് ചക്കക്ക് പ്രസിദ്ധി ലഭിക്കാൻ തടസമായതും മലയാളികൾ അടക്കമുള്ള കുടിയേറ്റക്കാർക്ക് കൊതിയോടെ നോക്കി നിൽക്കേണ്ടി വന്നതും.

ചക്ക ജാതകം തെളിയുന്നു

പക്ഷെ ചക്ക യുകെയിൽ നേരിട്ട ഈ പ്രതിസന്ധി ഒക്കെ വളരെ വേഗം മറികടക്കും എന്ന സൂചനയാണ് ഇപ്പോൾ വിപണിയിൽ നിന്നും ലഭിക്കുന്നത്. യുഎഇ, അമേരിക്ക എന്നീ രാജ്യങ്ങൾ കഴിഞ്ഞാൽ ഏറ്റവും അധികം ചക്ക ഇറക്കുമതി ചെയ്യുന്ന രാജ്യമായി ബ്രിട്ടൻ മാറിയിരിക്കുകയാണ്. ഇന്ത്യ, ശ്രീലങ്ക, മലേഷ്യ എന്നിവിടങ്ങളിൽ നിന്നുമാണ് പ്രധാനമായി ചക്ക ബ്രിട്ടനിൽ വരുന്നത് എങ്കിലും തായ്‌ലാൻഡ്, ബ്രസീൽ എന്നിവിടങ്ങളിൽ നിന്നും ബ്രിട്ടീഷ് മാർക്കറ്റിൽ എത്തി തുടങ്ങിയിരിക്കുകയാണ്.

കഴിഞ്ഞ വർഷം ലണ്ടൻ മാർക്കറ്റിൽ ഒരു ചക്കയ്ക്ക് 160 രൂപ വിൽപന വില വന്നതോടെ അതുകണ്ടു അമ്പരന്ന ബിബിസി ലോകത്തെ ഏറ്റവും വലിയ പഴമെന്ന വിശേഷണത്തോടെ ചക്ക മാഹാത്മ്യം എഴുതിയപ്പോൾ യുകെയിൽ ചക്കയുടെ ജാതകം തെളിഞ്ഞു എന്ന് സൂചന കിട്ടിയതാണ്. ഇപ്പോൾ അത് ശരിവച്ചു ഓൺലൈൻ സൈറ്റുകളിൽ ചക്ക വില 300 പൗണ്ട് വരെ ആയി ഈ സീസണിൽ ഉയർന്ന കാര്യമാണ് വിപണി ഞെട്ടലോടെ കേൾക്കുന്നത്. ശരാശരി 12 മുതൽ 15 കിലോ വരെ തൂക്കമുള്ള വമ്പൻ ചക്കയ്ക്ക് ആണ് ഈ വില. ഇത് കിലോഗ്രാം വിലയിൽ കണക്കാക്കിയാൽ 25 മുതൽ 30 പൗണ്ട് എന്ന വിലയിൽ വരെ എത്തിയേക്കാം.

ആരും കേൾക്കാതിരുന്ന ചക്കപ്പഴം യുകെയെ കീഴടക്കുമോ?

ചക്ക എന്ന് കേട്ടാൽ വാ പൊളിച്ചിരുന്ന യുകെയിൽ കഴിഞ്ഞ വർഷം ആയിരം കണ്ടെയ്‌നർ ചക്ക കപ്പലിൽ എത്തി എന്ന വാർത്ത ഞെട്ടൽ സൃഷ്ടിക്കുന്നതാണ്. യുകെയിലെ 147 ഇറക്കുമതിക്കാരിൽ നിന്നും 122 വിതരണക്കാരിൽ നിന്നും ശേഖരിച്ച കണക്കുകളാണ് ഇപ്പോൾ ചക്ക വിപണിയെ കൊതിപ്പിക്കുന്നത്. മലയാളികൾ തിങ്ങി നിറഞ്ഞ യുഎഇ മാർക്കറ്റിലേക്ക് 2539 കണ്ടെയ്‌നർ ചക്ക എത്തിയപ്പോൾ സമ്പന്നരായ ഇന്ത്യക്കാർ ഏറെയുള്ള അമേരിക്കയെ തേടി എത്തിയ ചക്കയുടെ കണക്ക് 1659 കണ്ടെയ്നറുകളാണ്. ഈ കണക്ക് കേട്ട് ഞെട്ടുന്നവരെ ഒന്നുകൂടി ഞെട്ടിക്കാനാണ് ബ്രിട്ടൻ തയ്യാറാകുന്നത്.

കഴിഞ്ഞ വർഷം 1012 കണ്ടെയ്‌നർ ചക്കയാണ് ബ്രിട്ടൻ എന്ന കൊച്ചു രാജ്യത്തെ ചെറിയ വിപണിയിൽ വിറ്റുപോയത്. ഒരിക്കൽ ചക്ക രുചി അറിഞ്ഞവർ എന്ന നിലയിൽ ഈ വർഷം ചക്ക തീറ്റയിൽ ബ്രിട്ടീഷുകാർ അമേരിക്കയെ കടത്തി വെട്ടിയാലും അത്ഭുതപ്പെടേണ്ട. കാരണം കണക്കുകളിൽ ചക്ക കച്ചവടത്തിൽ അമേരിക്കയും ബ്രിട്ടനും തമ്മിൽ വലിയ അന്തരം ഇല്ല എന്നത് തന്നെയാണ് ലോക ചക്ക ഇറക്കുമതിയിൽ ബ്രിട്ടൻ രണ്ടാമത് എത്തുമോ എന്ന ചോദ്യത്തെ പ്രസക്തമാകുന്നത്. യുകെയിൽ എത്തിയ ചക്ക കൂടുതലും ശ്രീലങ്കയിലും ഇന്തോനേഷ്യയിലും പ്രോസസ് ചെയ്ത ശേഷം വന്നതാണ്. ഫ്രഷ് ചക്ക എന്ന നിലയിലും ഫ്രോസൺ ചെയ്തും വന്നത് കൂടുതലും ഇന്ത്യയിൽ നിന്നും. കേരളത്തിൽ നിന്നും എത്തുന്ന ബ്രാൻഡുകൾ ചക്ക ചേർത്ത പലഹാരങ്ങളും അരിഞ്ഞ ശേഷം പാകം ചെയ്യാൻ പരുവത്തിൽ ഫ്രോസൺ ചെയ്ത ചക്കയാണ് എത്തിക്കുന്നത്. മൊത്തം ഇറക്കുമതി കണക്കിൽ ഇവയുടെ അളവാകട്ടെ തീരെ നാമമാത്രവും.

കുശുമ്പുകാർ മിണ്ടാട്ടമില്ലാതെ, ചക്ക പിസ വന്നത് അമേരിക്കൻ ചുവടു പിടിച്ചു

അതിനിടെ ചക്ക എന്ന അത്ഭുതപഴം പ്രമേഹ രോഗികൾക്ക് അടക്കം ഏറ്റവും ഔഷധ മൂല്യത്തോടെ ഉപയോഗിക്കാൻ പറ്റുന്ന ഒന്നാണ് എന്ന പഠന റിപ്പോർട്ടുകൾ വന്നപ്പോൾ തന്നെ എന്താണ് ഇതിനുള്ളിൽ ഇത്ര അത്ഭുതമെന്ന മട്ടിൽ നെഗറ്റീവ് വാർത്ത എഴുതി ചക്കയെ യുകെയിൽ നിന്നും പടികടത്താൻ ഗാർഡിയൻ എന്ന പത്രം ശ്രമം നടത്തിയത് അടുത്തകാലത്താണ്. കാണാൻ ഒരു ചന്തവും ഇല്ലാത്ത ഈ പഴത്തിൽ എന്താണ് ഇത്ര പ്രത്യേകത എന്ന് കേരളത്തിന്റെ സ്വന്തം ചക്കയെക്കുറിച്ചു യുകെയിലെ മലയാളികൾക്കിടയിൽ ദേശാഭിമാനി എന്നറിയപ്പെടുന്ന ദി ഗാർഡിയൻ ലേഖനം എഴുതിയത്.

ലോകമെങ്ങും ചക്ക പ്രേമികൾ വർധിക്കുന്നതും ചക്ക കയറ്റുമതി കേരളത്തിന് 70 കോടിയുടെ വിദേശ നാണ്യം നല്കുന്നതുമായിരുന്നു ഗാർഡിയന്റെ കുശുമ്പിനു പ്രധാന കാരണം. കോവിഡ് പ്രതിരോധത്തിന്റെ പേരിൽ കേരളത്തെ ഈ പത്രം പുകഴ്‌ത്തിയപ്പോൾ അതേറ്റു പിടിച്ച മലയാളികളിൽ ഒട്ടുമിക്കവരും പത്രം ചക്കയെ ഇകഴ്‌ത്തി എഴുതിയ വാർത്ത കണ്ടിട്ടേയുണ്ടാകില്ല. എന്നാൽ ഗാർഡിയൻ എഴുതുന്നതൊന്നും തങ്ങൾക്കു പ്രശ്‌നമേ അല്ലെന്നാണ് ബ്രിട്ടീഷ് ജനത തെളിയിക്കുന്നത്.

ഇതിനു തെളിവായി പ്രധാന സൂപ്പർ സ്റ്റോറുകളിൽ നിറയുന്ന ചക്ക വിഭവങ്ങൾ തന്നെയാണ് ചൂണ്ടിക്കാണിക്കാൻ സാധിക്കുന്നത്. ഏതാനും വർഷമായി തേങ്ങ അടങ്ങിയ ഭക്ഷണ വിഭവങ്ങളും സൗന്ദര്യ വർധക വസ്തുക്കളും വെളിച്ചെണ്ണയും യുകെയിലെ പ്രധാന സൂപ്പർ മാർക്കറ്റ് ചെയിനുകളുടെ വിൽപ്പനയിൽ കൂടുതലായി ഇടം പിടിച്ചതിനു സമാനമായി ചക്ക വിഭവങ്ങളും നിറയുമോ എന്നതാണ് ഇനി കണ്ടറിയാൻ ബാക്കിയുള്ളത്.

ചക്ക മാനിയ മലയാളികൾക്കിടയിൽ മാത്രമല്ല ബ്രിട്ടീഷുകാരിലും പടരുകയാണ് എന്ന് തെളിയിച്ചു നാല് പ്രധാന സൂപ്പർ സ്റ്റോറിലും ചക്ക ചേർത്ത ബാർബിക്യു പിസകൾ ചൂടപ്പം പോലെയാണ് കഴിഞ്ഞ വർഷം വിൽപനക്ക് എത്തിയത്. അമേരിക്കയിൽ തുടങ്ങിയ ഈ പിസ കച്ചവടം ലോകമെങ്ങും ആരാധകരെ കണ്ടെത്തിയതോടെ എത്ര ലഭിച്ചാലും കടകളിൽ തികയില്ലെന്ന അവസ്ഥയിലാണ് വിൽപന ചൂടുപിടിച്ചത്. ചൂട് കാലത്തു വെജിറ്റേറിയൻ ഭക്ഷണമാണ് നല്ലതെന്ന ചിന്തയിൽ ടെസ്‌കോയിലും മറ്റും ഈ ചക്ക പിസ ആദായ വിൽപനയും നടത്തിയിരുന്നു. ക്ലബ് കാർഡ് വിലയായ രണ്ടര പൗണ്ടിന് ആണ് കഴിഞ്ഞ വർഷം പിസ കച്ചവടം നടന്നത്. ഇതിന്റെ യഥാർത്ഥ വില 3.75 പൗണ്ട് ആയിരുന്നു.

ചക്ക ചേർത്ത ബർഗറും മറ്റും തിരഞ്ഞെടുത്ത കടകളിൽ യുകെയിൽ ലഭ്യമാണ്. അതിനിടെ ചക്കയുടെ രൂക്ഷഗന്ധം കാരണം ബ്രസീലിൽ ചക്ക ധാരാളം ഉണ്ടെങ്കിലും വിദേശ വിപണി കണ്ടെത്താനുള്ള ശ്രമാണ് ഈ രാജ്യം ഇപ്പോൾ നടത്തുന്നത്. ഏറെക്കാലമായി കേരളത്തിലെ സർക്കാരുകൾക്ക് മുന്നിൽ ഇത്തരം നിർദ്ദേശങ്ങൾ ഉണ്ടെങ്കിലും മലേഷ്യയും തായ്വാനും ഒക്കെ ചക്കയുടെ പേരിൽ കോടികൾ വിദേശത്തു നിന്നും കൊയ്തെടുക്കുമ്പോൾ അതിലൊരു വിഹിതം പങ്കു പറ്റാൻ കഴിയുന്ന കേരളം അതിനു ശ്രമിക്കുന്നില്ല എന്നതാണ് വസ്തുത. ഗുണമേന്മ കൂടിയ മേനോൻ വരിക്ക, സിന്ദൂര വരിക്ക തുടങ്ങി ഒട്ടേറെ ചക്ക ഇനങ്ങൾ കേരളത്തിൽ പ്രശസ്തി നേടിയെങ്കിലും അതിന്റെ വാണിജ്യ സാധ്യത ഇനിയും കേരളം ഉപയോഗപ്പെടുത്തിയിട്ടില്ല.

ട്രെൻഡ് സൃഷ്ടിക്കാൻ കോസ്റ്റ്കോ

എന്നാൽ ഇപ്പോൾ ഏഷ്യൻ കടകളിൽ ചെറിയ തൂക്കമുള്ള ഏകദേശം നാലഞ്ച് കിലോ വലിപ്പമുള്ള ചക്ക 50 പൗണ്ടിൽ താഴെ ലഭ്യമാണ്. മലയാളിയെ സംബന്ധിച്ച് നാടൻ ചക്ക ഒരു കടകളിലും ലഭിക്കില്ലെങ്കിലും വിയറ്റ്നാം അടക്കമുള്ള രാജ്യങ്ങളിൽ നിന്നും കോസ്റ്റ്കോ എന്ന മൊത്തവിതരണ കടയിൽ എത്തുന്ന ചക്ക താരതമന്യേ കുറഞ്ഞ വിലയിൽ ലഭ്യമാണ്. ഏഷ്യൻ കടകളിൽ ലഭിക്കുന്ന ചക്കയേക്കാൾ വലിപ്പവും മധുരവും കൂടുതലാണ് കോസ്റ്റ്കോ വിൽക്കുന്ന ചക്കയ്ക്ക്.

ഇവർ കഴിഞ്ഞ വർഷം ടൺ കണക്കിന് ചക്കയാണ് യുകെ പൊതുവിപണിയിൽ വിറ്റു തീർത്തത്. കഴിഞ്ഞ വർഷം ട്രെൻഡ് സൃഷ്ടിച്ച വിൽപന മൂലം ഇത്തവണയും കാര്യമായ വിൽപന കോസ്റ്റ്കോയിൽ ഉണ്ടാകും എന്ന് ഉറപ്പാണ്. രണ്ടു വർഷം മുൻപ് കോസ്റ്റ്കോ ആരംഭിച്ച ചക്ക വിൽപന വെറും 16.99 പൗണ്ടിന് ആയിരുന്നു എന്നതാണ് ശ്രദ്ധേയം. ഈ സമയം യുകെയിൽ മലയാളികൾ എത്തുന്ന ഏഷ്യൻ കടകളിൽ മുറിക്കാത്ത ചക്ക വിറ്റത് 30 മുതൽ 40 പൗണ്ട് വരെ ഈടാക്കിയാണ്. അതായതു കോസ്റ്റ്കോ വിൽക്കുന്നതിന്റെ ഇരട്ടി തുകയ്ക്കാണ് ഏഷ്യൻ കടകളിൽ ചക്ക വിറ്റുപോയത്.

കേരളം എന്തെടുക്കുകയാണ്? രോഷത്തോടെ ബ്രിട്ടീഷ് മലയാളി വായനക്കാരൻ റെജി കുര്യൻ

കഴിഞ്ഞ ദിവസം കൊതി മൂത്തു അൽപം ചക്കപ്പഴം വാങ്ങിയ യുകെ മലയാളിയായ റെജി കുര്യൻ താൻ വാങ്ങിയ ചക്കപ്പഴത്തിന്റെ വില ഇന്ത്യൻ രൂപയിലാക്കി ബ്രിട്ടീഷ് മലയാളിക്ക് എഴുതിയ കത്തിന്റെ ചുവട് പിടിച്ചാണ് ബ്രിട്ടീഷ് മലയാളി യുകെ ചക്കപ്പഴ വിപണി തേടി ഇറങ്ങിയത്. റെജി വാങ്ങിയ 400 ഗ്രാം ഫ്രഷ് ചക്കപ്പഴം കടയിൽ നിന്നും ലഭിച്ചത് 4.99 പൗണ്ടിന് ആണ്. ഇത് ഇന്ത്യൻ കണക്കിൽ നോക്കുമ്പോൾ 524 രൂപ ആയില്ലേ എന്നും റെജി ചോദിക്കുന്നു. അപ്പോൾ ഒരു കിലോ ചക്കപ്പഴം യുകെയിലെ കടയിൽ നിന്നും വാങ്ങണം എങ്കിൽ 1200 രൂപയ്ക്ക് അധികം വിലയായി എന്ന് ചുരുക്കം.

കേരളത്തിൽ സുലഭമായി ഉണ്ടാകുന്ന ചക്ക വിദേശ കയറ്റുമതിക്ക് ഉപയോഗിച്ചാൽ തന്നെ നെല്ലും കപ്പയും തെങ്ങും റബറും നഷ്ടം വരുത്തിയ കർഷകന് രക്ഷപെടാനുള്ള വഴിയായില്ലേ എന്നാണ് റെജി പറയുന്ന കണക്കിലെ സാരാംശം. എന്നാൽ ഇതിനു മറുപടി പറയേണ്ടത് കേരളത്തിലെ ഫ്രൂട്സ് ആൻഡ് വെജിറ്റബിൾ പ്രൊമോഷൻ കൗൺസിൽ എന്ന സർക്കാർ ഏജൻസിയാണ്. രണ്ടു വർഷം മുൻപ് വലിയ മുന്നൊരുക്കത്തോടെ, തൃശൂരിൽ കൃഷി ചെയ്ത നാടൻ ഏത്തയ്ക്ക മൂവാറ്റുപുഴയിൽ പായ്ക്ക് ചെയ്തു ശീതികരിച്ച കണ്ടെയ്‌നറിൽ യുകെയിൽ എത്തിച്ചത് വമ്പൻ വാർത്ത ആയിരുന്നു.

വിപണി പഠിക്കാൻ ചെയ്ത ഏർപ്പാട് ആണെന്നായിരുന്നു അന്ന് വിഎഫ് പിസികെ പറഞ്ഞത്. വിപണി ട്രെന്റ് അറിയാൻ എത്തിച്ച ഏത്തക്ക സൗജന്യമായി ഏഷ്യൻ കടകളിൽ നൽകാൻ ആയിരുന്നു നിർദ്ദേശം എങ്കിലും ആരുടേയോ ശ്രമ ഫലമായി ഈ ഏത്തക്ക മുഴുവൻ തീ പിടിച്ച വിലയ്ക്കാണ് മലയാളി കടകളിലും തമിഴ് കടകളിലും ആയി വിറ്റു പോയത്. അതിനെ തുടർന്ന് പലവട്ടം ബ്രിട്ടീഷ് മലയാളിയിൽ നിന്നും വി എഫ് പി സി കെ യെ തേടി കൂടുതൽ ഓർഗാനിക് പച്ചക്കറി കയറ്റുമതി യുകെയിലേക്ക് ഉണ്ടാകുമോ എന്ന ചോദ്യവുമായി എത്തിയെങ്കിലും കാര്യമായ മറുപടി ഒന്നും ലഭ്യമായിരുന്നില്ല.

ആ വി എഫ് പി സി കെ യോടാണ് ഇനി ചക്ക കയറ്റുമതിയുടെ കാര്യവും ചോദിച്ചു ചെല്ലേണ്ടത്. കേരളത്തിലെ കാർഷിക മന്ത്രാലയം തന്നെ എന്താണ് തങ്ങളുടെ ജോലി എന്നറിയാതെ നിൽക്കുമ്പോൾ യുകെ അടക്കമുള്ള വിദേശ വിപണിയിൽ ഇടപെടാൻ തയ്യാറുണ്ടോ എന്ന് ചോദിക്കുമ്പോഴേക്കും ശ്രീലങ്കയും ഇന്തോനേഷ്യയും തായ്‌ലാൻഡും മലേഷ്യയും ഒക്കെ വിപണി നിയന്ത്രണം തന്നെ ഏറ്റെടുത്തിരിക്കും.