- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
രണ്ടു ഡോക്ടർമാരും രണ്ടു നഴ്‌സുമാരും അടക്കമുള്ള വിമാനയാത്രക്കാർ എല്ലാ ശ്രമങ്ങളും നടത്തിയെങ്കിലും ദിലീപിന് ആകാശമധ്യേ മരണം സംഭവിച്ചു; യുകെ മലയാളികൾക്കിടയിൽ ഇതാദ്യ സംഭവം; വിമാനയാത്രക്കാരിയായ അയനയും കൂട്ടുകാരികളായ നഴ്‌സുമാരും വിവരം അറിഞ്ഞതുപോലും ലാൻഡിങ്ങിന് ശേഷം
ലണ്ടൻ: തികച്ചും സാധാരണ പോലെ നിശ്ചയിച്ച ടൈം ഷെഡ്യൂളിൽ തന്നെ കൊച്ചിയിൽ നിന്നും എയർ ഇന്ത്യയുടെ എ ഐ 149 പറന്നുയർന്നു. നേരിട്ടുള്ള വിമാനം ആയതിനാൽ ബഹുഭൂരിപക്ഷവും യുകെ മലയാളികൾ തന്നെയാണ് യാത്രക്കാർ. അവധിക്ക് പോയി മടങ്ങുന്നവർ തന്നെയാണ് മിക്കവാറും പേരും. വിമാനത്തിൽ ഏറെക്കുറെ നിറയെ യാത്രക്കാരും. പതിവ് പോലെ രാവിലെ ആറു മണി കഴിഞ്ഞുള്ള യാത്ര ആയതിനാൽ യാത്രക്കാർ വിശന്നിരിക്കുക ആണെന്നതിനാൽ വിമാനം നിശ്ചിത ഉയരം ഉറപ്പിച്ചതോടെ കാബിൻ ക്രൂ പ്രഭാത ഭക്ഷണം വിതരണം ചെയ്യാൻ തുടങ്ങി. വിമാനത്തിൽ എല്ലാം പതിവ് പോലെ തന്നെ. യാത്രക്കാർ സീറ്റ് സ്‌ക്രീനിൽ നിന്നും സിനിമയും മറ്റും പരതി നേരം കളയാൻ ശ്രമം തുടങ്ങി. അപ്പോഴേക്കും വിമാനം അഞ്ചു മണിക്കൂർ യാത്ര പിന്നിട്ട ശേഷം മിഡിൽ ഈസ്റ്റും കടക്കാൻ ഉള്ള ഒരുക്കത്തിൽ ആയിരുന്നു.
ഈ സമയമാണ് കോക്പിറ്റിൽ നിന്നും യാത്രക്കാരെ തേടി ഒരു സന്ദേശം എത്തുന്നത്. വിമാനത്തിൽ ഡോക്ടർമാർ ആരെങ്കിലും യാത്ര ചെയ്യുന്നുണ്ടെങ്കിൽ അത്യാവശ്യമായി സഹായിക്കണം എന്നായിരുന്നു സന്ദേശം. ഉടൻ ഒരു വനിതാ ഡോക്ടർ സഹായത്തിനു തയ്യാറായി എഴുന്നേറ്റു. മുൻ വശത്തു രണ്ടാം നിരയിൽ രണ്ടാമത്തെ സീറ്റിൽ ഇരിക്കുന്ന ഒരാൾക്കാണ് വൈദ്യ സഹായം ആവശ്യമായി വന്നതെന്ന് മനസിലായി. ഏകദേശം നാലഞ്ച് വരി പിന്നിലാണ് റോതെർഹാം ഹോസ്പിറ്റലിൽ നഴ്സ് ആയി ജോലി ചെയ്യുന്ന അയനയും മറ്റു മൂന്നു കൂട്ടുകാരികളായ നഴ്‌സുമാരും യാത്ര ചെയ്യുന്നത്. നാലുപേരുടെയും ആദ്യ അവധിക്കാല യാത്രയാണ്. യുകെയിൽ എത്തിയിട്ട് രണ്ടു വർഷം പിന്നിടുന്നതേയുള്ളൂ. ലണ്ടനിലേക്കുള്ള യാത്രക്കിടയിൽ മലയാളിയായ ദിലീപ് ജോർജ് മരിക്കാൻ ഇടയായ വിമാനത്തിലെ യാത്രക്കാരിയായ അയന പറയുന്ന വാക്കുകൾ ഇങ്ങനെയാണ്:
''ആർക്കോ സുഖം ഇല്ലാതായി എന്ന് മാത്രമേ ഞങ്ങൾക്ക് മനസിലായുള്ളൂ. കോക്പിറ്റിൽ നിന്നുള്ള നിർദ്ദേശത്തെ തുടർന്ന് ഡോക്ടർമാർ സഹായത്തിനെത്തിയപ്പോൾ നമ്മൾ കൂടി അങ്ങോട്ട് ചെന്ന് തിരക്ക് കൂട്ടേണ്ട എന്നേ കരുതിയുള്ളൂ. സുഖമില്ലാതെ തോന്നിക്കുന്ന ഒരാളെ കാബിൻ ക്രൂ പിടിച്ചു സാവധാനം മുന്നിലെ ബിസിനസ് ക്ലാസ് ഏരിയയിലേക്ക് കൊണ്ട് പോകുന്നത് കണ്ടു. ആ സമയം സഹായം തേടിയ ആൾ നടന്നാണ് നീങ്ങിയത്. എന്നാൽ അൽപം കഴിഞ്ഞപ്പോൾ മറ്റൊരു ഡോക്ടറുടെ സഹായം തേടിയുള്ള കോൾ എത്തി. അപ്പോഴും ഒരാൾ സഹായവുമായി അങ്ങോട്ട് പോകുന്നത് കണ്ടു. അധികം വൈകാതെ നഴ്‌സുമാരെ തേടിയും കോൾ വന്നപ്പോൾ പോകാനായി എഴുന്നേറ്റതാണ്, പക്ഷെ അപ്പോഴേക്കും രണ്ടു മെയിൽ നഴ്‌സസ് അവിടെ എത്തിയതായി അറിയാനായി. ഇത്രയും കാര്യങ്ങളാണ് ഫ്‌ളൈറ്റിൽ വച്ച് മനസിലായത്. '' അയന വ്യക്തമാക്കി.
''തുടർന്ന് എകദേശം നാലു മണിക്കൂർ യാത്ര സമയം തികച്ചും സാധാരണ പോലെയാണ് കടന്നു പോയത്. വൈദ്യ സഹായം തേടിയ ആൾ സുരക്ഷിതർ ആണെന്നാണ് ഞങ്ങൾ കരുതിയത്. വിമാന ജോലിക്കാർ പതിവ് പോലെ ഭക്ഷണവും സ്‌നാക്‌സും ഒക്കെ നൽകി ജോലിയിൽ മുഴുകി. ഇടയ്ക്കു വിമാന വേഗത കുറഞ്ഞതായും താഴേക്ക് ഇറങ്ങുന്നത് പോലെയും തോന്നി. രോഗിയായ ആൾക്ക് വേണ്ടി വിമാനം മറ്റെവിടെയെങ്കിലും ഇറങ്ങുന്നതാണോ എന്നാണ് ഓർത്തത്. എന്നാൽ വിമാനം നേരെ ലണ്ടൻ ലക്ഷ്യമാക്കി പറക്കുക ആയിരുന്നു.
അധികം വൈകാതെ ഏകദേശം നിശ്ചിത സമയത്തു തന്നെ വിമാനം ലാൻഡ് ചെയ്ത ശേഷം ആദ്യം അതിലേക്കു വന്നത് പൊലീസ് യൂണിഫോം ധരിച്ചവരും പിന്നാലെ ആംബുലൻസ് ജീവനക്കാരുമാണ്. അപ്പോഴും രോഗിയെ ചികിത്സക്കായി ആശുപത്രിയിലേക്ക് മാറ്റുകയാണെന്നാണ് കരുതിയത്. എന്നാൽ പുറത്തിറങ്ങി വാട്സാപ്പ് നോക്കിയപ്പോഴാണ് തങ്ങൾ യാത്ര ചെയ്ത വിമാനത്തിലെ യാത്രക്കാരൻ മരിച്ച വിവരം ബ്രിട്ടീഷ് മലയാളി അപ്‌ഡേറ്റ് ചെയ്തിരിക്കുന്നത് കണ്ടത്.'', ഒറ്റ ശ്വാസത്തിൽ അയന പറഞ്ഞു നിർത്തി. യാത്രക്കാർ ഉത്ക്കണ്ഠപ്പെടേണ്ട എന്നോർത്താകും രോഗി മരിച്ച വിവരം ജീവനക്കാർ അറിയിക്കാതെയിരുന്നത് എന്ന് കരുതുകയാണ് അയന.
പതിറ്റാണ്ടുകളായി യുകെയിൽ ഉള്ള മലയാളികൾക്കിടയിൽ ആദ്യമായാണ് ഇത്തരമൊരു ആകാശമരണം. കഴിഞ്ഞ വർഷം ലണ്ടനിൽ നിന്നും നാട്ടിലേക്കു പുറപ്പെട്ട ദമ്പതികൾക്ക് മാസം തികയാതെ കുഞ്ഞു പിറന്നതും എയർ ഇന്ത്യയിൽ തന്നെയാണ്. അടുത്തിടെ സൗത്താപ്റ്റണിൽ മരിച്ച വ്യക്തിയും ഇതേ വിമാനത്തിൽ യാത്ര ചെയ്ത ശേഷമാണു സുഖമില്ലാതായതും ഒടുവിൽ മരണത്തിനു കീഴടങ്ങിയതും. എന്നാൽ ആകാശമധ്യത്തിൽ വച്ച് മരണം തട്ടിയെടുത്തത് ഇപ്പോൾ ആദ്യ സംഭവമായി മാറുന്നു. ഏവിയേഷൻ ചരിത്രത്തിൽ തന്നെ ഇത്തരം മരണങ്ങൾ അപൂർവ്വങ്ങളിൽ അപൂർവ്വമാണ്.
കെ ആര് ഷൈജുമോന്, ലണ്ടന്. മറുനാടന് മലയാളി പ്രത്യേക പ്രതിനിധി.