ലണ്ടൻ: ഇന്നലെ രാവിലെ പത്തുമണിയോടെ യുകെ മലയാളികളുടെ വാട്സാപ്പ് മെസേജുകളിൽ അടിയന്തര സഹായം വേണമെന്ന കുറിപ്പോടെ എത്തിയ സന്ദേശം ഒരു യുകെ മലയാളിയുടെ താമസ സ്ഥലം കണ്ടെത്തുന്നതിന് വേണ്ടി ഉള്ളതായിരുന്നു. എയർ ഇന്ത്യയുടെ കൊച്ചി - ലണ്ടൻ വിമാനത്തിലെ യാത്രക്കാരനായ ദിലീപ് ജോർജ് എന്ന 68കാരന് വിമാനത്തിൽ ദേഹാസ്വാസ്ഥ്യവും തുടർന്ന് മരണവും സംഭവിച്ചതോടെ കുടുംബത്തെ കണ്ടെത്താനുള്ള ശ്രമത്തിന്റെ ഭാഗമായാണ് എയർ ഇന്ത്യ യുകെ മലയാളികളുടെ സഹായം തേടിയത്.

എയർ ഇന്ത്യ ലണ്ടൻ ഓഫിസിൽ നിന്നും കാർഗോ സേവനം പ്രയോജനപ്പെടുത്തുന്ന ഷംജിത്തിനെ ബന്ധപ്പെട്ടതോടെയാണ് വിവരം യുകെ മലയാളികളിൽ എത്തുന്നത്. ദിലീപ് ജോർജ് ടിക്കറ്റ് ബുക്ക് ചെയ്ത ട്രാവൽ ഏജന്റിനെ കണ്ടെത്തിയതോടെ അവരെ തേടി ഫോൺ കോൾ ചെന്നെങ്കിലും കാര്യമായ പ്രയോജനം ഉണ്ടായില്ല.

അതിനിടെ ഷംജിത് തന്നെ യാത്രക്കാരൻ നോട്ടിൻഹാമിനും ഡെർബിക്കും അടുത്തുള്ള പ്രദേശത്തെ താമസക്കാരൻ ആണെന്ന് വ്യക്തമാക്കിയതോടെ ഡെർബി മലയാളി അസോസിയേഷൻ പ്രവർത്തകർ സജീവമായി. വളരെ വേഗം ദിലീപിന്റെ വീട്ടിൽ മുരളി എന്ന നോട്ടിങ്ഹാം മലയാളി എത്തുകയും ചെയ്തു. അതേസമയം വീട് അടച്ചിട്ടു ദിലീപിന്റെ ഭാര്യ എയർപോർട്ടിലേക്ക് യാത്ര തിരിച്ചെന്ന വിവരമാണ് മുരളിക്ക് പങ്കിടാൻ ഉണ്ടായിരുന്നത്. ഈ ഘട്ടത്തിൽ മരണ വിവരം പുറത്തായിരുന്നെങ്കിലും ഭാര്യ അറിഞ്ഞിട്ടില്ലാത്തതിനാൽ വാർത്തകളിൽ മരണ വിവരം തുടക്കത്തിൽ ഉൾപ്പെടുത്തിയിരുന്നില്ല. പിന്നീട് ദിലീപിന്റെ ഭാര്യ സോഫി മരണ വിവരം അറിഞ്ഞു എന്നുറപ്പു വരുത്തിയ ശേഷമാണു ആ വിവരം പുറത്തെത്തിയത്.

അടുത്തിടെയും ദിലീപ് യൂറോപ്യൻ യാത്ര ചെയ്തിരുന്നു എന്നാണ് അടുത്ത മലയാളി സുഹൃത്തുക്കളിൽ ഒരാൾ അറിയിക്കുന്നത്. കേരളത്തിൽ മൂവാറ്റുപുഴയാണ് ദിലീപിന്റെ കുടുംബ വേരുകൾ. മാതാപിതാക്കളും മറ്റും ജീവിച്ചിരിപ്പില്ല. അദ്ദേഹത്തിന് അടുത്ത ബന്ധുക്കളായി ഏതാനും ചിലരെ കേരളത്തിൽ ഉള്ളൂ എന്നാണ് വിവരം. ഇതിൽ ഒരാൾ ആലപ്പുഴയിൽ ഉള്ള സഹോദരി തുല്യയായ ബന്ധുവാണ്.

നാട്ടിൽ രണ്ടു വർഷത്തിലൊരിക്കൽ എത്തി ആയുർവേദ ചികിത്സ നടത്താറുള്ള ദിലീപ് ഇത്തവണയും അത്തരം ഒരു യാത്രയാണ് നടത്തിയത്. ബന്ധുക്കളോട് യാത്ര പറഞ്ഞു വിമാനത്താവളത്തിലേക്ക് കടക്കുമ്പോൾ ഒരു പക്ഷെ ഇനിയൊരു കണ്ടുമുട്ടൽ ഇല്ലെന്നും എല്ലാവരെയും അവസാനമായി കാണാനുള്ള യാത്രയായിരുന്നു അതെന്നും വിധി തീർച്ചപ്പെടുത്തിയിരിക്കണം. കെനിയയിലേക്കു കുടിയേറിയ മലയാളി കുടുംബത്തിലാണ് അദ്ദേഹത്തിന്റെ ജനനം. പിന്നീട് കെനിയയിൽ ഇന്നും ഇന്ത്യൻ വംശജർ കൂട്ടത്തോടെ യുകെയിലേക്കു കൂടു മാറിയപ്പോൾ ആ കൂട്ടത്തിൽ എത്തിയതാണ് ദിലീപിന്റെ കുടുംബവും.

യുകെയിൽ ട്രക്ക് ഡ്രൈവർ ആയി ജോലി ചെയ്തിരുന്ന ദിലീപ് മുൻപ് ലെസ്റ്ററിൽ ആയിരുന്നു താമസം. ഇവിടെ നിന്നും താമസം മാറിയാണ് ഇകെസ്റ്റണിൽ എത്തുന്നത്. രണ്ടു മക്കൾ ഇദ്ദേഹത്തിനുണ്ട്. ഇടയ്ക്കു വല്ലപ്പോഴും ഏറ്റവും അടുത്ത പരിചയം ഉള്ള വിരലിൽ എണ്ണാവുന്ന മലയാളി സുഹൃത്തുക്കൾ ഇദ്ദേഹത്തിന്റെ ആതിഥ്യം സ്വീകരിക്കാൻ വീട്ടിൽ എത്തിയിട്ടുണ്ട്.

നോട്ടിങ്ഹാമിനും ഡെർബിക്കും ഇടയ്ക്കുള്ള സ്ഥലത്തു കഴിയുന്നതിനാൽ രണ്ടു പട്ടണങ്ങളിലെയും മലയാളി സംഘടനയിൽ അദ്ദേഹം അംഗമായിട്ടുമില്ല. എങ്കിലും ആകസ്മിക മരണം അറിഞ്ഞതിനെ തുടർന്ന് ഇരു സ്ഥലത്തു നിന്നും മലയാളികൾ കുടുംബത്തെ ആശ്വസിപ്പിക്കാൻ ഉള്ള ശ്രമം ആരംഭിച്ചിട്ടുണ്ട്.