- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
മോതിരമണിയാൻ ബുർജ് ഖലീഫ; ബുർജ് ഖലീഫയ്ക്ക് ചുറ്റും രണ്ട് മൈൽ അകലെ 1,800 അടി ഉയരമുള്ള 'ആകാശ വളയം' വരുന്നു; വിഭാവനം ചെയ്യുന്നത് 'ഡൗൺടൗൺ സർക്കിൾ' എന്ന പേരിലുള്ള 2 കൂറ്റൻ സമാന്തര വളയങ്ങൾ; ലോകത്തെ വീണ്ടും വിസ്മയിപ്പിക്കാൻ ദുബായ്
ദുബായ്: ഏറ്റവും പുതിയ സാങ്കേതികവിദ്യകൾ അതിവേഗത്തിൽ നടപ്പിലാക്കുന്നതിൽ ലോകത്തിന് മാതൃകയാണ് ദുബായ്. ലോകത്തിനു മുന്നിൽ അത്ഭുത നിർമ്മിതികൾ കൊണ്ട് വിസ്മയിപ്പിക്കുന്ന ദുബായ് വീണ്ടും ഒരു അത്ഭുത നിർമ്മിതിയുമായി വരുന്നു. ഇത്തവണ ലോകത്തിലെ ഏറ്റവും ഉയരം കൂടിയ കെട്ടിടമായ ബുർജ് ഖലീഫയ്ക്കു ചുറ്റും 500 മീറ്റർ ഉയരത്തിൽ 3 കിലോമീറ്റർ ചുറ്റളവിൽ ഒരു ഭീമൻ വളയമാണ് ദുബായ് സ്ഥാപിക്കുവാൻ പോകുന്നത്.

നിർമ്മാണവുമായി ബന്ധപ്പെട്ട പ്രാരംഭചർച്ചകൾക്കാണ് ഇപ്പോൾ തുടക്കമായിരിക്കുന്നത്. ഇതിന്റെ ഭാഗമായി നിർമ്മിക്കാൻ ഉദ്ദേശിക്കുന്ന കെട്ടിടത്തിന്റെ മാതൃകാചിത്രങ്ങളും ഇപ്പോൾ പുറത്ത് വിട്ടിട്ടുണ്ട്.ഈ ചിത്രങ്ങളാണ് ഇപ്പോൾ ചർച്ചാ വിഷയമായിരിക്കുന്നത്.എന്നാൽ പദ്ധതിയുടെ നിർമ്മാണം എന്ന് ആരംഭിക്കുമെന്ന് വെളിപ്പെടുത്തിയിട്ടില്ല.

നിർദിഷ്ട ഡിസൈൻ ഡൗൺടൗൺ ദുബായ്, ബുർജ് ഖലീഫ അയൽപക്കങ്ങൾ മുഴുവൻ വലയം ചെയ്ത് ഡൗൺടൗൺ സർക്കിൾ എന്ന് വിളിക്കപ്പെടുന്ന 500 മീറ്റർ ഉയരമുള്ള ഭീമാകാരമായ വളയത്തിൽ വലയം ചെയ്യും. മൂന്ന് കിലോമീറ്റർ ചുറ്റളവിലാണ് നിർമ്മാണം ഒരുങ്ങുന്നത്. ദുബായ് നഗരത്തിലെ നിരവധി കെട്ടിടങ്ങൾ രൂപകൽപന ചെയ്ത നജ്മസ് ചൗധരിയും സ്നേര സ്പേസിലെ നിൽസ് റെമെസും ചേർന്നാണ് ഈ സർക്കിൾ രൂപകൽപ്പന ചെയ്തത്. അഞ്ച് തൂണുകളിലാണ് ബുർജ് ഖലീഫക്ക് ചുറ്റും സർക്കിൾ നിർമ്മിക്കുക, ഇതിനകത്ത് കൂടി സഞ്ചരിക്കാൻ തൂങ്ങി കിടക്കുന്ന പോഡുകളുണ്ടാകും.

സാമൂഹ്യ-സാമ്പത്തിക, പാരിസ്ഥിതിക പ്രശ്നങ്ങൾ അഭിസംബോധന ചെയ്യുന്ന പരീക്ഷണാത്മക രൂപകൽപ്പനകളിൽ ശ്രദ്ധ കേന്ദ്രീകരിക്കുന്ന ഘടനകൾ രൂപകൽപ്പന ചെയ്യുന്ന ഒരു ഗ്രൂപ്പാണ് സ്നേര സ്പേസിലെ ആർക്കിടെക്റ്റുകൾ. ഈ സംവിധാനത്തെ പൊതു, സ്വകാര്യ, വാണിജ്യ ഇടങ്ങൾ അടങ്ങുന്ന ചെറിയ യൂണിറ്റുകളായി വിഭജിക്കുകയും സ്വയം സുസ്ഥിരവും സ്വയം പര്യാപ്തവുമാക്കുകയും ചെയ്യും.

'ഡൗൺടൗൺ സർക്കിൾ' എന്ന പേരിലുള്ള 2 കൂറ്റൻ സമാന്തര വളയങ്ങളാണു വിഭാവനം ചെയ്യുന്നത്. ഇവിടെ നിന്നാൽ ചുറ്റുമുള്ള നഗരക്കാഴ്ചകളുടെ 360 ഡിഗ്രി ദൃശ്യാനുഭവമുണ്ടാകും. 828 മീറ്റർ ഉയരമുള്ള ബുർജ് ഖലീഫ സ്ഥിതി ചെയ്യുന്ന ഡൗൺടൗണിനു മുകളിൽ മറ്റൊരു അദ്ഭുതലോകം ഒരുക്കാനാണ് ദുബായ് തയ്യാറെടുക്കുന്നത്.

ദുബായിലെ പ്രശസ്തമായ ആർക്കിടെക്ചർ സ്ഥാപനമായ സ്നേറ സ്പേസ് ആണ് മോതിര വളയം അല്ലെങ്കിൽ ആകാശവളയം എന്നുപറയുന്ന ഒരു പദ്ധതി മുന്നോട്ട് വച്ചിരിക്കുന്നത്. അഞ്ച് തൂണുകളിൽ ആയിരിക്കും ഭീമൻ വളയം സ്ഥാപിക്കുക. ഇതിനു ഏകദേശം 500 മീറ്റർ ഉയരവും കാണും. ആകെ മൂന്നു കിലോമീറ്റർ നീളമാണ് ഉണ്ടാവുക. ഇതിനകത്ത് കൂടി സഞ്ചരിക്കാൻ തൂങ്ങി കിടക്കുന്ന പോഡുകളുമുണ്ടാകും.

പ്രധാനമായും രണ്ട് വളയങ്ങളായിരിക്കും ഡൗൺടൗൺസർക്കിൾ. ഇതിന് തിരശ്ചീനമായി നിർമ്മിക്കുന്ന സ്‌കൈപാർക്കിൽ ഉഷ്ണമേഖലാ സസ്യങ്ങളുൾപ്പെടെയുള്ള ചെടികൾ നട്ടുപിടിപ്പിക്കുകയെന്നുള്ളതാണ് ലക്ഷ്യം. മാലിന്യ നിർമ്മാർജനം, ഭക്ഷ്യ ഉൽപ്പാദനം, ഗതാഗത പ്രശ്നങ്ങൾ, മലിനീകരണം തുടങ്ങിയ വശങ്ങൾ സൂക്ഷ്മമായി പരിശോധിച്ചതിന് ശേഷമാണ് പദ്ധതിയുടെ ആദ്യ രൂപ രേഖ തയ്യാറാക്കിയിരിക്കുന്നത്.

മഴവെള്ള സംഭരണം, സൗരോർജ്ജം, കാർബൺ സംഭരിച്ച് വായുവിൽ നിന്ന് മാലിന്യങ്ങൾ ഫിൽട്ടർ ചെയ്യുന്ന സംവിധാനം എന്നിവയും പദ്ധതിയിൽ ഉൾപ്പെടുത്തിയിട്ടുണ്ട്.കാഴ്ചകൾ ആസ്വദിക്കാനെത്തുന്നവരുടെ സൗകര്യാർത്ഥം ട്രാം സേവനം നൽകുകയെന്നതും ലക്ഷ്യമാണ്. സൗദി അറേബ്യയുടെ ദ ലൈൻ പദ്ധതിയുടെ ആശയത്തോട് ഏറെക്കുറെ ചേർന്ന് നിൽക്കുന്നതാണ് ഡൗൺ ടൗൺ സർക്കിളും.ഡൗൺടൗൺ സർക്കിളിൽ പാർപ്പിട സമുച്ചയങ്ങളും വാണിജ്യ, സാംസ്‌കാരിക ഇടങ്ങളും ഉണ്ടായിരിക്കും.




