മാഞ്ചെസ്റ്റർ: അതിസമർത്ഥനായ ഒരു പ്രൊഫസർ 43 വയസ്സ് മാത്രം പ്രായമുള്ളപ്പോൾ മരിച്ചത്മ് അപൂർവ്വ രോഗത്തിന് തെറ്റായ ചികിത്സ ലഭിച്ചതു മൂലമെന്ന് അദ്ദേഹത്തിന്റെ വിധവ തെളിവെടുപ്പിൽ പറഞ്ഞു. തന്റെ തലമുറയിലെ മികച്ച ഡോക്ടർമാരിൽ ഒരാളും, സ്റ്റെം സെൽ ട്രാൻസ്പ്ലാന്റേഷൻ പയനീയറുമായിരുന്ന പ്രൊഫസർ അമിത് പട്ടേൽ എന്ന ഇന്ത്യൻ വംശജനായ ഡോക്ടറുടെ മരണത്തെക്കുറിച്ചുള്ള അന്വേഷണത്തിലായിരുന്നു ഇത്. തന്റെ രംഗത്ത് ദേശീയ തലത്തിൽ തന്നെ ശ്രദ്ധ പിടിച്ചു പറ്റിയ വ്യക്തിയായിരുന്നു അമിത് പട്ടേൽ.

2021 ഏപ്രിലിൽ ആയിരുന്നു ഫ്‌ളൂവിനോട് സമാനമായ ലക്ഷണങ്ങളുമായി അമിത് പട്ടേലിനെ മാഞ്ചസ്റ്ററിലെ വിത്തൻഷോ ഹോസ്പിറ്റലിൽ പ്രവേശിപ്പിച്ചത്. തൊണ്ടയിലെ അണുബാധയുമായി ബന്ധപ്പെട്ടാണ് ലക്ഷണം പ്രകടിപ്പിച്ചത് എന്നായിരുന്നു അനുമാനം. ആന്റിബയോട്ടിക്കുകൾ നൽകിയെങ്കിലും അദ്ദേഹത്തിന്റെ നില മെച്ചപ്പെട്ടില്ല. മരണ കാരണം വരെ ആയാക്കാവുന്ന, എച്ച് എൽ എച്ച് എന്ന അപൂർവ്വമായ പ്രതിരോധ ശേഷി വൈകല്യത്തിന് പൊലും കാരണമായേക്കാവുന്ന സ്റ്റിൽസ് ഡിസീസ് എന്ന രോഗമാണെന്ന് പിന്നീട് ഡോക്ടർമാർ കണ്ടെത്തി.

എച്ച് എൽ എച്ചുമായി ബന്ധപ്പെട്ട നാഷണൽ പാനലിലെ അംഗം കൂടിയായ്റ്റിരുന്നു പ്രൊഫസർ അമിത് പട്ടേൽ. പക്ഷെ അദ്ദേഹത്തിന് ആ രോഗാവസ്ഥയാണെന്ന് സമയത്ത് കണ്ടെത്താൻ ഡോക്ടർമാർക്ക് ആയില്ല എന്നത് ഞെട്ടിക്കുന്ന വസ്തുതയാണെന്ന് അദ്ദേഹത്തിന്റെ ഭാര്യ പറയുന്നു. അതിന്റെ ഫലമായി, മസ്തിഷ്‌കം തകരാറിലായിരിക്കുമ്പോൾ പോലും, തന്നെ എങ്ങനെ ചികിത്സിക്കണമെന്ന് ഡൊക്ടർമാർക്ക് നിർദ്ദേശം നൽകേണ്ടതായി വന്നു അമിത് പട്ടേലിനെന്നും ഭാര്യ പറയുന്നു.

ഒരു ഹീമറ്റോളജിസ്റ്റ് ആയിരുന്നിട്ടുകൂടി, തന്റെ രക്ത പരിശോധയുടെ ഫലം അറിയുവാൻ നഴ്‌സുമാരെ ഏറെ നിർബന്ധിക്കേണ്ടി വന്നത്രെ. ഒരു ഡോക്ടർ ആയിരുന്നതു കൊണ്ട് മാത്രമാണ് അദ്ദേഹം ഇത്രയും കാലമെങ്കിലും ജീവിച്ചത് എന്നായിരുന്നു ഡോക്ടർ കൂടിയായ, അദ്ദേഹത്തിന്റെ പത്‌നി ഡോക്ടർ ശിവാനി താന മാഞ്ചസ്റ്റർ കൊറോണർ കോടതിയിൽ പറഞ്ഞു. അതല്ലായിരുന്നെങ്കിൽ, ആശുപത്രിയിൽ പ്രവേശിപ്പിച്ച് മൂന്ന് ദിവസങ്ങൾക്കകം അദ്ദേഹം മരണമടയുകയായിരുന്നു എന്നും ഡോക്ടർ ശിവാനി കോടതിയിൽ പറഞ്ഞു.

സ്റ്റിരോയ്ഡുകൾ നൽകി ചികിത്സിക്കാനായിരുന്നു ഡോക്ടർമാർ മുതിർന്നത്. അത് അദ്ദേഹത്തിന്റെ നില നേരിയ തോതിൽ മെച്ചപ്പെടുത്താൻ സഹായിച്ചു. പിന്നീട് സ്റ്റിൽസ് രോഗത്തിന്റെ ലക്ഷണങ്ങൾ കുറയ്ക്കുന്നതിനുള്ള ചികിത്സക്കായി അദ്ദേഹത്തെ ഡിസ്ചാർജ്ജ് ചെയ്ത് ഔട്ട്‌പേഷ്യന്റായി ചികിത്സിക്കുന്നതിനെ കുറിച്ചും ചർച്ചയുണ്ടായി.എന്നാൽ, ഓഗസ്റ്റ് 27 ന് താൻ ആശുപത്രിയിൽ എത്തി ഭർത്താവിനെ സന്ദർശിച്ചപ്പോൾ അദ്ദേഹം ഏതാണ്ട് അബോധാവസ്ഥയിൽ ആയിരുന്നു എന്നും ശിവാനി കോടതിയിൽ പറഞ്ഞു.

ഉടനടി അദ്ദേഹത്തെ ഇന്റൻസീവ് കെയറിലേക്ക് മാറ്റിയെങ്കിലും, അവിടെ ആവശ്യത്തിന് നഴ്‌സുമാർ ഉണ്ടായിരുന്നില്ലെന്നും അവർ അറിയിച്ചു. അദ്ദേഹത്തെ കുറിച്ചുള്ള നിരീക്ഷണങ്ങളും, ഫ്‌ളൂയിഡ് ലെവലുകളും മറ്റും താൻ തന്നെ പരിശോധിക്കേണ്ടി വന്നതായും അവർ അറിയിച്ചു. ചികിത്സാ നിർദ്ദേശങ്ങൾ നൽകിയ അമിതിനെ മറ്റു ഡോക്ടർമാർ പരിഹസിച്ചു ചിരിച്ചതായും അവർ പറഞ്ഞു. പിന്നീട് സെപ്റ്റംബർ 2 ന് ശ്വാസകോശ ബയോപ്‌സി നടത്തി. അതിനു ശേഷം ഡോക്ടർ അമിത് രക്തം തുപ്പാൻ ആരംഭിച്ചതായും അദ്ദേഹത്തിന്റെ വിധവ കോടതിയിൽ പറഞ്ഞു.

അത് ഒഴിവാക്കുവാനായി മലർന്ന് കിടക്കാനായിരുന്നത്രെ ഡോക്ടർമാർ നിർദ്ദേശിച്ചത്. അങ്ങനെ കിടന്നാൽ രക്തം പുറത്തു വരില്ലെന്നും, അത് ശ്വാസകോശത്തിനുള്ളിൽ തന്നെ കട്ടപിടിക്കുമെന്നും ഡോക്ടർ അമിത് അവരോട് പറഞ്ഞുവത്രെ. പിന്നീട്, സെഡേഷൻ നൽകി, ഡോക്ടർ അമിതിനെ കിടത്തുകയായിരുന്നത്രെ. മണിക്കൂറുകൾ നീണ്ട ആ കിടപ്പിൽ അമിതിന്റെ ശ്വാസകോശത്തിൽ രക്തം നിറഞ്ഞു. ഒക്ടോബർ 28 ന് അദ്ദേഹം മരണമടയുകയും ചെയ്തു.

ലണ്ടനിലെ ഒരു വലിയ ആശുപത്രിയിൽ ചികിത്സ നൽകണമെന്ന് താൻ ആഗ്രഹിച്ചിരുന്നെങ്കിലും ഭർത്താവ് അതിന് സമ്മതിച്ചില്ല എന്ന് ശിവാനി പറഞ്ഞു. രണ്ട് പെൺകുട്ടികൾ അടങ്ങിയ കുടുംബം ചെഷയറിൽ താമസം ആരംഭിച്ചിട്ട് അധികം നാളുകളായിരുന്നില്ല. അതിനിടയിൽ ലണ്ടനിലേക്കുള്ള പോക്ക്, കുടുംബത്തിലെ കാര്യങ്ങൾ താളം തെറ്റിക്കും എന്നായിരുന്നു കാരണമായി അമിത് പറഞ്ഞിരുന്നത്. ഹോസ്പിറ്റലിനെ പ്രതിനിധീകരിച്ച് എത്തിയ പോൾ സ്‌പെൻസർ പറഞ്ഞത് ഡോക്ടർ ശിവാനി താനയോട് ചോദിക്കാൻ ചോദ്യങ്ങൾ ഒന്നും ഇല്ല എന്നായിരുന്നു. എന്നാൽ, അവർ പറഞ്ഞ പല കാര്യങ്ങളോടും വിയോജിക്കുന്നതായും അയാൾ പറഞ്ഞു.