നുഷ്യനെ കൊല്ലുന്ന രോഗങ്ങളിൽ ഒന്നാണ് പ്രമേഹം. ആളെക്കൊല്ലി രോഗത്തിന്റെ പിടിയിൽ ജീവൻ വെടിഞ്ഞ സ്വന്തം അമ്മയുടെ ഓർമ്മക്കായി പ്രമേഹത്തെ കുറിച്ചുള്ള അവബോധം ആളുകളിൽ ഉണർത്താൻ ഒരു ചാരിറ്റി പ്രവർത്തനവുമായി ഇറങ്ങിയിരിക്കുകയാണ് ഒരു മലയാളി ഡോക്ടർ.

കഴിഞ്ഞ വർഷമായിരുന്നു ഡോക്ടർ വീണ ബാബുവിന്റെ മാതാവ് ഹെലെൻ ബാബു മരണമടഞ്ഞത്. പ്രമേഹമായിരുന്നു പ്രധാന കാരണം. അമ്മയുടെ വിയോഗം തീർത്ത നഷ്ടം ഡോ. വീണക്ക് നികത്താൻ ആകുന്നതായിരുന്നില്ല. അതുകൊണ്ടുതന്നെ അമ്മയുടെ ഗതി മറ്റുള്ളവർക്ക് വരാതിരിക്കുക എന്ന ഉദ്ദേശത്തോടെ, പ്രമേഹമെന്ന മാരക രോഗത്തെ കുറിച്ച് ആളുകളിൽ അവബോധം ഉണ്ടാക്കാൻ അവർ ഇറങ്ങിത്തിരിക്കുകയായിരുന്നു.

അതിനെ തുടർന്ന് അവർ ആദ്യമായി ചെയ്തത് സൗത്ത് ഏഷ്യൻ ഡയബെറ്റിക്സ് അസ്സോസിയേഷൻ (എസ് എ ഡി എ എച്ച്) എന്ന ഒരു ചാരിറ്റബിൾ സംഘടന രൂപീകരിക്കുക എന്നതായിരുന്നു. ടൈപ്പ് 2 പ്രമേഹം ഗുരുതരാവസ്ഥയിൽ എത്തി ജീവൻ വെടിഞ്ഞ ഹെലെൻ ബാബുവിന്റെ സ്മരണാർത്ഥമായിരുന്നു അത് രൂപീകരിച്ചത്. അമ്മയുടെ വിയോഗം വരുത്തിയ ദുഃഖം മറ്റുള്ളവർക്ക് ഉപകാരപ്രദമാകും വിധമുള്ള സേവനങ്ങൾ ചെയ്ത് മറക്കാൻ ശ്രമിക്കുകയാണ് വീണ.

അമ്മയുടെ മരണ ശേഷം വീണ പ്രമേഹത്തെ കുറിച്ച് ആഴത്തിൽ പഠിക്കാൻ ആരംഭിച്ചു. പൊതുവായ ജനസംഖ്യയുമായി താരതമ്യം ചെയ്യുമ്പോൽ ടൈപ്പ് 2 പ്രമേഹം വരാനുള്ള സാധ്യത ദക്ഷിണേഷ്യൻ സമൂഹത്തിൽ ആറിരട്ടിയാണെന്നാണ് അവർ പറയുന്നത്. മാത്രമല്ല യു കെയിൽ ടൈപ്പ് 2 പ്രമേഹം ബാധിച്ചവരായി ഉദ്ദേശം 30 ലക്ഷം ദക്ഷിണേഷ്യൻ വംശജർ ഉണ്ടെന്നും അവർ പറയുന്നു.

അതുപോലെ കാൻസർ ബാധിച്ചാലോ ഡിമെൻഷ്യ ബാധിച്ചാലോ മരണമടയും എന്നത് പോലെ പ്രമേഹം ബാധിച്ചാലും മരണമടയും എന്ന കാര്യം അധികം ആർക്കും അറിയില്ലെന്നും വീണ പറയുന്നു. 2021 ൽ മാത്രം പ്രമേഹവുമായി ബന്ധപ്പെട്ട് 1,40,775 മരണങ്ങളാണ് രേഖപ്പെടുത്തിയിട്ടുള്ളതെന്നും അവർ ചൂണ്ടിക്കാണിക്കുന്നു. തന്റെ അമ്മക്ക് വേണ്ടി ചെയ്യാൻ കഴിയാത്തത് ഇപ്പോൾ മറ്റുള്ളവർക്കായി ചെയ്യാൻ കഴിയുമെന്ന വിശ്വാസമുണ്ടെന്നും വീണ പറയുന്നു.

ഹിന്ദിയിൽ എക്കാലത്തേക്കും എന്ന് അർത്ഥം വരുന്ന സദാ എന്ന വാക്കാണ് സംഘടനക്ക് നൽകീയിരിക്കുന്നത്. എസ് എ ഡി എ എച്ച് എന്നതിന്റെ പൂർണ്ണരൂപം പക്ഷെസൗത്ത് ഏഷ്യൻ ഡയബെറ്റിസ് അസ്സോസിയേഷൻ ഇൻ മെമ്മറി ഓഫ് ഹെലെൻ എന്നതാണ്. കോട്ടയം ജില്ലയിലെ കുടമാളൂരിലുള്ള മുട്ടത്തുപാടം കുടുംബാംഗമായിരുന്നു ഹെലെൻ. ചങ്ങനാശേരിക്കറ്റുത്ത ചെത്തിപ്പുഴ സ്വദേശിയാണ് ഹെലെന്റെ ഭർത്താവ് ബാബു മൂലക്കാട്ട്.

ലണ്ടനിലാണ് ഡോ. വീണ ബാബു പ്രാക്ടീസ് ചെയ്യുന്നത്. അവരുടെ സഹോദരി ജീന ആൻ ബാബു എൻ എച്ച് എസിൽ മാർക്കറ്റിങ് എക്സിക്യുട്ടീവ് ആണ്. പ്രമേഹം തന്റെ അമ്മയുടെ ജീവനെടുക്കുമെന്ന് സ്വപ്നത്തിൽ പോലും കരുതിയിരുന്നില്ല എന്ന് വീണ പറയുന്നു. ടൈപ്പ് 2 പ്രമേഹമായിരുന്നു അമ്മക്ക്. ജീവിതശൈലിയും ഭക്ഷണ ക്രമവും മാറ്റുന്നതിലൂടെ ഇത് ഗുരുതരമാകാതെ സൂക്ഷിക്കാൻ കഴിയും. എന്നാൽ, കോഴിയിറച്ചിയും മീനുമൊക്കെ ഒരുപാട് ഇഷ്ടപ്പെട്ടിരുന്ന ഹെലന് അത് അത്രവേഗം ഉപേക്ഷിക്കാൻ കഴിഞ്ഞിരുന്നില്ല.

രക്തത്തിലെ പഞ്ചസാരയുടെ അളവ് നിയന്ത്രിക്കാൻ അവർ ഇൻസുലിനെ തന്നെയായിരുന്നു ആശ്രയിച്ചിരുന്നത്. വർഷം കഴിഞ്ഞപ്പോൾ വൃക്ക മാറ്റിവയ്ക്കേണ്ടതായി വന്നു. ഹൃദ്രോഗവും ബാധിച്ചു. പ്രമേഹവുമായി ബന്ധപ്പെട്ട സങ്കീർണ്ണതകളായിരുന്നു ഇതിനെല്ലാം കാരണമായത്. ഒരു ഡോക്ടർ ആകണമെന്നായിരുന്നു ഹെലന്റെ ആഗ്രഹം. എന്നാൽ, സ്വകാര്യ മെഡിക്കൽ കോളേജുകളിൽ പഠിക്കാനുള്ള സാമ്പത്തികം ഇല്ലാത്തതിനാൽ അതിനു കഴിഞ്ഞില്ല.. അമ്മയുടെ ആഗ്രഹ പൂർത്തീകരണമയിരുന്നു താൻ ഡോക്ടർ ആയതെന്ന് വീണ പറയുന്നു.