ന്യൂഡൽഹി: ഇന്ത്യൻ പൗരത്വ നിയമം കർശനമായി നടപ്പിലാക്കാൻ ഇന്ത്യൻ സർക്കാർ തീരുമാനിച്ചതോടെ പലവിധത്തിലുള്ള ആശങ്കകളാണ് ലോകത്ത്. തങ്ങളുടെ പ്രായപൂർത്തിയാകാത്ത കുട്ടികളിൽ ചിലരെങ്കിലും ഒരു രാജ്യത്തിന്റെയും പൗരന്മാർ അല്ലാതായി മാറിയേക്കും എന്ന ആശങ്കയിലാണ് ബ്രിട്ടനിലെ ഗോവൻ സമൂഹം. എന്നാൽ ഇപ്പോൾ ബോംബെ ഹൈക്കോടതിയുടെ സുപ്രധാനമായ ഒരു വിധി അവരിൽ പ്രതീക്ഷയുടെ ചെറിയ മുകുളങ്ങൾ ജനിപ്പിച്ചിരിക്കുകയാണ്.

മാതാപിതാക്കളിൽ ഒരാൾ ഇന്ത്യൻ പൗരത്വമുള്ള വ്യക്തിയാണെങ്കിൽ കൂടി മറ്റെയാൾ വിദേശ പൗരത്വമുള്ള ആളാണെങ്കിൽ അവർക്ക് ജനിച്ച കുട്ടികളുടെ ഇന്ത്യൻ പാസ്സ്പോർട്ട് പുതുക്കുന്നതിനോ, പുതിയത് എടുക്കുന്നതിനോ ഉള്ള അപേക്ഷകൾ സ്വീകരിക്കുന്നത് ലണ്ടനിലെ ഇന്ത്യൻ ഹൈക്കമ്മീഷൻ നിർത്തി വെച്ചതായി റിപ്പോർട്ടുകൾ വന്നിരുന്നു. ഇത്തരത്തിൽ അപേക്ഷകൾ സ്വീകരിക്കാത്ത നടപടി ബ്രിട്ടനിലെ പ്രായപൂർത്തിയാകാത്ത ഇന്ത്യൻ കുട്ടികളെ പ്രതികൂലമായി ബാധിക്കുകയാണ്.

ഇന്ത്യൻ പാസ്സ്പോർട്ട് പുതുക്കി നൽകാത്തതിനാൽ ഇവർക്ക് ഇന്ത്യയിലേക്കോ മറ്റ് വിദേശ രാജ്യങ്ങളിലേക്കോ യാത്ര സാധ്യമാകുന്നില്ല. ചുരുങ്ങിയത് ആറ് മാസത്തെ സാധുതയെങ്കിലും പാസ്സ്പോർട്ടിൽ ഉണ്ടെങ്കിൽ മാത്രമെ വിദേശയാത്ര സാധ്യമാകു. കുട്ടികളുടെ ഇന്ത്യൻ പാസ്സ്പോർട്ടുകൾ അധികം താമസിയാതെ കാലഹരണപ്പെടും എന്നതിനാൽ മാതാപിതാക്കൾക്ക് കുട്ടികളോടൊപ്പം ഇന്ത്യ സന്ദർശിക്കുന്നതിനുള്ള വിസക്ക് അപേക്ഷിക്കാൻ പോലും കഴിയുന്നില്ല.

ഇന്ത്യൻ പൗരത്വ നിയമം പറയുന്നത്, മാതാപിതാക്കളിൽ ഒരാൾക്ക് ഇന്ത്യൻ പൗരത്വം ഉണ്ടെങ്കിലും മറ്റെയാൾ വിദേശ പൗരത്വം ഉള്ള വ്യക്തിയാണെങ്കിൽ കുട്ടികൾക്ക് സ്വമേധയാ ഇന്ത്യൻ പാസ്സ്പോർട്ട് ലഭിക്കാൻ അർഹതയില്ല എന്നാണ്. വെംബ്ലിയിൽ താമസിക്കുന്ന ഒരു ഗോവ സ്വദേശി പറഞ്ഞത്, പത്ത് വർഷം മുൻപ് തന്റെ മകന്റെ ഇന്ത്യൻ പാസ്സ്പോർട്ട് പുതുക്കാൻ ചെന്നപ്പോൾ ഇന്ത്യൻ എംബസി ആവശ്യപ്പെട്ടത്, പോർച്ചുഗലിൽ പൗരത്വമില്ല് എന്ന സാക്ഷ്യപത്രം പോർച്ചുഗീസ് അധികൃതരിൽ നിന്നും വാങ്ങുവാനായിരുന്നു. അന്ന് അത് വാങ്ങി പരിഭാഷപ്പെടുത്തി, നോട്ടറി ചെയ്ത് സമർപ്പിക്കുകയും പാസ്സ്പോർട്ട് പുതുക്കി ലഭിക്കുകയും ചെയ്തു എന്നാണ്. ഇപ്പോൾ നിയമം മൊത്തത്തിൽ മാറിയിരിക്കുന്നതായി ആ വ്യക്തി പറയുന്നു.

ഇന്ത്യൻ പാസ്സ്പോർട്ട് ഉള്ള കുട്ടികളുടെ മാതാപിതാക്കളെ ആശങ്കയിലാഴ്‌ത്തുന്നതാണ് സർക്കാർ നയം എന്ന് നോർത്ത് ലണ്ടൻ ഗോവൻസ് കമ്മിറ്റി അംഗവും മർമഗോവ യൂണീയൻ യു കെ അംഗവുമായ ബെല്ല ഫെർണാണ്ടസ് പറയുന്നു.നിയമത്തിൽ വലിയൊരു പഴുതാണ് ഇവി്യൂടെയുള്ളത്. അത് ശാശ്വതമായി പരിഹരിക്കാൻ ഇന്ത്യൻ സർക്കാർ മുൻകൈ എറ്റുക്കണമെന്നും അദ്ദേഹം ആവശ്യപ്പെടുന്നു. ഇന്ത്യൻ വംശജരുടെ കുട്ടികളെ ഇന്ത്യ സംരക്ഷിച്ചില്ലെങ്കിൽ പിന്നെ ആരു സംരക്ഷിക്കും എന്നും അദ്ദേഹം ചോദ്യം ഉയർത്തുന്നു.

അതിനിടയിലാണ് ഇത്തരത്തിൽ പാസ്സ്പോർട്ട് നിഷേധിച്ചതിന്റെ പേരിൽ ബോംബെ ഹൈക്കോടതിയിൽ നൽകിയ പരാതിയിൽ ആശ്വാസ വിധി ഉണ്ടായത്. കമ്പാല - ഉഗാണ്ടയിൽ നിന്നുള്ളതായിരുന്നു കുട്ടിയുടെ ജനന സർട്ടിഫിക്കറ്റ്. മാത്രമല്ല മാതാപിതാക്കളുടെ പൗരത്വം പോർച്ചുഗീസ് എന്നായിരുന്നു രേഖപ്പെടുത്തിയിരുന്നത്. എന്നാൽ, 2019 മുതൽ കുട്ടിയുടെ മാതാവ് ഇന്ത്യൻ പാസ്സ്പോർട്ട് ഉള്ള വ്യക്തിയാണ് എന്ന കാരണത്താൽ പരാതിക്കാർക്ക് അനുകൂലമായി വിധിക്കുകയായിരുന്നു ഹൈക്കോടതി.

1950 ജനുവരി 26 ന് ശേഷവും 1992 ഡിസംബർ 10 ന് ശേഷവുംഇന്ത്യൻ വംശജർക്ക്, ഇന്തയ്ക്ക് പുറത്ത് ജനിക്കുന്ന കുഞ്ഞുങ്ങൾക്ക് പാരമ്പര്യമായി തന്നെ പൗരത്വത്തിന് അവകാശമുള്ളതായി നിയമത്തിൽ പറയുന്നുണ്ട്. പിതാവിന് ഇന്ത്യൻ പാസ്സ്പോർട്ട് ഉണ്ടെങ്കിൽ, എന്ന് പ്രത്യേകം പരാമർശിക്കുന്നുണ്ട് നിബന്ധനകളിൽ.പിന്നീട് 1992 ഡിസംബർ 10 ന് ശേഷം ജനിക്കുന്ന കുട്ടികളുടെ മാതാപിതാക്കളിൽ ആരെങ്കിലും ഒരാൾ എന്ന് ഭേദഗതി ചെയ്യുകയും ചെയ്തിട്ടുണ്ട്.