- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
- Home
- /
- News
- /
- EXPATRIATE
ബ്രിട്ടീഷ് പൗരത്വം ഉണ്ടെങ്കിലും യൂറോപ്യന്‍ രാജ്യങ്ങളില്‍ ലാന്‍ഡ് ചെയ്താല്‍ ബയോമെട്രിക് പരിശോധന നിര്‍ബന്ധം; യാത്രയുടെ മുഴുവന്‍ വിശദാംശങ്ങളും ഇല്ലെങ്കില്‍ പുറത്താക്കും; ഏതെല്ലാം എയര്‍പോര്‍ട്ടില്‍ നിയന്ത്രണമെന്ന് സൂചനയില്ല: യൂറോപ്യന്‍ യാത്ര അടിമുടി കുളമായി
ബ്രിട്ടീഷ് പൗരത്വം ഉണ്ടെങ്കിലും യൂറോപ്യന്‍ രാജ്യങ്ങളില്‍ ലാന്‍ഡ് ചെയ്താല്‍ ബയോമെട്രിക് പരിശോധന നിര്‍ബന്ധം
ലണ്ടന്‍: ഈ വാരാന്ത്യത്തില്‍ യൂറോപ്പിലെ ഏതെല്ലാം യൂറോപ്യന്‍ വിമാനത്താവളങ്ങളില്‍ പുതിയ ട്രാവല്‍ സിസ്റ്റം പൂര്‍ണ്ണമായും നിലവില്‍ വരും എന്നതിനെ കുറിച്ച് ഒരു വ്യക്തതയുമില്ലെന്നാണ് ബ്രിട്ടീഷ് അധികൃതര്‍ പറയുന്നത്. എവിടെയെല്ലാം പുതിയ എന്‍ട്രി/ എക്സിറ്റ് സിസ്റ്റം നിലവില്‍ വരുമെന്ന വിവരം ബ്രസ്സല്‍സോ യൂറോപ്യന്‍ യൂണിയനോ ബ്രിട്ടീഷ് സര്‍ക്കാരിനെ അറിയിച്ചിട്ടില്ല എന്നാണ് റിപ്പോര്‍ട്ടുകള്‍ സൂചിപ്പിക്കുന്നത്. അതോടെ യൂറോപ്യന്‍ വിമാനത്താവളങ്ങളില്‍ ബ്രിട്ടീഷ് യാത്രക്കാരുടെ നീണ്ട ക്യൂ പ്രത്യക്ഷപ്പെടും എന്ന് ഉറപ്പായിരിക്കുകയാണ്. ഞായറാഴ്ച മുതലാണ് പുതിയ ഇ ഇ എസ് പ്രവര്‍ത്തനക്ഷമമാകുന്നത്.
അതുകൊണ്ടു തന്നെ,യൂറോപ്യന്‍ യാത്ര ചെയ്യുന്നവര്‍, കൂടുതല്‍ സമയം വിമാനത്താവളങ്ങളില്‍ ചെലവഴിക്കുന്നതിനുള്ള തയ്യാറെടുപ്പുകള്‍ നടത്തണമെന്ന നിര്‍ദ്ദേശവും ഉയര്‍ന്നിട്ടുണ്ട്. പുതിയ ഇ ഇ എസ് സിസ്റ്റത്തില്‍ ബ്രിട്ടീഷ് പൗരന്മാരും മറ്റ് ഇ യു ഇതര രാജ്യങ്ങളില്‍ നിന്നുള്ളവരും, വിമാനത്താവളങ്ങളില്‍ അവരുടെ പാസ്സ്‌പോര്‍ട്ടുകള്‍ സ്‌കാന്‍ ചെയ്യുകയും ഫിംഗര്‍പ്രിന്റും ഫോട്ടോയും നല്‍കുകയും വേണം. ഇതിനായി വിമാനത്താവളങ്ങളില്‍ പ്രത്യേകം ഇലക്ട്രോണിക് ബൂത്തുകള്‍ സജ്ജീകരിച്ചിട്ടുണ്ട്.
അതിനു പുറമെ, യാത്രാ പ്ലാനിനെ കുറിച്ചുള്ള ചില ചോദ്യങ്ങള്‍ക്കു കൂടി സഞ്ചാരികള്‍ ഉത്തരം നല്‍കേണ്ടതായി വന്നേക്കാം. എവിടെയാണ് താമസിക്കാന്‍ ഉദ്ദേശിക്കുന്നത്, ട്രാവന്‍ ഇന്‍ഷുറന്‍സ് ഉണ്ടോ, യാത്രയ്ക്കുള്ള ചെലവുകള്‍ സ്വയം വഹിക്കാനുള്ള സാമ്പത്തിക സ്ഥിതിയുണ്ടോ എന്നു തുടങ്ങിയ ചോദ്യങ്ങളും ഇതില്‍ ഉള്‍പ്പെട്ടേക്കാം. ഇതില്‍ ഏതെങ്കിലും ചോദ്യത്തിന് ഉത്തരം നല്‍കിയില്ലെങ്കില്‍ നിങ്ങളെ ബോര്‍ഡര്‍ ഫോഴ്സിലെ ഉദ്യോഗസ്ഥര്‍ ചോദ്യംചെയ്യും.
എന്നാല്‍, ഏതെല്ലാം യൂറോപ്യന്‍ രാജ്യങ്ങളാണ് ഞായറാഴ്ച മുതല്‍ ഇ ഇ എസ് ഉപയോഗിക്കാന്‍ പോകുന്നതെന്നും യാത്രക്കാര്‍ അവരുടെ യാത്രയെ സംബന്ധിച്ച ചോദ്യങ്ങള്‍ക്ക് ഉത്തരം നല്‍കേണ്ടി വരുമെന്നോ യു കെ സര്‍ക്കാരിനെ യൂറോപ്യന്‍ യൂണിയന്‍ ഔദ്യോഗികമായി അറിയിച്ചിട്ടില്ല. പുതിയ സിസ്റ്റം പ്രവര്‍ത്തനക്ഷമമാക്കുന്ന വിവരം യൂറോപ്യന്‍ കമ്മീഷന്‍ അംഗരാജ്യങ്ങളുമായി മാത്രമാണ് പങ്കുവച്ചിരിക്കുന്നത്. എസ്റ്റോണിയ, ലക്സംബര്‍ഗ്, ചെക്ക് റിപ്പബ്ലിക് തുടങ്ങിയ ചില രാജ്യങ്ങള്‍ ആദ്യ ദിവസം മുതല്‍ തന്നെ പുതിയ സിസ്റ്റം പ്രവര്‍ത്തനക്ഷമമാക്കുമെന്ന് പ്രഖ്യാപിച്ചിട്ടുണ്ട്.
അതേസമയം, മാഡ്രിഡിലെ വിമാനത്താവളത്തില്‍ ഒരു വിമാനത്തിലെത്തുന്ന യാത്രക്കാരില്‍ പരീക്ഷിണാര്‍ത്ഥം മാത്രമായിരിക്കും ഇത് ആദ്യ ദിവസം മുതല്‍ പ്രവര്‍ത്തിപ്പിക്കുക എന്നാണ് സ്പെയിന്‍ അറിയിച്ചിരിക്കുന്നത്. ഏതായാലും ഈ വാരാന്ത്യം മുതല്‍ യൂറോപ്പിലേക്ക് യാത്ര ചെയ്യുന്നവര്‍ നാലു മണിക്കൂര്‍ അധിക സമയം കരുതണമെന്നാണ് നിര്‍ദ്ദേശം. യൂറോപ്യന്‍ വിമാനത്താവളങ്ങളില്‍ ഇറങ്ങുമ്പോള്‍ കാലതാമസം ഉണ്ടായേക്കാം എന്നതിനാലാണിത്.