ലണ്ടൻ: ബ്രിട്ടന്റെ കളി നമ്മളോടോ...? മലയാളികൾ അടക്കമുള്ള വിദേശ വിദ്യാർത്ഥികൾ ഒരേ ശബ്ദത്തിൽ ചോദിച്ചതോടെ ബ്രിട്ടൻ നടപ്പിലാക്കിയ നിയന്ത്രങ്ങളെല്ലാം കാറ്റിൽ പറത്തി വിദേശ വിദ്യാർത്ഥികളുടെ വരവിൽ ഇന്ത്യക്കാർ തന്നെ മുന്നിലെന്ന സൂചനകളെത്തി. എന്നാൽ മലയാളി വിദ്യാർത്ഥികളുടെ കാര്യത്തിൽ കാര്യമായ കുറവ് വന്നിട്ടുണ്ടെന്നാണ് സൂചനകൾ വ്യക്തമാക്കുന്നത്. കേരളത്തിൽ നിന്നും വിദേശ പഠനത്തിന് പോകുന്ന വിദ്യാർത്ഥികളുടെ കൃത്യമായ കണക്ക് സർക്കാരിന്റെ കയ്യിൽ പോലും ഇല്ലെന്നിരിക്കെ യുകെയിൽ എത്തുന്ന മലയാളി വിദ്യാർത്ഥികളുടെ വിവര ശേഖരണവും പ്രയാസമാണ്.

അതിനിടെ ഡിപെൻഡഡ് വിസക്കാരെ കൊണ്ട് വരാൻ പറ്റില്ലെന്ന നിയന്ത്രണം വന്നതോടെയാണ് മലയാളി വിദ്യാർത്ഥികളുടെ യുകെ മോഹത്തിന് പൊടുന്നനെ കടിഞ്ഞാൺ വീണത്. യുകെയിലേക്ക് വിദ്യാർത്ഥി വിസയിൽ എത്തുന്നവർ പൊടുന്നനെ യുകെയിൽ കുടിയേറാനായി വർക്ക് വിസയിലേക്ക് മാറുന്ന ട്രെൻഡ് രൂപപ്പെട്ടതോടെയാണ് സർക്കാർ അതിവേഗം നിയന്ത്രണ നടപടികൾ സ്വീകരിച്ചത്.

ആയിരക്കണക്കിന് വിദ്യാർത്ഥി വിസക്കാർ യുകെയിൽ എത്തിയ പാടെ വിസ സ്വിച്ചിങ് നടത്തി കോഴ്സ് ഉപേക്ഷിച്ചതും യുകെയിൽ പിടിച്ചു നിൽക്കുക എന്ന ഉദ്ദേശം മാത്രം വച്ച് കെയർ വിസ സ്വന്തമാക്കിയതും അക്കാലത്തു ഹോം സെക്രട്ടറി ആയിരുന്ന സ്യുവേല ബ്രെവർമാൻ കണക്കുകളുടെ അടിസ്ഥാനത്തിൽ സർക്കാരിനെ ബോധ്യപ്പെടുത്തിയപ്പോഴാണ് ഋഷി സുനക് സർക്കാർ വിദ്യാർത്ഥി വിസ കുടിയേറ്റ വിസയാക്കി മാറ്റാൻ പറ്റില്ലെന്ന നയം ഇക്കഴിഞ്ഞ ജനുവരി മുതൽ നടപ്പിലാക്കിയത്. ഇതോടെ വിദേശ വിദ്യാർത്ഥികളുടെ വരവിൽ കാര്യമായ കുറവ് ഉണ്ടാകും എന്നാണ് പ്രതീക്ഷിക്കപ്പെട്ടത് എങ്കിലും ഇപ്പോൾ ലഭിക്കുന്ന കണക്കുകൾ നേരെ വിപരീതമാണ്. ഉദ്ദേശിച്ച നിലയിൽ ഉള്ള തിരിച്ചടി യൂണിവേഴ്‌സിറ്റികൾ നേരിടേണ്ടി വരില്ല എന്നാണ് ബിർമിങ്ഹാം യൂണിവേഴ്‌സിറ്റി വൈസ് ചാൻസലർ ആദം ടിക്കൽ വെളിപ്പെടുത്തുന്നത്.

വിദ്യാർത്ഥികളുടെ ആവേശമായി ബ്രിട്ടൻ തുടരും, ലോക വിദ്യാഭ്യാസ ഹബ് എന്ന പെരുമ ഉള്ളിടത്തോളം

എന്തൊക്കെ നിയന്ത്രണം വന്നാലും ഭാവി സ്വപ്നം കാണുന്ന ചെറുപ്പക്കാർക്ക് ബ്രിട്ടൻ എന്നും ആവേശമായി നിലനിൽക്കും എന്നാണ് ഇപ്പോഴും വിദേശ വിദ്യാർത്ഥികളുടെ ഒഴുക്ക് സൂചിപ്പിക്കുന്ന ഘടകം. ലോക വിദ്യാഭ്യാസ ഭൂപടത്തിൽ ബ്രിട്ടൻ ഒന്നാം നിരയിൽ നിൽക്കുന്ന കാലത്തോളം ഈ ഒഴുക്ക് ശമനം ഇല്ലാതെ തുടരും എന്നാണ് ഇപ്പോഴത്തെ ട്രെൻഡ് വ്യക്തമാക്കുന്നതും. പഠനത്തിൽ മികവ് കാട്ടുന്നവർ ഇപ്പോൾ കൂടുതലായി എത്തുന്നു എന്നത് അവർക്ക് തന്നെ മെച്ചമായി മാറും എന്നാണ് ബോധ്യപ്പെടുന്നത്. വന്നവർക്ക് ജോലി കിട്ടാൻ ഉള്ള സാധ്യത മികവുറ്റ പ്രകടനം പഠന സമയത്തു സാധ്യമാക്കിയാൽ വർധിക്കും എന്നതും ഈ വിലയിരുത്തലിന് കാരണമാണ്.

നേരത്തെ കുടുംബവുമായി എത്തുന്നവർക്ക് പഠനത്തോടൊപ്പം കുടുംബത്തോടുള്ള ഉത്തരവാദിത്തം കൂടി ആകുന്നതോടെ ജീവിത ഭാരം കുമിഞ്ഞു കൂടുമ്പോൾ പഠന മികവിനെ ബാധിച്ചിരുന്നു എന്നതാണ് വസ്തുത. ഇപ്പോൾ ആശ്രിത വിസയില്ലാതെ എത്തുന്ന മിടുക്കർക്ക് പാർട്ട് ടൈം ജോലി കൊണ്ട് മാത്രം പഠനവും ജീവിതവും ഒന്നിച്ചു കൊണ്ട് പോകാം എന്നതാണ് സാഹചര്യം. കുടുംബം ഒന്നാകെ എത്തുമ്പോൾ താമസിക്കാൻ ഉള്ള ഇടം കണ്ടെത്തുന്നത് മുതൽ കൂടുതൽ സമയം ജോലി കൂടി ചെയ്യേണ്ടി വരുന്നു എന്നത് പലരുടെയും വിദ്യാഭ്യസത്തിൽ താളപ്പിഴകൾ സൃഷ്ടിച്ചിരുന്നു. അങ്ങനെയാണ് പിടിച്ചു നിൽക്കാൻ ഒടുവിൽ പഠനം തന്നെ ചിലരെങ്കിലും ഉപേക്ഷിച്ചു കെയർ ഹോമുകളിൽ അഭയം കണ്ടെത്തിയത്.

വിദേശ വിദ്യാർത്ഥികളോട് സർക്കാരിന് ശത്രുതാ മനോഭാവമില്ല, വിസ ദുരുപയോഗം തടയും

എന്നാൽ വിദേശ വിദ്യാർത്ഥികളുടെ വരവ് തടസപ്പെടുത്തുന്ന നയമല്ല സർക്കാരിന്റേത് എന്നാണ് ബിർമിങാം വൈസ് ചാൻസലർ ആദം ടിക്കൽ വ്യക്തമാക്കുന്നത്. വിദേശ വിദ്യാർത്ഥികളോട് ശത്രുക്കളെ പോലെയല്ല ബ്രിട്ടൻ പെരുമാറുന്നത്. സാധ്യമായ എല്ലാ സഹായവും ചെയ്താണ് വിദേശ വിദ്യാർത്ഥികളെ യുകെയിലേക്ക് ക്ഷണിക്കുന്നത്. അർഹരായവർക്കെല്ലാം സ്‌കോളർഷിപ്പ് അടക്കമുള്ള സഹായങ്ങൾ നൽകുന്നുണ്ട്. പക്ഷെ വിസാ ദുരുപയോഗം നടത്താൻ വിദ്യാർത്ഥി വിസ വ്യാപകമായി ഉപയോഗിച്ചതാണ് ഇപ്പോഴത്തെ നിയന്ത്രണത്തിന് കാരണമായത്. അതിനാൽ ഭാവിയിലും അത്തരം നിയന്ത്രണം തുടരുകയും ചെയ്യും. പക്ഷെ വിദ്യാർത്ഥികൾക്ക് അനുഗുണമായ ചില തീരുമാനങ്ങൾ ഭാവിയിൽ ഉണ്ടായാലും അതിശയിക്കേണ്ട എന്നാണ് അദ്ദേഹം വ്യക്തമാക്കുന്നത്.

നിലവിൽ ആയിരത്തിൽ അധികം ഇന്ത്യൻ വിദേശ വിദ്യാർത്ഥികളാണ് ബിർമിങ്ഹാം യൂണിവേഴ്‌സിറ്റിയിൽ എത്തിയത്. ആകെയുള്ള വിദേശ വിദ്യാർത്ഥികളുടെ 20 ശതമാനമാണ് ഇവർ സ്വന്തവുമാക്കിയത്. എന്നാൽ ഇവരേക്കാൾ കൂടുതൽ ചൈനയിൽ നിന്നും ആണെന്ന പ്രത്യേകതയുണ്ട്. ഇന്ത്യൻ വിദ്യാർത്ഥികൾക്ക് ഒരു മില്യൺ പൗണ്ട് മൂല്യം വരുന്ന സ്‌കോളർഷിപ്പ് ആണ് ബിർമിങാം യൂണിവേഴ്‌സിറ്റി പ്രഖ്യാപിച്ചിരിക്കുന്നത്. സമാനമായ തരത്തിൽ മറ്റു യൂണിവേഴ്സിറ്റികളും ആകർഷകമായ പാക്കേജുകൾ പ്രഖ്യാപിക്കുന്നുണ്ട്. വിദേശ വിദ്യാർത്ഥി വിസ അനാകർഷകം ആകുന്ന തരത്തിൽ പ്രഖ്യാപിച്ച നിയന്ത്രണം ബിർമിങാം യൂണിവേഴ്സിറ്റിയെ കാര്യമായി ബാധിച്ചിട്ടില്ല എന്നാണ് ആദം ടിക്കൽ പറയുന്നത്.

നിലവാരം ഇല്ലാത്ത വിധം വിദേശ വിദ്യാർത്ഥികളെ ആകർഷിച്ചു കൊണ്ടിരുന്ന സർവ്വകലാശാലയ്ക്കാണ് ഇപ്പോൾ സർക്കാർ നടപടികൾ തിരിച്ചടി ആയി മാറിയിരിക്കുന്നത്. എന്നാൽ നിലവാരം പുലർത്തി മാത്രം വിദ്യാർത്ഥികളെ എടുത്തിരുന്ന സർവ്വകലാശാലകൾക്ക് ഈ പ്രയാസം ഇതുവരെ ഫീൽ ചെയ്തിട്ടില്ല എന്നാണ് ലഭ്യമാകുന്ന വിവരം. വരുമാനത്തിലും വിദ്യാർത്ഥികളുടെ എണ്ണത്തിലും കാര്യമായ ഇടിവ് ഉണ്ടായിട്ടില്ല എന്ന് തന്നെ ഇത് അർത്ഥമാക്കുന്നത്. കൂടുതൽ കടുപ്പമുള്ള സമീപനം സർക്കാർ സ്വീകരിച്ചാലും അടുത്ത രണ്ടു വർഷത്തേക്ക് അത് നടപ്പാക്കില്ല എന്ന ഉറപ്പും നൽകാൻ സർക്കാർ തയ്യാറായേക്കും എന്നാണ് ആദം ടിക്കൽ വിശ്വസിക്കുന്നത്.

ഇപ്പോഴും ഇൻഫർമേഷൻ ടെക്‌നോളജി, ഹെൽത്ത് റിലേറ്റഡ് കോഴ്‌സുകൾ, എൻജിനിയറിങ്, സയൻസ് എന്നീ കോഴ്‌സുകൾ പഠിക്കാൻ എത്തുന്നവർക്ക് ബ്രിട്ടനിൽ തന്നെ ജീവിതം തുടരാൻ ഉള്ള സാഹചര്യവും നിലനിൽക്കുന്നുണ്ട്. നല്ല മികവോടെ കോഴ്‌സുകൾ പാസാകണം എന്ന് മാത്രമാണ് പ്രധാനമായി മാറുന്നത്. പഠനത്തിൽ മികവ് കാട്ടിയാൽ ജോലി ലഭിക്കുക എന്നത് അത്ര പ്രയാസമുള്ള കാര്യവുമല്ല എന്നാണ് ആദം സൂചിപ്പിക്കുന്നത്. സൈബർ സെക്യൂരിറ്റിയും എയർ പൊലൂഷൻ മാനേജ്‌മെന്റും ഒക്കെ ബിർമിങ്ഹാം യൂണിവേഴ്‌സിറ്റിയിൽ വിദ്യാർത്ഥികളെ ആകർഷിക്കുന്ന കോഴ്‌സുകളാണ്. ആർട്ടിഫിഷ്യൽ ഇന്റലിജെൻസ് അടക്കം വിവിധ കോഴ്‌സുകൾക്ക് ഇന്റർനാഷണൽ ഹബ് തുടങ്ങാൻ മഹാരാഷ്ട്ര സർക്കാരുമായി ധാരണ പത്രം ഒപ്പിട്ടിരിക്കുകയാണ് എന്നും വൈസ് ചാൻസലർ കൂട്ടിച്ചേർത്തു.