ലണ്ടൻ: പഠനാന്തരമുള്ള വർക്ക് വിസ, വിദേശ വിദ്യാർത്ഥികൾ ആശ്രിതരെ കൊണ്ടു വരുന്നതിനുള്ള നിയന്ത്രണം എന്നിവയൊക്കെ ചൂടേറിയ ചർച്ചകാളായ പശ്ചാത്തലത്തിൽ, ഇന്നലെ പുറത്തുവിട്ട ഔദ്യോഗിക കണക്കുകൾ വ്യക്തമാക്കുന്നത് ബ്രിട്ടനിൽ പഠിക്കാൻ താത്പര്യം കാട്ടുന്ന വിദ്യാർത്ഥികളുടെ എണ്ണത്തിൽ കുറവുണ്ടാകുന്നു എന്നാണ്. ബ്രിട്ടീഷ് പഠനത്തോടുള്ള വിമുഖത ഇന്ത്യൻ വിദ്യാർത്ഥികളിൽ വർദ്ധിക്കുകയാണ്. കഴിഞ്ഞ വർഷത്തേക്കാൾ ബ്രിട്ടീഷ് യൂണിവേഴ്സിറ്റിയിലേക്ക് അപേക്ഷിക്കുന്ന ഇന്ത്യൻ വിദ്യാർത്ഥികളുടെ എണ്ണത്തിൽ ഉണ്ടായിരിക്കുന്നത് 4 ശതമാനം കുറവാണ്.

അതേസമയം, യൂണിവേഴ്സിറ്റീസ് ആൻഡ് കോളേജസ് അഡ്‌മിഷൻസ് സർവീസ് (യു സി എ എസ്) ന്റെ കണക്കിൽ പറയുന്നത്, ബ്രിട്ടനിൽ പഠിക്കാനെത്തുന്ന മൊത്തം വിദ്യാർത്ഥികളുടെ എണ്ണത്തിൽ 0.7 ശതമാനത്തിന്റെ വർദ്ധനവ് ഉണ്ടായി എന്നാണ്. അടുത്ത കാലത്ത് റെക്കോർഡ് എണ്ണത്തിൽ എത്തിയതിനു ശേഷം ഇന്ത്യൻ വിദ്യാർത്ഥികളുടെയും നൈജീരിയൻ വിദ്യാർത്ഥികളുടെയും എണ്ണത്തിൽ കുറവ് തുടരുകയാണെന്നും കണക്കുകൾ വ്യക്തമാക്കുന്നു.

കഴിഞ്ഞ വർഷത്തെ അപേക്ഷിച്ച് ഇന്ത്യൻ വിദ്യാർത്ഥികളുടെ എണ്ണത്തിൽ 4 ശതമാനത്തിന്റെ കുറവ് ഉണ്ടായപ്പോൾ 8770 വിദ്യാർത്ഥികളാണ് കുറഞ്ഞത്. അതേസമയം നൈജീരിയയിൽ നിന്നുള്ള വിദ്യാർത്ഥികളുടെ എണ്ണത്തിൽ 46 ശതമാനം അല്ലെങ്കിൽ 1,590 വിദ്യാർത്ഥികളുടെ കുറവാണ് ഉണ്ടായിരിക്കുന്നത്. എന്നാൽ, മൊത്തം വിദ്യാർത്ഥികളുടെ എണ്ണത്തിൽ ഉണ്ടായ 0.7 ശതമാനത്തിന്റെ വർദ്ധനവ് കാണിക്കുന്നത് യു കെ വിദ്യാഭ്യാസ മേഖല ഇപ്പോഴും ആഗോളാടിസ്ഥാനത്തിൽ ആകർഷണീയമായി തുടരുന്നു എന്ന് തന്നെയാണ്.

ഇത്തവണ വിദ്യാർത്ഥികളുടെ ഏണ്ണത്തിൽ ഏറ്റവുമധികം വർദ്ധനവ് ഉണ്ടായത് ചൈനയിൽ നിന്നുമാണ്., 3 ശതമാനം അല്ലെങ്കിൽ 910 വിദ്യാർത്ഥികളാണ് കഴിഞ്ഞവർഷത്തേക്കാൾ കൂടുതലായി ചൈനയിൽ നിന്നും എത്തിയിട്ടുള്ളത് ടർക്കിയിൽ നിന്നും കഴിഞ്ഞ വർഷത്തെ അപേക്ഷിച്ച് 710 (37 ശതമാനം) വിദ്യാർത്ഥികൾ കൂടുതലായി എത്തിയപ്പോൾ കാനഡയിൽ നിന്നും 340 (14 ശതമാനം) വിദ്യാർത്ഥികൾ കൂടുതലായി എത്തി.

ഇന്ത്യൻ വിദ്യാർത്ഥികളുടെ എണ്ണത്തിൽ ക്രമമായി വർദ്ധനവ് ഉണ്ടായതിനു ശേഷം ഇപ്പോൾ കുറവുണ്ടാകുന്നത് ഋഷി സർക്കാരിന്റെ പുതിയ വിസ നിയന്ത്രണങ്ങൾ മൂലമായിരിക്കുമെന്നാണ് കരുതപ്പെടുന്നത്. ഗ്രാഡ്വേറ്റ് വിസയിൽ എത്തുന്നവർക്ക്, പഠന ശേഷം രണ്ട് വർഷത്തോളം യു കെയിൽ താമസിച്ച് ജോലി ചെയ്യുന്നതിനുള്ള അവകാശത്തെ കുറിച്ചും സർക്കാർ പുനർവിചിന്തനം നടത്തുകയാണ്.