പത്തനംതിട്ട: ന്യൂ സൗത്ത് വെയിൽസ് വാഗവാഗയിലെ ചാൾസ് സ്റ്റട്ട് യൂണിവേഴ്സിറ്റിയിൽ റേഡിയോളജി രണ്ടാം വർഷം പഠിക്കുന്ന ചിറ്റാർ പ്ലാത്താനത്ത് ജോൺമാത്യു (ജോജി) ആൻസി ദമ്പതികളുടെ മകൻ ജെഫിൻ ജോണിന്റെ (23) അപകട മരണം സംബന്ധിച്ച് കൂടുതൽ വിവരങ്ങൾ പുറത്ത്. ജെഫിൻ സഞ്ചരിച്ചിരുന്ന കാർ ട്രക്കുമായി കൂട്ടിയിടിച്ചാണ് അപകടം.

തിങ്കളാഴ്ച പുലർച്ചെ വാഗവാഗയിൽ നിന്നും സിഡ്നിയിലേക്കുള്ള യാത്രാമധ്യേ ഗുണ്ടഗൈ എന്ന സ്ഥലത്താണ് അപകടം നടന്നത്. അഡലെയ്ഡിലാണ് ജെഫിനും കുടുംബവും താമസിക്കുന്നത്. ഇവിടെ നിന്ന് 12 മണിക്കൂർ യാത്ര ചെയ്ത് വേണം അപകട സ്ഥലത്ത് എത്താൻ. ജെഫിന്റെ പിതാവ് സംഭവ സ്ഥലത്ത് ചെന്നതായി ബന്ധുക്കൾക്ക് വിവരം ലഭിച്ചു.

അപകട സമയത്ത് ജെഫിൻ മാത്രമാണ് കാറിലുണ്ടായിരുന്നത്. 15 വർഷമായി ജെഫിന്റെ കുടുംബം സൗത്ത് ഓസ്ട്രേലിയയിൽ സ്ഥിരതാമസമാണ്. ജോണിന്റെയും ആൻസിയുടെയും മൂത്ത മകനാണ് ജെഫിൻ അഡലെയ്ഡിൽ വിദ്യാർത്ഥിയായ ജിയോൺ സഹോദരനാണ്. ജെഫിന്റെ മൃതദേഹം ജന്മദേശമായ ചിറ്റാറിലേക്ക് കൊണ്ടു വരുമെന്ന് ആദ്യം വിവരങ്ങൾ വന്നിരുന്നു. എന്നാൽ, ഇതു സംബന്ധിച്ച് തീരുമാനം ഒന്നുമായിട്ടില്ലെന്ന് ബന്ധുക്കൾ പറഞ്ഞു.