ലണ്ടൻ: ഇത്രയും ഭീരുക്കളാകണോ യുകെ മലയാളികൾ? കള്ളൻ വീട്ടിൽ കയറിയാലും തെരുവിൽ ആക്രമിക്കപ്പെട്ടാലും നിശ്ശബ്ദതയോടെ എല്ലാം സഹിച്ചു ജീവിക്കേണ്ടവരാണോ യുകെ മലയാളികൾ? സാമൂഹ്യമായ അനീതികൾ കണ്മുൻപിൽ വേതാള രൂപം പൂണ്ടു നൃത്തമാടിയാലും താൻ എന്തിനു ഇടപെടണം എന്ന ഭീരുത്വം അലങ്കാരമാക്കിയ ഓരോ യുകെ മലയാളിയും സ്വന്തം ജീവിതം കൊണ്ട് മറുപടി പറയേണ്ട സാഹചര്യമാണ് കഴിഞ്ഞ വർഷം ലണ്ടൻ തെരുവിൽ കൗമാര അക്രമിയുടെ കൈ കാൽ കരുത്തിൽ ജീവൻ ബലി നൽകേണ്ടി വന്ന ജെറാൾഡ് നെറ്റോ എന്ന തിരുവനന്തപുരത്തുകാരന്റെ മരണവും ഇപ്പോൾ അക്രമിയെ തേടി എത്തിയ നിസാരമായ കോടതി വിധിയും വഴി നേരിടേണ്ടി വരുന്നത്.

നിയമത്തിന്റെ ലൂപ്പ് ഹോളിലൂടെ, കുറ്റവാളിയുടെ പ്രായത്തിന്റെ പരിഗണനയുടെ പേരിൽ, അക്രമിയുടെ മാനസിക നിലയുടെ ഒക്കെ പേരിൽ വിചാരണക്കൊടുവിൽ പേരിനൊരു ശിക്ഷയും വാങ്ങി ജീവിതകാലം ജയിലിൽ കിടക്കേണ്ടവർ സമൂഹത്തിലേക്ക് വീണ്ടും എത്തുകയാണ്. ഇപ്പോൾ പ്രായം പരിഗണിച്ചു ജെറാൾഡ് നെറ്റോയുടെ കൊലപാതകിയുടെ പേര് പോലും പുറത്തു വരാതിരിക്കെ അക്രമികൾക്ക് നൽകുന്ന സന്ദേശം എന്ത് എന്ന് ജെറാൾഡിന്റെ ധീരയായ മകൾ ജെന്നിഫർ ചോദിക്കുമ്പോൾ സമാധാനം പറയേണ്ടത് ബ്രിട്ടീഷ് നിയമ വ്യവസ്ഥയാണ്.

എന്നാൽ കൃത്യമായ മൗനമാണ് ഇരകളുടെ കുടുംബങ്ങൾക്ക് ലഭിക്കുന്ന മറുപടി. മാസങ്ങൾക്ക് മുൻപ് കവൻട്രിയിൽ അനേകം മലയാളികളുടെ പ്രിയ സുഹൃത്തും സഹപ്രവർത്തകനുമായ ഫിലിപ്പിനോ വംശജജൻ ജോയൽ കരിഡോ അക്രമി ഓടിച്ച കാർ ഇടിച്ചു കൊല്ലപ്പെട്ട കേസിലും പൊതു സമൂഹം ഇതുവരെ അക്രമിയുടെ പേര് തിരിച്ചറിഞ്ഞിട്ടില്ല. ഇതെന്തു നീതി എന്ന ചോദ്യം പ്രസക്തമാക്കുന്ന നൂറു കണക്കിന് സംഭവങ്ങളാണ് ഓരോ വർഷവും റിപ്പോർട്ട് ചെയ്യപ്പെടുന്നത്.

ആർക്കും സഹായവുമായി എത്തുന്ന ഒരു മനുഷ്യൻ

അടുത്തറിയുന്ന ആർക്കും മുഖത്തൊരു പുഞ്ചിരിയുമായി മുന്നിൽ എത്തുന്ന നെറ്റോയെ മറക്കാനാകില്ല. ഒരാളെ കൊന്ന ശേഷവും ജാമ്യ വ്യവസ്ഥ പോലും ലംഘിക്കാൻ യുകെയിലെ കൗമാരക്കാർക്ക് ധൈര്യം ലഭിക്കുമെങ്കിൽ ഇനിയും എത്ര നെറ്റോമാർ നമുക്കിടയിൽ കൊല്ലപ്പെടാൻ ബാക്കിയാകുന്നു എന്ന ചോദ്യമാണ് അദ്ദേഹത്തെ പരിചയമുള്ളവർ ഇപ്പോൾ ചോദിക്കുന്നത്.

തനിക്ക് ഒരാളെ കൊല്ലാൻ ഉദ്ദേശമില്ലെന്നു കരുത്തനായ ഒരു കൗമാരക്കാരൻ കോടതിയിൽ കുറഞ്ഞ ശിക്ഷ ലഭിക്കാൻ പലപ്പോഴും ഉപയോഗിക്കുന്ന വാക്കുകൾ തന്നെയാണ് നെറ്റോയുടെ കൊലപാതകിയും കോടതിയിൽ ഉപയോഗിച്ചതും ജഡ്ജി ആ വാക്കുകൾ മുഖവിലയ്ക്ക് എടുത്തതും. എന്നാൽ തെരുവിൽ ബോക്സിങ് റിങിലേതു പോലെ ഒരു മനുഷ്യനെ ചവിട്ടി കൂട്ടി മെതിക്കുമ്പോൾ കൗമാരക്കാരായ അക്രമികൾ കരുതുന്നത് എന്ത് എന്ന മറുചോദ്യം പലപ്പോഴും കോടതി മുറികളിൽ ഉണ്ടാകാത്തതും നെറ്റോയുടേത് പോലുള്ള ഇരകളുടെ കുടുംബങ്ങളെ മാത്രമല്ല മനുഷ്യസ്നേഹികളായ ആരെയും വേദനപ്പടുത്തുന്നതാണ്.

ഇലക്ട്രീഷ്യൻ ആയി ജോലി ചെയ്തിരുന്ന നെറ്റോ സൗത്താളിലെയും പരിസരത്തും ഉള്ള അനേകം മലയാളികൾക്ക് സഹായവുമായി എപ്പോൾ വേണമെങ്കിലും വിളിപ്പുറത്തുള്ള ആളുമായിരുന്നു. പ്രായമായവരൊക്കെ ജോലിക്ക് വിളിച്ചാൽ പണം പോലും വാങ്ങാതെ ആവശ്യം നടത്തി കൊടുക്കുന്ന ഒരു തനി മലയാളി ആയാണ് അദ്ദേഹം ലണ്ടനിൽ ജീവിച്ചത്. ഇങ്ങനെയൊക്കെ ഒരാൾക്ക് മരണ ശേഷം നിയമവും സമൂഹവും വേണ്ടത്ര ആദരവ് നൽകിയോ എന്ന ചോദ്യമാണ് ഇപ്പോൾ എത്തിയിരിക്കുന്ന കോടതി വിധി ഉയർത്തുന്നത്. കൊലപാതക കുറ്റം ഏറ്റ പ്രതി വിചാരണ തടവുകാരൻ പോലും ആകാതെ മാതാപിതാക്കൾക്കൊപ്പം വീട്ടിൽ തികച്ചും സാധാരണപോലെ ജീവിക്കാൻ ഉള്ള സൗകര്യവും ഒരുക്കിയതും ബ്രിട്ടനിലെ നിയമത്തിൽ ഉള്ള വീഴ്ചകൾ തന്നെയാണ് എന്നാണ് നെറ്റോയുടെ കുടുംബം പരിതപിക്കുന്നത്.

യുകെ മലയാളികളിൽ എന്തിനാണ് ഈ ഭീതിയും ഭയവും? എന്തുകൊണ്ട് ജെന്നിഫറിന്റെ കൈ പിടിച്ചില്ല?

നെറ്റോ പതിറ്റാണ്ടുകൾക്ക് മുൻപ് അച്ഛനമ്മമാരുടെ കൈപിടിച്ച് എത്തിയതാണ് ലണ്ടനിലെ ജീവിതത്തിലേക്ക്. നെറ്റോയും സഹോദരങ്ങളും ജീവിച്ച സൗത്താളും സമീപ ദേശങ്ങളായ ഈസ്റ്റ് ഹാമും അദ്ദേഹത്തിന് ജീവൻ നഷ്ടമായ ഈലിങ് അടക്കമുള്ള പട്ടണങ്ങളിലെയും ഓരോ തെരുവും കൈവെള്ളയിലേതു പോലെ പരിചിതവും ആയിരുന്നു. എന്നാൽ കൗമാരക്കാരായ, തന്റെ മക്കളേക്കാൾ പ്രായം കുറഞ്ഞ ഒരു തെമ്മാടി സംഘം തന്റെ ജീവൻ എടുക്കും എന്ന് സ്വപ്നത്തിൽ പോലും കരുതാത്ത വിധത്തിൽ അവർക്ക് നേർക്ക് നേർ എത്താനായ സാഹചര്യമാണ് കഴിഞ്ഞ വർഷം മാർച്ച് 15 നെ ഇന്നും നെറ്റോയുടെ കുടുംബത്തിന് പേടിപ്പെടുത്തുന്ന ഓർമ്മയായി കൂടെയുള്ളത്. സംഭവിച്ചത് ഒക്കെ സത്യമാണോ എന്ന് ഇപ്പോഴും വിശ്വസിക്കാനാകുന്നില്ല എന്നാണ് അദ്ദേഹത്തിന്റെ ഭാര്യ ലിജിനു ഇപ്പോഴും പറയാനുള്ളത്.

രാത്രികളിൽ താൻ സ്വപ്നം കാണുകയാണോ എന്നറിയാൻ നുള്ളി നോക്കുക വരെ ചെയ്യും എന്ന് പറയുമ്പോൾ അവർ അനുഭവിക്കുന്ന വേദനയുടെ തീവ്രത ആർക്കും മനസിലാകും. എന്നിട്ടും ഓരോ മനുഷ്യരുടെയും ജീവന് ഉത്തരവാദിത്തമുള്ള പ്രോസിക്യൂഷന് അവർക്ക് നീതി കിട്ടാൻ വേണ്ടി പണിയെടുക്കാൻ സാധിക്കാതെ പോകുന്നത്. നോട്ടിങ്ഹാമിൽ കൊല്ലപ്പെട്ട ഗ്രെയ്‌സ് കുമാറിന്റെ പ്രതിയുടെ കാര്യത്തിൽ അറ്റോണി ജനറൽ വരെ നിസഹായത പ്രകടിപ്പിക്കുമ്പോൾ നിയമത്തിൽ പഴുതും പ്രതികൾക്ക് രക്ഷപ്പെടാനുള്ള വഴിയും തെളിഞ്ഞു നിൽക്കുകയാണ് എന്നുകൂടിയാണ് വ്യക്തമാകുന്നത്.

ജെറാൾഡിന്റെ കൊലപാതകിക്ക് സംഭവിക്കാൻ ഇരിക്കുന്നത് വളരെ കുറഞ്ഞ ശിക്ഷ ആണെന്ന് മനസിലാക്കിയാണ് ജെറാൾഡിന്റെ പ്രിയ മകൾ ജെന്നിഫർ തന്റെ പിതാവിന് നീതി കിട്ടണം എന്നാഗ്രഹിച്ച് ഓൺലൈൻ പരാതിയുമായി രംഗത്ത് വന്നത്. പിതാവിന്റെ മരണം നടന്നു 13 ദിവസം ആയപ്പോൾ തന്നെ തങ്ങൾക്ക് അർഹമായ നീതി ലഭിക്കില്ല എന്ന് മനസിലാക്കിയാണ് ജെന്നിഫർ ഓൺലൈൻ പരാതിയുമായി രംഗത്ത് എത്തിയത്. ജെറാൾഡിനെ അടുത്തറിയുന്ന മലയാളികളായ സൗത്താളിലെ കാറൽ മിറാൻഡ, രാജേഷ് സഹദേവൻ എന്നിവരൊക്കെ ഈ വിഷയത്തിൽ പ്രതികരണവുമായി എത്തി.

എന്നാൽ ജെന്നിഫറിന്റെ പരാതിക്ക് ആകെ ഓൺലൈനിൽ പിന്തുണ നൽകിയത് 1331 പേരാണ്. അനേകായിരം മൈൽ അകലെയുള്ള മണിപ്പൂരിന് വേണ്ടിയും മുല്ലപ്പെരിയാറിനു വേണ്ടിയും പൗരത്വ ബില്ലിന് വേണ്ടിയും കർഷക സമരത്തിലും ഒക്കെ വീറോടെ ഇത്തരം പരാതികളിൽ ഒപ്പിടുന്ന യുകെ മലയാളികൾ നാളെ തങ്ങളുടെ കുടുംബത്തിലും എത്തിയേക്കാവുന്ന തൊട്ടു മുൻപിൽ ഉള്ള ഒരു അപകടത്തെ നേരിടാൻ വേണ്ടിയുള്ള സമര പാതയിൽ ജെന്നിഫറിന്റെ കൈപിടിക്കാതെ മാറി നിന്നതു എന്തുകൊണ്ടാകും?

പൊതുവെ മലയാളികൾക്ക് ഒപ്പമുള്ള ഭയം തന്നെയാകുമോ ഓൺലൈൻ പരാതിയിൽ ഒപ്പിടുന്നതിനു വിമുഖത സൃഷ്ടിച്ചത്? ഒരിക്കലുമാകില്ല. മറിച്ചു താനും കുടുംബവും സുരക്ഷിതർ ആണെന്ന മിഥ്യ ബോധം തന്നെയാണ് ഈ നിസ്സംഗതയ്ക്ക് കാരണമാകുന്നത്. ഏതാനും സെക്കൻഡുകൾ കൊണ്ട് പൂർത്തിയാക്കാവുന്ന ഒരു ഓൺലൈൻ പരാതിക്ക് നൽകുന്ന പിന്തുണ കൊണ്ട് സ്വന്തം കുടുംബത്തിന്റെയും താൻ ജീവിക്കുന്ന സമൂഹത്തിന്റെയും സുരക്ഷ ഉറപ്പാക്കാനുള്ള ഒരു ശ്രമത്തിന്റെ കടയ്ക്കലാണ് ഓരോ യുകെ മലയാളിയും കത്തി വച്ചത്. ഏറ്റവും ചുരുങ്ങിയത് രണ്ടു ലക്ഷത്തിലേറെ മലയാളികൾ ജീവിക്കുന്ന യുകെയിലാണ് ജെന്നിഫറിന് ഒപ്പം കൈപിടിക്കാൻ വെറും 1300 ഓളം പേർ തയ്യാറായത് എന്നതും കാണാതെ പോകരുത്. അതിൽ തന്നെ എത്ര മലയാളികൾ ഉണ്ട് എന്ന ചോദ്യവും പ്രസക്തമാണ്.

ജെറാൾഡിനോട് നമുക്ക് നീതി കാട്ടണ്ടേ? അതോ ഇനിയും നമ്മൾ മൗനത്തിൽ അഭയം തേടുമോ?

കൗമാരക്കാരനായ കൊലപാതകിക്ക് കേവലം ഒരു വർഷത്തെ ബാല കുറ്റവാളികളെ പാർപ്പിക്കുന്ന കേന്ദ്രത്തിൽ ഉള്ള നിസാരമായ ശിക്ഷ നൽകിയതിനെ തുടർന്ന് മഹാകാര്യം ചെയ്‌തെന്ന നാട്യത്തിലാണ് ഇന്നലെ മെട്രോപൊളിറ്റൻ പൊലീസ് അവകാശവാദവും ആയി രംഗത്ത് വന്നിരിക്കുന്നത്. ബ്രോട്ട് റ്റു ജസ്റ്റിസ് എന്ന തലക്കെട്ടോടെ പൊലീസ് വെബ് സൈറ്റിൽ പ്രസിദ്ധപ്പെടുത്തിയ കുറിപ്പിന്റെ ഭാഷ കൊലപാതകിക്ക് പരമാവധി ശിക്ഷ ലഭിച്ചു എന്നാണ് ചുരുക്കത്തിൽ പറഞ്ഞു പോകുന്നത്. എന്നാൽ മക്കളും പേരക്കിടാവും ഉള്ള ഒരാളെ പ്രകോപനം കൂടാതെ തല്ലിയും ചവിട്ടിയും കൈക്കരുത്തും കാട്ടി കൊലപ്പെടുത്തുന്ന തെമ്മാടിക്കൂട്ടത്തിന് ഇതാണോ ലഭിക്കേണ്ട ശിക്ഷ എന്ന് ചുരുങ്ങിയത് ഓരോ യുകെ മലയാളിയും പരസ്യമായി ചോദിക്കേണ്ട സമയമാണിത്.

ഇതിനായി മലയാളികളെ കോർത്തിണക്കുന്നു എന്ന നാട്യത്തിൽ നിൽക്കുന്ന നൂറു കണക്കിന് സംഘടനകളിൽ ഏതെങ്കിലും ഒന്ന് നേതൃത്വ പാടവം കാട്ടി മുന്നിൽ എത്തുമോ? നിയമ രംഗത്ത് പ്രവർത്തിക്കുന്ന നൂറോളം മലയാളികൾ ഉള്ളതിൽ ആരെങ്കിലും ഒരാൾ തുടർ നടപടികൾക്ക് നെറ്റോയുടെ കുടുംബത്തിന് സഹായവുമായി ഒപ്പം എത്തുമോ? നെറ്റോയുടെ കൊലപാതകിക്ക് അർഹമായ ശിക്ഷ ലഭിക്കാൻ പണം മുടക്കി അപ്പീൽ നൽകണം എങ്കിൽ അതിനുള്ള ശ്രമങ്ങൾക്ക് പണം കണ്ടെത്താൻ ആരെങ്കിലും സമയം മിനക്കെടുത്തുമോ?

ഇതൊന്നും വേണ്ട, ഓരോ മലയാളിയും താമസിക്കുന്ന സ്ഥലങ്ങളിലെ എംപിയുടെ പേരിലേക്ക് ഒരു ഇമെയിൽ തയ്യാറാക്കി അയക്കാൻ ഉള്ള ശ്രമത്തിന് എങ്കിലും ആരെങ്കിലും മുന്നിൽ നിൽക്കുമോ? നെറ്റോയുടെ ആത്മാവിനും നീതികിട്ടണ്ടേ? സ്വന്തം കണ്മുന്നിൽ കടന്നു പോയ ഒരു നീതി കേടിനോട് പ്രതികരിക്കാൻ ആയില്ലെങ്കിൽ പിന്നെ മനുഷ്യർ ആയി ജീവിക്കുന്നതിൽ എന്ത് കാര്യം എന്ന് നമുക്ക് തോന്നേണ്ടതല്ലേ? ആയിരം മുനയുള്ള ചോദ്യങ്ങളാണ് ഇവ ഓരോന്നും. ഒരു പ്രസക്തിയും ഇല്ലാത്ത കാര്യങ്ങൾക്കായി മാധ്യമങ്ങളിലേക്ക് പ്രസ്താവന എഴുതി നൽകുന്ന സ്വയം പ്രഖ്യാപിത രാഷ്ട്രീയ നേതാക്കൾ ഉള്ള സമൂഹം കൂടിയാണ് യുകെ മലയാളികളുടേത്. എന്നാൽ പ്രതികരിക്കേണ്ട ഘട്ടങ്ങളിൽ ഒരിക്കലും ഇത്തരക്കാർ ആരും രംഗത്തുണ്ടാകില്ല.