ലണ്ടൻ: യുകെയിലെ സൗത്താളിൽ താമസിക്കുന്ന ആദ്യകാല മലയാളിയായ ജെറാൾഡ് ആൾക്കൂട്ട ആക്രമണത്തിൽ ലണ്ടനിൽ കൊല്ലപ്പെട്ടു. അറുപതുകാരനായ ജെറാൾഡ് ശനിയാഴ്ച രാത്രി സൗത്താളിനു സമീപം ഹാൻഡ്വെൽ പട്ടണത്തിൽ എത്തിയപ്പോഴാണ് സംഭവം ഉണ്ടായത്.

റോഡരികിൽ മർദനമേറ്റ നിലയിൽ കണ്ടെത്തിയ ജെറാൾഡിനെ പട്രോൾ സംഘം പൊലീസ് ഉദ്യോഗസ്ഥരാണ് ആശുപത്രിയിൽ എത്തിച്ചത്. അതീവ ഗുരുതരാവസ്ഥയിൽ എത്തിയ ജെറാൾഡിനെ ഉടൻ വെന്റിലേറ്ററിലേക്ക് മാറ്റിയെങ്കിലും പരിശോധനകൾ നടക്കവേ ഉണ്ടായ ഹൃദയാഘാതം മരണത്തിലേക്ക് എത്തിക്കുക ആയിരുന്നു എന്നാണ് ലഭ്യമാകുന്ന വിവരം. തിരുവനന്തപുരം പുത്തൻതോപ്പ് സ്വദേശികളാണ് ജെറാൾഡും കുടുംബവും.

അതേസമയം സംഭവം നടന്ന് ഒരു പകൽ പിന്നിട്ടിട്ടും സൗത്താളിൽ അധികം പേരും ഇക്കാര്യം അറിഞ്ഞിട്ടുമില്ല. ആദ്യകാല മലയാളി ആണെങ്കിലും പുതുതലമുറക്കാരായ അനേകം പേർക്കും പരിചിതനാണ് ജെറാൾഡ്. ഇന്നലെ വൈകുന്നേരം പള്ളിയിൽ കുർബാനയ്ക്ക് എത്തിയ മലയാളികളും ഇക്കാര്യം അറിഞ്ഞില്ലെന്ന് സ്ഥിരീകരിച്ചിരുന്നു. എന്നാൽ പ്രാദേശിക മാധ്യമങ്ങളിൽ ജെറാൾഡിനു പരുക്കേറ്റ സംഭവം റിപ്പോർട്ട് ചെയ്തിട്ടുണ്ട്. പൊലീസ് കുടുംബത്തെ അറിയിച്ചതിനെ തുടർന്ന് കേരളത്തിൽ ഉള്ള ബന്ധുക്കളാണ് മരണം നടന്ന വിവരം പങ്കുവച്ചിരിക്കുന്നത്. ജെറാൾഡിനെ ആക്രമിച്ചു പരിക്കേൽപിച്ചതിന് മൂന്നു പേർ മെട്രോപൊളിറ്റൻ പൊലീസ് കസ്റ്റഡിയിൽ ആണെന്ന് പ്രാദേശിക മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്യുന്നു.

അർധരാത്രി കഴിഞ്ഞ സമയത്താണ് സംഭവം നടന്നതെന്ന് കരുതപ്പെടുന്നു. ഹാൻഡ്വെലിലെ ഉക്സ്ബ്രിജ് റോഡിൽ നിന്നുമാണ് പൊലീസ് ജെറാൾഡിനെ കണ്ടെത്തുന്നത്. വീക്കെൻഡിൽ അക്രമ സംഭവങ്ങൾ പതിവായതിനാൽ അധികമായി പട്രോൾ ഡ്യൂട്ടിയിൽ ഉണ്ടായിരുന്ന പൊലീസുകാരുടെ ശ്രദ്ധയിലാണ് അവശനിലയിലായ ജെറാൾഡിനെ കണ്ടെത്താനായത്. തുടർന്ന് റോഡുകൾ അടച്ചു പട്രോളിങ് നടത്തിയ പൊലീസ് ടീം അതിവേഗം സംഭവത്തിൽ കുറ്റക്കാരെന്നു കരുതുന്ന മൂന്ന് പേരെ അറസ്റ്റ് ചെയ്യുക ആയിരുന്നു. ഇവർ ഇന്നലെയും പൊലീസ് കസ്റ്റഡിയിൽ തുടരുകയാണ്. പൊലീസ് അന്വേഷണം തുടരുന്നതിനാൽ ഇന്നലെ വൈകുന്നേരം വരെയും ഈ റോഡിൽ ഗതാഗതം തടസപ്പെട്ടിരുന്നു.

ഏകദേശം നാൽപതു വർഷം മുൻപെങ്കിലും ലണ്ടനിലേക്ക് കുടിയേറിയവരാണ് ജെറാൾഡിന്റെ മാതാപിതാക്കൾ. സിംഗപ്പൂർ വഴി എത്തിയ മലയാളി പരമ്പരയിൽ പെട്ടവരാണ് ജെറാൾഡിന്റെ കുടുംബവും. ഭാര്യയും മക്കളും സഹോദരങ്ങളും അടക്കമുള്ള ബന്ധുക്കളും യുകെയിൽ തന്നെ ആയതിനാൽ സംസ്‌കാരം ഇവിടെ തന്നെ ആയിരിക്കും എന്നാണ് കരുതപ്പെടുന്നത്.