- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
കോവിഡ് സമയത്തു ഫിയാൻസി വിസയിലെത്തി കല്യാണം നടത്താൻകഴിയാതെ തിരിച്ചു പോകേണ്ടിവരുമായിരുന്ന മലയാളി ചെറുപ്പക്കാരന് മുന്നിൽ പള്ളിയും പട്ടക്കാരനും കൈമലർത്തിയപ്പോൾ തുണയായതു ജൂലി മാത്യു; മലയാളി കരുത്തിൽ ആദ്യ ഏഷ്യൻ അമേരിക്കൻ വനിത ജഡ്ജിന് രണ്ടാമൂഴം; കാസർകോട്ടെ മരുമകളുടെ സത്യപ്രതിജ്ഞ ഇത്തവണ ഭീമനടിയിൽ; ഇത് ജൂലിമാത്യുവിന്റെ അമേരിക്കൻ വിജയകഥ
കണ്ണൂർ : കാസർകോട്ടെ മലയോര ഗ്രാമമായ ഭീമനടിയുടെ മരുമകളും തിരുവല്ല സ്വദേശിയുമായ ജൂലിമാത്യു (42) ടെക്‌സസിലെ ഫോർട്ട് ബെൻഡ് കൗണ്ടി മൂന്നാം നമ്പർ കോർട്ടിൽ രണ്ടാമതും ജഡ്ജിയാവും. ടെക്‌സസിലെ ആദ്യ ഏഷ്യൻ അമേരിക്കൻ വനിത ജഡ്ജ് എന്ന നിലയിൽ ശ്രദ്ധേയയാണ് ജൂലി. 2018ലെ ചരിത്രം ആവർത്തിക്കുമെന്ന ആത്മവിശ്വാസത്തോടെയാണ് ജൂലി മാത്യു മത്സരിക്കാൻ ഇറങ്ങിയത്. 15 വർഷത്തെ നിയമ പരിജ്ഞാനവും നാലു വർഷത്തെ പ്രവർത്തി പരിചയവും ജൂലിക്ക് കരുത്തായി. അങ്ങനെ പുതിയ ചരിത്രവും രചിച്ചു.
നാളെ സത്യപ്രതിജ്ഞ ചെയ്യും. രാവിലെ 8.30ന് ഭീമനടിയിലെ വീട്ടിലിരുന്നാണ് ചുമതലയേൽക്കുന്നത്. ഭർത്താവിനൊപ്പം ക്രിസ്മസ് ആഘോഷത്തിന് കേരളത്തിലെത്തിയതാണ് ജൂലി. ഇതിനിടെയാണ് വിജയവും അധികാരമേൽക്കലും എല്ലാം നടന്നത്. കൗണ്ടി കോർട്ടിലെ ഏക വനിതാ ജഡ്ജി വിരമിക്കുന്ന ഒഴിവിലേക്ക് നവംബർ എട്ടിന് നടന്ന തിരഞ്ഞെടുപ്പിൽ 3,500 വോട്ടിനായിരുന്നു ജൂലിയുടെ വിജയം. പത്തനംതിട്ട തിരുവല്ല വെണ്ണിക്കുളം സ്വദേശി തോമസ് ഡാനിയൽ-സൂസമ്മ ദമ്പതികളുടെ മകളായ ജൂലി 1980ലാണ് സഹോദരൻ ജോൺസണൊപ്പം അമേരിക്കയിലെത്തുന്നത്.
ഫിലാഡൽഫിയയിൽ എത്തിയ ജൂലി അവിടെ ഹൈസ്‌കൂൾ വിദ്യാഭ്യാസം പൂർത്തിയാക്കിയ ശേഷം പെൻസ്റ്റേറ്റ് സർവ്വകലാശാലയിൽ നിന്ന് അണ്ടർ ഗ്രാജുവേറ്റ് ബിരുദം നേടി. പെൻ സ്റ്റേറ്റ് സർവ്വകലാശാല, ഡെലവൊർലോ സ്‌കൂൾ എന്നിവിടങ്ങളിൽ നിന്ന് നിയമപഠനം പൂർത്തിയാക്കി. തുടർന്ന് 15 വർഷം അറ്റോർണിയായി പ്രവർത്തിച്ചു.2018 ലാണ് ജൂലി ആദ്യമായി ജഡ്ജിയാകുന്നത്. അറ്റോർണിയായി പ്രവർത്തിച്ച കാലയളവിലെ മികവും മത്സരപരീക്ഷകളിലെ സ്‌കോറുമാണ് ഇവരെ ഈ സ്ഥാനത്തെത്തിച്ചത്.
നാലു വർഷമാണ് കാലാവധി. കൗണ്ടി മൂന്നാം നമ്പർ കോർട്ടിൽ വെള്ളക്കാരിയല്ലാത്ത ആദ്യ ജഡ്ജിയാവും ജൂലി മാത്യു.അമേരിക്കയിൽ ഇന്റീരിയർ ഡിസൈനിങ് കമ്പനി നടത്തുന്ന ജിമ്മി മാത്യുവാണ് ഭർത്താവ്. അലീന, എവ, സോഫിയ എന്നിവർ മക്കളാണ്. കോടതികൾ സാധാരണക്കാർക്കു വേണ്ടിയാവട്ടെ എന്നതാണ് ജൂലിയുടെ മുദ്രാവാക്യം. കഴിഞ്ഞ കാലങ്ങളിലെ ജൂലിയുടെ പ്രവർത്തനം ശ്രദ്ധേയമായിരുന്നുവെന്നതും അനുകൂല ഘടകമായി ഇത്തവണ. കോവിഡ് കാലത്ത് ഫിയാൻസി വിസയിലെത്തി കല്യാണം നടത്താൻ കഴിയാതെ തിരിച്ചുപോകേണ്ടിവരുമായിരുന്ന മലയാളി ചെറുപ്പക്കാരന് വേണ്ട നിർദ്ദേശങ്ങൾ നൽകിയത് ജൂലിയാണ്. ഫോട്ബെൻഡിലെ കൗണ്ടി ഓഫിസ് അടഞ്ഞുകിടന്നതിനാൽ തൊട്ടടുത്ത വാർട്ടൻ കൗണ്ടിയിലെ കോടതിയിൽ വിവാഹം രജിസ്റ്റർ ചെയ്യാൻ വേണ്ട നടപടികൾക്കു മുൻകൈയെടുത്തു.
പത്താം വയസിൽ ഫിലാഡൽഫിയയിൽ എത്തിയ ജൂലി സ്‌കൂൾ വിദ്യാഭ്യാസം അവിടെ പൂർത്തിയാക്കി. പെൻസിൽവാനിയ സ്റ്റേറ്റിൽ നിന്നും നിയമ ബിരുദം കരസ്ഥമാക്കി. 2002 ൽ ഹ്യൂസ്റ്റനിൽ എത്തി ടെക്സാസ് ലോ ലൈസൻസ് കരസ്ഥമാക്കി പ്രാക്ടീസ് തുടങ്ങി. 2018 ൽ ഇലെക്ഷനിലൂടെ 58 ശതമാനം വോട്ടുകൾ നേടി ടെക്സസിലെ ആദ്യ ഏഷ്യൻ അമേരിക്കൻ ജഡ്ജായി. ലുലാക് എന്ന ഹിസ്പാനിക് സംഘടന, ഹ്യൂസ്റ്റൺ ലോയർ അസോസിയേഷൻ, ടെക്സാസ് ഡെമോക്രാറ്റിക് വിമൻ, ഏഷ്യൻ അമേരിക്കൻ ഡെമോക്രാറ്റ്സ് ഓഫ് ടെക്സാസ് എന്നീ സംഘടനകൾ ജൂലിയെ എൻഡോഴ്സ് ചെയ്തു പിന്തുണ പ്രഖ്യാപിച്ചിരുന്നു.
കോടതികൾ ജനങ്ങൾക്കുവേണ്ടി ആയിരിക്കണം എന്നതാണ് ജൂലിയുടെ മുദ്രാവാക്യം. തന്റെ കഴിഞ്ഞ നാലുവർഷത്തെ പ്രവർത്തനത്തിൽ ജൂലി അത് തെളിയിച്ചു കഴിഞ്ഞു. കോവിഡ് കാലത്തേ ലോക്ക് ഡൗണിൽ കോടതികളും കൗണ്ടിഓഫീസുകളും അടഞ്ഞു കിടന്നപ്പോഴും ജൂലി പ്രവർത്തനനിരതയായിരുന്നു. കോവിഡ് സമയത്തു ഫിയാൻസി വിസയിലെത്തി കല്യാണം നടത്താൻകഴിയാതെ തിരിച്ചുപോകേണ്ടിവരുമായിരുന്ന മലയാളി ചെറുപ്പക്കാരന് മുന്നിൽ പള്ളിയും പട്ടക്കാരനും വരെ കൈമലർത്തിയപ്പോൾ തുണയായതു ജൂലി മാത്യു എന്ന ജഡ്ജാണ്. ഫോട്‌ബെൻഡിലെ കൗണ്ടി ഓഫീസ് തുറക്കാൻ കഴിയാതിരുന്ന മാര്യേജ് ലൈസൻസ് നൽകിയ ജൂലി തൊട്ടടുത്ത വാർട്ടൻ കൗണ്ടിയിലെ കോതിയിൽ കൊണ്ടുപോയി വിവാഹം രജിസ്റ്റർ ചെയ്തു കൊടുത്തു.
ഫോട്‌ബെൻഡ് കൗണ്ടിയിലെ എല്ലാവിധ കേസുകളും കൈകാര്യം ചെയ്യുന്ന കൗണ്ടി കോർട്ട് 3 ലെ ജഡ്ജി ആയിരുന്നു ജൂലി മാത്യു. ദൈനംദിന ജീവിതത്തിൽ പ്രശനങ്ങൾ ഉണ്ടാക്കിയേക്കാവുന്ന പല കാര്യങ്ങളും കോടതിയുടെ ഇടപെടലിൽ നിസാരമായി പരിഹരിക്കാമെന്ന് ജൂലി മാത്യു തെളിയിച്ചു. അതുപോലെ മാനസികമായി പ്രശനങ്ങൾ ഉള്ള കുട്ടികൾക്ക് കാലതാമസം കൂടാതെ പരിഹാരം ഉണ്ടാക്കാൻ കഴിയുന്ന ജുവനൈൽ മെന്റൽ ഹെൽത്ത് കോർട്ടുകൾ ഫോട്‌ബെൻഡ് കൗണ്ടിയിൽ ഉണ്ടാക്കാൻ മുൻകൈ എടുത്തതും ജൂലി മാത്യൂ ആണ്. അറിവില്ലായ്മ കാരണം നിയമത്തിന്റെ കുരുക്കിൽ പെട്ട മലയാളികൾ ഉൾപ്പടെയുള്ള നിരവധി ചെറുപ്പക്കാരെ നിയമസഹായത്തിലൂടെ ജീവിതത്തിലേക്ക് തിരിച്ചുകൊണ്ടുവരാൻ ജൂലിക്ക് കഴിഞ്ഞു.
മലയാളികൾ ഉൾപ്പെട്ട ഇന്ത്യക്കാർ ഏറെയുള്ള ഫോട്‌ബെൻഡ് കൗണ്ടിയിൽ ഇത്തവണ അനായാസം കടന്നു കയറാൻ ജൂലിക്ക് കഴിയുമെന്ന് വിദഗ്ദ്ധർ ചൂണ്ടിക്കാട്ടുന്നു. അതുതന്നെയാണ് സംഭവിച്ചത്. തികഞ്ഞ ഡെമോക്രാറ്റ് ആയ ജൂലി എല്ലാ രാഷ്ട്രീയത്തിലും പെട്ട ഇന്ത്യക്കാർക്ക് കുടുംബാംഗമാണ്. ഹോളിക്ക് ഇന്ത്യൻ യുവതയോടൊപ്പം നിറങ്ങളിൽ ആറാടാനും ദീപാവലിക്ക് ക്ഷേത്രാങ്കണത്തിൽ വിളക്ക് തെളിയിക്കുവാനും ഈദിനു മസ്ജിദിലെത്തി നോമ്പ് മുറിക്കാനും ജൂലിയുണ്ട് എന്നത് തന്റെ ഇന്ത്യൻ പാരമ്പര്യം എത്രത്തോളം ജൂലി ആസ്വദിക്കുന്നു എന്നതിന്റെ ദൃഷ്ടാന്തമാണ്. പത്തുവയസ്സുള്ളപ്പോൾ ഫിലഡൽഫിയയിൽ എത്തിയ ജൂലി സ്വപ്രയത്‌നം കൊണ്ട് വെട്ടിപ്പിടിച്ച ഉയരങ്ങളിലാണ് എത്തിനിൽക്കുന്നത്.
പത്തനംതിട്ട ജില്ലയിലെ വെണ്ണിക്കുളം സ്വദേശി തോമസ് ഡാനിയേലിന്റെയും സൂസമ്മ തോമസിന്റെയും മകൾക്കു ചെറുപ്പത്തിൽ പിതാവിന്റെ അമ്മച്ചിയുടെ കൈ പിടിച്ചു മാരാമൺ കൺവെൻഷനുപോയ ഓർമകളും സജീവമാണ്. തിരക്കിട്ട ജീവിതത്തിൽ ഓടിക്കൊണ്ടിരിക്കുമ്പോഴും കുടുംബത്തെ ജൂലി ചേർത്തുപിടിക്കുന്നു എന്നത് അവരുടെ മാത്രം പ്രത്യേകതയാണ്. വ്യവസായിയ ഭർത്താവ് ജിമ്മിയും മൂന്നു മക്കളും മറ്റു കുടുംബാംഗങ്ങളും നിറഞ്ഞ പിന്തുണയോടെ ജൂലിയുടെ വിജത്തിന് പിന്നിൽ നിറയുന്നു.
മറുനാടന് മലയാളി ബ്യൂറോ