കുവൈത്ത് സിറ്റി: ഇസ്രയേൽ-ഹമാസ് യുദ്ധം ശക്തമാകുമ്പോൾ അറബ് രാജ്യങ്ങളിൽ ജോലിയെടുക്കുന്ന മലയാളികൾ പ്രത്യേകം മുൻകരുതൽ എടുക്കേണ്ട സമയമാണിപ്പോൾ. ഇന്ത്യയിലേതിന് സമാനമായി സമൂഹിക മാധ്യമ നിയന്ത്രണങ്ങൾ ഉള്ള രാജ്യമല്ല അറബ് രാഷ്ട്രങ്ങൾ. അവിടെ നിന്നു ഇസ്രയേൽ അനുകൂല പോസ്റ്റിട്ടാൽ പണികിട്ടുമെന്നത് ഉറപ്പാണ്. അത്തരത്തിൽ സൈബറിടത്തിൽ പോസ്റ്റുകളിട്ടു പണി വാങ്ങിയവർ നിരവധിയുണ്ട്. മലയാളി നഴ്‌സുമാർക്കും ഗൾഫ് നാടുകളിൽ നിന്നും പണി കിട്ടിയെന്നാണ് പുറത്തു വരുന്ന വാർത്തകൾ.

ഇസ്രയേലിനെ പിന്തുണച്ച മലയാളി നഴ്സുമാർക്കെതിരെ കുവൈത്ത് സർക്കാറാണ് നടപടി സ്വീകരിച്ചിരിക്കുന്നത്. ഒരു മലയാളി നഴ്‌സിനെ നാടു കടത്തിയെന്നും മറ്റൊരാളെ നാടുകടത്താൻ നടപടി തുടങ്ങിയെന്നുമാണ് പുറത്തുവരുന്ന വാർത്ത. ഇത് സ്ഥിരീകരിച്ചു ഇന്ത്യൻ വിദേശകാര്യമന്ത്രാലയവും രംഗത്തുവന്നു. ഒരാളെ നാടുകടത്തിയതായും മറ്റൊരാളെ നാടുകടത്താനുള്ള ഉത്തരവ് പുറപ്പെടുവിച്ചതായും വിവരം ലഭിച്ചതായി മന്ത്രി വി മുരളധീരൻ പറഞ്ഞു. രണ്ടാമത്തെയാളെ നാട്ടിലെത്താനുള്ള സൗകര്യങ്ങൾ ഇന്ത്യൻ എംബസി ഒരുക്കുമെന്നും മുരളീധരൻ പറഞ്ഞു.

അൽ സബാഹ് ആശുപത്രിയിൽ ജോലി ചെയ്തിരുന്ന നഴ്‌സിനെയാണ് നാടുകടത്താൻ ഉത്തരവിട്ടത്. പത്തനംതിട്ട സ്വദേശിയായ നഴ്‌സിനെ നേരത്തെ നാടുകടത്തിയിരുന്നു. ഇസ്രയേലിനെ അനുകൂലിച്ച് പ്രതികരിച്ചതാണ് നഴ്‌സിനെ നാടുകടത്താൻ കാരണമായത്. ഇസ്രയേലിനോട് ഐക്യദാർഢ്യം പ്രഖ്യാപിച്ച് ഇവർ വാട്‌സ്ആപ് സ്റ്റാറ്റസ് ഇട്ടിരുന്നു. ഫലസ്തീൻകാരെ ഭീകരവാദികൾ എന്ന് വിശേഷിപ്പിച്ചതായും ആരോപണമുണ്ട്.

കുവൈത്തി അഭിഭാഷകനായ ബന്തർ അൽ മുതൈരി ക്രിമിനൽ അന്വേഷണ വിഭാഗത്തിൽ പരാതിപ്പെട്ടതോടെയാണ് സംഭവം വിവാദമായത്. തുടർന്ന് നഴ്‌സിനെ ഉദ്യോഗസ്ഥർ ചോദ്യം ചെയ്തു. ഇസ്രയേൽ അനുകൂല നിലപാട് ചോദ്യം ചെയ്യലിലും ആവർത്തിച്ചെന്നാണ് റിപ്പോർട്ടുകൾ. തുടർന്ന് ആഭ്യന്തര മന്ത്രാലയം നഴ്‌സിനെ നാടുകടത്താൻ ഉത്തരവിടുകയായിരുന്നു.

ഇത്തരം സംഭവങ്ങൾ ഉണ്ടാകാതിരിക്കാൻ വിദേശരാജ്യങ്ങളിൽ സമൂഹമാധ്യമങ്ങളിലുള്ള നിയന്ത്രണം കണക്കിലെടുത്ത് ഇത്തരം പോസ്റ്റുകളിടുന്നതിൽ മാർഗനിർദ്ദേശം പുറത്തിറക്കാൻ ആലോചിക്കുന്നതായും വി. മുരളീധരൻ ഡൽഹിയിൽ മാധ്യമങ്ങളോട് പറഞ്ഞു. ഫലസ്തീൻ ഇസ്രയേൽ യുദ്ധത്തിൽ ഫലസ്തീനൊപ്പം നിൽക്കുന്ന ജിസിസി രാജ്യമാണ് കുവൈത്ത്. അറബ് രാജ്യങ്ങൾ ഫലസ്തീനൊപ്പമാണ് എന്ന് പ്രഖ്യാപിച്ചിരുന്നു. എന്നാൽ ഫലസ്തീൻകാരെ പിന്തുണച്ച് പ്രകടനങ്ങൾ നടന്ന രാജ്യം കൂടിയാണ് കുവൈത്ത്. ഫലസ്തീനെതിരായ ആക്രമണവും അധിനിവേശവും അവസാനിപ്പിക്കുംവരെ ഇസ്രയേലുമായി ബന്ധം സ്ഥാപിക്കില്ല എന്നാണ് കുവൈത്തിന്റെ നിലപാട്.

മലയാളി നഴ്സിനെ നാടുകടത്തിയ കാര്യം ആദ്യം റിപ്പോർട്ട് ചെയ്തത് അറബ് പത്രമാണ്. വാട്സ്ആപ്പ് സ്റ്റാറ്റസിൽ ഇസ്രയേലിന്റെ പതാക നഴ്സ് വെച്ചിരുന്നുവത്രെ. കുവൈത്തി അഭിഭാഷകനായ ബന്തർ അൽ മുതൈരി ക്രിമിനൽ അന്വേഷണ വിഭാഗത്തിൽ പരാതിപ്പെട്ടതോടെയാണ് സംഭവം വിവാദമായത്. തുടർന്ന് നഴ്സിനെ ഉദ്യോഗസ്ഥർ ചോദ്യം ചെയ്തു.

ഇസ്രയേൽ അനുകൂലമായ നിലപാട് ചോദ്യം ചെയ്യൽ വേളയിലും നഴ്സ് ആവർത്തിച്ചുവെന്നാണ് പ്രാദേശിക മാധ്യമങ്ങളിലെ വാർത്തകൾ. തുടർന്നാണ് ആഭ്യന്തര മന്ത്രാലയം നഴ്സിനെ നാടുകടത്താൻ തീരുമാനിച്ചത്. നേരത്തെ പത്തനംതിട്ട സ്വദേശിയായ നഴ്സിനെ കുവൈത്ത് നാടുകടത്തിയിരുന്നു. ഇതുമായി ബന്ധപ്പെട്ട ചർച്ചകൾ അവസാനിക്കും മുമ്പാണ് പുതിയ സംഭവം.

കുവൈത്തിൽ ഫലസ്തീൻകാർക്ക് അനുകൂലമായ തരംഗം ശക്തമാണ്. പത്തനംതിട്ട സ്വദേശിയായ നഴ്സിനെതിരെ അഭിഭാഷകൻ അലി ഹബാബ് അൽ ദുവൈഖ് ആണ് പരാതി നൽകിയത്. സോഷ്യൽ മീഡിയ വഴിയോ പരസ്യമായോ ഇസ്രയേലിനെ പിന്തുണയ്ക്കുന്നത് കുവൈത്തിൽ കുറ്റകരമാണ്. ജീവപര്യന്തം ശിക്ഷയോ അഞ്ച് വർഷം തടവോ ലഭിക്കാവുന്ന കുറ്റമാണിത്.

അതേസമയം, ഇസ്രയേൽഹമാസ് സംഘർഷം നാലാം ആഴ്ചയിലേക്ക് പ്രവേശിക്കുമ്പോൾ ഗസ്സ സിറ്റിക്കു നേരെയുള്ള ആക്രമണം കൂടുതൽ ശക്തമായി. വടക്കൻ ഗസ്സയിൽ പ്രവേശിച്ച സേന 600 കേന്ദ്രങ്ങളിൽ ആക്രമണം നടത്തിയെന്നും ബന്ദികളായ വനിതാസൈനികരെ മോചിപ്പിച്ചെന്നും ഇസ്രേയൽ വ്യക്തമാക്കി. എന്നാൽ ഇസ്രയേൽ ടാങ്കുകളെ ശക്തമായി ചെറുത്തു ഗസ്സ അതിർത്തിയിലേക്കു തുരത്തിയതായി ഹമാസ് അവകാശപ്പെട്ടു. വൈദ്യുതിയും ഭക്ഷണവും വെള്ളവുമില്ലാതെ ഗസ്സ നിവാസികളുടെ ദുരിതം തുടരുകയാണ്. ഇസ്രയേൽ ആക്രമണത്തിൽ ഗസ്സയിൽ 3457 കുട്ടികൾ അടക്കം 8306 ഫലസ്തീൻകാർ കൊല്ലപ്പെട്ടു.