ലണ്ടൻ: ദുരന്ത വാർത്തകൾ ഒന്നുഴിയാതെ എത്തികൊണ്ടിരിക്കുന്ന യുകെ മലയാളി സമൂഹത്തിലേക്ക് മറ്റൊരു ആകസ്മിക മരണ വാർത്ത കൂടി. യൂണിവേഴ്സിറ്റി വിദ്യാർത്ഥികളായ മലയാളി വിദ്യാർത്ഥിനികൾ ബസ് സ്റ്റോപ്പിൽ കാത്തുനിൽക്കവേ പാഞ്ഞെത്തിയ കാർ തട്ടി 25 കാരിയായ ആതിര തൽക്ഷണം മരിച്ചതായി ദൃക്സാക്ഷികളെ ഉദ്ധരിച്ചു പ്രാദേശിക മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്തു .

തിരുവനതപുരം സ്വദേശിയായ ആതിരയാണ് മരിച്ചതെന്ന് റിപ്പോർട്ടുകൾ സൂചിപ്പിക്കുന്നു . കഴിഞ്ഞ വർഷം അവസാനമാണ് ആതിര യുകെയിൽ എത്തിയതെന്ന് ലീഡ്സിൽ നടത്തിയ അന്വേഷണത്തിൽ വെക്തമായി . ഭർത്താവ് സൗദിയിൽ ജോലി ചെയുന്ന അതിരയ്ക്ക് ഒരു കുഞ്ഞുമുണ്ട് . അപകടത്തിൽ പരുക്കേറ്റ മറ്റ് രണ്ടു വിദ്യാർത്ഥിനികളുടെയും നില ഗുരുതരം അല്ലെന്നാണ് പ്രാഥമികമായി ലഭിക്കുന്ന റിപ്പോർട്ട് .

അതിനിടെ അപകടകരമായി ഡ്രൈവ് ചെയ്തതിനു കാർ ഓടിച്ച 25 കാരിയായ യുവതിയെ പൊലീസ് അറസ്‌റ് ചെയ്തിട്ടുണ്ട് . ഇവരെ ചോദ്യം ചെയ്തുവരികയാണ് . അപകടത്തിൽ മരിച്ച വിദ്യാർത്ഥിനിയുടെ കുടുംബത്തിനും പരുക്കേറ്റവർക്കും സഹായമായി ലീഡ്‌സ് മലയാളി അസോസിയേഷൻ പ്രവർത്തകർ ആശുപത്രിയിലും പൊലീസിലും ബന്ധപ്പെട്ടു വരുന്നു . കൂടുതൽ വിവരങ്ങൾ വക്തമാകാനിരിക്കുന്നതേയുള്ളൂ .

കഴിഞ്ഞ വര്ഷം ജനുവരിയിൽ ഗ്ലോസ്റ്ററിനു അടുത്ത് ഉണ്ടായ കാർ അപകടത്തിൽ സ്റ്റുഡന്റ് വിസയിൽ എത്തിയ രണ്ടു പേർക്ക് ദാരുണ അപകടത്തിൽ മരണം സംഭവിച്ചിരുന്നു. അപകടത്തെ തുടർന്ന് ലീഡ്സിലെ സ്റ്റണിങ്ങിലി റോഡ് ഏറെ നേരമായി പൊലീസ് അടച്ചിട്ടിരിക്കുകയാണ്. യൂണിവേഴ്സിറ്റിയിൽ പോകാൻ ബസ് കയറാൻ എത്തിയ യുവതികൾക്കാണ് അപകടം ഉണ്ടായത് . ബസ് സ്റ്റോപ്പ് ഇടിച്ചു തകർത്താണ് കാർ അപകടം സൃഷ്ടിച്ചത് .

ലീഡ്സിലെ ആർമിലി എന്ന സ്ഥലത്താണ് അപകടം ഉണ്ടായിരിക്കുന്നത് . രാവിലെ എട്ടരയോടെ ആണ് അപകടം ഉണ്ടായതെന്ന് പൊലീസ് സ്ഥിരീകരിച്ചിട്ടുണ്ട് . അപകടത്തെ തുടർന്ന് വെസ്റ്റ് യോർക്ഷയർ ആംബുലൻസ് ഹെലികോപ്റ്റർ സ്ഥലത്ത് എത്തിയപ്പോഴേക്കും ആതിരയുടെ മരണം സ്ഥിരീകരിക്കപ്പെട്ടിരുന്നു.