- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
- Home
- /
- News
- /
- EXPATRIATE
ഇറാനും ഇസ്രയേലും ഇടയുമ്പോള്‍ പണി കിട്ടുന്നത് യുകെ മലയാളികള്‍ക്ക്; നാട്ടില്‍ പോകാനുള്ള ഓരോ ടിക്കറ്റിലും ഇരുപതിനായിരം രൂപ വരെ വര്‍ധനയ്ക്ക് സാധ്യത; തര്‍ക്കത്തിലേക്ക് കൂടുതല്‍ രാജ്യങ്ങളെത്തിയാല്‍ വിമാന യാത്ര പ്രതിസന്ധിയിലാകും
ഇറാനും ഇസ്രയേലും ഇടയുമ്പോള്‍ പണി കിട്ടുന്നത് യുകെ മലയാളികള്‍ക്ക്; നാട്ടില്‍ പോകാനുള്ള ഓരോ ടിക്കറ്റിലും ഇരുപതിനായിരം രൂപ വരെ വര്‍ധനയ്ക്ക് സാധ്യത; തര്‍ക്കത്തിലേക്ക് കൂടുതല്‍ രാജ്യങ്ങളെത്തിയാല്‍ വിമാന യാത്ര പ്രതിസന്ധിയിലാകും
ലണ്ടന്‍: ഹമാസിനെയും ഹിസ്ബുള്ളയെയും അവസാനിപ്പിക്കാന്‍ ഇറങ്ങി തിരിച്ച ഇസ്രായേലിനു മറുപടി നല്കാന്‍ ഇറാന്‍ രംഗത്ത് വന്നതോടെ കൂടുതല്‍ പ്രയാസത്തിലാകുന്നത് യുകെ മലയാളികള്‍. യുകെയില്‍ നിന്നും ഇന്ത്യയിലേക്ക് പോകുന്ന വിമാനങ്ങള്‍ക്ക് വാര്‍ സോണിലൂടെയാണ് പറക്കേണ്ടിയിരുന്നത് എന്നതാണ് ഈ പ്രയാസം വര്‍ധിപ്പിക്കുന്നത്. സാധാരണ യുദ്ധ മേഖലകള്‍ യാത്ര വിമാനങ്ങള്‍ക്ക് അത്ര അപകടം സൃഷ്ടിക്കാറില്ലെങ്കിലും ഒരു റിസ്‌ക് എടുക്കാന്‍ വിമാനക്കമ്പനികള്‍ തയ്യാറല്ലാത്തതിനാല്‍ അന്തരാഷ്ട്ര പ്രോട്ടോകോള്‍ അനുസരിച്ചു സംഘര്‍ഷ മേഖലകള്‍ ഒഴിവാക്കി പറക്കുക എന്നതാണ് പലപ്പോഴും സ്വീകരിക്കുന്ന മാര്‍ഗം .എന്നാല്‍ ഇത്തവണ ഇറാന്റെ വ്യോമമേഖല ഒഴിവാക്കുമ്പോള്‍ യൂറോപ്പില്‍ നിന്നുള്ള വിമാനങ്ങള്‍ക്ക് കൂടുതല്‍ ദൂരം പറക്കേണ്ടി വരുന്നതും അത് വഴി ആവശ്യമാകുന്ന കൂടുതല്‍ ഇന്ധനവും മറ്റു ചിലവുകളും നേരെ യാത്രക്കാരുടെ തലയിലേക്ക് നല്‍കാനാണ് ഓരോ കമ്പനികളും തയ്യാറാവുക.
നിലവിലെ സാഹചര്യത്തില്‍ അയവ് വന്നില്ലെങ്കില്‍ യുകെയില്‍ നിന്നും കേരളത്തിലേക്കുള്ള വിമാന ടിക്കറ്റുകള്‍ക്ക് പുതുവര്‍ഷത്തോടെ വലിയ നിരക്ക് വര്‍ധനയ്ക്കുള്ള സാധ്യതയാണ് വിലയിരുത്തപ്പെടുന്നത്. ഒരു പക്ഷെ ഓരോ ടിക്കറ്റിലും 200 പൗണ്ട് വരെ വര്‍ധനയ്ക്ക് സാധ്യത വരാനും ഇടയുണ്ട് എന്ന് വിലയിരുത്തപ്പെടുന്നു. കൂടുതല്‍ വിമാനങ്ങള്‍ റദ്ദാക്കപ്പെടാനും സംഘര്‍ഷം വലിയ തോതില്‍ യുദ്ധമായി മാറിയാലും ആയിരിക്കും ഇത്തരത്തില്‍ ഉള്ള വര്‍ധനയ്ക്ക് വഴി ഒരുക്കുക. ബ്രിട്ടനിലെ സാധാരണ ടൂറിസ്റ്റുകളെക്കാള്‍ ദീര്‍ഘ ദൂര യാത്ര വേണ്ടി വരുന്ന മലയാളികളെയാണ് നിലവിലെ പ്രതിസന്ധി ഏറ്റവും രൂക്ഷമായി ബാധിക്കുക. റഷ്യ - യുക്രൈന്‍ സംഘര്‍ഷം ഇപ്പോഴും തുടരുന്നതിനാല്‍ ഇസ്രായേല്‍ - ഇറാന്‍ പ്രതിസന്ധി മൂലം വലിയ തോതില്‍ വിമാനങ്ങള്‍ക്ക് റൂട്ടുകളില്‍ മാറ്റം വരുത്തേണ്ടി വരും. ഒരേ യാത്രാപഥത്തില്‍ രണ്ടു സംഘര്‍ഷ മേഖലകള്‍ ഉടലെടുക്കുന്ന അപൂര്‍വ സാഹചര്യമാണ് യുകെയില്‍ ഉള്ള മലയാളികള്‍ നേരിടേണ്ടി വരുന്നത്.
റൂട്ടുകള്‍ റദ്ദാക്കിയ എമിറേറ്റ്സിന്റെ നീക്കം ആശങ്കയാകുന്നു
യുദ്ധ സാഹചര്യം ശക്തമായതോടെ ഏറ്റവും വേഗത്തില്‍ നടപടിയുമായി രംഗത്ത് വന്നത് ലോകമെമ്പാടും സര്‍വീസ് നടത്തുന്ന എമിറേറ്റ്സ് ആണെന്നത് മറ്റു വിമാനക്കമ്പനികളെയും സ്വാധീനിക്കാന്‍ ഇടയാക്കും. യുദ്ധ മേഖലയില്‍ നിന്നുള്ള വിമാനങ്ങള്‍ റദ്ദാക്കിയ എമിറേറ്റസിന്റെ പാത പിന്തുടര്‍ന്ന് ലോകത്തെ ഒട്ടെറെ വിമാനക്കമ്പനികള്‍ സര്‍വീസുകള്‍ റദ്ദ് ചെയ്യുകയാണ്. നിലവില്‍ എയര്‍ ഇന്ത്യ തങ്ങളുടെ സര്‍വീസുകള്‍ റദ്ദാക്കിയിട്ടില്ല. എന്നാല്‍ റദ്ദാക്കിയ വിമാനക്കമ്പനികളുടെ യാത്രക്കാര്‍ കൂടി മറ്റു വിമാന കമ്പനികളെ ആശ്രയിക്കുന്നതോടെ വലിയ നിലയില്‍ തിരക്കേറാനാണ് സാധ്യത. പ്രത്യേകിച്ചും ഏറ്റവും തിരക്കുള്ള ക്രിസ്മസ് - പുതുവത്സര ആഘോഷ സമയത് തന്നെ വ്യോമയാന രംഗത് പ്രതിസന്ധി ഉടലെടുത്തതും നിരക്ക് വര്‍ധനയുടെ രൂപത്തില്‍ തന്നെയാകും പ്രതിഫലിക്കുക.
ഒക്ടോബറിലെ ഡെഡ് ലൈന്‍ തീരാന്‍ രണ്ടാഴ്ച കൂടി മാത്രം
സംഘര്‍ഷ സാഹചര്യത്തില്‍ ഇളവ് വന്നേക്കും എന്ന പ്രതീക്ഷയില്‍ മിക്ക വിമാനക്കമ്പനികളും റൂട്ട് മാറ്റങ്ങളും ഷെഡ്യൂള്‍ പുതുക്കലും ഒക്കെ ഈ മാസം അവസാന തിയതി വരെയുള്ള ഡെഡ്‌ലൈന്‍ നല്‍കിയാണ് ക്രമീകരിച്ചിയ്ക്കുന്നത്. എന്നാല്‍ യുദ്ധ സാഹചര്യത്തില്‍ ഒരു ഇളവും വരാത്ത സാഹചര്യത്തില്‍ കൂടുതല്‍ കര്‍ശന ക്രമീകരണങ്ങളിലേക്ക് വിമാക്കമ്പനികള്‍ നീങ്ങാനുള്ള സാധ്യതയാണ് വിലയിരുത്തപ്പെടുന്നത്. കൂടുതല്‍ വിമാനങ്ങള്‍ ഗ്രൗണ്ടിലിറങ്ങിയാല്‍ പ്രതിസന്ധി ശക്തമാകും. ഇന്ധന London to India Flightsവില വര്‍ധന ഇതുവരെ ലോക വിപണയില്‍ പ്രകടമല്ലെങ്കിലും അതിനുള്ള സാധ്യതയും തള്ളിക്കളയാനാകില്ല. ഇന്ധന വില വര്‍ധന സംഭവിച്ചാല്‍ വിമാനക്കൂലി പിടിവിട്ട് ഉയരും എന്നുറപ്പാണ്.
ബിസിനസ് ക്‌ളാസ് ടിക്കറ്റുകള്‍ പോലും നിറയുന്ന സാഹചര്യം
യുകെയില്‍ നിന്നും കേരളത്തിലേക്ക് നേരിട്ട് സര്‍വീസ് നടത്തുന്ന എയര്‍ ഇന്ത്യയുടെ ലണ്ടന്‍ ഗാറ്റ്വിക് - കൊച്ചി വിമാനത്തില്‍ ബിസിനസ് ക്‌ളാസ് ടിക്കറ്റുകള്‍ പോലും കിട്ടാനില്ലാത്ത അവസ്ഥയാണ്. ആരോഗ്യ കാരണങ്ങള്‍ മൂലവും മറ്റും ബിസിനസ് ക്‌ളാസ് ടിക്കറ്റുകള്‍ ബുക്ക് ചെയ്യാന്‍ ശ്രമിച്ചവര്‍ക്ക് നിരാശയാണ് ഫലം. മറ്റു വിമാനങ്ങള്‍ സര്‍വീസുകള്‍ റദ്ദാക്കിയതും കൂടുതല്‍ യാത്ര സമയം വേണ്ടി വന്നതും ഒക്കെ എയര്‍ ഇന്ത്യ വിമാനങ്ങളില്‍ തിരക്ക് വര്‍ധിപ്പിക്കുന്നുണ്ട്. കൊച്ചിയിലേക്ക് നേരിട്ടുള്ള യുകെ വിമാനത്തില്‍ ബിസിനസ് ക്‌ളാസ് ടിക്കറ്റ് പലപ്പോഴും സാധാരണ ടിക്കറ്റിനേക്കാള്‍ അല്പം കൂടുതല്‍ പണം നല്‍കിയാല്‍ ലഭിച്ചിരുന്ന സാഹചര്യവും ഇപ്പോള്‍ ഇല്ലാതായിരിക്കുകയാണ്. സാധാരണ ടിക്കറ്റിന്റെ രണ്ടിരട്ടി നല്‍കിയാലും ബിസിനസ് ക്‌ളാസില്‍ ടിക്കറ്റ് ലഭിക്കാത്ത സാഹചര്യമുണ്ട് എന്നും യാത്രക്കാര്‍ പറയുന്നു.
തട്ടിപ്പുകാര്‍ രംഗത്തുണ്ട്, സൂക്ഷിക്കുക
അതിനിടെ വിമാന ടിക്കറ്റുകള്‍ വലിയ വില വര്‍ധനയിലേക്ക് നീങ്ങുകയാണ് എന്ന് മനസിലാക്കി തട്ടിപ്പുകാര്‍ കരുതലോടെ രംഗത്ത് വന്നിട്ടുണ്ട്. പ്രത്യേകിച്ചും പുതുതായി ആരംഭിച്ച മലയാളി ബിസിനസ് എന്ന പേരിലൊക്കെ വാട്സാപ്പ് ഗ്രൂപ്പുകളില്‍ വലിയ ഓഫറുകള്‍ നല്‍കിയെത്തുന്ന ടിക്കറ്റ് ബുക്കിംഗ് പരസ്യങ്ങളെ കാര്യമായ നിരീക്ഷണം നടത്തേണ്ടതുണ്ട്. ഒരു പക്ഷെ മുന്‍കാലങ്ങളിലെ പോലെ മുഴുവന്‍ പണവും നഷ്ടമാകാനുള്ള സാധ്യതയും കുറവല്ല. ടിക്കറ്റുകള്‍ക്ക് വില വര്‍ധിക്കാന്‍ എല്ലാ സാധ്യതയും നിലനില്‍ക്കെ നിലവിലെ നിരക്കിലും വളരെ താഴ്ത്തി വില്പനയ്ക്ക് എത്തുന്ന ടിക്കറ്റ് ഏജന്‍സികളെയാണ് പ്രത്യേകം ശ്രദ്ധിക്കേണ്ടത്. നിലവില്‍ ആയിരം പൗണ്ടിന് മുകളിലേക്ക് കയറാന്‍ നില്‍ക്കുന്ന ടിക്കറ്റുകള്‍ അഞ്ഞൂറിന് പൗണ്ടിന് താഴെ നല്‍കാം എന്ന് പറയുന്ന പരസ്യങ്ങളേ പ്രത്യേകം ശ്രദ്ധിക്കണമെന്നും വിപണി വൃത്തങ്ങള്‍ ചൂണ്ടിക്കാട്ടുന്നു. ഫ്ലാഷ് സെയില്‍ പോലെ താഴ്ന്ന നിരക്കില്‍ വിമാനടിക്കറ്റുകള്‍ ലഭിക്കാനുള്ള സാധ്യത വളരെ വിരളമാണ് എന്നും സൂചനയുണ്ട്.