ഇരിട്ടി: ജർമ്മനിയിൽ ഡ്യൂട്ടിക്കിടെ മരണമടഞ്ഞ മലയാളി നഴ്സിന്റെ മൃതദേഹം നാട്ടിലെത്തിക്കും. ഞായറാഴ്‌ച്ചയോടെ മൃതദേഹം സംസ്‌കരിക്കുമെന്ന് ബന്ധുക്കൾ അറിയിച്ചു. മൃതദേഹം ജർമനിയിൽ നിന്നും എയർഇന്ത്യാ വിമാനത്തൽ ഡൽഹിയിലും തുടർന്ന് ബംഗ്ളൂരിലുമെത്തിച്ചു നിയമനടപടികൾ പൂർത്തിയാക്കിയതിനു ശേഷം ഇരിട്ടി അങ്ങാടിക്കടവിലുമെത്തിക്കും.

ജർമ്മനിയിലെ വൂർസ് ബൂർഗിനടുത്തെ ക്ളിനിക്കിൽ ജോലി ചെയ്തിരുന്ന ഇരിട്ടി അങ്ങാടിക്കടവ് മമ്പള്ളിക്കുന്നേൽ അനിമോൾ ജോസഫാ(44)ണ് മരിച്ചത്. പനിബാധിച്ചതിനെ തുടർന്ന് ആശുപത്രിയിൽ പ്രവേശിപ്പിക്കുകയും എന്നാൽ പിന്നീട് ആരോഗ്യസ്ഥിതി മോശമാവുകയും മരണം സംഭവിക്കുകയുമായിരുന്നു. നിരവധി മലയാളികൾ ജോലി ചെയ്യുന്ന ഇവിടെ മാർച്ച് ആറിനാണ് അനിമോൾ ജോലിയിൽ പ്രവേശിപ്പിച്ചത്.

അതിനിടെയിലാണ് അപ്രതീക്ഷിത വിയോഗം ജർമനിയിലെ മലയാളികളെയും നാട്ടുകാരെയും ദുഃഖത്തിലാഴ്‌ത്തിയിരുന്നു. തുടർന്ന് മലയാളി കൂട്ടായ്മയുടെ സഹായത്തോടെയാണ് മൃതദേഹം നാട്ടിലെത്തിക്കുന്നത്. വയനാട് വെള്ളമുണ്ടയിലെ ഒഴുക്കന്മൂല പാലേക്കുടി ജോസഫ്-ലില്ലി ദമ്പതികളുടെ മകളാണ്. വെള്ളിക്കുന്നേൽ സജിയാണ് ഭർത്താവ്. അതുല്യ ആൻ തോമസ്, ഇവാന ട്രീസ തോമസ് എന്നിവരാണ് മക്കൾ.