ബ്രെക്സിറ്റ് ബ്രിട്ടന്റെ ഭാവിയേയും വർത്തമാനകാലത്തേയും ഏറെ സ്വാധീനിച്ച ഒരു തീരുമാനമായിരുന്നു. പല മേഖലകളിലും അതുവഴി ഏറെ നേട്ടങ്ങൾ കൊയ്യാൻ ബ്രിട്ടന് കഴിഞ്ഞപ്പോൾ മറ്റു ചിലയിടങ്ങളിൽ തിരിച്ചടികളും ഏൽക്കേണ്ടി വന്നു. പല മേഖലകളിലും അനുഭവപ്പെട്ട തൊഴിലാളി ക്ഷാമമായിരുന്നു അതിലൊന്ന്. ബ്രിട്ടൻ യൂറോപ്യൻ യൂണിയന്റെ ഭാഗമായിരുന്നപ്പോൾ, മറ്റു പല യൂറോപ്യൻ രാജ്യങ്ങളിൽ നിന്നും, പ്രത്യേകിച്ചും പോളണ്ട് പോലുള്ള രാജ്യങ്ങളിൽ നിന്നുള്ളവർ ധാരാളമായി ഇവിടെയെത്തി പല മേഖലകളിലായി ജോലി ചെയ്തിരുന്നു.

ബ്രെക്സിറ്റിനു ശേഷം കുടിയേറ്റ നിയമങ്ങൾ കർശനമായപ്പോൾ അവരിൽ പലരും തിരിച്ചു പോവുകയായിരുന്നു. മാത്രമല്ല, കോവിഡ് പ്രതിസന്ധികാലത്ത് സ്വന്തം നാട്ടിലേക്ക് പോയവരിൽ പലരും കർശനമായ കുടിയേറ്റ നിയമങ്ങളെ തുടർന്ന് തിരിച്ചു വരാൻ കഴിയാത്ത സാഹചര്യത്തിലുമായി. ഇത് കടുത്ത തൊഴിലാളിക്ഷാമത്തിന് വഴിതെളിച്ചു.

ഇത് പരിഹരിക്കുന്നതിനായി ഇപ്പോൾ ബ്രിട്ടന്റെ വിസ നിയമങ്ങളിൽ കാതലായ മാറ്റങ്ങൾ കൊണ്ടു വരുന്നതിനെ കുറിച്ച് ആലോചിക്കുകയാണ് ബ്രിട്ടീഷ് പ്രധാനമന്ത്രി ലിസ് ട്രസ്സ്. തൊഴിലാളി ക്ഷാമം രൂക്ഷമായ മേഖലകളിലേക്ക് സുപ്രധാനമായ തസ്തികകളിലുള്ള തൊഴിലാളികൾക്കായി വിസ ചട്ടങ്ങളിൽ ഇളവുകൾ വരുത്താനാണ് ഇപ്പോൾ ആലോചിക്കുന്നത് എന്ന് ഫിനാൻഷ്യൻ ടൈംസ് റിപ്പോർട്ട് ചെയ്യുന്നു.

കുടിയേറ്റത്തെ നിരുത്സാഹപ്പെടുത്തണം എന്ന് അഭിപ്രായമുള്ള ചില സഹ മന്ത്രിമാരുടെ ആഗ്രഹത്തിനു വിരുദ്ധമായി ചില മേഖലകളിലെങ്കിലും കുടിയേറ്റ തൊഴിലാളികളെ പ്രോത്സാഹിപ്പിക്കുവാനാണ് ഇപ്പോൾ ലിസ് ട്രസ്സ് പരിശ്രമിക്കുന്നത്. ബ്രോഡ്ബാൻഡ് എഞ്ചിനീയർമാർ ഉൾപ്പടെയുള്ളവർ ഇക്കൂട്ടത്തിൽ ഉണ്ടെന്ന് റിപ്പോർട്ടിൽ പറയുന്നു.

ബ്രിട്ടനിലേക്ക് നൈപുണ്യമുള്ള തൊഴിലാളികളുടെ കുടിയേറ്റം പ്രോത്സാഹിപ്പിക്കുന്നതിനായി ഇംഗ്ലീഷ് ഭാഷാ പരിജ്ഞാനവുമായി ബന്ധപ്പെട്ട ചട്ടങ്ങളിൽ ഇളവുകൾ വരുത്തുന്ന കാര്യവും പരിഗണനയിലുണ്ട്. അതുപോലെ തൊഴിലാളി ക്ഷാമം ഗുരുതരമായ നിലയിലുള്ള മേഖലകളെ പരാമർശിക്കുന്ന ഷോർട്ടേജ് ഒക്കുപന്റ് ലിസ്റ്റ് വിപുലീകരിക്കുന്നതും പരിഗണനയിലുണ്ടെന്ന് അറിയുന്നു. ഇത് ചെയ്താൽ കൂടുതൽ മേഖലകൾക്ക് വിസചട്ടത്തിലെ ഇളവുകളോടെ കൂടുതൽ വിദേശ തൊഴിലാളികളെ കൊണ്ടു വരാൻ കഴിയും എന്ന് പ്രധാനമന്ത്രിയുടെ ഓഫീസിനെ ഉദ്ധരിച്ചുകൊണ്ട് മറ്റൊരു പത്രം റിപ്പോർട്ട് ചെയ്യുന്നു.

കുടിയേറ്റ നിയമങ്ങളിൽ ഇളവുകൾ വരുത്താൻ ഉദ്ദേശിക്കുന്നുണ്ടോ എന്ന് ഞായറാഴ്‌ച്ച ബി ബി സിയിൽ നടന്ന ഒരു പരിപാടിയിൽ ചോദിച്ചപ്പോൾ, ഇളവുകളല്ല, യു കെ യ്ക്ക് ഉപകാര പ്രദമാകുന്ന രീതിയിൽ കുടിയേറ്റം മാറ്റുവാനുള്ള ശ്രമങ്ങളാണ് നടത്തുന്നത് എന്നായിരുന്നു ചാൻസലർ ക്വാസി ക്വാർട്ടെംഗ് പറഞ്ഞത്. ഷോർട്ടേജ് ഒക്കുപേഷൻ ലിസ്റ്റിൽ കൂടുതൽ വിഭാഗങ്ങൾകൂട്ടിച്ചേർക്കുന്നതുമായി ബന്ധപ്പെട്ട വിവരങ്ങൾ വരുന്ന ആഴ്‌ച്ചകളിലിന്റീരിയർ മിനിസ്റ്റർ നൽകുമെന്നും അദ്ദേഹം പറഞ്ഞു.

സാമ്പത്തിക വ്യവസ്ഥയിൽ വളർച്ച ഉണ്ടാക്കുക എന്നതാണ് ലക്ഷ്യം. അതിന് തൊഴിലാളികളുടെ ക്ഷാമം ഒരു വൻ പ്രതിബന്ധം തന്നെയാണ് എന്നും അദ്ദേഹം പറഞ്ഞു. ഹോസ്പിറ്റാലിറ്റി മേഖലയാണ് ഇപ്പോൾ പ്രധാനമായും തൊഴിലാളി ക്ഷാമത്തിൽ കഷ്ടപ്പെടുന്നത്. ഹോട്ടലുകൾ, റെസ്റ്റോറന്റുകൾ, പബ്ബുകൾ തുടങ്ങിയ ഇടങ്ങളിൽ വിദേശ തൊഴിലാളികൾക്ക് ധാരാളം അവസരങ്ങൾ തുറന്നു കിട്ടിയേക്കും. ഇംഗ്ലീഷ് ഭാഷാ പരിജ്ഞാനത്തിലുള്ള നിബന്ധനയിൽ ഉൾപ്പടെവിസ ചട്ടങ്ങളിൽ അയവു വരുത്തുകയാണെങ്കിൽ മലയാളികൾ ഉൾപ്പടെയുള്ള ഇന്ത്യാക്കാർക്ക് മുൻപിൽ ധാരാളം അവസരങ്ങളായിരിക്കും തുറക്കപ്പെടുക.

അടുത്തയിടെ ഈ മേഖലയിലേക്ക് വിദേശ തൊഴിലാളികളെ ആകർഷിക്കുവാനായി ചില ഇളവുകൾ വിസ നിയന്ത്രണങ്ങളിൽ വരുത്തിയിരുന്നു.ഇനിയും കൂടുതൽ ഉണ്ടാകുമെന്നാണ് കരുതപ്പെടുന്നത്. കാർഷിക മേഖലയാണ് തൊഴിലാളി ക്ഷാമം നേരിടുന്ന മറ്റൊരു മേഖല. വലിയ വിദ്യാഭ്യാസ യോഗ്യതകൾ ഒന്നും ആവശ്യമില്ലാത്ത ഫ്രൂട്ട് പ്ലക്കർ തുടങ്ങിയ ജോലികൾക്കും നിരവധി സാധ്യതകൾ യൂറോപ്പ് ഒഴിച്ചുള്ള രാജ്യങ്ങളിൽ ഉള്ളവർക്ക് മുൻപിൽ വരികയാണ്.

ഐ. ടി, ചില്ലറ വില്പന മേഖല, ഹെൽത്ത് കെയർ എന്നീ മേഖലകളിലും തൊഴിൽ ക്ഷാമം രൂക്ഷമാണ്. പല സൂപ്പർമാർക്കറ്റുകളും വർഷത്തിൽ രണ്ടു തവണ വരെ ശമ്പള വർദ്ധനവ് നൽകിയും പ്രത്യേക ബോണസ്സുകൾ നൽകിയും നിലവിലുള്ള തൊഴിലാളികളെ പിടിച്ചു നിർത്തുന്നതിനൊപ്പം പുതിയ തൊഴിലാളികളെ ആകർഷിക്കുന്നതിനും ഉള്ള ശ്രമങ്ങൾ ആരംഭിച്ചു കഴിഞ്ഞു.

അത്തരമൊരു സാഹചര്യത്തിൽ ഈ മേഖലകളിലും ഇന്ത്യാക്കാർക്ക് ധാരാളം അവസരങ്ങൾ പ്രതീക്ഷിക്കാം. മറ്റൊന്ന് ഹെൽത്ത് കെയർ മേഖലയാണ്. ഇതിനോടകം തന്നെ ഇംഗ്ലീഷ് ഭാഷാ പരിജ്ഞാനം സംബന്ധിച്ച നിബന്ധനകൾ ഉൾപ്പടെയുള്ളവയിൽ ധാരാളം ഇളവുകൾ റോയൽ കോളേജ് ഓഫ് നഴ്സിങ് നിർദ്ദേശിച്ചു കഴിഞ്ഞു. ഇതുടൻ പ്രാബല്യത്തിൽ വരുമെന്നാണ് പ്രതീക്ഷിക്കുന്നത്.

ബ്രെക്സിറ്റിനു ശേഷം വിവിധ രാജ്യങ്ങളുമായി സ്വതന്ത്ര വ്യാപാര കരാറുകൾ ഉണ്ടാക്കുവാനുള്ള ശ്രമത്തിലാണ് ബ്രിട്ടൻ. അതിൽ ഏറ്റവുമധികം പ്രാധാന്യം നൽകുന്നത് ഇന്ത്യയ്ക്കാണു താനും. ഇന്ത്യയുമായുള്ള വ്യാപാര കരാറിന്റെ ചർച്ചകൾ പുരോഗമിക്കുകയാണ്. ഫോറിൻ ട്രേഡ് സെക്രട്ടറിയായിരിക്കെ ലിസ് ട്രസ്സ് കൂടി മുൻകൈ എടുത്തിട്ടായിരുന്നു ഇത്തരമൊരു കരാർ നിലവിൽ വന്നത്. അതുകൊണ്ടു തന്നെ ഇന്ത്യയ്ക്കുള്ള പ്രാധാന്യം ഇനിയും തുടരും എന്ന് ഉറപ്പാക്കാം.അതുകൊണ്ടു തന്നെ ഇന്ത്യൻ തൊഴിലാളികൾക്കും പ്രത്യേക പരിഗണന ലഭിക്കും എന്നുള്ളത് ഉറപ്പാണ്.