- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
പൂട്ടിയ കെയർ ഹോമുകൾ വർഷങ്ങളായി കരിമ്പട്ടികയിൽ ഉള്ളവ; പൂട്ടാൻ സാധ്യതയുണ്ടെന്ന് ഏജന്റ് മുന്നറിയിപ്പ് നൽകിയിട്ടും റിസ്‌ക് എടുത്തവരിപ്പോൾ ദിവസ വാടകക്ക് ഹോട്ടലിൽ; സഹായ വാഗ്ദാനം വേണ്ടെന്നു പണം നഷ്ടമായവർ; വീണ്ടും അതേ ഏജന്റ് മുഖേനെ പുതിയ വിസ കിട്ടാൻ കാത്തിരിപ്പും; യുകെയിലെ കെയർ വിസ ദുരിതമാകുമ്പോൾ
ലണ്ടൻ: തീ കണ്ടാൽ പാഞ്ഞടുക്കുന്ന ഈയാംപാറ്റകളെ ഓർമ്മിപ്പിക്കുകയാണ് കെയർ വിസ കണ്ടു ബ്രിട്ടണിലേക്ക് പാഞ്ഞടുക്കുന്ന മലയാളികൾ. മണിക്കൂറുകളുടെ ആയുസു മാത്രമുള്ള ഇയാംപാറ്റകൾ പുതുമഴയിൽ ആയിരക്കണക്കിന് എന്ന വിധം പുറത്തു വരുമ്പോൾ അവയെ നശിപ്പിക്കാൻ തീ കൂട്ടുക സാധാരണമാണ് . ആ തീയിലേക്ക് വെമ്പലോടെ പാഞ്ഞടുത്തു ലോലമായ ചിറക് കരിഞ്ഞു മരണം വരിക്കുകയാണ് ഓരോ ഇയ്യാമ്പലിന്റെയും നിയോഗം എന്ന് തോന്നുകയും ചെയ്യും . നിർഭാഗ്യവശാൽ തികച്ചും സമാനമായ അനുഭവമാണ് യുകെയിൽ എത്തുന്ന നിർഭാഗ്യരായ ചില കെയർ വിസക്കാരെ സംബന്ധിച്ചിടത്തോളം .
കാത്തുകാത്തിരുന്നു ലഭിക്കുന്ന തൊഴിൽ വിസയുമായി യുകെയിൽ എത്തി രക്ഷപ്പെട്ടെന്നു വിചാരിക്കവെയാണ് ഇയ്യാം പാറ്റയെ കൊന്നൊടുക്കുന്ന തീയ്ക്ക് സമാനമായി ജോലി ചെയുന്ന സ്ഥാപനം തന്നെ ഇല്ലാതാകുന്നത് . ഒന്നുകിൽ മറ്റൊരു തൊഴിൽ ദാതാവിനെ കണ്ടെത്തുക അല്ലെങ്കിൽ തിരികെ നാട്ടിലേക്കു വണ്ടി കയറുക . ഈ രണ്ടു അനുഭവങ്ങളുടെ മുന്നിൽ യുകെയിൽ എത്താനായി വിസ ഏജൻസിക്കു നൽകിയ പത്തോ പതിന്നാലോ ലക്ഷം രൂപയെക്കുറിച്ചു മറന്നേക്കുക . .
കഴിഞ്ഞ ദിവസം സൗത്തെന്റിലെ രണ്ടു കെയർ ഹോമുകൾ പൂട്ടിയ വാർത്ത പുറത്തു വന്നതിന് പിന്നാലെ ഒട്ടേറെ പേരാണ് സമാനമായ ചതിയുടെ ഉള്ളറകൾ ചികഞ്ഞു പുറത്തിടുന്നത് . ഇപ്പോൾ തേടിയെത്തുന്നത് കെയർ വിസ കണ്ടു എടുത്തു ചാടിയ ഇയ്യാംപാറ്റകളെ പോലെയുള്ള മനുഷ്യരുടെ ദുരിത കഥകളാണ് . സൗത്തെന്റിലെ സമാന സാഹചര്യത്തിൽ കെറ്ററിംഗിൽ ഒരു പറ്റം മലയാളി കുടുംബങ്ങളും ചതിക്കിരയായിരുന്നു എന്ന് വെളിപ്പെടുത്തൽ എത്തിയിട്ടുണ്ട് . ഇവരിൽ പലരും വീണ്ടും പണം കൊടുത്തു മറ്റു സ്ഥലങ്ങളിൽ ജോലി സമ്പാദിക്കുക ആയിരുന്നു . ഇപ്പോൾ ഇതേ തന്ത്രം തന്നെയാണ് സൗത്തെന്റിൽ പണം വാങ്ങിയ ഏജന്റും ജോലി നഷ്ടമായവരോട് പറഞ്ഞു കൊണ്ടിരിക്കുന്നത് . മറ്റു സ്ഥലത്തു ജോലി ശരിയാക്കാം പക്ഷെ പണം നൽകേണ്ടി വരും എന്ന് മുന്നറിയിപ്പ് നൽകുന്നു .
നേഴ്സിങ് പൂട്ടൽ ഒരു തിരക്കഥയുടെ ഭാഗമോ?
ഗുരുതരമായ പിഴവുകൾ കണ്ടെത്തിയതിനെ തുടർന്നാണ് സി ക്യൂ സി പരിശോധനയുടെ വെളിച്ചത്തിൽ 25 റെസിഡന്റ്‌റ്‌സ് ഉണ്ടായിരുന്ന കെയർ ഹോമിന് കഴിഞ്ഞ ദിവസം പൂട്ട് വീണത് . കഴിഞ്ഞ ഏതാനും വര്ഷങ്ങളായി നടന്നുകൊണ്ടിരുന്ന ഓരോ പരിശോധനയിലും ഗുണപരമായ മാറ്റങ്ങൾ ഉണ്ടാകണമെന്ന് സി ക്യൂ സി നൽകിയ മുന്നറിയിപ്പുകൾ അവഗണിച്ച സ്ഥാപനം നടപടി ക്ഷണിച്ചു വരുത്തുക ആയിരുന്നു . സ്ഥാപനം രോഗികളുടെ ക്ഷേമത്തിന് പരിഗണന നൽകില്ലെന്ന് ഉറപ്പായതോടെ അവരെ പാർപ്പിക്കാൻ മറ്റു സംവിധാനങ്ങൾ സിക്യൂസി തന്നെ ഒരുക്കിയ ശേഷമാണു പൊലീസിന്റെയും സോഷ്യൽ വർക്കേഴ്സിന്റെയും സാന്നിധ്യത്തിൽ പൂട്ടൽ പ്രക്രിയ പൂർത്തിയാക്കിയത് .
അതിനിടെ നേഴ്സിങ് ഹോം ബിസിനസിനേക്കാൾ ലാഭകരമാണ് പ്രോപ്പർട്ടി മാനേജ്മെന്റ് എന്ന തിരിച്ചറിവിൽ ബുദ്ധിമാന്മാരായ പല നേഴ്സിങ് ഹോം ഉടമകളും ഇപ്പോൾ സ്ഥാപനം ഏതു വിധേനെയും പൂട്ടിക്കിട്ടാൻ തക്കം പാർത്തിരിക്കുകയാണ് എന്ന റിപ്പോർട്ടും പലയിടത്തു നിന്നും പുറത്തു വരുന്നു . നേഴ്സിങ് ഹോം പൂട്ടിയാൽ അതേ സ്ഥലത്തു അക്കോമോഡെഷൻ ലൈസൻസിൽ ഫ്‌ളാറ്റുകളും മറ്റും നിർമ്മിച്ചു വില്പന നടത്തുകയോ വാടകക്ക് ഇടുകയോ ചെയ്താൽ ഒറ്റയടിക്ക് കൂടുതൽ ലാഭം എന്നാണ് പുതിയ ട്രെന്റ് . ഇത്തരത്തിൽ നേഴ്സിങ് ഹോമുകൾ പൂട്ടിയാൽ നൂറുകണക്കിന് മലയാളി കുടുംബങ്ങളുടെ ജീവിതം കൂടിയാകും വഴി മുട്ടുക . അതിനാൽ സി ക്യൂസി റിപ്പോർട്ടിനോട് ഉദാസീനത കാണിക്കുന്ന നേഴ്സിങ് ഹോം ഉടമകളുടെ കീഴിൽ ജോലി ചെയ്യുന്നവർ പ്രത്യേക കരുതൽ എടുക്കണം എന്ന പാഠമാണ് സൗത്തെന്റിലെയും കെറ്ററിംഗിലെയും സംഭവങ്ങൾ നൽകുന്ന സൂചന .
ഇങ്ങനെ പോലും ചതിവ് പറ്റിയിട്ടും ചിന്തിക്കാൻ പറ്റാത്തവരും സൗത്തെന്റിൽ ചതിക്കപ്പെട്ടവരുടെ കൂട്ടത്തിലുണ്ട് . ചതിക്കപ്പെടുക ആയിരുന്നു എന്ന് തിരിച്ചറിയാത്തവരും കുറവല്ല . കാരണം ഏജൻസി പറയുന്നതാണ് വേദവാക്യം . ഒന്നിലേറെ പേർക്കാകട്ടെ ഏജൻസി ഏതാണെന്നു പോലും നിശ്ചയമില്ല . പണം കൈമാറിയത് പോലും പല കൈകളിലൂടെ . ഏജന്റുമായി നേരിട്ട് സംസാരിക്കാത്തവർ പോലും കൂട്ടത്തിലുണ്ട് എന്നാണ് ലഭ്യമാകുന്ന വിവരം . തങ്ങൾ വരുന്ന കെയർ ഹോം ഏതു നിമിഷവും പൂട്ടിപ്പോകും എന്നത് ഗൂഗിളിൽ ഒന്ന് തിരഞ്ഞാൽ ബിബിസി അടക്കം ഏതാനും വര്ഷങ്ങളായി നൽകിക്കൊണ്ടിരിക്കുന്ന വാർത്തകളിൽ നിന്നും അക്ഷരാഭ്യാസം ഉള്ളവർക്ക് ആരുടേയും വിദഗ്ധ ഉപദേശം പോലും ഇല്ലാതെ മനസിലാകുന്ന കാര്യമാണ് . ഇത്തരം മോശം റിപോർട്ട് ഉള്ള സ്ഥാപനത്തിലേക്ക് എന്തിന് ലക്ഷങ്ങൾ വാരി വിതറി എത്തുന്നു എന്ന ചോദ്യത്തിനും തത്കാലം ഉത്തരമില്ല .
''എല്ലാം ഞങ്ങൾക്കറിയാമായിരുന്നു , വേറെ വഴിയില്ല ''
അതിനിടെ കേട്ടാൽ ഞെട്ടുന്ന മറുപടിയും സൗത്തെന്റിൽ നിന്നും ലഭ്യമാണ് . ''എല്ലാം ഞങ്ങൾക്ക് അറിയാമായിരുന്നു . വരുന്ന സ്ഥാപനം ചിലപ്പോൾ പൂട്ടിപ്പോയേക്കും എന്നും ഏജൻസി പറഞ്ഞിരുന്നു . എന്നാൽ മകന് 18 വയസാകാൻ മാസങ്ങൾ മാത്രം ബാക്കി നിൽക്കുന്നതിനാൽ മറ്റൊന്നും ആലോചിച്ചില്ല, മുന്നിൽ വേറെ വഴി ഉണ്ടായിരുന്നില്ല ''. പേര് വെളിപ്പെടുത്താൻ നിർവാഹം ഇല്ലാത്ത ഈ മറുപടി ഓരോ യുകെ മലയാളിയെയും ഞെട്ടിക്കാൻ പര്യാപതമാണ് . ചതിവ് പറ്റിയേക്കും എന്നറിഞ്ഞിട്ടും പത്തോ പതിനഞ്ചോ ലക്ഷം എടുത്തു നല്കാൻ മടിയില്ലാത്തവരായി മാറിയിരിക്കുകയാണ് ശരാശരി മലയാളികൾ . എങ്ങനെയും കേരളത്തിൽ നിന്നും കടക്കണം . യുകെ മാത്രമാണ് ലക്ഷ്യസ്ഥാനം . ഇവിടെ എത്താൻ ഇപ്പോൾ ഇത് മാത്രമാണ് കുറുക്കു വഴി . അതിനാൽ എന്ത് റിസ്‌കും എടുക്കാൻ തയ്യാർ . ഈ മറുപടിക്കു മുന്നിൽ ആര് ആരെ പഴി പറയും എന്ന ഒരൊറ്റ സംശയം മാത്രമാണ് ഇപ്പോൾ ബാക്കിയാകുന്നത് . എന്നാൽ കെയർ ഹോം പൂട്ടിപ്പോയാലും മറ്റൊരിടത്തു ജോലി ഒപ്പിച്ചു തരാൻ നോക്കാമെന്ന ഭംഗി വാക്ക് പറയാനും ഈ കുടുംബത്തോട് ഏജന്‌സിക്കാർ മറന്നിരുന്നില്ല എന്നതാണ് വസ്തുത .
ദിവസവാടക 70 പൗണ്ട് , എത്ര നാൾ എന്നറിയാതെ പുതിയ ജോലിക്കായി ശ്രമവും
സൗത്തെന്റിലെ മഹാ സമ്പന്നനായ ഗ്രീക്ക്കാരൻ നടത്തുന്ന കെയർ ഹോം പൂട്ടിയപ്പോൾ ജീവനക്കാരായ മലയാളികൾക്ക് രണ്ടാഴ്ച താൽക്കാലിക താമസ സൗകര്യം ഒരുക്കിയിരിക്കുന്നത് അയാളുടെ തന്നെ ഹോട്ടലിൽ . ദിവസ വാടക 70 പൗണ്ട് വീതം(ഏതാണ്ട് ഏഴായിരം രൂപ) . ഇത്തരത്തിൽ എത്രനാൾ കഴിയുമെന്ന് ഈ കുടുംബങ്ങൾക്ക് നിശ്ചയമില്ല .
കെ ആര് ഷൈജുമോന്, ലണ്ടന്. മറുനാടന്‍ മലയാളി പ്രത്യേക പ്രതിനിധി.