- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
കോഴ്സ് കഴിഞ്ഞാൽ മടങ്ങിപ്പോകുന്ന സ്റ്റുഡന്റ് വിസക്കാരെ എന്തിന് നെറ്റ് ഇമിഗ്രേഷൻ സ്റ്റാറ്റിസ്റ്റിക്സിൽ ചേർക്കുന്നു? യു കെയിലെ ഇന്ത്യൻ സ്റ്റുഡന്റ്സ് യൂണിയനും യൂണിവേഴ്സിറ്റികളും സർക്കാരിനോട് ചോദിക്കുന്നു; ബ്രിട്ടണിലെ കുടിയേറ്റ പ്രതിസന്ധി തീർക്കാൻ ഫോർമുല
ബ്രിട്ടനിൽ കുടിയേറ്റ നിയമങ്ങൾ കർശനമാക്കുന്നത് ഏറെയും ബാധിക്കുന്നത് ഇന്ത്യൻ വിദ്യാർത്ഥികളെയാണ്. അതുകൊണ്ടു തന്നെയാണ് ഇന്ത്യൻ സമൂഹം ഇക്കാര്യത്തിൽ കാര്യമായി ഇടപെടലുകൾ നടത്തുന്നത്. രാജ്യത്തിന്റെ കുടിയേറ്റത്തിന്റെ കണക്കിൽ നിന്നും വിദ്യാർത്ഥികളെ ഒഴിവാക്കണമെന്ന് ഇന്ത്യൻ വിദ്യാർത്ഥികളുടെ സ്റ്റുഡന്റ്സ് യൂണിയൻ ആവശ്യപ്പെടുന്നതും ഇതിന്റെ ഭാഗമായിട്ടാണ്. വിദേശ വിദ്യാർത്ഥികൾക്ക് സ്റ്റുഡന്റ് വിസ നൽകുന്നതിൽ കർശന നിയന്ത്രണം ഋഷി സുനക് കൊണ്ടുവന്നേക്കുമെന്ന വാർത്ത പ്രചരിക്കുന്നതിനിടയിലാണ് ഈ സംഭവ വികാസം.
നിലവാരം കുറഞ്ഞ യൂണിവേഴ്സിറ്റികളിലെ പഠനത്തിന് വിസ നിഷേധിക്കുവാനും, സ്റ്റുഡന്റ് വിസക്കാർക്കൊപ്പം ആശ്രിതർ എത്തുന്നത് പൂർണ്ണമായും തടയാനും സുനക് സർക്കാർ ഒരുങ്ങുന്നു എന്നാണ് യു കെ മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്യുന്നത്. രാജ്യത്തിന്റെ നെറ്റ് മൈഗ്രേഷൻ സംഖ്യ അതിന്റെ ഏറ്റവും ഔന്നത്യത്തിൽ എത്തിയ പശ്ചാത്തലത്തിലാണ് ഇത്തരമൊരു ആലോചന എന്നും മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്യുന്നു.
ഓരോ വർഷവും യു കെയിൽ എത്തുന്ന കുടിയേറ്റക്കാരുടെ എണ്ണത്തിൽ നിന്നും, ഇവിടെ നിന്നും തിരികെ പോകുന്നവരുടെ എണ്ണം കുറച്ചുള്ളതാണ് നെറ്റ് ഇമിഗ്രേഷൻ സംഖ്യ. ഇത് കുറച്ചു കൊണ്ടു വരുന്നതിനായി സാധ്യമായ എല്ലാ നടപടികളും സ്വീകരിക്കും എന്നാണ് ഡൗണിങ് സ്ട്രീറ്റ് വൃത്തങ്ങൾ വെളിപ്പെടുത്തുന്നത്. ഈയവസരത്തിലാണ് ഇന്ത്യൻ വിദ്യാർത്ഥികൾക്കായി നിലകൊള്ളുന്ന നാഷണൽ ഇന്ത്യൻ സ്റ്റുഡന്റ്സ് ആൻഡ് അലുമി യൂണിയൻ ഇതിനെതിരെ രംഗത്ത് എത്തിയിരിക്കുന്നത്. യൂണിവേഴ്സിറ്റികളെ നിലവാരം അനുസരിച്ച് തരംതിരിക്കുന്ന നടപടി ദീർഘകാലാടിസ്ഥാനത്തിൽ ദൂഷ്യഫലം ഉളവാക്കുമെന്നും യൂണിയൻ മുന്നറിയിപ്പ് നൽകുന്നു.
മാത്രമല്ല, താത്ക്കാലികമായി മാത്രം യു കെയിൽ പഠനത്തിനെത്തുന്നവരെ കുടിയേറ്റക്കാരായി കാണരുതെന്നും ഇവർ ആവശ്യപ്പെടുന്നു. ഇന്ത്യാക്കാർ വലിയൊരു വിഭാഗമുള്ള വിദേശ വിദ്യാർത്ഥികൾ മൊത്തം 30 ബില്യൺ പൗണ്ടിന്റെ വരുമാനമാണ് യു കെയിലേക്ക് കൊണ്ടുവരുന്നതെന്ന് അവർ ചൂണ്ടിക്കാണിക്കുന്നു. മാത്രമല്ല, സാംസ്‌കാരികവും വാണിജ്യപരവും അതുപോലെ നയതന്ത്രപരവുമായുള്ള ബന്ധം ശക്തിപ്പെടുത്താനും ഇത് യു കെയെ സഹായിക്കുന്നു എന്നും അവർ ചൂണ്ടിക്കാട്ടുന്നു.
കുടിയേറ്റ പ്രശ്നം പരിഹരിക്കാൻ കൂടുതൽ ക്രിയാത്മകമായ നടപടികളാണ് കൈക്കൊള്ളേണ്ടതെന്ന് അവർ ചൂണ്ടിക്കാട്ടി. 2021 ജൂണിൽ 1,73,000 ഉണ്ടായിരുന്നനെറ്റ് മൈഗ്രേഷൻ 2022 ജൂണിൽ 5,04,000 ആയി ഉയര്ന്നു എന്ന് കഴിഞ്ഞ ദിവസം ഓഫീസ് ഫോർ നാഷണൽ സ്റ്റാറ്റിസ്റ്റിക്സ് ചൂണ്ടിക്കാട്ടിയതിനെ തുടർന്നായിരുന്നു കുടിയേറ്റം നിയന്ത്രിക്കുന്നതുമായി ബന്ധപ്പെട്ട ചർച്ചകൾക്ക് ചൂടുപിടിച്ചത്.
മറുനാടന്‍ മലയാളി ബ്യൂറോ