ലണ്ടൻ: അടുത്ത രണ്ടു ആഴ്ചകളിലായി ബ്രിട്ടനിലെ നഴ്‌സുമാർ സമരം ചെയ്യുമ്പോൾ ചുരുങ്ങിയത് ഒരു ലക്ഷം പേരെങ്കിലും അതിൽ പങ്കാളികൾ ആകും എന്നാണ് പ്രതീക്ഷിക്കപെടുന്നത്. ഇതിനൊപ്പം വരും ദിവസങ്ങളിൽ ആംബുലൻസ് ജീവനക്കാർ കൂടി സമര പാതയിൽ ചേരുന്നതോടെ തണുപ്പ് കാലത്ത് അനേക മനുഷ്യ ജീവനുകൾ ഇല്ലാതാകുമോ എന്ന ശങ്കയും ശക്തമാണ്.

എന്നാൽ മാധ്യമങ്ങൾ ഉയർത്തുന്ന ആശങ്ക അതേവിധം ബ്രിട്ടീഷ് സർക്കാരിന് ഇല്ലാത്തതും പട്ടാളക്കാരെ ഉപയോഗിച്ച് സമരം നേരിടാം എന്ന ചിന്തയിൽ കാര്യങ്ങൾ നീങ്ങുമ്പോഴും നഴ്‌സുമാർക്ക് വേണ്ടി ശബ്ദിക്കുകയാണ് യുകെയിലെ പ്രധാന മാധ്യമങ്ങൾ. സമര ദിവസം അടുത്ത് വരുന്നതിനിടെ സർക്കാരിന്റെ കണ്ണ് തുറപ്പിക്കാൻ കാരണമായേക്കാവുന്ന അനേകം വാർത്തകളാണ് പുറത്തു വരുന്നത്. ഇന്നലെ യുകെയിലെ പ്രധാന ദിനപത്രത്തിൽ ഒന്നായ ഡെയ്‌ലി മിറർ യൂറോപ്പിൽ ഏറ്റവും കുറവ് ശമ്പളം നൽകുന്നത് ബ്രിട്ടൻ ആണെന്നാണ് കുറ്റപ്പെടുത്തുന്നത്.

നഴ്‌സുമാരെ കണ്ടില്ലെന്നു നടിച്ചു സർക്കാർ

കഴിഞ്ഞ ദിവസം പുറത്തു വന്ന ഓർഗനൈസേഷൻ ഫോർ എക്കണോമിക് കോ ഓപ്‌റേഷൻ ആൻഡ് ഡെവലപ്മെന്റ് റിപ്പോർട്ട് ആധാരമാക്കി ആർസിഎൻ സമര കാരണം ബ്രിട്ടീഷ് ഹെൽത്ത് സെക്രട്ടറി സ്റ്റീവ് ബാർക്ലെയ്‌സിനെ അറിയിച്ചതോടെയാണ് യൂറോപ്പിലെ ഏറ്റവും മോശം അവസ്ഥയിലാണ് യൂറോപ്യൻ നഴ്‌സുമാർ എന്ന വിവരം പുറത്തു വന്നിരിക്കുന്നത്. ഇതോടൊപ്പം രാജ്യം വിടുന്നവരുടെ എണ്ണം കഴിഞ്ഞ വർഷത്തേക്കാൾ അധികമായി 7000 ആയി എന്ന വാർത്തയും പുറത്തു വന്നിരിക്കുകയാണ്.

ഇത് രണ്ടും കൂട്ടിച്ചേർക്കുമ്പോൾ രാജ്യത്തെ നഴ്‌സിങ് സമൂഹം തികച്ചും അരക്ഷിത സാഹചര്യം നേരിടുകയാണ് എന്നും സർക്കാരിനെ ബോധ്യപ്പെടുത്താൻ ശ്രമിക്കുകയാണ് സമര സംഘടനകൾ. ബ്രിട്ടൻ നഴ്‌സിങ് സമൂഹത്തിനു വേണ്ട പരിഗണന നൽകുന്നില്ല എന്ന പരാതി കൂടിയാണ് ഇതോടെ ഉയരുന്നത്. കോവിഡ് വ്യാപന സമയത്തു കയ്യടിച്ച് ആദരിച്ച സർക്കാർ അതെല്ലാം മറന്നു ജീവിക്കാൻ നെട്ടോട്ടം ഓടുന്ന ഏറ്റവും വലിയ തൊഴിൽ സേനയെ കണ്ടില്ലെന്നു നടിക്കുന്നത് ഇനിയും അനുവദിക്കാൻ പാടില്ലെന്നാണ് പൊതുവിൽ ഉയരുന്ന വികാരം.

ബ്രക്സിറ്റും യുക്രൈൻ യുദ്ധവും സൃഷ്ടിച്ച ഇരുട്ടടിയിൽ യൂറോപ്പിലെ ഏറ്റവും ചിലവേറിയ രാജ്യമായി യുകെ മാറിയതോടെ ജീവിത ചെലവിനു അനുസരിച്ചുള്ള ശമ്പളം ലഭിക്കുന്നില്ല എന്നതാണ് ഏറ്റവും പുതിയ വാർത്തകൾ. യുകെയിലെ യൂറോപ്യൻ നഴ്‌സുമാർ ബ്രക്സിറ്റ് വന്നത് മൂലം യുകെ ഉപേക്ഷിച്ചുവെന്ന ചിന്തയ്‌ക്കൊപ്പം അവരവരുടെ നാടുകളിലേക്കാൾ കുറഞ്ഞ വേതനമാണ് യുകെ നൽകുന്നത് എന്ന തിരിച്ചറിവും ബ്രിട്ടൻ ഉപേക്ഷിക്കാൻ യൂറോപ്യൻ നഴ്‌സുമാരെ പ്രേരിപ്പിച്ചിട്ടുണ്ട് എന്നാണ് ഇപ്പോൾ വ്യക്തമാകുന്നത്. കുറഞ്ഞ വേതനം മൂലം യുകെയിൽ ജോലി ഉപേക്ഷിച്ചവരുടെ എണ്ണം പതിനായിരക്കണക്കിന് ആയി ഉയർന്നു എന്ന വാർത്തയ്‌ക്കൊപ്പം രാജ്യം വിടുന്നവരുടെ എണ്ണത്തിലും റെക്കോർഡുകൾ തകർക്കപ്പെടുകയാണ്.

മലയാളി നഴ്‌സുമാർക്ക് ബ്രിട്ടൻ വെറുമൊരു ഇടത്താവളമായി മാറുന്നു

ഒരു നഴ്‌സിനെ ഇന്ത്യയിൽ നിന്നും എത്തിക്കാൻ എൻഎച്ച്എസ് ട്രസ്റ്റുകൾ 10000 പൗണ്ട് വരെ ചെലവാക്കുന്നു എന്ന വാർത്തകൾക്കിടയിൽ ഇങ്ങനെ എത്തുന്നവർ പോലും രാജ്യത്തു ചുവടു ഉറപ്പിക്കുന്നില്ല എന്നതും പ്രതിസന്ധി വളർത്തുകയാണ്. കേരളത്തിൽ നിന്നും യുകെയിൽ എത്തിയ നഴ്‌സുമാരിൽ ആയിരക്കണക്കിന് പേര് ഇതിനകം യുകെ ഉപേക്ഷിച്ചു എന്നാണ് അനുമാനിക്കപ്പെടുന്നത്. എന്നാൽ ഇത് സംബന്ധിച്ച കണക്കുകൾ ഇപ്പോൾ എൻഎച്ച്എസ് വിദേശ റിക്രൂട്ട്മെന്റ് വിഭാഗത്തിന്റെ കൈവശമില്ല. ഒരുപക്ഷെ വിദേശ റിക്രൂട്ട്മെന്റിന് വേണ്ടി മുടക്കിയ മില്യൺ കണക്കിന് പൗണ്ട് പ്രയോജനപ്പെടുന്നില്ലേ എന്ന ചിന്തയിലേക്ക് രാജ്യം വിടുന്നവരുടെ എണ്ണം പുറത്തു വന്നാൽ ശ്രദ്ധ തിരിയുമോ എന്ന ആശങ്കയും എൻഎച്ച്എസ് റിക്രൂട്ട്മെന്റ് വിഭാഗത്തിനുണ്ടാകാം.

അതിനിടെ കേരളത്തിൽ നിന്നും ഇന്ത്യയിലെ മറ്റു സംസ്ഥാനങ്ങളിലും നിന്നും വരുന്നവർ യുകെ ഉപേക്ഷിക്കുന്നത് വീണ്ടും ഏജൻസികൾക്ക് അവസരം ഒരുക്കുകയാണ്. വീണ്ടും വീണ്ടും ഒഴിവുകൾ റിപ്പോർട്ട് ചെയ്യപ്പെടാൻ രാജ്യം വിടുന്നവരുടെ എണ്ണം സഹായിക്കും എന്നതിനാൽ ഈ ഒഴുക്ക് ട്രെന്റ് ആയി മാറുന്നത് മൂടി വയ്ക്കാൻ ഉള്ള ശ്രമവും എൻഎച്ച്എസ് അധികൃതരിൽ ഉണ്ടെന്നാണ് വിലയിരുത്തൽ. യുകെയിൽ എത്തുന്നവർക്ക് കുറഞ്ഞത് ഇത്രകാലം രാജ്യത്തിന് സേവനം ചെയ്തിരിക്കണം എന്ന കരാർ ഉറപ്പാക്കാൻ ട്രസ്റ്റുകൾക്ക് കഴിയുന്നുമില്ല. ഇത്തരം കരാറുകൾ ഒക്കെ നടപ്പിലാക്കിയാൽ ആളെ കിട്ടില്ല എന്ന സന്ദേശമാണ് റിക്രൂട്ട്മെന്റ് വിഭാഗത്തിൽ എത്തിയിരിക്കുന്നത്. അതേസമയം കോൺട്രാക്ടിൽ കുറഞ്ഞ കാലം സേവനം ചെയ്തിരിക്കണം എന്ന നിഷ്‌കർഷ പുലർത്തുന്ന ട്രസ്റ്റുകളുമുണ്ട്.

കരാർ സമ്പ്രദായം വന്നാലും രക്ഷയില്ല, രാജ്യം വിടേണ്ടവർ വിട്ടിരിക്കും

ഈ കരാർ കാലാവധി പുതിയതായി എത്തുന്നവർക്ക് പ്രശ്നവുമല്ല. കാരണം കേരളം ഉൾപ്പെടെയുള്ള സ്ഥലങ്ങളിൽ ലഭിക്കാത്ത തൊഴിൽ പരിശീലനം രണ്ടോ മൂന്നോ വർഷം കൊണ്ട് യുകെയിൽ ലഭിക്കും എന്നതിനാൽ കരാർ നിഷ്‌കർഷിക്കപ്പെട്ടാലും പുതുതായി നിയമിതയാകുന്ന നഴ്‌സിന് അതൊരു ബാധ്യതയല്ല. കരാർ കാലാവധി കഴിയുമ്പോഴേക്കും തൊഴിൽ രംഗത്ത് വൈദഗ്ധ്യം നേടിയവർക്ക് മറ്റു രാജ്യങ്ങൾ കൂടുതൽ ആനുകൂല്യം നൽകാൻ തയ്യാറാണ് എന്നതും ആദ്യ ഏതാനും വർഷം യുകെയിൽ ജീവിക്കാൻ പുതു തലമുറ നഴ്സുമാരെ പ്രേരിപ്പിക്കുന്ന ഘടകമാണ്. അതിനിടെ ഉയർന്ന ജീവിത നിലവാരം ഉള്ള ന്യുസിലാൻഡ്, ആസ്‌ട്രേലിയ, കാനഡ എന്നിവ മാത്രമല്ല ഗൾഫ് രാജ്യങ്ങൾ പോലും പുതിയ തലമുറയെ ആകർഷിക്കുകയാണ്.

ദുബായ്, കുവൈറ്റ് എന്നിവിടങ്ങളിൽ നിന്നും എത്തിയ മലയാളി കുടുംബങ്ങൾ തണുപ്പും ജീവിതം കെട്ടിയിടപെട്ട നിലയിൽ തളച്ചിടുന്നതിലും മനസ് മടുത്തു വീണ്ടും വന്നയിടത്തേക്കു തന്നെ മടങ്ങാൻ നിർബന്ധിതരാകുകയാണ്. കുട്ടികളുടെ വിദ്യാഭ്യാസവും സൗജന്യ ചികിത്സയും ഒക്കെയാണ് യുകെയിലേക്കു ആകർഷകം ആയിരുന്നതെങ്കിലും തങ്ങൾ വന്നു കണ്ട യുകെയിൽ ഇതത്ര ആകർഷക ഘടകം അല്ലെന്നും പുതു തലമുറ കരുതുന്നു. ആശിച്ച സ്‌കൂളുകളിൽ അഡ്‌മിഷൻ ലഭിക്കാത്തതും അസുഖം വരുമ്പോൾ ഡോക്ടറെ കാണാനും വിദഗ്ധ ചികിത്സ ലഭിക്കാനും നേരിടുന്ന തടസം അടക്കം മനസ് മടുപ്പിക്കാൻ കാരണം പിന്നെയും ഏറെയാണ്. ഇത്രയും സഹിക്കേണ്ട കാര്യം എന്ത് എന്നാണ് ഇവർക്ക് ചോദിക്കാനുള്ളത്.

മാന്ദ്യം വന്നപ്പോൾ സർവ്വതും മടുക്കാനും കാരണമായി

ഇതിനും പുറമെയാണ് അപ്രതീക്ഷിതമായി എത്തിയ മാന്ദ്യവും കൂട്ടിനു വന്ന ഉയർന്ന ജീവിത ചിലവും വാടകയിലും മറ്റും വന്ന വർധനവും. കേരളത്തിൽ നിന്നും ഡെപ്പോസിറ്റ് ആയി പണം കൊണ്ടുവന്നിട്ടും മൂന്നു വർഷം റസിഡന്റ് സ്റ്റാറ്റസ് ആകാതെ വീട് വാങ്ങാൻ ലോൺ നൽകാനാകില്ലെന്ന് പറയുന്ന ബാങ്കുകൾ അനേകരെയാണ് മടക്കത്തിന് പ്രേരിപ്പിക്കുന്നത്. ശരാശരി വീട്ടുവാടക 1200 വരെ നൽകി മൂന്നോ നാലോ വർഷം വാടക വീടുകളിൽ കഴിയാൻ പുതു തലമുറ തയ്യാറല്ല.

ഇതിനൊപ്പം കുത്തനെ ഉയർന്ന ഇന്ധന ബില്ലുകളും സാധന വിലയും കൂടിച്ചേരുമ്പോൾ ജോലി ചെയ്താൽ കൈയിൽ കിട്ടുന്നതും മിച്ചം പിടക്കാൻ കഴിയുന്നതും തമ്മിലുള്ള ബാലൻസിങ് താളം തെറ്റുന്നതും യുകെയെ അനാകർഷകമാക്കുകയാണ്. ഈ സാഹചര്യത്തിൽ കഴിഞ്ഞ ഏതാനും മാസമായി യുകെ വിടുന്നവരുടെ എണ്ണം ക്രമാതീതമായി ഉയരുകയാണ്. ഇക്കൂട്ടത്തിൽ യുകെയിൽ ഒന്നര പതിറ്റാണ്ട് ജീവിച്ചവർ വരെ ഉൾപ്പെടുന്നു എന്നതാണ് വാസ്തവം. ഒരിക്കലും യുകെ വിടുന്നില്ലെന്നു തീരുമാനിച്ചു വീടൊക്കെ പുതുക്കി പണിതവർ പോലും ഇപ്പോൾ മറ്റു രാജ്യങ്ങളിലേക്ക് പോകാനുള്ള അവസാന ഒരുക്കങ്ങളിൽ ആണെന്നതും ട്രെന്റ് പുതു തലമുറയിൽ മാത്രം ഒതുങ്ങുന്നില്ല എന്നും വ്യക്തമാക്കുന്നു.