ലണ്ടൻ: യു കെയിലെ അഭയാർത്ഥി പ്രശ്നം, പ്രത്യേകിച്ച് ഇംഗ്ലീഷ് ചാനൽ വഴി കൊച്ചു ബോട്ടുകളിൽ അതിസാഹസികമായി യാത്ര ചെയ്തെത്തുന്ന അനധികൃത അഭയാർത്ഥികളുടെ പ്രശ്നങ്ങൾ ചർച്ചക്ക് വരുമ്പോഴൊക്കെ നാം ഓർക്കുക ആഭ്യന്തര യുദ്ധത്തിൽ വലയുന്ന ആഫ്രിക്കൻ രാജ്യങ്ങളിൽ നിന്നുള്ളവരേയും അഫ്ഗാനിസ്ഥാൻ, സിറിയ പോലെയുള്ള രാജ്യങ്ങളിൽ നിന്നുള്ളവരെയുമാണ്. സ്വന്തം നാട്ടിൽ ജീവിക്കാൻ നിവർത്തിയില്ലാത്തതിനാൽ, ജീവൻ പണയപ്പെടുത്തി മരുപ്പച്ച തേടിയെത്തുന്നവർ.

എന്നാൽ ഇപ്പോൾ ടൈംസ് പുറത്തു വിട്ടിരിക്കുന്നത് ഞെട്ടിക്കുന്ന ഒരു വാർത്തയാണ്. ഈ വർഷം ഇതുവരെ ഇംഗ്ലീഷ് ചാനൽ കടന്നെത്തിയ അനധികൃത അഭയാർത്ഥികളിൽ മൂന്നാമത്തെ വലിയ വിഭാഗം ഇന്ത്യാക്കാരാണെന്നാണ് ഈ റിപ്പോർട്ടിൽ പറയുന്നത്. ഇതിൽ ഭൂരിപക്ഷവും വിദ്യാർത്ഥികളാണെന്നും ഹോം ഓഫീസ് വൃത്തങ്ങളെ ഉദ്ധരിച്ചുകൊണ്ട് ടൈംസ് എഴുതുന്നു. അഭയാർത്ഥികളായി യു കെയിൽ എത്തിയാൽ നിയമത്തിലെ പഴുതുകൾ ഉപയോഗിച്ച് യു കെയിലെ അഭ്യന്തര ഫീസിൽ ഇവിടെ പഠനം നടത്താൻ കഴിയും. വിദേശ വിദ്യാർത്ഥികൾ നൽകേണ്ടുന്ന അന്താരാഷ്ട്ര ഫീസിനേക്കാൾ വളരെ കുറവാണിത്. ഇതാണ് ഇത്തരത്തിൽ ഒരു മാർഗ്ഗം തേടാൻ ഇന്ത്യൻ വിദ്യാർത്ഥികളെ പ്രേരിപ്പിക്കുന്നത്.

ജനുവരി 1 മുതൽക്കുള്ള കണക്കുകൾ പ്രകാരം ഇതുവരെ 250 ഇന്ത്യൻ അഭയാർത്ഥികൾ യു കെയിൽ എത്തിയിട്ടുണ്ട് എന്നാണ് അധികൃതർ പറയുന്നത്. ഈ വർഷം ഇതുവരെ ചാനൽ വഴി യു കെയിൽ എത്തിയ അഭയാർത്ഥികളുടെ മൊത്തം എണ്ണത്തിന്റെ അഞ്ചിലൊന്ന് വരും ഇത്. ഈ വർഷം 1,180 പേരാണ് ഈ മാർഗത്തിലൂടെ യു കെയിൽ എത്തിയിരിക്കുന്നത്.

ഈ നടപടി ഇനിയും തുടർന്നേക്കാമെന്നും, ഇനിയും ധാരാളം ഇന്ത്യൻ വിദ്യാർത്ഥികൾ ഇത്തരത്തിൽ ഇവിടെ എത്തിയേക്കാമെന്നുമാണ് ഇപ്പോൾ അധികൃതർ ഭയക്കുന്നത്. കഴിഞ്ഞ വർഷം ആദ്യത്തെ ഒൻപത് മാസങ്ങളിൽ 233 ഇന്ത്യൻ അഭയാർത്ഥികളായിരുന്നു ചാനൽ കടന്നെത്തിയത്. ഇന്ത്യാക്കാർക്കുള്ള സെർബിയയിലെ വിസാ ഫ്രീ യാത്രാ സൗകര്യമാണ് ഇതിന് കൂടുതൽ സഹായകരമാകുന്നത് എന്നാണ് അധികൃതർ സംശയിക്കുന്നത്.

നേരത്തേയുള്ള ഒരു കരാർ പ്രകാരം ഇന്ത്യൻ പാസ്സ്പോർട്ടുള്ള ആർക്കും സെർബിയയിൽ എത്തി 30 ദിവസം വരെ തങ്ങാം, വിസ ആവശ്യമില്ല. ഏതായാലും ഈ സൗകര്യ ജനുവരിയിൽ നിർത്തലാക്കിയിട്ടുണ്ട്. എന്നാൽ, ഇതിനിടയിൽ ഇവിടെയെത്തിയ ധാരാളം ഇന്ത്യാക്കാർ യൂറോപ്യൻ യൂണിയനിലൂടെ യു കെ ലക്ഷ്യമാക്കി നീങ്ങിയിട്ടുണ്ട് എന്ന് അധികൃതർ വിശ്വസിക്കുന്നു.

സ്റ്റുഡന്റ് വിസക്ക് അപേക്ഷിക്കുന്നതിനുള്ള ചെലവും വിദേശ വിദ്യാർത്ഥികൾക്കുള്ള ഉയർന്ന ഫീസും നിമിത്തം ഇന്ത്യൻ വിദ്യാർത്ഥികൾ ഈ മാർഗ്ഗം സ്വീകരിച്ചതായി മറ്റു ചിലർ സംശയിക്കുന്നു. ഒരു ഇന്ത്യൻ വിദ്യാർത്ഥിക്ക് നിയമപരമായ മാർഗ്ഗങ്ങളിലൂടെ യു കെയിലെത്തി പഠനം തുടരണമെങ്കിൽ, സ്റ്റുഡന്റ് വിസക്കായി 363 പൗണ്ട് ഫീസ്(36000 രൂപ) നൽകണം. പിന്നെ ഇമിഗ്രേഷൻ ഹെൽത്ത് സർചാർജ്ജായി 940 പൗണ്ടും(93000 രൂപ). അതുകൂടാതെ പ്രതിവർഷം ശരാശരി 22,000 പൗണ്ടാണ്(2.15 ലക്ഷം രൂപ) ഒരു വിദേശ വിദ്യാർത്ഥിക്കുള്ള ഫീസ്.

എന്നാൽ, അഭയാർത്ഥികളായി എത്തുന്നവർ അവരുടെ അപേക്ഷ പരിഗണിക്കേണ്ട സമയത്ത് പഠനം തുടരുകയാണെങ്കിൽ യു കെ പൗരന്മാർക്ക് ബാധകമായ ഫീസ് നൽകിയാൽ മതി. ഇതാണ് ഇന്ത്യൻ വിദ്യാർത്ഥികളെ ഈ സാഹസത്തിനു പ്രേരിപ്പിക്കുന്നതെന്ന് ചിലർ കരുതുന്നു. ഇതുവരെ ഇവിടെ എത്തിയ ഇന്ത്യൻ അഭയാർത്ഥികളിൽ 4 ശതമാനം പേർക്ക് മാത്രമേ അഭയം നൽകിയിട്ടുള്ളു എന്നാണ് കണക്കുകൾ വ്യക്തമാക്കുന്നത്.

മറ്റുള്ളവർ നാടുകടത്തൽ ഭീഷണിയിലാണ്. വിസയുടെ കാലാവധി കഴിഞ്ഞിട്ടും യു കെയിൽ അനധികൃതമായി താമസം തുടരുന്നവരിൽ ഭൂരിപക്ഷം ഇന്ത്യാക്കാരാണെന്ന ഒരു റിപ്പോർട്ടും നേരത്തെ വന്നിരുന്നു.