- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
കഴിഞ്ഞ വർഷം കെയർ വിസയിൽ യു കെയിൽ എത്തിയ മലയാളിയുടെ വർക്ക് പെർമിറ്റ് റദ്ദാക്കി; പണി തെറിക്കാൻ കാരണം ജോലിയിലെ വീഴ്‌ച്ചകൾ; രണ്ടു മാസത്തിനകം നാട് വിടണം; ബ്രിട്ടണിൽ വർക്ക് പെർമിറ്റ് ആയതുകൊണ്ട് മാത്രം രക്ഷപ്പെട്ടെന്ന് കരുതുന്നവരറിയാൻ
ലണ്ടൻ: ബ്രിട്ടനിൽ പല മേഖലകളിലും കടുത്ത തൊഴിലാളി ക്ഷാമം അനുഭവപ്പെട്ടതോടെ പല തൊഴിലുകളും ഷോർട്ടേജ് ഒക്ക്യൂപൻസി ലിസ്റ്റിൽ ചേർത്ത് വിദേശത്തു നിന്നും തൊഴിലാളികളെ റിക്രൂട്ട് ചെയ്യുന്ന പ്രക്രിയ കൂടുതൽ ലളിതവും സുഗമവുമാക്കിയിട്ടുണ്ട്. ഈ അവസരം മുതലെടുത്ത് മലയാളികൾ ഉൾപ്പടെ പലരും യു കെയിൽ എത്തിച്ചേരുന്നുമുണ്ട്. എന്നാൽ, ഏജന്റുമാർക്കും മറ്റും പണം നൽകി വിസ സമ്പാദിക്കുമ്പോൾ ഓർക്കേണ്ട ഒരു കാര്യം, കേവലം ഒരു സ്‌കിൽഡ് വർക്കർ വിസ ലഭിച്ചു എന്നതുകൊണ്ട് നിങ്ങൾക്ക് യു കെയിൽ രക്ഷപ്പെടാം എന്ന് കരുതരുത് എന്നതാണ്.
ഇതിന് ഉത്തമ ഉദാഹരണമാണ് കേരളത്തിൽ നിന്നെത്തിയ ഒരു ഹെൽത്ത് വർക്കറുടെ കഥ. ഏതാണ്ട് ആറു മാസം മുൻപ് മാത്രം യു കെയിൽ എത്തിയ അവരെ ഇപ്പോൾ അവർ ജോലി ചെയ്യുന്ന കമ്പനി പിരിച്ചു വിട്ടിരിക്കുന്നു. ജോലി ചെയ്യുന്നതിനുള്ള അറിവോ കഴിവോ ഇല്ലെന്ന കാരണമാണ് അവർ പറഞ്ഞിരിക്കുന്നത്.
പിരിച്ചു വിട്ടുകൊണ്ടുള്ള അന്തിമ അറിയിപ്പിൽ പറയുന്നത് അതിനു മുൻപായി രണ്ടു തവണ ഈ കെയർ വർക്ക്യൂറുമായി സ്ഥാപനത്തിന്റെ അധികാരികൾ സംസാരിച്ചിരുന്നു എന്നാണ്. 2023 മാർച്ച് 25 ന് ആണ് അവർ ജോലിയിൽ നിന്നും പിരിയേണ്ടിവരിക. ഏകദേശം പത്ത് ലക്ഷത്തോളം രൂപ ഏജന്റിന് കൊടുത്തിട്ടാണ് ഇവർ വിസ സമ്പാദിച്ചിരിക്കുന്നത്. മാത്രമല്ല, ഇവർക്കൊപ്പം ഭർത്താവും കുട്ടിയും ആശ്രിത വിസയിൽ ഇവിടെ എത്തിയിട്ടുമുണ്ട്.
ജോലിയിൽ നിന്നും പിരിച്ചു വിട്ടാൽ, സ്വാഭാവികമായും അക്കാര്യം തൊഴിലുടമ ഹോം ഓഫീസിനെ അറിയിക്കും. അറിയിച്ചാൽ നിലവിലുള്ള സ്‌കിൽഡ് വിസ ഹോം ഓഫീസ് റദ്ദാക്കുകയും രണ്ട് മാസത്തിനുള്ളിൽ നാട് വിടേണ്ടതായും വരും. ഇമിഗ്രേഷൻ നിയമ പ്രകാരം ഒരു വിദേശ തൊഴിലാളിയെ ജോലിയിൽ നിന്നും പ്രിച്ചു വിട്ടാൽ അക്കാര്യം ഹോം ഓഫീസിനെ അറിയിക്കാൻ തൊഴിലുടമ ബാദ്ധ്യസ്ഥനാണെന്ന് നിയമ വിദഗ്ധരും പറയുന്നു.
എന്നാൽ, തൊഴിലുടമയുടെ അറിയിപ്പ് ലഭിച്ചാൽ ഉടൻ തന്നെ ഹോം ഓഫീസ് വിസ റദ്ദാക്കികൊണ്ടുള്ള കത്ത് നൽകണം എന്നില്ല. അവിടത്തെ തിരക്കുകൾക്ക് അനുസൃതമായി രണ്ട് മാസമോ ആറുമാസമോ ഒക്കെ കഴിഞ്ഞായിരിക്കും ഈ കത്ത് ലഭിക്കുക. കത്ത് ലഭിക്കുന്ന തീയതി മുതൽ രണ്ടു മാസം വരെ യു കെയിൽ തുടരാനും ആകും. ഈ കാലയളവിൽ മറ്റൊരു തൊഴിൽ കണ്ടെത്തി പുതിയ സ്‌കിൽഡ് വിസയിലേക്ക് മാറുക എന്നതാണ് ഇവർക്ക് ഇപ്പോൾ യു കെയിൽ തുടരാനുള്ള ഒരു വഴി എന്ന് വിദഗ്ദ്ധർ പറയുന്നു.
ഹെൽത്ത് കെയർ സെക്ടറിൽ ജോലിക്ക് വന്നതിനാൽ, ആ സെക്ടറിൽ തന്നെ പുതിയ ജോലി തേടണമെന്നില്ല. ഷോർട്ടേജ് ഒക്കുപൻസി ലിസ്റ്റിൽ ഉള്ള, നിങ്ങൾക്ക് ചെയ്യാൻ കഴിയും എന്ന് ഉറപ്പുള്ള മറ്റൊരു ജോലിക്കായും ശ്രമിക്കാം. മറ്റൊരു വഴി, ഇപ്പോൾ ആശ്രിത വിസയിൽ എത്തിയിട്ടുള്ള ഭർത്താവ്, തൊഴിൽ കണ്ടെത്തി സ്‌കിൽഡ് വിസയിലേക്ക് മാറുകയും ഇവരെയും കുഞ്ഞിനെയും ആശ്രിത വിസയിലേക്ക് മാറ്റുകയും ആണ്.
സ്‌കിൽഡ് വിസയിൽ എത്തുന്നവർ ശ്രദ്ധിക്കേണ്ടത്
ഈ സംഭവം, യു കെയിൽ ജോലി ചെയ്യാൻ ആഗ്രഹിക്കുന്ന എല്ലാവർക്കും ഒരു പാഠമാണ്. ഏജന്റുമാർക്ക് പണം നൽകി യു കെയിലേക്ക് തിരിക്കുന്നതിനു മുൻപ് ജോലി ചെയ്യാൻ കഴിവുണ്ടോ എന്ന് സ്വയം പരിശോധന നടത്തണമെന്ന് ഈ മേഖലയിൽ ഏറെ അനുഭവ സമ്പത്തുള്ളവർ പറയുന്നു. പ്രത്യേകമായി പരിഗണിക്കേണ്ടത് ഇംഗ്ലീഷ് ഭാഷയിലുള്ള പ്രാവീണ്യമാണ്. സ്‌കിൽഡ് വിസയിൽ ഏജന്റുമാർ വഴി വരുന്ന പല ഉദ്യോഗാർത്ഥികളേയും തൊഴിലുടമകൾ ഇന്റർവ്യു ചെയ്യാറില്ല.
പലപ്പോഴും യു കെയിൽ എത്തി ജോലിക്ക് കയറിയ ശേഷമായിരിക്കും തൊഴിലുടമ ഇവരെ നേരിട്ടു കാണുക. അപ്പോൾ ശരിയായ വിധത്തിൽ ഇംഗ്ലീഷിൽ ആശയവിനിമയം നടത്താൻ കഴിയില്ലെന്ന് കണ്ടാൽ തൊഴിലുടമ അസ്വസ്ഥനാകും. ഇത് തൊഴിലാളികളിൽ പലവിധത്തിലുള്ള തെറ്റുകൾ കണ്ടെത്തി ജോലിയിൽ നിന്നും പിരിച്ചു വിടാൻ കാരണമാകും. അതുപോൽ കമ്പ്യുട്ടറിൽ പ്രവർത്തന പരിചയം ഇല്ലാതെ വരിക, നിങ്ങൾ പ്രവർത്തിക്കുന്ന മേഖലക്ക് ആവശ്യമായ മറ്റ് അറിവുകൾ ഇല്ലാതിരിക്കുക തുടങ്ങിയവയൊക്കെ ഒരുപക്ഷെ തൊഴിലുടമയിൽ ഇഷ്ടക്കേട് ഉണ്ടാക്കിയേക്കാം.
ഹെൽത്ത്കെയർ മേഖലയിലേക്കാണ് നിങ്ങൾ വരുന്നതെങ്കിൽ, യു കെയിൽ എത്തിയ ഉടൻ തന്നെ ജോലിക്ക് കയറാതെ അതുമായി ബന്ധപ്പെട്ട ഏതെങ്കിലും ഹ്രസ്വകാല ഓൺലൈൻ കോഴ്സുകൾ അറ്റൻഡ് ചെയ്യണമെന്ന് വിദഗ്ദ്ധർ പറയുന്നു. പത്ത് ലക്ഷം വരെ ഏജന്റുമാർക്ക് നൽകുമ്പോൾ അറുപതിനായിരം രൂപയോളം ഇത്തരം കോഴ്സുകൾക്കായി ചെലവഴിക്കുന്നതിൽ തെറ്റില്ല എന്നാണ് അവർ പറയുന്നത്. അതുവഴി നിങ്ങൾക്ക് യു കെ ഹെൽത്ത് കെയർ മേഖലയിലെ പ്രവർത്തന രീതി കൂടുതൽ നന്നായി മനസ്സിലാക്കാൻ കഴിയും. മാത്രമല്ല, ജോലിയിൽ പ്രവേശിക്കാൻ ഇതൊരു അധിക യോഗ്യതയാവുകയും ചെയ്യും.
മറുനാടന്‍ മലയാളി ബ്യൂറോ