- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
ഇംഗ്ലീഷ് ടെസ്റ്റിലെ ക്രമക്കേടുകൾ മൂലം ബ്രിട്ടിഷ് വിസ റദ്ദായ ഇന്ത്യൻ വിദ്യാർത്ഥികൾ പ്രതിസന്ധിയിൽ; അന്യായമായി വിസ റദ്ദാക്കിയ നടപടി തിരുത്തണമെന്ന് വിദ്യാർത്ഥികൾ; വിദേശ വിദ്യാർത്ഥികളുടെ നിവേദനം പ്രധാനമന്ത്രി ഋഷി സുനകിന്
ലണ്ടൻ: ഇഗ്ലീഷ് ടെസ്റ്റ് തട്ടിപ്പിന് ഇരയായി വിസറദ്ദാക്കപ്പെട്ട വിദേശ വിദ്യാർത്ഥികൾ പ്രധാന മന്ത്രി ഋഷി സുനകിന് നിവേദനം സമർപ്പിച്ചു. അന്യായമായി വിസ റദ്ദാക്കിയ നടപടി തിരുത്തണം എന്നാവശ്യപ്പെട്ടാണ് ധാരാളം ഇന്ത്യൻ വിദ്യാർത്ഥികൾ ഉൾപ്പടെയുള്ളവർ പ്രധാനമന്ത്രിക്ക് നിവേദനം നൽകിയത്. വിസ ലഭിക്കാൻ നിർബന്ധമായ ഭാഷാ പ്രാവീണ്യം തെളിയിക്കുന്നതിനുള്ള പരീക്ഷയിൽ, രണ്ട് സെന്ററുകളിൽ നടന്ന തട്ടിപ്പ് 2014 ൽ ആണ് ആദ്യമായി പുറത്തു വന്നത്. ബി ബി സി പനോരമയുടെ അന്വേഷണമാണ് ഇത് പുറത്തുകൊണ്ടുവരാൻ കാരണമായത്.
ഈ അന്വേഷണ റിപ്പോർട്ട് പുറത്തു വന്നതോടെ ബ്രിട്ടീഷ് സർക്കാർ ഈ രണ്ട് സെന്ററുകൾക്ക് നേരെ കടുത്ത നടപടിയുമായി രംഗത്തെത്തി. അതിന്റെ ഭാഗമായി, ഈ സെന്ററുമായി ബന്ധപ്പെട്ട പതിനായിരക്കണക്കിന് വിദ്യാർത്ഥികളുടെ വിസ റദ്ദാക്കിയിരുന്നു. ഇതുമൂലം പ്രതിസന്ധിയിൽ ആയ വിദ്യാർത്ഥികളെ രക്ഷിക്കാൻ മൈഗ്രന്റ് വോയ്സ് ഓർഗനൈസേഷൻ രഗത്തെത്തി. അവരാണ് ഈ നിവേദനം തയ്യാറാക്കി ഇക്കഴിഞ്ഞ മാർച്ച് 20 തിങ്കളാഴ്‌ച്ച നമ്പർ 10 ഡൗണിങ് സ്ട്രീറ്റിൽ സമർപ്പിച്ചത്.
വർത്തമാനകാല ബ്രിട്ടീഷ് ചരിത്രത്തിലെ ഏറ്റവും വലിയ തട്ടിപ്പാണിത് എന്നായിരുന്നു മൈഗ്രന്റ് വോയ്സ് ഡയറക്ടർ നസേക് റമദാൻ പറയുന്നത്. സർക്കാരിന്റെ ആദ്യ പ്രതികരണം തീർത്തും അന്യായമായ ഒന്നായിരുന്നു എന്ന് മാത്രമല്ല, അത് വർഷങ്ങളോളം നീളാൻ അനുവദിക്കുകയും ചെയ്തു എന്ന് അവർ ആരോപിച്ചു. വളരെ ലളിതമായി പരിഹരിക്കാവുന്ന ഒരു പ്രശ്നമായിരുന്നു ഇത്. വിദ്യാർത്ഥികളോട് വീണ്ടും പരീക്ഷ എഴുതാൻ ആവശ്യപ്പെട്ടാൽ മതിയായിരുന്നു, റമദാൻ ചൂണ്ടികാട്ടി.
മികച്ച വിദ്യാഭ്യാസവും, ലോകത്തിലെ തന്നെ ഏറ്റവും മികച്ച വിദ്യാഭ്യാസ അനുഭവവും ലഭിക്കാനാണ് വിദ്യാർത്ഥികൾ യു കെയിൽ എത്തിയത്. എന്നാൽ, ഇപ്പോൾ അവരുടെ ജീവിതം തകരുകയാണെന്നും റമദാൻ പറയുന്നു. സർക്കാർ ഇക്കാര്യത്തിൽ ഉടനടി ഇടപെട്ട് ആവശ്യമായ നടപടികൾ സ്വീകരിക്കണമെന്നും അവർ ആവയപ്പെട്ടു. യു കെയിൽ തുടരുവാനോ, ജോലി ചെയ്യുവാനോ, എന്തിനധികം, പലർക്കും അപ്പീൽ നൽകുവാനുള്ള അവകാശം പോലും ഇല്ലാതിരുന്നതിനാൽ ഈ തട്ടിപ്പിന് ഇരയായ വിദ്യാർത്ഥികളിൽ പലരും സ്വന്തം രാജ്യങ്ങളിലേക്ക് മടങ്ങിപ്പോയി കഴിഞ്ഞു.
എങ്ങനെയും പ്രതിസന്ധി മറികടക്കണമെന്ന് ആഗ്രഹിച്ച് യു കെയിൽ തുടർന്ന വിദ്യാർത്ഥികളാകട്ടെ ഇപ്പോൾ താമസിക്കാൻ വീടുകൾ ഇല്ലാതെയും, അമിതമായ ലീഗൽ ചാർജ്ജുകൾ നൽകാൻ ആകാതെയും കഷ്ടപ്പെടുകയാണ്. മറ്റു പല വിദ്യാർത്ഥികൾ, അവരിൽ ഏറെയും ഇന്ത്യാക്കാരാണ് ഇപ്പോഴും അനിശ്ചിതത്തത്തിൽ തുടരുകയാണ്. ഇവരുടെ പ്രശ്നങ്ങൾ അടിയന്തരമായി പരിഗണിച്ച് പരിഹരിക്കണം എന്നാണ് മൈഗ്രന്റ് വോയ്സ് ഋഷി സുനകിനോട് ആവശ്യപ്പെട്ടിരിക്കുന്നത്.
കഴിഞ്ഞ ഒൻപത് വർഷങ്ങളായി, ഈ തട്ടിപ്പിന് ഇരകളാക്കപ്പെട്ട വിദ്യാർത്ഥികൾക്കായി മൈ ഫ്യുച്ചർ ബാക്ക് എന്ന കാംപെയിൻ നടത്തുന്ന മൈഗ്രന്റ് വോയ്സ് ഈ വിദ്യാർത്ഥികൾക്ക് തങ്ങളുടെ നിരപരാധിത്വം തെളിയിക്കാൻ ഒരു അവസരം നൽകണമെന്നും സർക്കാരിനോട് ആവശ്യപ്പെട്ടു. വഞ്ചനാ കുറ്റത്തിൽ തന്റെ പേരും വന്നതിനാൽ, നിരപരാധിത്വം തെളിയിക്കാതെ ഇന്ത്യയിലേക്ക് മടങ്ങാനാകില്ല എന്നാണ് 46 കാരിയായ സർബ്ജീത് പറയുന്നത്. തന്റെ മക്കളിൽ നിന്നും 13 വർഷമായി അകലെ കഴിയുകയാണെന്നും അവർ പറയുന്നു.
ഈ തട്ടിപ്പിന് ഇരയായ മറ്റൊരു ഇന്ത്യൻ വിദ്യാർത്ഥിക്കെതിരെ അയാളെ സ്പോൺസർ ചെയത് കമ്പനി നിയമ നടപടികൾ സ്വീകരിച്ചു. മാത്രമല്ല വിസ റദ്ദാക്കപ്പെട്ടതിനാൽ മറ്റ് രാജ്യങ്ങളിൽ ഉന്നത പഠനത്തിന് പോകാനും കഴിയാത്ത സാഹചര്യമായി എന്ന് അയാൾ പറയുന്നു.ടെസ്റ്റ് ഫൊർ ഇംഗ്ലീഷ് ഫൊർ ഇന്റർനാഷണൽ കമ്മ്യുണിക്കേഷൻ എന്ന നിർബന്ധ പരീക്ഷയിൽ തട്ടിപ്പ് നടന്നതായാണ് ബി ബി സി കണ്ടെത്തിയത്. ലണ്ടനിലെ രണ്ട് പരീക്ഷാ കേന്ദ്രങ്ങളിലായിരുന്നു തട്ടിപ്പ് നടന്നത്.
തട്ടിപ്പിന്റെ വിവരങ്ങൾ പുറത്തു വന്ന ഉടൻ തന്നെ യു കെ ഹോം ഓഫീസ് ഈ പരീക്ഷയുടെ നടത്തിപ്പുകാരായ എഡ്യുക്കേഷണൽടെസ്റ്റിങ് സർവീസ് എന്ന കമ്പനിക്കെതിരെ ക്രിമിനൽ കുറ്റത്തിന് അന്വേഷണം ആരംഭിച്ചു. മാത്രമല്ല, ആരോപണങ്ങളെ കുറിച്ച് അന്വേഷിക്കാൻ കമ്പനിയോട് ആവശ്യപ്പെടുകയും ചെയ്തു. ഇ റ്റി എസിന്റെ അന്വേഷണത്തിനൊടുവിൽ 34,000 വിദേശ വിദ്യാർത്ഥികളുടെ വിസ റദ്ദാക്കുകയായിരുന്നു. മറ്റ് 22,000 വിദ്യാർത്ഥികളോട് അവരുടെ പരീക്ഷാ ഫലം സംശയാസ്പദമാണെന്ന് അറിയിക്കുകയും ചെയ്തു. 2400 വിദ്യാർത്ഥികളെ നാടുകടത്തിയപ്പോൾ ആയിരക്കണക്കിന് വിദ്യാർത്ഥികൾ സ്വമേധയാ സ്വന്തം രാജ്യങ്ങളിലേക്ക് മടങ്ങുകയായിരുന്നു.
മറുനാടന്‍ ഡെസ്‌ക്