ലണ്ടൻ: ബ്രിട്ടണിലെ നോട്ടിൻഹാമിൽ മലയാളി വിദ്യാർത്ഥിയായ ജൂബലിന്റെ മരണം സ്ഥിരീകരിച്ചു മണിക്കൂറുകൾ പിന്നിടുമ്പോഴേക്കും രണ്ടാമത്തെ മരണവുമെത്തി. ക്യാൻസർ ബാധിച്ചു ചികിത്സയിൽ കഴിഞ്ഞിരുന്ന അനു ബിജുവാണ് തികച്ചും ആകസ്മികമായി മരണത്തിനു കീഴടങ്ങിയത്. രണ്ടു വയസുള്ള മകൻ എഡിനെ താലോലിച്ചു കൊതി തീരും മുന്നെയാണ് 29 വയസുകാരി അനുവിനെയും മരണം തട്ടിയെടുക്കുന്നത്. അതും രോഗനിർണയം നടത്തി മാസങ്ങൾക്കകം മരണമെത്തി എന്ന ഞെട്ടലും കൂടിയാണ് യുകെ മലയാളികളെ തേടി എത്തുന്നത്.

നഴ്സ് ദമ്പതികളായ അനുവും ബിജുവും യുകെയിൽ എത്തിയിട്ട് അധിക സമയമായിട്ടില്ല. വർക്ക് പെർമിറ്റ് ലഭിച്ച ബിജുവിന്റെ വിസയിൽ ഡിപെൻഡന്റ് ആയിട്ടാണ് അനു യുകെയിൽ എത്തുന്നത്. യുകെയിലെത്തി ജീവിതം വേര് പിടിക്കും മുൻപ് കാൻസർ രോഗാണുക്കൾ അനുവിന്റെ സ്തനത്തിൽ പിടികൂടിയിരുന്നു. രോഗം അതിന്റെ കാഠിന്യം കാട്ടിയ അവസ്ഥയിലാണ് തിരിച്ചറിയുന്നത്. എന്നാൽ ആ വൈകിയ വേളയിൽ സമാധാനത്തോടെ മരണത്തെ സ്വീകരിക്കുക എന്ന ഒരൊറ്റ വഴിയേ ആ അമ്മയുടെ മുന്നിൽ ഉണ്ടായിരുന്നുള്ളൂ. രോഗ നിർണയം നടത്തിയാലും പലർക്കും ലഭിക്കുന്ന രണ്ടു വര്ഷം എന്ന ചുരുങ്ങിയ കാലയളവ് പോലും അനുവിന് നൽകാൻ കാൻസർ തയ്യാറായതുമില്ല.

വായനാട്ടുകാരിയായ അനു വിവാഹശേഷം തിരുവനന്തപുരത്താണ് താമസം. യുകെയിൽ പുതുമുഖങ്ങൾ ആയതിനാൽ ബിജുവിനും അധികമാരെയും പരിചയമില്ല. എന്നാൽ എന്തിനും ഏതിനും കൈത്താങ്ങാകാൻ നോർവ്വിച്ച് മലയാളി സമൂഹം ഒത്തൊരുമയോടെ രംഗത്തുമുണ്ട്. 'അമ്മ ഇനി കൂടെയില്ല എന്ന കാര്യം വ്യക്തമായി ബോധ്യമായിട്ടില്ലാത്ത രണ്ടു വയസുകാരൻ എഡ് ആരിലും ഒരു നൊമ്പരക്കാഴ്ച കൂടിയാണ്.

നിയമ നടപടികൾ പൂർത്തിയായാൽ അനുവിന്റെ മൃതദേഹം നാട്ടിൽ എത്തിക്കാനുള്ള ചുമതല ഏറ്റെടുക്കുകയാണ് നോർവ്വിച്ചിലെ മലയാളികൾ.